പഞ്ചിംഗ് - 19

കെ.സുദർശനൻ


 ചാക്കിൽ നിൽക്കുന്നതാ

 പയ്യൻ !


രോ ഈയിടെ പറയുന്നതുകേട്ടു, വിവാഹത്തിനു മുന്പേ പയ്‌യന്റെ ബ്ലഡ് വാങ്ങിച്ചു ടെസ്റ്റു ചെയ്‌തു നോക്കണമെന്ന്!
അതേതായാലും ആവശ്യം തന്നെ.
ഒരുവിധപ്പെട്ട വിവരങ്ങളൊക്കെ അതിൽനിന്ന് അറിയാമല്ലോ.
എയ്‌ഡ്‌സ് ഉൾപ്പെടെ. എയ്‌ഡ്‌സ് കണ്ടില്ലെങ്കിലും ഡയബറ്റിസ് കണ്ടേക്കും.
പെണ്ണിന്റെ ജന്മം പാഴാവാൻ അതു തന്നെ ധാരാളം!
രക്തപരിശോധന മാത്രം നടത്തി അവസാനിപ്പിക്കരുതെന്നാണ് എന്റെ അഭിപ്രായം. വേറെയും ചിലതൊക്കെ പരിശോധിക്കേണ്ടതായുണ്ട്. അവിടെ ലജ്ജാലോലരായിട്ടൊന്നും കാര്യമില്ല.
ഇതൊന്നും പരിശോധിക്കാതെ, പയ്‌യൻ കന്പ്യൂട്ടർ എഞ്ചിനീയറാണ്, സ്ഥലം എം.എൽ.എയാണ് എന്നൊക്കെപ്പറഞ്ഞ് കല്യാണം നടത്തിവയ്‌ക്കും. മൂന്നാം പക്കം പെണ്ണ് തിരിച്ചിങ്ങു പോരുകയും ചെയ്‌യും. അങ്ങോട്ടു കൊടുത്തതെല്ലാം തിരിച്ചുവാങ്ങാനുള്ള സമരവും സത്യാഗ്രഹവും ഒക്കെയായിരിക്കും പിന്നെ.
ഇതിന്റെ വല്ല കാര്യവുമുണ്ടോ?
നോക്കേണ്ടത് മെഡിക്കൽ പൊരുത്തമാണ്. അല്ലാതെ രാശിയും രാശ്യാധിപനും ഒന്നുമല്ല.
പണ്ടൊക്കെ ഏത് നെരിപ്പോടുമാടന്റെ കൂടെ കെട്ടിച്ചുവിട്ടാലും പെണ്ണ് സഹിച്ചോളുമായിരുന്നു.
എല്ലാം വിധിയാണെന്നല്ലേ വല്യമ്മമാര് പറഞ്ഞുകൊടുക്കുന്നത്! അപ്പോൾ വല്യമ്മാവന്മാര് പറയുന്നതോ?
അങ്ങ് അഡ്‌ജസ്റ്റ് ചെയ്‌തോളാൻ!
ഈ പറയുന്ന വല്യമ്മാവന്റെ കാര്യം വരുന്പോൾ അഡ്‌ജസ്റ്റ്മെന്റെല്ലാം പള്ളിയിലാ!
ഇങ്ങനെയാണ് ദുഃഖപുത്രിമാർ ഉണ്ടാകുന്നത്.
ട്രെയിനിലും മറ്റും നമ്മൾ കാണുന്നതല്ലേ, ചില ദന്പതിമാരെ! എന്താ ഒരു കോംബിനേഷൻ!
അച്ഛനെയും മോളെയും പോലെയുണ്ട് ചിലത്!
അതാണ് നന്പ്യാരാശാൻ പറഞ്ഞത്:
“തരുണീതരുണന്മാരന്യോന്യം തരമായ് കിട്ടാൻ ദുർഘടമത്രെ!”
ശരി: തരമായിട്ടു കിട്ടണ്ട. എന്നാലും ‘തരക്കേടില്ലാതെ’ കിട്ടണ്ടേ!
കഴിഞ്ഞ ദിവസം ഒരു കല്യാണത്തിനുപോയി. ഒഴിച്ചുകൂടാൻ പറ്റില്ലെങ്കിലേ പോകാറുള്ളൂ. പലരും അങ്ങനെയല്ല. ക്ഷണിക്കപ്പെടുന്ന എല്ലാ വിവാഹത്തിനും പോകും.
ഒരുതരം ‘സാഡിസ’മാണ് അത്. ഒരാൾക്ക് ‘ദുരന്തം’ വരുന്പോൾ അത് ആസ്വദിക്കാനുള്ള ദുഷ്‌ടവാസന!
ഏതായാലും കഴിഞ്ഞ ദിവസത്തെ വധൂവരന്മാരെ കണ്ടപ്പോൾ സങ്കടം തോന്നി. പഴയ ഉണ്ണിമേരിയുടെ കണ്ണും ‘വണ്ണവും’ ഒക്കെയുള്ള ഒരു പെണ്ണ്. ബ്രോക്കർമാരുടെ ഭാഷയിൽ പറഞ്ഞാൽ 'ചരുവം' പോലത്തെ ഒരു കൊച്ച്!
ചെറുക്കനോ?
തോട്ടണ്ടി പോലെയും!
അന്വേഷിച്ചപ്പോൾ അറിഞ്ഞു, യു.എസിൽ എഞ്ചിനീയറാണെന്ന്. അവൻ അത്രയും അകലത്തായത് നന്നായി. വിശേഷങ്ങളൊന്നും നാട്ടുകാർ അറിയില്ലല്ലോ...
എന്നാലും പഴയ കാലമല്ല. തലയിലെഴുത്താണെന്ന് പറഞ്ഞാലൊന്നും ഇപ്പോഴത്തെ പെന്പിള്ളേർ സമ്മതിക്കുമെന്നു തോന്നുന്നില്ല.
എന്തെങ്കിലും ‘പന്തികേട്’ കണ്ടാൽ അവൾ ഉടൻ ഇങ്ങുപോരും. ബാക്കി കുടുംബകോടതിയിൽ വച്ചായിരിക്കും.
മിക്ക സ്ഥലങ്ങളിലും ഇതല്ലേ. സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആർഭാടപൂർവം നടത്തപ്പെടുന്ന പല മംഗല്യങ്ങളും നിശ്ശബ്‌ദമായി എന്നാൽ നിയമപരമായി മുറിച്ചുമാറ്റപ്പെടുകയാണ്.
മാതാപിതാക്കളുടെ ‘ഉൾക്കാഴ്ചയില്ലായ്‌മ’ തന്നെയാണ് ഇതിനു കാരണം. ഒരു തത്ത്വദീക്ഷ ഒക്കെ വേണ്ടേ, രണ്ട് അജ്ഞാത ജന്മങ്ങളെ ഒന്നിപ്പിക്കുന്പോൾ.
പണ്ട് പെണ്ണുചോദിച്ചു വരുന്നവന്മാർക്ക് പലതരം 'പരീക്ഷകൾ' ഇട്ടിരുന്നു വീട്ടുകാർ. പ്രിലിമിനറിയും മെയിനും ഒക്കെ പാസ്സായെങ്കിൽ മാത്രം നിന്നാൽ മതി. അല്ലെങ്കിൽ, വന്ന ഓട്ടോയിൽത്തന്നെ റിട്ടേണാകാം.
ഈ പറഞ്ഞ 'പരീക്ഷ' അത്ര കട്ടിയൊന്നുമല്ല കേട്ടോ. നമ്മുടെ പുളിവിറകില്ലേ, നാടൻ പുളിവിറക്. അതിന്റെ ‘മൂട്ടുമുറി’ മാറ്റിയിട്ടിട്ടുണ്ടാവും അവിടെ. ഇമ്മിണി ‘ഹാർഡ്‌വെയറാണ്' ആ ഭാഗം, അറിയാമല്ലോ. അതെടുത്ത് നീക്കിയിടും പയ്‌യൻസിന്റെ മുന്നിലേക്ക്. ഒരു കോടാലിയും എടുത്തുകൊടുക്കും.
അന്തസ്സായിട്ട് വെട്ടിക്കീറി ഇട്ടുകൊടുക്കണം. ചുമ്മാ കുറേ പാണ്ടൻ വെട്ടുവെട്ടിയാൽപ്പോരാ. കോടാലി കൈയിൽ വാങ്ങുന്ന നിമിഷം മുതൽ മാർക്കിടൽ തുടങ്ങുകയാണ്.
കോടാലി എടുത്ത രീതി. അത് ഉയർത്തിയ രീതി, മുകളിൽ വല്ല മരച്ചില്ലയോ മറ്റോ ഉണ്ടോ എന്ന് കണ്ണോടിച്ച രീതി. ഇവയ്‌ക്കെല്ലാം വെവ്‌വേറെ മാർക്കാണ്.
എന്നിട്ടോ?
വെട്ടിയിടത്തുതന്നെയിട്ട് 'തത്തോ പൊത്തോന്ന്' വെട്ടിക്കൊണ്ടിരുന്നാൽ പോരാ. അതിന്റെ വശമറിഞ്ഞ് അങ്ങുമിങ്ങും ഓരോ കൊത്തു കൊടുത്ത്...
നടുക്ക് ആഞ്ഞ്, ഒന്നിടവിട്ട് കോടാലിയുടെ വക്ക് ചരിച്ച്…
ഇതിനെല്ലാം ഗ്രേസ് മാർക്കുണ്ട്. ഇതിൽ നിന്നെല്ലാം പയ്‌യന്റെ സ്വഭാവം ഗ്രഹിക്കാൻ പറ്റുമത്രേ.
കക്ഷിക്ക് ബോധമുണ്ടോ, ക്ഷമയുണ്ടോ. ഉന്നമുണ്ടോ. ഊക്കുണ്ടോ, സർവ്‌വോപരി ‘സ്റ്റാമിന’യുണ്ടോ... ഇതെല്ലാം ആ ‘കോടാലിവർക്കിൽ’ നിന്ന് അറിയാം.
അതല്ല, കോടാലി എടുത്തുപൊക്കാൻ തന്നെ അദ്ദേഹത്തിന് പാടാണെങ്കിൽ അപ്പോഴെ നാരാങ്ങാവെള്ളം കൊടുത്ത് പറഞ്ഞയച്ചേക്കും.
നോക്കണം, എത്ര ശാസ്ത്രീയമാണ് ആ പരീക്ഷണമെന്ന്. ഇതാണ് റിയൽ റിയാലിറ്റി ഷോ! ഇന്ന് ഇത്തരം ഒരു 'കോടാലിപ്പരീക്ഷ' നടത്താമെങ്കിൽ മിക്ക യുവാക്കളും തോറ്റുതുലഞ്ഞതു തന്നെ! ഒപ്പം, ഒരുപാട് പെൺകുട്ടികൾ രക്ഷപ്പെടുകയും ചെയ്‌യും!
കുറച്ചുകൂടി രസകരമായ ഒരു പരീക്ഷണമുണ്ട്, ആഫ്രിക്കൻ ആദിവാസികളുടെ ഇടയിൽ. അത് വലിയൊരു ചടങ്ങാണ് അവിടെ.
പെൺപക്ഷവും ആൺപക്ഷവും ഗോത്രത്തലവന്റെ റസിഡൻസിൽ ഒത്തുകൂടും. കൂട്ടത്തിൽ വധുവും ഉണ്ടാവും, വരനും ഉണ്ടാവും.
വരനോട് മുന്നിലേക്കു നീങ്ങിനിൽക്കാൻ പറയും. വരൻ നീങ്ങിനിൽക്കും. എന്നിട്ട്, പുള്ളിക്കാരനോട് ധരിച്ചിരിക്കുന്ന വസ്‌ത്രങ്ങൾ ഓരോന്നായി അഴിക്കാൻ പറയും!
പെണ്ണും, മറ്റു പെണ്ണുങ്ങളുമെല്ലാം മുന്നിൽ നിൽപ്പുണ്ടെന്ന് ഓർക്കണം.
അഴിച്ചേ പറ്റൂ, കാരണം ഗോത്രത്തലവന്റെ കൽപനയാണ്. അനുസരിച്ചില്ലെങ്കിൽ, അഴിക്കുന്നതിനുപകരം അറുക്കാനായിരിക്കും അദ്ദേഹം കൽപിക്കുന്നത്.
അങ്ങനെ അഴിച്ചഴിച്ച് അവസാനരംഗം ആകുന്പോഴേയ്‌ക്കും ഒരു തോർത്ത് എറിഞ്ഞുകൊടുക്കും. അതു ചുറ്റിക്കൊണ്ട് ബാക്കി കൂടി അഴിച്ചോണം.
ജൗളി നീക്കിക്കഴിയുന്പോഴേക്കും ഒരു ചാക്ക് കൊണ്ടുവരും. ഒരു യമണ്ടൻ ചാക്ക്!
ബാക്കിയെല്ലാം ചാക്കിൽ.
ലാസ്റ്റിൽ, ‘ലാസ്റ്റ് പീസും’ മാറ്റാൻ പറയും. അങ്ങനെ, തോർത്ത് പുറത്തേക്ക്!...
പയ്‌യൻ ചാക്കിൽ "ഒറ്റയ്‌ക്ക്'!...
മുന്പിൽ മിക്‌സഡ് ഓഡിയൻസ്!
അതാവരുന്നു ഏഴെട്ട് ‘കൊട്ടവട്ടികൾ’ ഓരോന്നിലും അയ്‌യായിരത്തിയൊന്ന് കടിയുറുന്പുവീതം!
ഓരോ വട്ടിയും ചാക്കിനകത്തേക്ക് തട്ടിക്കൊടുക്കുകയാണ്! ചാക്ക് ‘ഹൗസ്‌ഫുൾ’ ആകുന്പോൾ കഴുത്തളവിൽ ഒരു കെട്ടും. തലമാത്രം പുറത്ത്.
ആ നിമിഷം മുതലാണ് യഥാർത്ഥ എക്‌സാം . ദ റിയാലിറ്റി ഷോ!
ചാക്ക് നിറച്ച് കടിയുറുന്പാണേ... അതും ആഴ്ചകളായിട്ട് പട്ടിണിക്കിട്ടിരുന്നവ. ‘ഇങ്ക്വിലാബും’ വിളിച്ചുകൊണ്ട് എല്ലാംകൂടി ‘വാർഡുകൾ തോറും കേറി ഇറങ്ങുകയാണ്!...
കട്ടുറുന്പിന്റെ ഈ ‘ഡിന്നർ’ നടക്കുന്പോൾ പ്രതിശ്രുതവരന്റെ മുഖത്ത് ഒരു ചുളിവോ വരയോ കുറിയോ ഒന്നും പാടില്ല.
നേരിയ മൂളൽപോലും!
പുഞ്ചിരിച്ചുകൊണ്ട് നിന്നോളണം!
ഇരുപതു മിനിട്ടു കഴിയുന്പോൾ പുള്ളിക്കാരനെ ചാക്കിൽ നിന്ന് എടുക്കും. റിസൾട്ട് അപ്പോൾത്തന്നെ അറിയാം. വിജയിച്ചാൽ വധുവിനെ കൂടെകൊണ്ടുപോകാം.
പലരും, രണ്ടുമാസമെങ്കിലും കഴിഞ്ഞേ കൊണ്ടുപോകാനായി വരൂ. അപ്പോഴേ എല്ലാം ഒരുമാതിരി നോർമലാവൂ!
‘എക്‌സാം’ എങ്ങനെയുണ്ട്?
ഇതു വായിച്ചുകൊണ്ടിരിക്കുന്ന അവിവാഹിത സുഹൃത്തുക്കൾ മിനിമം രണ്ടു റൗണ്ടെങ്കിലും പ്രാർത്ഥിച്ചിട്ടുണ്ടാവും.
“പൊന്നുതന്പുരാനേ, ഇമ്മാതിരി എക്‌സാമുകളൊന്നും നമ്മുടെ കാലത്ത് വന്നേക്കല്ലേ...”
ഞാൻ പറയുന്നത് വരണമെന്നാണ്? എന്റെ കല്യാണം കഴിഞ്ഞതുകൊണ്ടല്ല. വളരെ അർത്ഥവത്തല്ലേ ആദിവാസികളുടെ ഈ ആചാരം? ഇത്രയും കടിയുറുന്പുകൾ സകലതും കാർന്നുകൊണ്ടിരിക്കെ സംയമനപൂർവം ചിരിച്ചുകൊണ്ടിരിക്കാൻ കഴിയുന്നവനു മാത്രമേ ദാന്പത്യജീവിതത്തിൽ അടിപതറാതെ മുന്നേറാനാകൂ.
സമാനമായ അനുഭവങ്ങളായിരിക്കുമല്ലോ അവിടെ! അപ്പോൾ പിടിച്ചു നിൽക്കണമെങ്കിൽ അഡ്വാൻസായി ഈ എക്‌സാം പാസ്സായിരിക്കണം.
അല്ലെങ്കിൽ കോടതി വരാന്തയിൽ പോയി നിൽക്കാം!

Comments

Post a Comment

Popular posts from this blog