![]() |
പഞ്ചിംഗ് - 35
കെ.സുദർശനൻ
സ്റ്റൂൾ റെസ്റ്റ്
ആധുനിക ലോകത്തിൽ മനുഷ്യന് കൈമോശം വന്ന അനേകം മൂല്യങ്ങളിൽ ഒന്നാണ് ക്ഷമ.
സ്നേഹം പോലെ, ഗുരുത്വം പോലെ, പിതൃഭക്തിപോലെ ക്ഷമയും അന്യംനിന്നു പോയിരിക്കുന്നു.
ഒരു ചെറിയ പ്രശ്‌നം പോലും സഹിക്കാൻ തയ്‌യാറല്ല ആരും.
കഴിഞ്ഞ ദിവസം ഒരു ഭാര്യയും ഭർത്താവും കൂടി പിണങ്ങി.
നിസ്സാരകാര്യം.
ചില ‘മറുപടി’കളാണല്ലോ പല ദുരന്തങ്ങൾക്കും കരിമരുന്നാകുന്നത്.
ഭാര്യയുടെ മറുപടി ഭർത്താവിന് ദഹിച്ചില്ല.
ഭർത്താവിന്റെ മറുപടി ഭാര്യയ്‌ക്കും.
പിന്നെ ഒന്നുപറഞ്ഞ്, രണ്ടു പറഞ്ഞ് ഇരുപത്തിരണ്ടുപറഞ്ഞ് മത്സരകമ്പക്കെട്ടായി മാറി.
പുള്ളിക്കാരൻ ലാസ്റ്റ് അമ്പും വിട്ടു
ഏറ്റില്ല.
ഇനി എന്തുചെയ്‌യും?
ഭർത്താവായിപ്പോയില്ലേ.
തോറ്റുമാറാനൊക്കുമോ?
അവസാനം അദ്ദേഹം ഒരു കുപ്പി എടുത്തു.
"ഞാനിപ്പോൾ വിഷമടിക്കും!"
ഭാര്യ ഠിം.
“കാര്യമായിട്ടാണോ പറയുന്നത്?”
“ഇപ്പം കുടിക്കും.. ഞാൻ”
ഭർത്താവ് അടപ്പ് തുറന്നു.
ഭാര്യ കുപ്പിയുടെ കവറിൽ നോക്കി.
പരാമർ!
(നല്ല വിറ്റാമിൻ സാധനം!)
ഈശ്വരാ ചതിച്ചോ.!
ഭാര്യയുടെ പ്രതികരണം കണ്ടപ്പോൾ ഭർത്താവ് കൊണ്ടുകേറി.
“നീ എന്റെ തന്തയ്‌ക്കു പറഞ്ഞു. എനിക്കിനി ജീവിക്കണ്ട.”
അദ്ദേഹം അടപ്പിലോട്ട് വിഷം ഒഴിച്ചു. കഫ് സിറപ്പ് ഒഴിക്കുന്നതുപോലെ!
പാവം ഭാര്യ!
തകർന്നുപോയി അതു കണ്ട്.
“എന്റെ പൊന്നേ. അങ്ങനെ പറയല്ലേ! നിങ്ങൾ എന്റെ തന്തയ്‌ക്കു പറഞ്ഞപ്പോൾ ഞാൻ പിന്നെ ആരുടെ തന്തയ്‌ക്കു പറയും! അങ്ങനെ വിളിച്ചുപോയതാ, സോറി.”
ഭർത്താവ് വിഷം ചുണ്ടിൽ മുട്ടിച്ചു.
ഭാര്യ ചുണ്ടുകൾ ആ പാദങ്ങളിലും.
ഭർത്താവിന് വാശികേറി.
ഭാര്യയുടെ ‘മാപ്പാപ്ലിക്കേഷൻ’ കൂടിയായപ്പോൾ നിയന്ത്രണം വിട്ടു.
വിഷം അകത്തുപോയി!
തുടർന്ന് അളിയന് ആളുപോയി.
പക്ഷേ അളിയൻ കാറുമായി എത്തുന്പോൾ,
‘ആശാൻ’ ആശുപത്രിയിൽ എത്തി.
പരിശോധിച്ചപ്പോൾ വിഷം പ്രശ്‌നമല്ല.
ഒരു സ്റ്റൊമക്ക് വാഷ്.
എല്ലാം ക്ലിയർ.
പക്ഷേ,
കാലിന്റെ എല്ല് ഒടിഞ്ഞുപോയി.
ഏഴെട്ടു പല്ലും ഉടഞ്ഞുപോയി.
മണ്ടയ്‌ക്കും ഡാമേജുണ്ട് .
ഏഴെട്ടുമാസമെങ്കിലും എഴുന്നേൽക്കാതെ കിടക്കണം.
വല്ല കാര്യവുമുണ്ടോ?
രമ്യമായിട്ടു തീർക്കേണ്ട കേസാ.
വിഷം എടുത്തപ്പോഴേ, ഭാര്യ കേറിപ്പോയാൽ മതിയായിരുന്നു.
പിന്നെ ആരു കാണാൻ കുടിക്കുന്നത്!
പൊന്നല്ലേ, കുടിക്കല്ലേ എന്നൊക്കെ പറഞ്ഞപ്പോൾ വാശിയായി.
പിന്നെ ഈഗോയായി.
പിന്നെ പ്രസ്റ്റീജ് ഇഷ്യൂ ആയി.
ഒടുവിലോ? വിഷമടിക്കാൻ ബാദ്ധ്യസ്ഥനായി.
ഒരു ഞായറാഴ്ച.
ഉലഹന്നാനും ഭാര്യയും ഉടക്കിയാണ് പള്ളിയിൽ നിന്ന് മടങ്ങിയത്.
വീട്ടിൽ വന്നപ്പോൾ ഉടക്ക് കൊളുത്തായി.
പറഞ്ഞുനിൽക്കാൻ പറ്റാതെ വന്നപ്പോൾ ഉലഹന്നാൻ കേറി നിന്നു.
എവിടെ?
കിണറിന്റെ പുറത്ത്.
അതുകണ്ടപ്പോൾ ഭാര്യ ഒതുങ്ങി.
“എടീ…, ഞാനിപ്പോൾ ചാടും…”
“അയ്‌യോ ചാടല്ലേ! എനിക്കും കൊച്ചിനും വേറെയാരുമില്ല!”
ആശാന് ത്രില്ലായി.
“ഞാനിപ്പോൾ ചാടും”
“ചാടരുത്”
“ഞാൻ ചാടും”
“ചാടരുതെന്ന്“
“ചാടും…”
ഒടുവിൽ ചാടാതെ വയ്‌യെന്നായി.
ചാടി.......
ഭാര്യ ചെവിരണ്ടും പൊത്തി.
കണ്ണാണ് പൊത്തേണ്ടിയിരുന്നത്.
എന്തോ 'പൊത്ത്' മാറിപ്പോയി!
അപ്പോഴുണ്ട്. ഇടിക്കുളയും ശോശാമ്മയും വരുന്നു.
“എന്താ എന്താ പ്രശ്നം?”
“ദേ ഉലഹൻ ചേട്ടൻ കിണറ്റിൽ ചാടി.”
കൂപാന്തർഭാഗത്ത് നിന്നും പുറം ലോകത്തേക്ക് ,
ഒന്നു രണ്ടു തെറികൾ പറന്നു വന്നു.
പിന്നെ ഒരു നിലവിളിയും.
ഭാര്യതലചുറ്റി അവിടെത്തന്നെ വീണു.
ആസന്നമരണനായ കണവനെയല്ല, ‘കണവ’യെയാണ്
ഇടിക്കുള താങ്ങിയെടുത്തത്!
അങ്ങനയാണല്ലോ!
ഒരു സ്‌ത്രീയും പുരുഷനും സ്‌കൂട്ടറിൽ നിന്ന് വീഴുന്നു.
പുരുഷന്റെ തലപൊട്ടിയിട്ടുണ്ട്,
ചോരവരുന്നുണ്ട്.
സ്‌ത്രീക്ക് അങ്ങുമിങ്ങും തൊലി നിരങ്ങിയതേയുള്ളു.
നാട്ടുകാർ ആദ്യം തൂക്കിയെടുക്കുന്നത് ആരെയായിരിക്കും?
സ്‌ത്രീയെ!
സംശയമെന്തോന്ന്!
ആശുപത്രിയിൽ ചെന്നാലോ?
സ്‌ത്രീയുടെ മുട്ട് വച്ചു കെട്ടാനായിരിക്കും ഡോക്ടർക്ക് വെപ്രാളം.
"ഹോ! അങ്ങ് ഉരഞ്ഞു തള്ളിയല്ലോ".
സ്‌ട്രെച്ചറിൽ, ഒരാൾ ഒബ്ളാംഗാറ്റ ഒടഞ്ഞുകിടക്കുവാ !
അവിടെക്കിട.
അതൊക്കെ പിന്നെ!
അങ്ങനെയായിപ്പോയി സമൂഹം!
ഇടിക്കുളയും അതുതന്നെ ചെയ്‌തത്.
പെണ്ണുംപിള്ളയ്‌ക്ക് പ്രഥമശുശ്രൂഷ കൊടുത്തിട്ടേ, അന്ത്യശുശ്രൂഷയ്‌ക്കു പാകമായിക്കിടന്ന ആളിനെ ശ്രദ്ധിച്ചോളൂ.
ചെന്നപ്പോൾ ‘നുരയും പതയും’ നടന്നുകൊണ്ടിരിക്കുന്നു.
വല്ലവിധവും വലിച്ചുവാരി കരയ്‌ക്കിട്ടു.
ആദ്യം കണ്ട വണ്ടിയിൽ ആശുപത്രിയിലും എത്തിച്ചു.
കോമ്പൗണ്ട് ഫ്രാക്ച്ചർ.
എട്ടുമാസം ഒരേകിട.
കാലിൽ ഭാരം കെട്ടിത്തൂക്കി.
എങ്ങനെയിരിക്കുന്നു !
ഉലഹൻ കിണറ്റിൽ കയറിയപ്പോഴെ ഭാര്യ അകത്തുപോയിരുന്നെങ്കിലോ ?
ഉലഹൻ ഒരിക്കലും ചാടുമായിരുന്നില്ല.
അയ്‌യോ ചാടല്ലേ ചേട്ടാന്ന് പറഞ്ഞപ്പോൾ, പ്രസ്റ്റീജ് ഇഷ്യൂ മൂർച്ഛിച്ചു.
ചാടുകയും ചെയ്‌തു.
ഇപ്പോൾ ആർക്കാണ് ദോഷം?
ഭർത്താവിന് ബെഡ് റസ്റ്റ്!
ഭാര്യയ്‌ക്ക് ‘സ്റ്റുൾ റെസ്റ്റ്’!
ജന്മം പാഴായേ!
ഇത്തരം അത്യാഹിതങ്ങൾ സംഭവിക്കുന്നത്, ചിലർ തടയാൻ പുറപ്പെടുന്നതുകൊണ്ടാണ്.
ഞാനിപ്പോൾ തൂങ്ങിച്ചാവും എന്നുപറയുന്നവനോട് “എന്നാൽ പിന്നെ മഴയ്‌ക്കുമുന്പേ ആവട്ടെ” എന്നു പറഞ്ഞുനോക്കണം.
അയാൾ ഉടനേപറയും. “അങ്ങനെ ഇപ്പോൾ ഞാൻ ചത്ത് ഇയാള് സുഖിക്കേണ്ട!”
അതുകൊണ്ട് ഭീഷണികൾ ആരുടെ പക്ഷത്തുനിന്നു വന്നാലും പ്രോത്സാഹിപ്പിക്കുക.
ചുമ്മാ പ്രോത്സാഹിപ്പിക്കുക.
ഒന്നും സംഭവിക്കില്ല!
https://youtu.be/wQ7Q39gzsWQ

ബഹു രസം ചിന്തോ ദ്ധീപകം
ReplyDelete