പഞ്ചിംഗ് 11
കെ. സുദർശനൻ
ജീവിതം ഓടുന്ന പാളങ്ങൾ
അടുത്തിരുന്ന പൊലീസുകാരൻ ഒന്നു പാളി നോക്കി. കക്ഷി നല്ല മയക്കത്തിലാണ്. പുറത്ത് വെയിൽ കത്തിനിൽക്കുന്ന പകൽ. ജാലകത്തിലൂടെ ഇപ്പോൾ കാണുന്നത് കുറേ തരിശുപാടങ്ങൾ. ക്രമമായ വേഗതയിൽ നീങ്ങുകയാണ് ട്രെയിൻ.
എന്ത് ഉത്സാഹമായിരുന്നു രാവിലെ യാത്ര തിരിക്കുമ്പോൾ. എന്തെല്ലാം സ്വപ്നങ്ങളും പ്രതീക്ഷകളും. അന്ന്, വീട്ടിൽ നിന്ന് പോരുന്പോൾ അവൾക്ക് ഏഴുമാസം കഴിഞ്ഞിരുന്നു. നവംബർ പകുതിക്ക് മുന്പ് പ്രതീക്ഷിക്കാമെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. നവംബർ ഒന്ന് ആകുന്നേയുള്ളു. പകൽ 12 മണിക്കെന്നാണ് അറിഞ്ഞത്.
നോക്കണേ, അച്ഛന്റെ ജന്മനാളിൽതന്നെ ആദ്യത്തെ കുഞ്ഞ് പിറക്കുക. അതും മകൻ! ഒരു തരത്തിൽ ഭാഗ്യം തന്നെ. പക്ഷേ, ഈ നക്ഷത്രം വേണ്ടായിരുന്നു. പൂരുരുട്ടാതി നല്ല നക്ഷത്രമാണെന്ന് പൊതുവെ പറയുമെങ്കിലും എന്തുകൊണ്ടോ ആണുങ്ങൾക്ക് അത് അത്ര നല്ലതല്ല. പങ്കുയ്‌ക്കാനാവാത്ത ഒരു പിടി ദുഃഖങ്ങൾ എന്നുമുണ്ടാവും കൂടെ! എത്ര ആഴമുള്ള ബന്ധങ്ങൾക്കിടയിലും തിരിച്ചറിയപ്പെടാതെപോകുന്ന നിമിഷങ്ങളും.
ഈ കഴിഞ്ഞത് ഇരുപത്തിയൊമ്പതാമത്തെ ജന്മദിനമാണ്. ഇനിയങ്ങോട്ട് നല്ല കാലമാണെന്നാണ് ജാതകത്തിൽ.
ട്രെയിൻ ഏതോ പുറന്പോക്കിക്കിൽ നിറുത്തിയിരിക്കുന്നു. ക്രോസിംഗ് ഉണ്ടാവും. ജീവിതം പോലെ തന്നെ കൊടുങ്കാറ്റ് മാതിരിയല്ലേ, ചില നേരത്ത് ഓരോന്ന് ക്രോസ് ചെയ്‌തുപോകുന്നത്!
ആ വാർത്ത കേട്ടപ്പോൾ മുതൽ മകനെ കാണാനുള്ള വെന്പലായിരുന്നു. ആ കണ്ണുകൾ പാരന്പര്യമായി കിട്ടിയതാണ് അവൾക്ക്. അത് അന്യം നിന്ന് പോകരുതെന്ന് നിർബന്ധമുണ്ടായിരുന്നു. പക്ഷേ, മുക്കിന്റെ കാര്യത്തിൽ വഴങ്ങാൻ മനസ്സുവന്നില്ല. എഴുന്നുനിൽക്കുന്ന ഈ മൂക്കും പാരന്പര്യമായി കിട്ടിയതുതന്നെ. ഇങ്ങനെ രണ്ടാളും എത്രയോ രാത്രികൾ ഉറക്കമിളച്ചിരുന്ന് ഡിസൈൻ ചെയ്‌തതാണ്. എന്നിട്ട് റിസൽട്ട് ഔട്ടായപ്പോൾ...
അയാൾ ഒരു നിശ്വാസമുതിർത്തു. അതിന്റെ പൊള്ളലേറ്റ് പൊലീസുകാരൻ ഉണർന്നു.
“എവിടെയെത്തി?”
ആ ചോദ്യം ആരും ഏറ്റുവാങ്ങിയില്ല. ഒരു ഭ്രാന്തൻതെയ്‌യം പോലെ എതിരെനിന്ന് ഏതോ ട്രെയിൻ അലറിക്കൊണ്ടുപോയി. വീണ്ടും മറ്റൊരു പുറപ്പാടിന്റെ തുടക്കം.
സ്റ്റേഷനിൽ വച്ച് പറഞ്ഞുതീർക്കാവുന്ന കേസേ ഉണ്ടായിരുന്നുള്ളു. അവളുടെ അച്ഛനാണെങ്കിൽ ആദ്യം മുതൽക്കേ ആ മനുഷ്യനോട് ഒരു തരം വെറുപ്പായിരുന്നു. സംസ്‌കാരമില്ലാത്ത സംസാരവും രീതികളും. അയാൾ മാത്രം കെങ്കേമൻ, മറ്റുള്ളവരെല്ലാം വെറകുവെട്ടികൾ! അയാൾ പറയുന്പോലെ എല്ലാവരും അനുസരിച്ചോണം. പോയി പള്ളീൽ പറഞ്ഞാൽ മതി. പലതവണ ഇടയാൻ ഒരുങ്ങിയതാണ്. അപ്പോഴെല്ലാം അവൾ ആ കണ്ണുകൾ കൊണ്ട് യാചിക്കും.
അന്നു പക്ഷേ കൈവിട്ടുപോയി. പലപ്പോഴായി കെട്ടിനിർത്തിയ ദേഷ്യം അണപൊട്ടിപ്പോയി. സത്യത്തിൽ ചുണ്ടുപൊട്ടിയാണ് രക്തം വന്നത്. പക്ഷേ, മൂക്കിൽ നിന്നും വായിൽ നിന്നും രക്തം ഒഴുകിക്കൊണ്ടിരുന്നെന്നാണ് എഫ്.ഐ.ആറിൽ എഴുതിപ്പിടിപ്പിച്ചത്. വധശ്രമത്തിനായിരുന്നു കേസ്.
പ്രതിക്കുവേണ്ടി ഇടപെടാൻ ആരുമില്ലായിരുന്നു. കോടതിയ്‌ക്ക് പിന്നെ റിമാൻഡ് ചെയ്‌യുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. ആയിക്കോട്ടേ എന്ന് വിചാരിച്ചു. ജയിൽവാസം വിധിച്ചിട്ടുണ്ടെങ്കിൽ ആവാതെ തരമില്ലല്ലോ. സഹനത്തിന്റെയും പീഡനത്തിന്റെയും ദിനരാത്രങ്ങൾ.
അപ്പോഴും അവൾ മാത്രമായിരുന്നു ഉള്ളിൽ. ഒടുവിൽ ഉണ്ണി പിറന്നു. എന്നറിഞ്ഞ നിമിഷം മുതൽ എന്തായിരുന്നു ആവേശം! ജാമ്യത്തിലിറക്കാൻ ബന്ധുക്കൾ എത്താതിരിക്കില്ല. മിക്കവാറും അവളുടെ പക്ഷത്തുനിന്നു തന്നെ ആരെങ്കിലും എത്തിയിട്ടുണ്ടാവും. അതു വേണ്ടിവരില്ല. എല്ലാ പിണക്കവും മറന്ന് അച്ഛനും ചേട്ടനുമൊക്കെ അവിടെയുണ്ടാവും. അവരോട് എന്താണ് ആദ്യം മിണ്ടുക?
ഒരു പക്ഷേ കെട്ടിപ്പിടിച്ച്...
ഒക്കെ നല്ലതിനായിരിക്കണം. ഒരു പുനർജന്മത്തിനുവേണ്ടിയാവണം ഇങ്ങനെയൊക്കെ സംഭവിച്ചത്. എല്ലാ പൊരുത്തക്കേടുകളും തീർക്കാൻ വേണ്ടി ദൈവം തന്നെ…
പക്ഷേ, പ്രതിക്കൂട്ടിൽ നിൽക്കുന്പോൾ എല്ലാം അസ്‌തമിക്കുകയായിരുന്നു. ഈ കുറ്റവാളിയെ ഇറക്കിക്കൊണ്ടുപോകാൻ ആരും ഹാജരായിട്ടില്ല. ജഡ്‌ജിയുടെ കണ്ണുകളിലും കണ്ടു, വിസ്‌മയം. അത്രയ്‌ക്ക് അനാഥനായിപ്പോയോ? അത്രയ്‌ക്ക് ആർക്കും വേണ്ടാത്തവനായോ?
ട്രെയിനിന് സ്‌പീഡ് കൂടുന്നു. എതിർഭാഗത്തിരിക്കുന്ന യുവതിയുടെ കണ്ണുകൾ ഈ കൈയിൽ അണിഞ്ഞിരിക്കുന്ന ഇരുന്പുവളയിലാണ്. അത് അവരോട് നിശ്ശബ്‌ദമായി ഏതോ കഥ പറയുന്നുണ്ടാവും. ഒരു കൊലപാതകിയുടെയോ, അല്ലെങ്കിൽ ശുദ്ധപോക്കിരിയുടെയോ ഒരു വിടന്റെയോ... പെട്ടെന്ന് ആ സ്ത്രീ മുഖം തിരിച്ചു, ഭയത്തോടെ.
അയാൾ വേഗം എഴുന്നേറ്റു. മനസ്സ് ഏതാണ്ട് ശാന്തമായിക്കഴിഞ്ഞു.
“എങ്ങോട്ട്?” ശക്തമായ ചോദ്യം.
“ബാത്ത്റൂം വരെ…” ദുർബലമായ ഉത്തരം.
അടുത്ത നിമിഷം കൂടെയുണ്ടായിരുന്ന കാക്കിവേഷം എഴുന്നേറ്റ് കൂടെ നടന്നു. പൊലീസുകാരുടെ ഒരു കഷ്‌ടമേ!
ടോയ്‌ലറ്റിന്റെ കണ്ണാടിയിൽ അയാൾ കണ്ട രൂപം അപരിചിതമായിരുന്നു. തൂക്കിക്കൊല്ലൻ കൊണ്ടുപോകുന്ന ഏതോ ഒരുത്തന്റെ മുഖം പണ്ട് സിനിമയിൽ കണ്ടതാണ് ഓർമ്മവന്നത്.
പുറത്തിറങ്ങുന്പോൾ പൊലീസുകാരൻ ഒരു മധ്യവയസ്‌കയോട് സംസാരിച്ചുകൊണ്ടുനിൽക്കുന്നു. ഡോറിന്റെ ഭാഗത്ത് ഒന്നുരണ്ടുപേർ ഉണ്ട്. ട്രെയിൻ രൗദ്രമായി കുതികൊള്ളുകയാണ്.
പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ച പുത്രന്റെ അവ്യക്തമായ ചിത്രം മനസ്സിൽ തെളിഞ്ഞു. പിതാവിന്റെ പിറന്നാൾ ദിനത്തിൽ പിറന്ന മകൻ! അതെ... പിതൃതുല്യനായ പുത്രൻ. അച്ഛൻ പോയിവരട്ടെ. മോനേ... അതാ ചൂളംവിളി കേൾക്കുന്നു. ആ ഒച്ച മറികടന്ന് അയാൾ വെളിയിലേക്ക് ചാടി.
എങ്ങനെയുണ്ട് കഥ? കഥയല്ല, ഈ പ്രമേയം അടുത്ത കാലത്ത് ഒരു പ്രതവാർത്ത വായിച്ചപ്പോൾ മനസ്സിലേക്ക് വന്നതാണ്. വാർത്ത ഇത്രയേയുള്ളു. റിമാൻഡ് പ്രതി ട്രെയിനിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു. വിചാരണ കഴിഞ്ഞു തിരിച്ചു വരുമ്പോഴായിരുന്നു സംഭവം. ഭാര്യാപിതാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നത്രെ. ഭാര്യയും മൂന്നു ദിവസം പ്രായമുള്ള കുഞ്ഞുമുണ്ട്. ജാമ്യമെടുക്കാൻ ആരും എത്താത്തതിൽ രാവിലെ മുതൽ ഇയാൾ ദുഃഖിതനായിരുന്നെന്ന് പൊലീസുകാർ പറഞ്ഞു.
ഒപ്പം സൗമ്യനായൊരു ചെറുപ്പക്കാരന്റെ മുഖവും. എത്ര ശ്രദ്ധിച്ചിട്ടും ആ മുഖത്ത് ഒരു ക്രിമിനൽ ടച്ച് തോന്നിയില്ല. ബാക്കിയെല്ലാം സ്വയം ‘ഫില്ലപ്പ്’ ചെയ്‌തതാണ്. കഴിഞ്ഞദിവസം കഥാരചനയെക്കുറിച്ചുള്ള ഒരു ക്യാന്പിൽ ഞാനിത് പറയുകയും ചെയ്‌തു.
ഓരോ വാർത്തയ്‌ക്ക് പിന്നിലും ഇതുപോലെ സ്‌പന്ദിക്കുന്ന ഒരു ജീവിതമുണ്ട്. ഈ വാർത്തയ്‌ക്കു പിന്നിലും ഇങ്ങനെയൊക്കെ ആയിക്കൂടെന്നുണ്ടോ? എങ്കിൽ അത് എത്രമാത്രം വേദനാനിർഭരമാണ്?
ഒരു കേസിലകപ്പെട്ട് ആകസ്‌മികമായി തുറുങ്കിലടയ്‌ക്കപ്പെടുന്നവന്റെ അവസ്ഥ! തുടർന്ന് സമൂഹം കാട്ടുന്ന തിരസ്കാരം. വിധിയുടെ ഈ ക്രൂരമായ ‘പുരസ്‌ക്കാര’ത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കൊള്ളാം! എവിടെ നേരം അതിനൊക്കെ? ഇവിടെ ലൈഫ് സ്റ്റൈൽ എക്സിബിഷൻ കാണാൻ തന്നെ സമയം കിട്ടുന്നില്ല.
പക്ഷേ, സ്നേഹിതാ... ലൈഫിന്റെ സ്റ്റൈൽ എപ്പോൾ വേണമെങ്കിലും മാറാം.
എപ്പോൾ വേണമെങ്കിലും...
ഈ അനുഭവം തന്നെ കണ്ടില്ലേ?
ജീവിതം ഇതുപോലെ ഒന്നു തെന്നിപ്പോയാൽ…
പിന്നെ നമ്മുടെ നാട്ടിൽ രണ്ടു ചോയ്‌സേയുള്ളു. ശിഷ്‌ടകാലം ഒന്നുകിൽ ക്രൈംവേൾഡിൽ. അല്ലെങ്കിൽ അദർ വേൾഡിൽ.
എന്തായാലും ‘ഓൾഡ് വേൾഡ്’ ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് തീർച്ച.
Comments
Post a Comment