പഞ്ചിംഗ് - 12
കെ.സുദർശനൻ
ഊരാക്കുടുക്ക്
ലോംഗ് ലോംഗ് എഗോ...
ഫാർ ഫാർ എവേ...
ദെയർ വാസ് എ കിംഗ്...
അങ്ങനെ കഥ പറഞ്ഞു തുടങ്ങണമെന്നാണ് അഞ്ചാം ക്ലാസിൽ ചെല്ലപ്പൻ സാറ് പറഞ്ഞുതന്നത്. ഇന്നത്തെ കാലത്ത് ഇങ്ങനെ കഥപറഞ്ഞു തുടങ്ങിയാൽ ഭേഷായിരിക്കും.
നിക്കറിടാത്ത ‘പാൽപ്പല്ലുകാരൻ’ വരെ പല്ലുകടിക്കും. കാരണം, അവനും അറിയണം പണ്ട് എന്ന് പറഞ്ഞാൽ എന്ന്! ദൂരെ എന്നു പറഞ്ഞാൽ എവിടെ!
അതുകൊണ്ട് എല്ലാം വിശദമായിട്ട് പറയാം.
കാലം, പന്ത്രണ്ടാം നൂറ്റാണ്ട്.
സ്ഥലം, സൗത്തിന്ത്യ.
കൃത്യമായിട്ടു പറഞ്ഞാൽ ധർമ്മപുരി.
രാജാവിന്റെ പേരുകൂടി പ്രഖ്യാപിച്ചാൽ കഥ തുടങ്ങാം.
മഹാബലൻ.
ബലമൊന്നും പേരിൽനിന്ന് നിശ്ചയിക്കേണ്ട. അല്ലെങ്കിലും പേരിൽനിന്ന് ഒന്നും നിശ്ചയിക്കാൻ പറ്റില്ലല്ലോ.
വിശാലം എന്നായിരിക്കും പേര്, ആള് ‘കൊടക്കക്കന്പി' പോലെയും.
തുറന്നുപറായം, നമ്മുടെ രാജാവ് മഹാദുർബലനായിരുന്നു, എല്ലാ രീതിയിലും.
ഇതറിഞ്ഞിട്ടാണോ എന്തോ, ഒരു ദിവസം രാവിലെ തികച്ചും അപ്രതീക്ഷിതമായിട്ട് അയൽരാജ്യം ആക്രമണം അഴിച്ചുവിട്ടു.
ഇങ്ങോട്ടു വന്നുകയറിയാൽ ചെറുത്തുനിൽക്കാതിരിക്കാൻ പറ്റുമോ?
അങ്ങനെ യുദ്ധമായി.
രാവിലെ ആരംഭിച്ച യുദ്ധം ‘ലഞ്ചു’ കഴിഞ്ഞും തുടർന്നു. ഒടുവിൽ വൈകുന്നേരമായി. അവസാനിച്ചില്ല.
അടുത്തകാലത്തൊന്നും അവസാനിക്കുന്ന ലക്ഷണമില്ല.
മഹാബലൻ കൂടുതൽ ബലംപിടിക്കാൻ നിന്നില്ല. രായ്‌ക്കുരാമാനം സ്ഥലംവിട്ടുകളഞ്ഞു.
ഒറ്റയ്‌ക്കല്ല. ഭാര്യയും മകളുമൊത്ത്. കാരണം, മഹാരാജാവിന് നന്നായിട്ടറിയാം ഒരു യുദ്ധത്തിന്റെയും ‘ക്ലൈമാക്സ്’ പെണ്ണുങ്ങളുടെ ആരോഗ്യത്തിന് പറ്റിയതല്ലെന്ന്?
അഭിമാനമാണ് അദ്ദേഹത്തിന് വലുത്. അല്ലാതെ ചെങ്കോലും ചേന്പും കിഴങ്ങും ഒന്നുമല്ല.
അന്നൊക്കെ നാടുവിട്ടുപോകുന്നവർക്ക് ചെന്നുകേറാൻ ഒറ്റ ഇടമേയുള്ളു.
കാട്...
കറുത്ത കാട്...
മനുഷ്യനാദ്യം പിറന്ന വീട്…
മഹാബലനും അങ്ങോട്ടുതന്നെ വിട്ടു.
പിറ്റേന്നു വെളുപ്പാൻകാലമായപ്പോൾ കൊടുംകാട്ടിൽ സകുടുംബം എത്തി.
രാജ്ഞിയും രാജകുമാരിയും ഒരു മരത്തിൽ ചാരിയിരുന്നു.
ഇരുന്നത് മാത്രമറിയാം. കണ്ണടഞ്ഞുപോയി. നോക്കണം, ഇന്നലെ വരെ സുഖസമൃദ്ധിയോടെ ഹംസതൂലികാതലത്തിൽ പള്ളികൊണ്ടിരുന്നവരാ... ഇതാ, മഹാഗണിയിൽ ചാരിയിരുന്ന് മഞ്ഞുകൊള്ളുന്നു.
അതൊന്നും കാണാനുള്ള ബലം മഹാബലനില്ല. അദ്ദേഹം രണ്ടിനേം തട്ടിവിളിച്ചിട്ട് പറഞ്ഞു:
“ഞാൻ പോയി ഫുഡ് വല്ലതും കിട്ടുമോന്നു നോക്കീട്ടു വരാം. ഇവിടെത്തന്നെ ഇരുന്നോളീൻ.”
പാവം മഹാരാജാവ്.
വിട്ടുനടന്നു. ‘കാട്ടുറോഡി’ലൂടെ... ഒടുവിൽ ചെന്നുപെട്ടതോ...?
അന്നത്തെ വീരപ്പന്റെ കൈയിൽ!
അന്നത്തെ വീരപ്പന് തോക്കില്ല. പകരം ഇടിക്കട്ടയാണ്. അറ്റ് കൈയ്‌ക്ക് വാളും!
എന്തിന്! മഹാബലന് അവിടെവച്ചുതന്നെ വീരപ്പൻ ‘പരമോന്നത ബഹുമതി’ കൊടുത്തെന്നു പറഞ്ഞാൽ മതിയല്ലോ?
ഏതാ?
‘വീരസ്വർഗം!’
(വീരപ്പനാൽ കൊല്ലപ്പെടുന്നവന്റെ സ്വർഗം എന്നർത്ഥം!).
മഹാഗണിച്ചുവട്ടിലിരുന്ന മഹാറാണി കണ്ണുതുറന്നപ്പോൾ നല്ല വെയില്!
അല്ലേയ്! ഫുഡ്ഡിനു പോയ ആള് എവിടെച്ചെന്നു കിടക്കുന്നു?
മോളെയും വിളിച്ചുകൊണ്ട് അവർ എഴുന്നേറ്റു. തുറസ്സായ സ്ഥലത്തുകൂടി കുറേ നടന്നു.
ഒരിടത്തെത്തിയപ്പോൾ ആ ഭീകരദൃശ്യം അവർ കണ്ടു.
ശിരസ്സ്, ഒരിടത്ത്...
ബാലൻസ് ഒരിടത്ത്.
ഭർത്താവിന്റെ ആ കിടപ്പ് കണ്ടപ്പോൾ റാണിക്കു ദേഷ്യമാണു വന്നത്. ഇതിനുവേണ്ടിയാണോ ഇതിയാൻ ഇതുവരെ വന്നത്?
പേടിത്തൊണ്ടനെന്നു നാട്ടിൽ പേരുമായി. കാട്ടിൽ വച്ച് സീക്രട്ടായിട്ട് തട്ടിയും പോയി.
ചെയ്‌യുന്ന ഓരോരോ അന്യായങ്ങളേ! പരേതാത്മാവിനെ പ്രാകിക്കൊണ്ട് അവർ സമീപത്തുള്ള മരത്തണലിലേക്ക് പോയി...
ഈ സമയത്താണ് രാജാചന്ദ്രസേനന്റെ വരവ്. കൂടെ മകനുമുണ്ട്. അച്ഛനും മകനും നായാട്ടിനെത്തിയതാണ്.
അച്ഛന്റെ കണ്ണിൽ അതുപെട്ടു. നിലത്ത് അങ്ങിങ്ങായി ചില കാൽപ്പാടുകൾ…ഒറ്റനോട്ടത്തിൽത്തന്നെ അത് സ്ത്രീകളുടേതാണെന്ന് മനസ്സിലായി.
എങ്കിലും ‘പൊതിഞ്ഞേ’ മകനോടു പറഞ്ഞുള്ളു...
“അല്ല. ‘മനുഷ്യരുടെ’ കാൽപ്പാടുകളാണല്ലോ? ഇതെങ്ങനെ സംഭവിച്ചു? അതും ഈ കൊടുംകാട്ടിൽ?”
ഉടൻ, മകന്റെ മറുപടി.
“അച്ഛാ ഇത് പെണ്ണുങ്ങളുടെ കാലടയാളമാ, കണ്ടില്ലേ ചെറിയ കാലുകൾ... ഹായ്! ഇത് പെണ്ണുങ്ങളുടെ തന്നെ!”
അച്ഛൻ തകർന്നുപോയി.
അദ്ദേഹം അത്രയും പ്രതീക്ഷിച്ചില്ല. അവൻ ‘കാൽപ്പാടിൽ’ പി.എച്ച്.ഡി. എടുത്തിട്ട് നിൽക്കുകയാണെന്ന് അടുത്ത വാചകം കേട്ടപ്പോഴാണ് മനസ്സിലായത്.
“അതുമല്ല അച്ഛാ, ഇത് നല്ല സുന്ദരികൾ ആരോ ആണ്...!”
“അതെങ്ങനെ മനസ്സിലായി?”
“കണ്ടില്ലേ ഓരോ ചുവടിന്റെയും പിൻഭാഗം നന്നായി താഴ്ന്നിരിക്കുന്നത്. ഉഗ്രനിതംബിനികളാണ് രണ്ടും. അതായത് ഇവര് നടക്കുന്പോൾ ശരീരത്തിന്റെ ഈ....”
“മതി... മനസിലായി.”
അച്ഛൻ ബ്രേക്കിൽ കാലതാഴ്‌ത്തി.
പക്ഷേ പയ്‌യൻ നല്ല മൂഡിലാണ്.
“അച്ഛാ. ഇതുകണ്ടോ? ഒരാളുടെ ചുവട് വലുത്. മറ്റേയാളുടേത് ചെറുത്... ശ്രദ്ധിച്ചോ അച്ഛൻ?”
“യെസ്, ഞാനും അത് നോട്ടുചെയ്തു.”
എവിടെ! മൂപ്പര് ചുമ്മാ കാച്ചിയതാ പിടിച്ചുനിൽക്കാൻ.
പിന്നെ രണ്ടാളും മിണ്ടിയില്ല. ഭാവിപരിപാടികൾ ആലോചിക്കുകയായിരിക്കും.
അൽപം കഴിഞ്ഞ് അച്ഛൻ പറഞ്ഞു:
“ഒരു കാര്യം ചെയ്‌യാം. നമുക്ക് ഈ കാലടികൾ പിന്തുടർന്ന് അവരെ കണ്ടുപിടിക്കാം.”
മകൻ അർദ്ധോക്തിയിൽ ചോദിച്ചു:
“കണ്ടുപിടിച്ചിട്ട്?”
അച്ഛൻ ഗൗരവം സ്വീകരിച്ചു പറഞ്ഞു:
“ആ ചെറിയ ചുവടുകാരിയെ നീ കല്യാണം കഴിച്ചോ?”
“അപ്പോൾ വലിയ ചുവടുകാരി?”
ചെറുക്കന്റെ അത്യാഗ്രഹം നോക്കണേ!
അച്ഛൻ കണ്ണുകൾ എങ്കോണിച്ച് പിടിച്ചിട്ട് പറഞ്ഞു:
“അവളെ അച്ഛൻ തന്നെ ഏറ്റെടുത്തോളാം. അല്ലാതിപ്പോ എന്തു ചെയ്‌യും?”
ഹോ!
വലിയ ‘ഔദാര്യം’ മാതിരി!!
പിന്നെ രണ്ടാളും മത്സരിച്ചാണ് നടന്നത്. അധികം പോകുന്നതിനുമുമുന്പുതന്നെ മരച്ചുവട്ടിൽ വിഷാദഭാരത്തോടെ ഇരിക്കുന്ന സ്ത്രീജനങ്ങളെ കണ്ടു.
കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു.
ഒടുവിൽ നോക്കുന്പോൾ സംഭവം തലകുത്തനെ തകൃതത്തൈ!
അതായത് വലിയ കാല് മകളുടേത്.
ചെറിയ കാല് മാതാവിന്റേതും.
അച്ഛന്റെ ഒരു ഭാഗ്യമേ!
ഇനി വാക്കുമാറാൻ പറ്റുമോ? അച്ഛൻ ഐശ്വര്യമായിട്ട് മകളെത്തന്നെ സ്വീകരിച്ചു.
തള്ളയെ മകനും ഏറ്റുവാങ്ങി.
പക്ഷേ, ദോഷമില്ല.
അമ്മയെക്കാൾ സൗന്ദര്യം മകൾക്ക്. മകളേക്കാൾ മെയ്‌വഴക്കം അമ്മയ്‌ക്ക്. ഇപ്പുറത്തും അങ്ങനെ തന്നെ. അച്ഛനെക്കാൾ ആരോഗ്യം മകന്. മകനേക്കാൾ സ്റ്റാമിന അച്ഛന്.
അതുകൊണ്ടെന്തുപറ്റി? ഒരേ സമയം രണ്ടുപേരും ഗർഭവതികളായി. മാസം തികയാത്ത താമസം. രണ്ടും സുഖപ്രസവം. ഒന്നു പ്രഭാതത്തിൽ, ഒന്നു പ്രദോഷത്തിൽ.
രണ്ട് പൊന്നോമനകൾ...
സർവസൗഭാഗ്യങ്ങളോടും കൂടി അവർ മത്സരിച്ചുവളരാൻ തുടങ്ങി.
കഥ ഇവിടെ നിൽക്കട്ടെ.
എനിക്കറിയേണ്ടത് ഈ കുഞ്ഞുങ്ങൾ തമ്മിലുള്ള ബന്ധമാണ്.
ഒന്ന് അച്ഛന് ‘മകളിൽ’ പിറന്നത്.
മറ്റേത് മകന് ‘അമ്മയിൽ’ പിറന്നത്.
ഇവർ പരസ്പരം എന്തുവിളിക്കും? പറഞ്ഞാട്ടെ.
നമ്മുടെ അച്ഛനപ്പൂപ്പൻമാരെല്ലാം ശ്രമിച്ചിട്ട് ഉത്തരം കിട്ടാതെ വിട്ടതാ.
പണ്ട്, ഞാനും ഒരു കൈ നോക്കാതിരുന്നില്ല. പക്ഷേ, രക്ഷയില്ല.
എങ്ങനെ ഉത്തരം കിട്ടും?
അച്ഛനും മകനും സംബന്ധമല്ലല്ലോ ‘അസംബന്ധ’മല്ലേ ചെയ്‌തത്. തന്നെയുമല്ല ഇതൊരു പഴയ നാടോടിക്കഥയാണ്. എവിടെ നടക്കാനാണ് ഇങ്ങനെയൊക്കെ?
അങ്ങനെ സമാധാനിച്ചിരിക്കുന്പോഴാണ് പുതിയൊരു വാർത്തയറിഞ്ഞത്. നിങ്ങളും വായിച്ചിരിക്കും.
മകൾക്ക് ഗർഭം ധരിക്കാൻ ശേഷിയില്ലാത്തതുകൊണ്ട്, ഒരിടത്ത് അമ്മതന്നെ സ്വന്തം ഗർഭപാത്രം ആ ദൗത്യത്തിനായി വിട്ടുകൊടുത്തിരിക്കുന്നു.
‘ഗർഭകാരക’നാകട്ടെ മരുമകനും.
എന്നുവച്ച് നേരിട്ടുള്ള കൊടുക്കൽ വാങ്ങലുകളൊന്നുമില്ല. എല്ലാം സാങ്കേതിക സഹായികളിലൂടെ.
ആയിക്കോട്ടെ.
ഇവിടേയും പഴയ പ്രശ്‌നം ആവർത്തിക്കുകയല്ലേ.
അമ്മുമ്മയുടെ ഗർഭപാത്രത്തിൽ ‘അച്ഛന്’ ജനിക്കുന്ന കുഞ്ഞ് അമ്മയെ എന്തുവിളിക്കും?
ഈ കുഞ്ഞും അമ്മയും അച്ഛനും അമ്മുമ്മയും തമ്മിൽത്തമ്മിലുള്ള ബന്ധമെന്ത്?
ഞാൻ ഈ സമസ്യ നിങ്ങൾക്ക് കൈമാറുന്നു. ഒരുപാടൊന്നും ചിന്തിക്കണ്ട. പലപ്പോഴും ഈ ബന്ധങ്ങൾക്ക് നമ്മൾ കൽപിക്കുന്നത്ര ‘ക്ലാരിറ്റി’ ഒന്നുമില്ല.
പിന്നൊരു കാര്യം - എല്ലാ ബന്ധവും മനുഷ്യന്റെ സൗകര്യത്തിന് വേണ്ടിയല്ലേ? അല്ലേ!
💕💕💕💕
ReplyDelete❤❤❤❤❤❤
ReplyDelete👍👍👍👍👍
ReplyDeleteആരായിരിക്കും സർ
ReplyDelete