പഞ്ചിംഗ് 13
കെ.സുദർശനൻ
അവിവാഹിതരുടെ
സങ്കടങ്ങൾ
അവിവാഹിതനായി ജീവിച്ചു തീർക്കുന്ന ഒരു പുരുഷനെക്കുറിച്ച് എന്താണ് അഭിപ്രായം?
ഭാഗ്യവാൻ, അല്ലേ…
‘വിഡ്ഢി’ എന്നു പറയുന്നവരും ഉണ്ടാവും.
ഏതാണ് ശരി?
വിവാഹം എന്നുപറയുന്നത് അത്ര മഹത്തരമായ ഒരു കാര്യമാണോ? അത്രമേൽ സുഖവും സന്തോഷവും നൽകുന്ന ഒന്നാണോ? ഒരിക്കലെങ്കിലും വിവാഹം ചെയ്തിട്ടുള്ള ആരും അങ്ങനെ പറയുമെന്നു തോന്നുന്നില്ല.
ബർണാഡ്ഷാ പറഞ്ഞത് ഓർമ്മയില്ലേ.
പക്ഷേ, ആദ്യ അദ്ധ്യായത്തിൽ തന്നെ ഹീറോ തട്ടിപ്പോകുമെന്ന് മാത്രം!
ഇതൊരു ബന്ധുരക്കാഞ്ചനക്കുടാണെന്ന് പണ്ടാരു മലയാളം വാദ്ധ്യാർ പറഞ്ഞപ്പോൾ, കണക്കുസാർ കൈയോടെ തിരുത്തി.
“ച്‌ഛേ, അതൊരു വെറും കൂടാ… ബന്ധുരവുമല്ല, കാഞ്ചനവുമല്ല!”
“മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു. കഷ്ടം! പിന്നീട് അവൻ ബന്ധനങ്ങളിൽ നരകിയ്‌ക്കുന്നു.”
ഇത് പഴയ വചനം.
പുതിയ വചനം കുറച്ചുകൂടി ലളിതമാണ്.
“മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു. കഷ്ടം! പിന്നീട് അവൻ വിവാഹിതനാകുന്നു”.
വിവാഹമാഹാത്മ്യത്തെക്കുറിച്ച് പണ്ടാരു രസികൻ പറഞ്ഞതാണ് ശരി.
“അകത്തു നില്‌ക്കുന്നവർക്ക് ഇറങ്ങിക്കോളാൻ വയ്‌യ! പുറത്തു നില്‌ക്കുന്നവർക്ക് കയറിക്കോളാൻ വയ്‌യ!”
അതെ, പെട്ടാൽ പെട്ടതുതന്നെ. നോ എസ്‌കേപ്പ്!
ഡിവോഴ്‌സ് ഒന്നും പരിഹാരമല്ല.
ഭരണനിലയത്തിൽ കുറച്ചുകാലം മുന്പ് ഒരാൾ ഡിവോഴ്‌സ് വാങ്ങി. സന്ധ്യയായപ്പോൾ പിരിഞ്ഞുപോയ ഭാര്യ മൊബൈലിൽ വിളിക്കുന്നു.
“പിന്നേയ്. ഇവിടെ കറണ്ടില്ല. അപ്പുറത്ത് സുഗുണൻസാറിന്റെ വീട്ടിലൊക്കെ ലൈറ്റുണ്ട്…”
ഈ പഹയൻ എന്തു ചെയ്‌തെന്നറിയണ്ടേ? പോയി ഫീസ് കെട്ടിക്കൊടുത്തിട്ടു വന്നു!
ഇങ്ങനെ ഫീസ് പോകുന്പോഴും ‘ചറുക്കി’ വീഴുന്പോഴുമൊക്കെ ഓടിച്ചെല്ലാനാണെങ്കിൽ, പിന്നെയെന്തിനാ സുഹൃത്തേ, കോടതിയെക്കൂടി മിനക്കെടുത്തിയത്!
അതാ പറഞ്ഞത്, അവിവാഹിതന്റെ ജീവിതമാണ് സുഖം.
അലട്ടലുമില്ല, മനം പിരട്ടലുമില്ല.
ഒരേ സമാധാനം!
അപ്പപ്പോഴത്തെ അഭിരുചിക്കനുസരിച്ച് കാര്യങ്ങൾ ഡിസൈൻ ചെയ്‌യാം.
ഒരേ ലഗേജുതന്നെ വെറുത്തു കൊണ്ടു ചുമക്കണ്ട.
കുഞ്ഞുണ്ണിമാഷ് പറഞ്ഞത് ഓർമ്മയില്ലേ...
“ഞാൻ എന്നെത്തന്നെ വേളി കഴിച്ച് സുഖമായിട്ട് കഴിയുക” യാണെന്ന്.
ആളുകൾ ചോദിക്കുമായിരിക്കും, ഏകാന്തതയല്ലേ… മൂകാന്തതയല്ലേ… എന്നൊക്കെ.
എന്തോന്ന് ഏകാന്തത?
ഒരു സ്‌മാർട്ട് ടിവിയും സ്‌മാർട്ട് ഫോണും ഉണ്ടെങ്കിൽ, ജീവിതം സ്‌മാർട്ട് ആയില്ലേ. ഒരു ‘നെറ്റ്ഫ്‌ളിക്‌സും' കൂടി ഒപ്പിച്ചാൽ, പിന്നെ പറയുകയും വേണ്ട.
ഫുഡ് ഒന്നും ഒരു വിഷയമേയല്ല. മൊബൈലിൽ വിളിച്ചാൽ പോരേ? ഏത് ഡിഷും റെഡി; അനുസാരികൾ സഹിതം!
ഇതു വല്ലതും സ്വപ്‌നം കാണാൻ പറ്റുമോ, വിവാഹിതന്. പണ്ടൊരു ഓഫീസർ എന്നോടു പറഞ്ഞതാണ് ഓർമ്മ വരുന്നത്.
“പറഞ്ഞാൽ വിശ്വസിക്കില്ല. ഞാൻ ഇന്ന് വെളുപ്പിന് മൂന്നു മണിക്ക് എണീറ്റു. ഹോ! എന്താ തണുപ്പ്! ‘ഓടയിൽ നിന്നി’ലെ സത്യൻ ചെയ്‌തതുപോലെ കൈരണ്ടും ചേർത്ത് തിരുമ്മി... ഒരഞ്ചുമിനിട്ട്… ദേഹം മൊത്തം ചൂടായി. എന്നിട്ട് നേരെ പോയി ആ ചൂലിങ്ങെടുത്തു. മുറ്റം നിറയെ മാവില. തൂത്ത് എല്ലാം ഒരറ്റത്തു കൂട്ടി. തീയും പിടിപ്പിച്ചു. ഹായ്! എന്താ രസം. മേല് കാഞ്ഞപ്പോൾ തണുപ്പെല്ലാം പന്പ കടന്നു.
നേരേ പോയി ഒരു കട്ടൻ ഇട്ടു കുടിച്ചു. എന്നിട്ട് അരി കഴുകി അടുപ്പത്തിട്ടു. കറിക്കുള്ളതെല്ലാം അരിഞ്ഞ് ഫ്രിഡ്‌ജിൽ വച്ചിട്ടുണ്ടായിരുന്നു. ചോറും കറിയുമെല്ലാം റെഡിയായപ്പോൾ മണി അഞ്ച്. അപ്പോഴേയ്‌ക്കും ശിവൻകോവിലിൽ റിക്കാർഡിട്ടു.
ഒരു കട്ടൻ കൂടി അടിച്ചു. എന്നിട്ട് പോയി മോനെ വിളിച്ചുണർത്തി. അവനും കൊടുത്തു, ഒരു കട്ടൻ. അതു കഴിഞ്ഞ് പാലും പ്രതവും ഒക്കെ വാങ്ങി തിരിച്ചുവരുന്പോൾ നേരം പരാപരാ വെളുത്തുവരുന്നു.
നോക്കിയപ്പോൾ കാറ് നിറയെ പൊടിയും ചെളിയും. നീറ്റായിട്ട് കഴുകിയിട്ടു.
മിസിസ്സ് എഴുന്നേല്‌ക്കാൻ നേരമാകുന്നതേയുള്ളൂ. അതിനു മുന്പ് പുള്ളിക്കാരിക്ക് വെള്ളം ചൂടാക്കിയിടണം. അത് നിർബന്ധമാ. ഡിസ്‌കിന്റെ പ്രോബ്‌ളം ഉള്ളതുകൊണ്ട് പച്ചവെള്ളം തൊടീക്കരുതെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
പറഞ്ഞുതീരും മുന്പേ ചൂടുവെള്ളം റെഡി, ഒരു ബ്രൂകോഫി കൂടി ശരിയാക്കിയിട്ട് പോയി പുള്ളിക്കാരിയെ വിളിച്ചുണർത്തി.
പാവം... വയ്‌യെങ്കിലും ഒരുവിധം എഴുന്നേറ്റ് റെഡിയായി. എന്നിട്ടാ ഞങ്ങള് ഓഫീസിലേക്ക് വന്നത്.”
ഞാൻ ഇതു കേൾക്കുന്പോൾ എന്റെ വിവാഹം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിരുന്നു. അല്ലായിരുന്നെങ്കിൽ, ഒരിക്കലും ഞാൻ ഈ അബദ്ധം കാണിക്കില്ലായിരുന്നു. അതിന്റെ വിഷമം ഇന്നലെ വൈകുന്നേരമാണ് മാറിയത്.
ഇന്നലെ വൈകിട്ട് എന്തുപറ്റിയെന്നല്ലേ...
പറയാം.
ഒരു അവിവാഹിതൻ സ്വന്തം ഗതികേട് ഇന്നലെ തുറന്നങ്ങു പറഞ്ഞു.
അവിവാഹിതന്മാർക്ക് ഈ ലോകത്തിൽ യാതൊരു സ്ഥാനവുമില്ലത്രെ.
നേരാണോ?
തൽക്കാലം അയാൾ പറയുന്നതു കേൾക്കാം.
ഒരു അവിവാഹിതൻ ആരുടെയെങ്കിലും വിവാഹത്തിന് പോകുന്നെന്നിരിക്കട്ടെ.
ഉടൻ വരും കമന്റ്.
“ഇന്നത്തെ കാര്യം ഇങ്ങനെയങ്ങു കഴിഞ്ഞു; അല്ലേ!”
ഇനി അയാൾ ഒരു സുഹൃത്തിന്റെ വീട് സന്ദർശിച്ചാലോ? പോയി ക്കഴിയുന്പോൾ അവർ പറയും…
“ആശാന് സമയം പോകണ്ടേ…”
അവരെ സംബന്ധിച്ച് അവിവാഹിതന് എന്തോന്നു തിരക്ക്!
ഒരു സഹപ്രവർത്തകന്റെ കഷ്‌ടപ്പാടുകണ്ട് അവിവാഹിതൻ പതിനായിരം രൂപ സഹായമായി നൽകി എന്നുവയ്‌ക്കുക. മറ്റുള്ളവർ പറയുന്നതെന്തായിരിക്കും!
“അയാൾക്ക് കൊടുക്കാമല്ലോ! പൈസയ്‌ക്ക് വല്ല ചെലവുമുണ്ടോ?”
എല്ലാം പോട്ടെ. അവിവാഹിതന് അഅന്പതു വയസ്സ് ആകുന്നേയുള്ളു. അപ്പോഴേക്കും അടുത്ത ബന്ധുക്കൾ പിറുപിറുത്തു തുടങ്ങും.
“മോൾക്ക് ഈ മേടത്തിൽ പതിനെട്ടാവും. സഹായിക്കാൻ എന്തെങ്കിലും വിചാരമുണ്ടെങ്കിൽ ദുഷ്‌ടന് അത് നേരത്തെയങ്ങ് ചെയ്‌തൂടേ… ഇട്ട് നീട്ടുന്നതെന്തിന്?”
എങ്ങനെയിരിക്കുന്നു!
അവിവാഹിതനാണെന്നുവച്ച് എങ്ങനെയെങ്കിലും നടക്കാൻ പറ്റുമോ? സമയാസമയം ഡൈ ചെയ്‌യുന്നു എന്നിരിക്കട്ടെ. ക്ളീൻ ഡ്രസ്സും ആണെന്നു വച്ചോളു. അതു മതി, ജനം അനാവശ്യം പറയാൻ.
“ആള് ശരിയല്ല കേട്ടോ. എന്തൊക്കെയോ ചുറ്റിക്കളികളുണ്ട്. ആ വേഷം കെട്ടല് കണ്ടില്ലേ…”
ചുരുക്കിപ്പറഞ്ഞാൽ ഒരു അവിവാഹിതനെ വീട്ടിൽ കയറ്റാൻപോലും ആളുകൾക്ക് പേടിയാ.
സുഹൃത്ത് വേദനയോടെ നിറുത്തി.
ആശ്വസിപ്പിക്കാൻ വേണ്ടി ഞാൻ ബർണാഡ്ഷായുടെ ഒരു തമാശ പറഞ്ഞു.
പണ്ട് ഷായോട് ആരോ ചോദിച്ചു,
“ഒരാൾ ജീവിതകാലം മുഴുവൻ അവിവാഹിതനായി കഴിയുന്നതി നേക്കാൾ മ്ളേച്ഛമായി എന്തെങ്കിലുമുണ്ടോ?”
ഷായുടെ മറുപടി.
“അതിനേക്കാൾ മ്ളേച്ഛമല്ലേ, ആ അവിവാഹിതന്റെ മകനായി ജീവിക്കേണ്ടിവരുന്നവന്റെ അവസ്ഥ!”
സുഹൃത്ത് ചിരിച്ചു.
എങ്കിലും പിന്നീട് തോന്നി, അതു പറയേണ്ടായിരുന്നു എന്ന്!
Comments
Post a Comment