പഞ്ചിംഗ് 14

കെ.സുദർശനൻ


മുടി 

അഹങ്കാരമോ അലങ്കാരമോ?



വൾ  സ്വന്തം പ്രതിബിംബം കണ്ടപ്പോൾ മറ്റെല്ലാം മറന്നു.
ആ ‘ഹാറ്റ്’ എടുത്തുമാറ്റി. താഴേയ്‌ക്ക് ശക്തിയോട വന്നുവീഴുകയായിരുന്നു തലമുടി?
മലവെള്ളച്ചാട്ടം പോലെ!
ഡൗൺ ഫെൽ ദ കാസ്‌കേഡ് ഓഫ് ബ്രൗൺ വാട്ടർഫാൾ...
ഹെൻട്രിയുടെ വാക്കുകളാണിവ.
ഹെൻട്രി എന്നു പറഞ്ഞാൽ ലോകപ്രശസ്‌ത ചെറുകഥാകൃത്ത്, ഒ. ഹെൻടി. ഡെല്ല എന്നു പേരുള്ള ഒരു നായികയെ അവതരിപ്പിക്കുകയാണ് അദ്ദേഹം. ആ യുവതിയുടെ പ്രത്യേകത, അവളുടെ മുടിയാണ്. അസാധാരണമാണ് അവളുടെ കേശസൗന്ദര്യം.
തലമുറ തലമുറയായി പകർന്നുകിട്ടിയ സൗഭാഗ്യമാണത്. ഒരു കുടുംബസ്വത്തുപോലെ! അത്രയും പ്രിയപ്പെട്ട ആ മുടി തന്റെ പ്രിയപ്പെട്ടവന് ക്രിസ്മസ് സമ്മാനം വാങ്ങാനായി മുറിച്ചു വിൽക്കുകയാണവൾ. പ്രിയതമയുടെ മുടിയെ അങ്ങേയറ്റം സ്നേഹിക്കുന്ന ആ ചെറുപ്പക്കാരനാകട്ടെ - അതിൽ ചൂടാനുള്ള വിശിഷ്ട ആഭരണങ്ങളുമായാണ് അന്നെത്തുന്നത്.
അങ്ങനെ പറഞ്ഞുപോവുകയാണ് ഒ. ഹെൻട്രി തന്റെ 'ഗിഫ്റ്റ്സ്' എന്ന കഥയിലൂടെ. പക്ഷേ, ആ കഥ വായിച്ചിട്ടുള്ളവരുടെ മനസ്സിൽ നിന്നും മലജലപ്രവാഹത്തെ അനുസ്‌മരിപ്പിക്കുന്ന ചികുരസൗന്ദര്യമുള്ള ആ നായിക മാഞ്ഞുപോകില്ല.
നമ്മുടെ മുൻകവികളെ നോക്കാം. എല്ലാം ‘പെൺമുടി' പ്രിയന്മാരായിരുന്നു.
“കെട്ടഴിഞ്ഞോമന
പൃഷ്‌ഠഭാഗത്തെയും
പുഷ്‌ടനിതംബപ്പരപ്പിനേയും"
മുട്ടിയുരുമ്മിക്കിടക്കുന്നെന്നാണ് മുടിയെപ്പറ്റി നമ്മുടെ കാവ്യവല്ലഭന്മാർ പറഞ്ഞിരിക്കുന്നത്. മുടിയെ പലരും വാഴ്‌ത്തിയെങ്കിലും എന്നെ ആകർഷിച്ചത് വൈലോപ്പിള്ളിയുടെ കാഴ്ചപ്പാടാണ്.
മലയാള കവിതയുടെ ഗ്രാമവീഥിയിലൂടെ ഒരു ഏകാന്തപഥികനായി സഞ്ചരിച്ച ആളാണ് ബാലോപ്പിള്ളി. ആ യാത്രയ്‌ക്കിടയിൽ ഒരിടത്ത് അദ്ദേഹം സ്ത്രീയുടെ തലമുടിയിലേയ്‌ക്ക് കണ്ണയക്കുന്നുണ്ട്.
ഒരു ഛായാഗ്രാഹകന്റെ ക്യാമറാ ടെക്‌നിക് ഉപയോഗിച്ചാണ് അദ്ദേഹം ആ വർണ്ണന നടത്തുന്നത്. നദീതീരത്ത് സ്ഥിതിചെയ്‌യുന്ന ബംഗ്ലാവ് സിനിമയിൽ കാണിക്കുന്നത് കണ്ടിട്ടില്ലേ. ആ ഭൂപ്രകൃതിയിലൂടെ സാവധാനം സഞ്ചരിച്ചിട്ടാണ് ഒടുവിൽ കെട്ടിടത്തിലെത്തുക.
ഇതു വൈലോപ്പിള്ളി പണ്ടേ പ്രയോഗിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ ‘കാവ്യ ക്യാമറ’ സുന്ദരിയുടെ തലമുടിയിലെത്തുന്ന ഒരു രീതി കണ്ടോ…
വീണ തൻ കുടം
പോലാ നിതംബം...
വീണുരുമ്മുന്ന
വേണീ കദംബം…
വികാരഭരിതമായ ബാക്കി ഭാഗം ആവശ്യക്കാരൻ ചെന്ന് അന്വേഷിച്ചു കണ്ടുപിടിക്കട്ടെ!
പക്ഷേ, പുതിയ കവികൾ മുടിവിരോധികളാണെന്ന് തോന്നുന്നു. അവരുടെ രചനകളിലൊന്നും മുടി വർണ്ണനകൾ കാണാനേയില്ല. പൈങ്കിളി നോവലിസ്റ്റുകൾ പോലും ഇപ്പോൾ മുടിയെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല!
ഇല്ലാത്ത കാര്യത്തെക്കുറിച്ച് എന്തു മിണ്ടാൻ എന്നായിരിക്കും!
പ്രസിദ്ധമായൊരു കവിതാശകലം എനിക്ക് ഓർമ്മവരുന്നു.
“മുടി രണ്ടായ് പകുത്തിട്ടാൽ
പ്രേമമുണ്ടതു തീർച്ച....
അതിലൊന്നു മുന്നോട്ടാണേൽ,
എന്നോടാണതു തീർച്ച!!”
ഇപ്പോൾ പ്രേമം ഉണ്ടോ ഇല്ലയോ എന്നറിയാൻ വേറെ വഴി നോക്കണം, മുടി കഴുത്തളവിൽ മുറിച്ചിട്ടിരിക്കയല്ലേ.
അതാണത്രേ സൗന്ദര്യം.
ജീവിതം ഫാസ്റ്റായിട്ട് നീങ്ങുമ്പോൾ, മുടിയെ ശുശ്രൂഷിക്കാനും ഉപദേശിക്കാനും ഡോക്ടറെ കാണിക്കാനും ഒക്കെ ആർക്കു നേരം?
അതുകൊണ്ട് പിടിച്ചുകണ്ടിച്ചങ്ങ് വിടും.
പണ്ട്, ‘പാപിനി’കളെയായിരുന്നു ഇങ്ങനെ ക്രോപ്പു ചെയ്‌ത് വിട്ടിരുന്നത്? ഒരു ശിക്ഷ എന്നോണം. കഷ്ടം!
എല്ലാ മനുഷ്യർക്കും ഓരോരോ അഹങ്കാരങ്ങളുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾക്ക്.
ചിലർ അഹങ്കരിക്കുന്നത് അവരുടെ കണ്ണുകളെക്കുറിച്ചായിരിക്കും.
ആശാൻ വിസ്‌തരിച്ചതുപോലെ നീണ്ട്, ഇടതൂർന്ന്, മിനുത്ത് ഉള്ളിൽ മദജലം പൊടിഞ്ഞ് നിൽക്കുന്ന മോഹന നേത്രങ്ങളായിരിക്കും അവ… പിന്നെ അഹങ്കരിക്കാതിരിക്കുമോ, പെണ്ണുങ്ങള്! ചിലർക്ക് വേറെ ചില അവയവങ്ങളിലായിരിക്കും ഹുങ്ക്.
എല്ലാം ദൈവത്തിന്റെ ഒരു തമാശയാണല്ലോ. കൊണ്ടുനടന്ന് അഹങ്കരിക്കട്ടെ എന്നു വിചാരിച്ച് തന്പുരാൻ ചില അവയവങ്ങൾക്ക് മനപൂർവം ഇത്തിരി പുഷ്‌ടി അങ്ങ് തട്ടിയേക്കും!
ഇക്കൂട്ടത്തിൽ പലരുടെയും അഹങ്കാരത്തിന്റെ ഒരു അടയാളമായിരുന്നു മുടി. അതുകൊണ്ടാണല്ലോ പുരാണത്തിലെ ഒരു നായിക, ഒരു നിർണായക ഘട്ടത്തിൽ മുടി അങ്ങഴിച്ചിട്ടത്!
സ്വയം അഴിച്ചിട്ടതോ, അതോ ആരെങ്കിലും അഴിച്ചു വിട്ടതോ എന്നിപ്പോൾ ഓർക്കുന്നില്ല.
എന്തായാലും അഴിഞ്ഞവിടെ വീണു എന്ന് തീർച്ച. വീണ്ടും കെട്ടിവയ്‌ക്കാൻ പുള്ളിക്കാരി തയ്‌യാറായതുമില്ല.
മുടിവച്ചൊരു കളി കളിക്കാമെന്നുതന്നെ തീരുമാനിച്ചു. അതു ഫലിക്കുന്നെന്ന് കണ്ടപ്പോൾ കക്ഷി ഒരു കണ്ടിഷനും വച്ചു.
മുടി കെട്ടിവയ്‌ക്കാം. പക്ഷേ, അതിനുമുന്പ്, അതഴിച്ചിട്ടവന്റെ ഫ്രഷ് ബ്ലഡ്‌ഡിൽ, മൊത്തം ഒന്നു വാഷുചെയ്‌തെടുക്കണം.
മഹാഭാരതത്തിലെ പ്രസിദ്ധങ്ങളായ ശപഥങ്ങളിൽ ഒന്നായിരുന്നു അത്. കലാപരമായി അതു നിറവേറ്റപ്പെടുകയും ചെയ്‌തു. അങ്ങിനെ എന്നും സ്ത്രീയുടെ അഹങ്കാരവും അലങ്കാരവുമായിരുന്നു മുടി.
ആ മുടിയാണ് ആധുനിക വനിതകൾ ഇവിടെ അരിഞ്ഞിട്ടിരിക്കുന്നത്. മുടി നഷ്‌ടമാകുന്പോൾ സ്ത്രീക്ക് നഷ്ടമാകുന്നത് സ്വന്തം സൗന്ദര്യമാണ്. ഭൗതികജീവിതം ഉപേക്ഷിക്കുന്ന സന്യാസികൾ പണ്ട് (ഇന്നല്ല, പണ്ട്!) മുണ്ഡനം ചെയ്‌തിരുന്നത് അതുകൊണ്ടാണ്.
സത്യത്തിൽ എന്തിനാണ് സ്ത്രീകൾ മുടി ബോബു ചെയ്‌യുന്നത്. വളർത്താൻ ഇഷ്‌ടമില്ലാഞ്ഞാണോ?
ഇനി, സമയമില്ലാഞ്ഞിട്ടാണോ?
അതോ, ഫാഷനുവേണ്ടിയാണോ?
ആയിക്കൊള്ളണമെന്നില്ല.
ശക്തൻ ക്ഷമിക്കുന്നതിൽ ഒരു സുഖമുണ്ട്. അതിനെ അഭിനന്ദിക്കുകയും വേണം. പക്ഷേ, ദുർബലൻ ക്ഷമിക്കുന്നത് വാർത്തയല്ലല്ലോ! പുള്ളിക്കാരന് ക്ഷമിച്ചല്ലേ പറ്റൂ.
അതുപോലെ, മുടിയുള്ളവർ സൗകര്യാർഥം മുറിച്ചിടുന്നത് വേറെ... മുടിയില്ലാത്തവർ ഗത്യന്തരമില്ലാതെ കത്രികയെടുക്കുന്നതും വേറെ. ഒരു നവവരൻ പ്രഥമനിശയിൽ വധുവിന്റെ തലയിലൊന്നു തൊട്ടു. അത് തലോടലാകുന്നതിനു മുന്പ് വധു കൈപിടിച്ചുമാറ്റി.
ലജ്ജ കൊണ്ടാന്നും അല്ല.
ഇഷ്‌ടക്കുറവുകൊണ്ടും അല്ല. അങ്ങനെ തലോടാൻ പറ്റിയ തലയായിരുന്നില്ല അത്. നിറച്ച് സ്ലൈഡുകളായിരുന്നു… മുടിയിഴകളേക്കാളേറെ!
ഇപ്പോൾ ആർക്കും മുടിവാഴാത്തത് എന്തുകൊണ്ടാണ്?
ആലോചിക്കേണ്ട വിഷയമാണ്. ജീവിത സാഹചര്യങ്ങളിൽ വന്ന വ്യതിയാനങ്ങളാവാം. ഇന്ന് എല്ലാവർക്കും അലർജിയാണല്ലോ, എണ്ണ. പകരം ഷാന്പുവാണ് പ്രിയം.
പണ്ടൊക്കെ നദിയിലായിരുന്നു നമ്മുടെ കുളി. ഇന്നത് ‘മുറി’ യിലേയ്‌ക്കു മാറ്റി. അതും രാസവസ്‌തുക്കളാൽ (അ) ശുദ്ധമാക്കപ്പെട്ട സർക്കാർ വെള്ളത്തിൽ. അതുതന്നെ ഒന്നുകൂടി ചൂടാക്കി വഷളാക്കിയിട്ടാണ് പലരും തലയിലോട്ട് വീഴ്‌ത്തുന്നത്.
അങ്ങനെ എന്തെല്ലാം എന്തെല്ലാം പീഡനങ്ങളാണ് ദിവസവും തലമുടികൾ നേരിടുന്നത്. ഇന്ന് മനുഷ്യൻ ഏറ്റവും കുറച്ചു സമയം ചെലവഴിക്കുന്നത് കുളിക്കാനാണ്. ഒരു മിനിട്ടിനകത്ത് ഞാൻ ഫ്രഷായിട്ടുവരാം എന്നല്ലേ പറയുന്നത്.
ഇങ്ങനെയൊക്കെയാണ് സ്ത്രീകളുടെ തല ഒടുവിൽ ആണുങ്ങളുടേതുപോലെയായത്. പഴയ ആണുങ്ങളുടെ തലയാണുദ്ദേശിച്ചത്! പുതിയ ആണുങ്ങളുടെ തല അറിയാമല്ലോ... അതിർത്തി കളിൽ മാത്രമുണ്ട് അൽപം. ബാക്കി എല്ലാം ‘സ്റ്റേഡിയ’ത്തിനെടുത്തല്ലോ!
എന്തിനാണ് പണ്ടു സ്ത്രീകൾ സമൃദ്ധമായി തലമുടി നിലനിർത്തിയിരുന്നത്?
സൗന്ദര്യം മാത്രമായിരിക്കില്ല അതിന്റെ ലക്ഷ്യം. ഒരുപാടു ഗുണങ്ങൾ അവർക്ക് അതുകൊണ്ട് ഉണ്ടായിരുന്നു.
വേണ്ട, കൂടുതൽ പറഞ്ഞു വിഷമിപ്പിക്കുന്നില്ല. ബോബു ചെയ്‌തിടു ന്നതുതന്നെ സൗന്ദര്യം. ബാക്കി എല്ലാം, വരുന്നിടത്ത് വച്ച്…

Comments

  1. മുടിയെക്കുറിച്ചുള്ള വിവിധ കാലങ്ങളിലെ സങ്കൽപ്പങ്ങളും കവികളുടെ വർണ്ണനകളും സാറിന്റെ രസകരമായ വിവരണങ്ങളും അതീവ ഹൃദ്യമായി... ആശംസകൾ 🌹🌹

    ReplyDelete

Post a Comment

Popular posts from this blog