പഞ്ചിംഗ് 15

കെ.സുദർശനൻ


ചിരിയരങ്ങ്


ടുത്തകാലത്താണ് നമ്മുടെ നാട്ടിൽ റസിഡന്റ്സ് അസോസിയേഷനുകൾ വന്നത്. പക്ഷെ, കാട്ടിൽ ഈ ഏർപ്പാട് പണ്ട് തുടങ്ങിയിരുന്നു.
‘കാട്ടുകൂട്ടം’ എന്ന പേരിലായിരുന്നു അത് അറിയപ്പെട്ടിരുന്നത്.
ഒരു കാട്ടുകൂട്ടത്തിൽ വച്ച് യോഗാദ്ധ്യക്ഷനായ സിംഹം എഴുന്നേറ്റു പറഞ്ഞു.
“നമ്മൾ വന്നുവന്ന് തീരെ കാടൻമാരായിപ്പോകുന്നു. ലൈഫ് വല്ലാതെ അങ്ങ് ബോറാവുകയാണ്. നമുക്കും വേണ്ടേ ഒരു എന്റർടെയിൻമെന്റ് ഒക്കെ?’
ഇതുകേട്ടപ്പോൾ സദസിന് ഒരു ടെൻഷൻ.
തിരുമനസ് സീരിയസ്സായിട്ടു പറയുകയാണോ!
ഓരോ ദിവസവും ഓരോ കലാപരിപാടികൾ ആകാം... എന്താ?
കാവ്യസന്ധ്യ, ഗാനമേള, സിനിമാറ്റിക് ഡാൻസ്, മിമിക്സ് പരേഡ് അങ്ങനെ ഓരോന്ന്. ഇതുകേട്ട് അന്തം വിട്ട് ഇരുക്കുകയാണ് ജന്തുക്കൾ...
ഞാനൊരു സജഷൻ പറയാം.
തുടക്കം ചിരിയരങ്ങിൽ നിന്ന് ആയിക്കോട്ടെ. എന്താ?
ആരും പ്രതികരിച്ചില്ല.
മൃഗങ്ങൾക്ക് എന്തോന്ന് ചിരി!
“ങാ പിന്നെ... നാളത്തെ ചിരിയരങ്ങിന് ഒരു പ്രത്യേകതയുണ്ട്. എല്ലാവരും ഓരോ ഫലിതം പറയണം, അതു നിർബന്ധമാ. പക്ഷെ, ഒരു കാര്യം, ഒരാൾ ഫലിതം പറയുമ്പോൾ കേട്ടുകൊണ്ടിരിക്കുന്ന എല്ലാ വരും ചിരിച്ചിരിക്കണം. ഒരാളെങ്കിലും ചിരിച്ചില്ലെങ്കിൽ പറഞ്ഞവന്റെ തലയറുത്ത് ചിരിക്കാത്തവന് ട്രോഫി ആയിട്ടുകൊടുക്കും! ഓക്കെ?”
മൗനം സമ്മതം. പിറ്റേന്ന് എല്ലാവരും ഭയന്നുഭയന്നാണ് വന്നത്. അഥവാ ഫലിതം കേട്ട് ആരും ചിരിച്ചില്ലെങ്കിൽ തല ട്രോഫിയായിട്ട് താഴെക്കിടന്ന് റോളു ചെയ്‌യും.
അതെ എവർറോളിങ്ങ് ട്രോഫി!
അടുത്ത സായാഹ്നം.
സിംഹം എത്തിക്കഴിഞ്ഞു.
പ്രജകളും ഹാജർ.
കൃത്യസമയത്തു തന്നെ ചിരിയരങ്ങ് ആരംഭിച്ചു.
ആദ്യത്തെ ഊഴം കരടിയ്‌ക്കായിരുന്നു.
കരടി ഒരു കിടിലം ഫലിതം തന്നെ പൊട്ടിച്ചു.
ഉശിരൻ ചിരിയായിരുന്നു അവിടെ.
പക്ഷെ ഒരാൾ അനങ്ങിയില്ല.
പിറകെ അറ്റത്തിരുന്ന ആമ! പുള്ളിക്കാരൻ മസിലുപിടിച്ചിരിക്കുകയാണ്, ആ ഫലിതം രസിക്കാത്ത മട്ടിൽ.
ഇതു സിംഹം കണ്ടു. തുടർന്ന് കരടി "ട്രോഫി'യായി മാറി.
അടുത്തതായി ചിരിപ്പിക്കാൻ വന്നത് ജിറാഫാണ്.
നല്ലൊരു ജോക്കാണ് ജിറാഫ് പറഞ്ഞത്.
കേട്ട് പൊട്ടിച്ചിരിച്ചുപോയി എല്ലാവരും.
പക്ഷെ ആമ വീണ്ടും ‘ഊമ'യായിട്ട് ഇരുന്നതേയുള്ളൂ. നോ റെസ്‌പോൺസ്. സിംഹം അതും നോട്ടു ചെയ്‌തു.
ജിറാഫും ‘ട്രോഫി'!
അടുത്തുവന്നത് കുറുക്കനായിരുന്നു. പുള്ളിക്കാരൻ ഒരു ‘നീല’ ഫലിതമാണ് പറഞ്ഞത്. അശ്ലീലം ആയതുകൊണ്ടാവും അന്തം വിട്ട് ചിരിക്കുകയായിരുന്നു എല്ലാവരും. രാജൻ ഉൾപ്പെടെ!
ഇത്തവണ ആമയും ചിരിച്ചു. അല്ലെങ്കിലും അശ്ലീലത്തിന് എവിടെയും ഒരു സ്‌പെഷ്യൽ ചിരി ഉണ്ടല്ലോ. നമ്മുടെ മിക്ക ചിരിയരങ്ങുകളും തെറിയരങ്ങുകളാകാൻ കാരണവും അതുതന്നെ.
എല്ലാവരും ചിരിനിറുത്തിയിട്ടും ആമ നിറുത്തുന്നില്ല. ഓർത്തോർത്ത് ചിരിക്കുകയാണ്.
തൊട്ടടുത്തിരുന്ന മുയൽ ചാടി എഴുന്നേറ്റ് കൊടുത്തു ചെവിക്കുറ്റി നോക്കി ഒരെണ്ണം.
“എന്തു തന്തയില്ലായ്‌മയാണ് നീ കാണിച്ചത്? ആ കരടിമാമനേയും ജിറാഫ് ചേട്ടനെയും ബലികൊടുത്തിട്ടിരുന്ന് ഇളിക്കുന്നു. ആ ഊളൻ പറഞ്ഞ വാളിത്തരം കേട്ടപ്പോൾ നിനക്ക് ചിരി വന്നു അല്ലേ? അതുപോലെ കരടിമാമൻ പറഞ്ഞപ്പോഴും ചിരിച്ചുടായിരുന്നോ? ഓരോരുത്തരെ കൊല്ലാനായിട്ട് ഇറങ്ങിയിരിക്കുന്നു. വർഗ്ഗസ്‌നേഹമില്ലാത്ത പന്ന..."
“നിറുത്ത്"
അലറുകയായിരുന്നു ആമ.
“ഞാനല്ല നീയാണ് പന്നൻ. എടാ, ഞാൻ ഇപ്പോൾ ചിരിച്ചത് കരടി മാമൻ പറഞ്ഞ ഫലിതം കേട്ടാണ്. എനിക്കത് ഇപ്പോഴാണ് മനസ്സിലായത്”.
ഇത്തരം ‘ആമ’കളുടെ എണ്ണം ഇന്നും കൂടുതലാണ്. ഫിലമെന്റ് പോയി ഇരിക്കയാണ് പലരും. സമയമെടുക്കും കത്തിവരാൻ.
ബർണാഡ് ഷാ പറഞ്ഞിട്ടുണ്ട്. ലോകത്ത് ആകെ രണ്ടു ദുരന്തമേയുള്ളൂ. ഒന്ന്, ഒരാൾ ഫലിതം പറഞ്ഞിട്ട് ആരും ചിരിക്കാതിരിക്കുക.
രണ്ട്, അത് കേട്ടിട്ടും മറ്റുള്ളവർക്ക് മനസ്സിലാകാതിരിക്കുക.
ഒരിക്കൽ പൊലീസുകാരുടെ ഒരു മീറ്റിംഗിൽ സരസനായ ഒരു പ്രഭാഷകൻ സംസാരിക്കുകയായിരുന്നു.
അദ്ദേഹം പ്രസംഗത്തിനിടയ്‌ക്ക് പല ഫലിതങ്ങളും പറഞ്ഞു.
ആരും ചിരിക്കുന്നില്ല.
എല്ലാവരും ‘ആമ!’
അവസാനം ചില ഹിറ്റ് ഐറ്റങ്ങൾ തന്നെ ഇറക്കി.
‘ആമ’കൾക്ക് മാറ്റമില്ല.
ചിരിയുടെ തരി പോലും, ങേഹേ!
പിന്നീടാണ് അദ്ദേഹത്തിന് കാര്യം പിടികിട്ടിയത്. ഐ.ജി ചിരിച്ചില്ല. പിന്നെ അവരെങ്ങനെ..
പണ്ട് ഒരു പല്ലു ഡോക്ടർ ഒരുത്തന്റെ പല്ലെടുത്തിട്ട് 150 രൂപ വാങ്ങി.
പക്ഷേ, രോഗിക്കൊരു സംശയം. പുള്ളി മടിച്ചുമടിച്ചാണെങ്കിലും ചോദിച്ചു.
ഡോക്ടർ ഒരു പല്ലെടുക്കുന്നതിന് 50 രൂപ എന്നല്ലേ എഴുതിയിരിക്കുന്നത്. എന്റെ ഒരു പല്ലേ എടുത്തിട്ടുള്ളൂ. പിന്നെ എന്റെ കൈയിൽ നിന്ന് 150 രൂപ വാങ്ങിയത് എന്തിനാ?
ഡോക്ടർ വിശദമായിട്ടുതന്നെ പറഞ്ഞുകൊടുത്തു.
“ഒരു പല്ലെടുക്കാൻ 50 രൂപ തന്നെ. നിന്റെ ഒരു പല്ലേ എടുത്തതുള്ളൂ. പക്ഷേ, നിന്റെ വിളികേട്ട് വെളിയിൽ ഇരുന്ന രണ്ടുപേർ ഇറങ്ങി ഓടി!"
യഥാർഥ ഫലിതം ജീവിതത്തിൽ സംഭവിക്കുന്നതാണ്. ആ സമയത്ത് ആർക്കും ചിരിവരാറുമില്ല.

Comments

Popular posts from this blog