പഞ്ചിംഗ് 16
കെ.സുദർശനൻ
കല്ലും മുള്ളും
ദേഹത്തു മെത്തൈ !
മഹാരാജാവിന് ഒരു പ്രശ്നം.
മറ്റൊന്നുമല്ല.
കുറച്ചുനാളായിട്ട് തിരുമനസ്സ് ഉറങ്ങുന്നില്ല.
ചുമ്മാ തിരിഞ്ഞും മറിഞ്ഞും കിടപ്പുതന്നെ. വെളുപ്പാൻ കാലം വരെയും!
മഹാരാജാവ് ഉറങ്ങിയില്ലെങ്കിൽ പിന്നെ നാട്ടിൽ ആരുറങ്ങും.
പാവങ്ങളെപ്പോലെ പലകക്കട്ടിലിലാണോ തിരുമനസ്സ് കൊണ്ട് പള്ളികൊള്ളുന്നത്. ഹംസതൂലീകാതൽപ്പത്തിലല്ലേ? പോരാഞ്ഞ് വെഞ്ചാമരവുമായി തോഴിമാർ ചുറ്റിനും.
ഉപചാരവിധികൾ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അതും റെഡി. എടുത്ത് വിഷയസാഗരത്തിൽ തള്ളിയിട്ടുകളയും പെൺകൊടികൾ. എന്തിനും തയ്യാറായിട്ടാണ് അവരുടെ നിൽപ്.
പക്ഷേ പറഞ്ഞിട്ടുകാര്യമില്ല.
കുറച്ചുകാലമായിട്ട് പൊന്നുതിരുമേനി ഉറങ്ങുന്നില്ല. രാത്രി മുഴുവൻ കണ്ണും തിരുമ്മി എഴുന്നേറ്റിരിക്കുകയാണ്.
അതങ്ങനെയാണ്.
സൗകര്യങ്ങൾ കൂടിയാലും ഉറക്കം വരില്ല. അതൊക്കെ പാവങ്ങളെ കണ്ടുപഠിക്കണം. കട്ടിലുതന്നെവേണമെന്നില്ല. സ്റ്റുകളും മതി. സുഖമായിട്ട് തൂങ്ങിത്തട്ടിക്കൊള്ളും.
വീണിടം വിഷ്ണുലോകം.
അത്രതന്നെ.
രാതി ട്രെയിനിൽ കയറി നോക്കണം.
സ്യൂട്ട് കേസിന്റെ പുറത്തൊക്കെ ഇരുന്നാണ് പലരുടെയും ഉറക്കം. ബർത്തിൽ നീണ്ടുനിവർന്നു കിടക്കുന്നവർ ചിലപ്പോൾ ഉറങ്ങിയില്ലെന്നിരിക്കും.
വേറെ ചിലരുണ്ട്. ആരുടെയെങ്കിലും തോളിൽ മയങ്ങാനാണ് അവർക്കിഷ്ടം.
ഈ കലാവിരുന്ന് കൂടുതലും നടക്കുന്നത് ബസ്സിലാണ്. കണ്ടിട്ടില്ലേ ചിലര് സ്വന്തം മണ്ട കഴുത്തുവച്ച് ഒടിച്ച് അടുത്തവന്റെ തോളത്ത് ഇട്ടു കൊടുത്തിരിക്കുന്നത്.
മറ്റേ ഹതഭാഗ്യൻ പല തവണ ഈ ലഗേജ് മാറ്റാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ കിംഫലം!
അടുത്ത നിമിഷം സ്പ്രിംഗ് ആക്ഷൻ പോലെ സംഭവമിങ്ങുപോരും, ആ നേരത്തെ കഥാപുരുഷന്റെ മുഖം കണ്ടാൽ ഒന്നും ചെയ്യാൻ തോന്നില്ല. അത് ഇന്നസെന്റ് ലുക്കാ...
ഇതാണ് പെണ്ണുങ്ങൾ പറയുന്നത്.
“അങ്ങേര് ഉറങ്ങിക്കഴിഞ്ഞാൽ വെറും പാവമാ. ഒരു ശല്യവുമില്ല!”
ചുരുക്കത്തിൽ, പാവപ്പെട്ടവൻ ഭേഷാ ഉറങ്ങുന്നു. സൗകര്യങ്ങൾ കൂടു തലുള്ളവർക്ക് കണ്ണടയ്ക്കാൻ പറ്റുന്നില്ല.
ഇതാണ് വള്ളത്തോൾ പറഞ്ഞത്.
“കൊട്ടാരം ചിന്തയാൽ ജാഗരം കൊള്ളുന്നു,
കൊച്ചുകുടിൽക്കത്രേ നിദാസുഖം...!”
മഹാകവിയുടെ വാക്കുകൾ അറംപറ്റിയെന്ന് പറഞ്ഞാൽ മതിയല്ലോ.
നമ്മുടെ മഹാരാജൻ ഉറങ്ങിയിട്ട് മാസങ്ങളായി…
ഒരു പകൽനേരം.
അദ്ദേഹം അടുത്തുള്ള വനപ്രദേശംവഴി വേഷപ്രച്ഛന്നനായിട്ട് നടക്കുകയായിരുന്നു. ഒരു സ്ഥലത്തെത്തിയപ്പോൾ ഒരു മനുഷ്യൻ കോടാലി കൊണ്ട് കൂറ്റനൊരു തടി വെട്ടിക്കീറുന്നു.
ആസകലം വിയർത്തിട്ടുമുണ്ട്.
ആ കായികാധ്വാനം രാജാവിന് ഇഷ്ടമായി. ആ കാഴ്ച നോക്കി അദ്ദേഹം ഒരു മരത്തിൽ ചാരി അങ്ങനെ നിന്നു.
മരം വെട്ടുകാരൻ അതു ശ്രദ്ധിച്ചു.
ഒരാൾ തന്നെതന്നെ നോക്കിനിൽക്കുന്നു.
ഏതോ വഴിപോക്കനാണ്. ചെറിയൊരു കുശലം ചോദിച്ചേക്കാം.
“എന്താ ഒരു ക്ഷീണം പോലെ?"
“ഓ, ഉറങ്ങിയിട്ട് കുറച്ചുനാളായി.”
രാജാവിന്റെ അലക്ഷ്യമായ മറുപടി.
“അതെന്താ?”
മരംവെട്ടിയുടെ സംശയം.
“എന്തോ അറിഞ്ഞുകൂടാ. നിങ്ങളോ?”
“എനിക്ക് പ്രശ്നമൊന്നുമില്ല. ഇപ്പോൾ വേണമെങ്കിൽ ഇപ്പോൾ ഉറങ്ങും”.
“ഇപ്പോൾ ഉറങ്ങുമോ?”
രാജാവിന് ആശ്ചര്യമായി.
“പിന്നെന്താ? കാണണോ?”
“എന്നാൽ കാണട്ടെ."
“പക്ഷെ എന്റെ ജോലി ആരു ചെയ്യും?”
“അത് ഞാൻ ചെയ്തോളാം. പ്ലീസ്... ഒന്ന് ഉറങ്ങിയാട്ടെ. കാണാൻ കൊതിയാകുന്നു..."
“നിങ്ങൾ കാര്യമായിട്ട് പറയുകയാണോ?"
“അതെ.”
“എങ്കിൽ ഞാൻ ഉണരുമ്പോഴേക്കും ഊ മൂട്ടുതടി മുഴുവൻ കീറി ഇങ്ങോട്ടിടണം. ഏറ്റോ”
“ഏറ്റു”.
മരംവെട്ടുകാരൻ മനസ്സമാധാനത്തോടെ കരിയിലയിലോട്ടുമറിഞ്ഞു.
ദേ… കൂർക്കം വലിക്കുന്നു.
രാജാവ് അന്തം വിട്ട് നോക്കി നൽക്കുകയാണ്.
ഭാഗ്യവാൻ!
എത്ര സുന്ദരമായി ഉറങ്ങുന്നു.
മെത്തയും വേണ്ട തലയിണയും വേണ്ട.
കല്ലും മുള്ളും ദേഹത്തുമെത്തൈ!
പക്ഷെ, അങ്ങനെ നോക്കിനിന്നാൽ പറ്റില്ലല്ലോ.
വാക്കുപാലിക്കണ്ടേ!
പൊന്നുതിരുമേനി കോടാലി കൈയിലെടുത്തു.
ഹോ! ഒടുക്കത്തെ ഒരു വെയിറ്റ്!
വിസ്തരിക്കുന്നില്ല. മരംവെട്ടി ഉണർന്നുനോക്കുമ്പോൾ വിറക് റെഡി. വെട്ടിക്കൂട്ടി അതാ ഇട്ടിരിക്കുന്നു.
പാവം!
വിയർത്ത് തളർന്ന് ഇരുന്ന് കിതയ്ക്കുന്നു.
സന്ധ്യയോടെ രാജാവ് ഒരുവിധം കൊട്ടാരത്തിൽ എത്തി.
നേരെ മെത്തയിലോട്ട് ഒരു വീഴ്ച…
ഉറങ്ങിപ്പോയി!
പിറ്റേന്ന് ഉച്ചയായി ഉണർന്നപ്പോൾ. അപ്പോഴും ഉറക്കം മാറിയിരുന്നില്ല.
ഇത് കഥയായിരിക്കാം. പക്ഷെ ഇതിനകത്ത് ഒരു പൊരുളുണ്ട്. അധ്വാനിക്കുന്നവനും സാത്വികജീവിതം നയിക്കുന്നവനും സുഖമായി ഉറങ്ങുന്നു. കുമാർഗങ്ങളിലൂടെ ആഡംബരങ്ങളിൽ രമിക്കുന്നവർക്ക് ഉറക്കം സ്വപ്നമായി മാറുന്നു.
‘മാക്ബത്ത്’ ഓർമ്മയില്ലേ?
ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്തനാടകം.
അതിന്റെ ഒരു ഭാഗത്ത് മാക്ബത്ത് ഒരു അശരീരി കേൾക്കുകയാണ്. ഏതാണ്ട് ഇങ്ങനെയായിരുന്നു അത്.
അല്ലയോ മാക്ബത്ത് താങ്കൾക്ക് എന്നെന്നേക്കുമായി ഉറക്കം നഷ്ടപ്പെട്ടുകഴിഞ്ഞു. കാരണം, താങ്കൾ ഡങ്കനെയല്ല ഉറക്കത്തെയാണ് വധിച്ചത്!
പിന്നെ നാടകം തീരുന്നതുവരെ മാക്ബത്ത് ഉറങ്ങുന്നില്ല.
മനുഷ്യന്റെ ഏറ്റവും സുഖകരമായ അവസ്ഥ ഏതാണെന്നു ചോദിച്ചാൽ ഞാൻ പറയും ഉറക്കം ആണെന്ന്.
ഈയിടെ ഒരു നവവധു ഭർതൃപിതാവനോട് പറഞ്ഞുപോലും... ഉറക്കം അവളുടെ ഹോബിയാണെന്ന്.
അത് അൽപം കടുത്തുപോയി. ഉറക്കത്തെ അങ്ങനെ ധൂർത്തടിക്കാൻ പാടില്ല.
പകൽജീവിതത്തിലൂടെ ചോരുന്ന മുഴുവൻ ഊർജ്ജവും റീചാർജ്ജ് ചെയ്യുന്ന ഏകമാർഗമാണ് ഉറക്കം.
ആനകൾ പോലും സമയം കിട്ടുമ്പോൾ ഉറങ്ങാറുണ്ട്. പലപ്പോഴും നിന്നായിരിക്കും എന്നുമാത്രം.
മനുഷ്യരിലുമുണ്ട് ഇങ്ങനെ നിന്ന് ഉറങ്ങുന്നവർ. ചിലപ്പോൾ കണ്ണു തുറന്നും ഉറങ്ങും ഇവർ…
ആരാണെന്നോ?
നമ്മുടെ പാറാവുകാർ! അല്ലാതാരാ!
ഉറക്കം ലഭിക്കാൻ ഗുളിക കഴിക്കുന്നവരുണ്ട്. മദ്യം സേവിക്കുന്നവരുണ്ട്. പുസ്തകം വായിക്കുന്നവരുണ്ട്. എന്നാലും ഉറങ്ങാത്തവരുമുണ്ട്.
മുറി ശീതീകരിച്ചതുകൊണ്ടോ മുന്തിയ മെത്തയിൽ കിടന്നതുകൊണ്ടോ ഉറങ്ങണമെന്നില്ല. സ്വച്ഛനിദ്രയ്ക്ക് വേണ്ടത് സ്വസ്തജീവിതമാണ്, നന്മയുള്ള മനസ്സും ആർദ്രമായ ഹൃദയവും!
ശീതീകരിക്കേണ്ടത് പുറമേയല്ല അകമേയാണ്.
എനിക്ക് ഉറക്കം വരുന്നു ...വളരെ നന്ദി
ReplyDeleteമനസമാധാനം തരുന്ന ലോകവും വേണം.🙏
ReplyDelete