പഞ്ചിംഗ് - 17
കെ.സുദർശനൻ
ക്വട്ടേഷൻ ആപത്ത്!
ആറുമുഖം മുതലാളി.
ആ ദേശത്തെ പ്രധാന വ്യഞ്ജനക്കട അദ്ദേഹത്തിന്റേതാണ്. പേര് ആറുമുഖമെന്നാണെങ്കിലും പാവത്തിന് ഒറ്റ മുഖമേയുള്ളു. അതു കൊണ്ട് എന്തായി? അരിസാമാനങ്ങൾ അക്കൗണ്ടിൽ വാങ്ങിയവരും ഡിസ്‌കൗണ്ടിൽ വാങ്ങിയവരും ആ വഴിക്കങ്ങുപോയി!
ആറുമുഖം പക്ഷേ കേസിനും വഴക്കിനുമൊന്നും പോയില്ല. കൊണ്ടുപോയി നന്നാവുന്നെങ്കിൽ നന്നായിക്കോട്ടെ…. അതാണ് മൂപ്പരുടെ പ്രമാണം.
ഇങ്ങനെ ശാന്തനും നല്ലവനുമായ ആറുമുഖം ഒരു ദിവസം വയലന്റായി.
കുറ്റം പറയാൻ പറ്റില്ല. അദ്ദേഹത്തിന്റെ സ്ഥാനത്ത് ആരായാലും വയലന്റായിപ്പോകും.
ആണായിട്ടും പെണ്ണായിട്ടും ആറുമുഖത്തിന് ഒറ്റ സന്താനമേയുള്ളൂ. മീനാക്ഷി.
മീനു എന്ന് ചെല്ലപ്പേര്. ആ മീനുവിന് ഈയിടെയായി ഒരു പ്രേമം. പഠിക്കാൻ പോകുന്നിടത്തുനിന്ന് കിട്ടിയതാ... ഒരു എലിവില്ലു സൈക്കിളിൽ വരുന്ന ഒരു നെത്തോലിച്ചെക്കൻ.
സംഭവം ക്രോണിക് സ്റ്റേജിലെത്തിയപ്പോഴാണ് ആറുമുഖം അറിയുന്നത്. സഹിക്കുമോ, ഒരു പിതാവ്!
എന്തെല്ലാം പ്രതീക്ഷകളോടെ വളർത്തിക്കൊണ്ടുവരുന്നതാ… അതിനിടയ്‌ക്ക് വഴിയിൽ കണ്ട വാടോലകളുമായി പെണ്ണ് പ്രണയത്തിലാവുക എന്നുവച്ചാൽ....
അരിഞ്ഞുകളയും എന്നൊക്കെ അച്ഛൻമാർ പറഞ്ഞുപോകുന്നത് ഇത്തരം ഘട്ടങ്ങളിലാണ്. ചിലർ പറയുക മാത്രമല്ല അരിയുകയും ചെയ്‌യും. ഇവിടെ എന്തായെന്ന് നോക്കാം.
ആറുമുഖത്തിന്റെ കടയിൽ പൊതിഞ്ഞുകൊടുക്കാൻ നിൽക്കുന്ന ഒരു കഥാപാത്രമുണ്ട്.
വോളിയം തങ്കപ്പൻ.
കാഴ്ചയിൽ ഒരു ചട്ടമ്പി ലുക്കാ...
പണ്ടുകാലത്ത് ഗുണ്ടാ ഇല്ലല്ലോ! ചട്ടമ്പിയും റൗഡിയും കേഡിയും ഒക്കെയല്ലേ ഉള്ളൂ.
തങ്കപ്പന്റെ പ്രധാന ആയുധം സൗണ്ടാണ്.
ഇടിവെട്ട് തൊണ്ടയാ...
കസ്റ്റമർ എത്ര മയത്തിൽ ചോദിച്ചാലും തങ്കപ്പന്റെ പ്രതികരണം വെങ്കല ഒച്ചയിലായിരിക്കും.
അരക്കിലോ ഉള്ളി...
ഉള്ളിയില്ല, വേറെ?
കാൽക്കിലോ മല്ലി...
മല്ലിയില്ല. വേറെ?
ഒരു കിലോ സവാള…
സവാളയില്ല, വേറെ?
എങ്ങനെയുണ്ട്?
ഒരു കിലോ ഉഴുന്ന്...
ഉഴുന്നില്ല. വേറെ?
അങ്ങനെയാണ് ആ പേരു വീണത്. വോളിയം തങ്കപ്പൻ.
നഗരത്തിലെ പുരാതനമായ ഒരു കോളനിയിൽ നിന്നാണ് തങ്കപ്പൻ പെണ്ണെടുത്തിരിക്കുന്നത്.
അതെ. പെണ്ണ് കെട്ടുകയായിരുന്നില്ല, 'എടുക്കുക'യായിരുന്നു.
അടിയും ലാവിഷായിട്ടു കിട്ടി.
മൊത്തം മുപ്പത്താറു തയ്‌യൽ.
ഇരുപത്താറു ഭാഗത്തായിട്ട്...
പക്ഷെ ഇപ്പോൾ എല്ലാം സോൾവായി. നാട്ടിലെ പ്രമുഖ ചട്ടമ്പി മാർ പലരും പറഞ്ഞുവരുമ്പോൾ തങ്കപ്പന്റെ അളിയന്മാരായിട്ടു വരും.
ആറുമുഖം അന്ന് കടയിൽ വന്നയുടൻ തങ്കപ്പനെ വിളിച്ച് വിഷയം പറഞ്ഞു. സമാപനം ഇങ്ങനെയായിരുന്നു.
“എടാ... ആ റാസ്‌കൽ മേലാൽ എന്റെ മോളെ കാണാനോ മിണ്ടാനോ പാടില്ല. സ്‌ട്രോഗായിട്ട് ഒന്നു വിലക്കി വിടണം... ഏത്?”
“വിലക്കിയിട്ട് കാര്യമൊന്നുമില്ല. വിരട്ടിക്കളയാം നമുക്കവനെ."
“എന്നാൽ അങ്ങനെ. എന്തായാലും മേലാൽ അവനെക്കൊണ്ടാരു ശല്യം പാടില്ല. ഏത്?”
“അത് ഏറ്റു. പക്ഷെ ചെലവുണ്ട്.”
“ചെലവൊന്നും വിഷയമല്ല. മേലാൽ എന്റെ കുഞ്ഞിനെ അവൻ... ഏത്?"
“അത് ഏറ്റെന്നു പറഞ്ഞില്ലേ. നമ്മുടെ ആമക്കണ്ണൻ വാസുവിനെ വിട്ട് വിരട്ടിക്കാം. പിന്നെ ജന്മത്ത് അവൻ ആരെയും പ്രേമിക്കത്തില്ല. പക്ഷെ മുടിഞ്ഞ റേറ്റാ ആമക്കണ്ണന്. കൈവെട്ടാണെങ്കിൽ പതിനഞ്ച്, കാലു വലതിന് ഇരുപത്. ഇടതിന് ഇരുപത്തിയഞ്ച്, കുത്ത് മിനിമം അന്പതിന് മേലോട്ടാ... ഈ ഏപ്രിൽ ഒന്നു മുതൽ റേറ്റ് കൂടുമെന്നു കേട്ടു.”
“എടോ നമുക്ക് വെട്ടും കുത്തുമൊന്നും വേണ്ട. ആ കഴുവേറിയെ ഒന്നു വിരട്ടി വിട്ടാൽ മതി. പറ്റുമെങ്കിൽ നാലു പുളിച്ച തെറിയും കൂടി വിളിച്ചേക്ക്.”
“അയ്‌യോ തെറിക്ക് പ്രത്യേകിച്ച് ചാർജൊന്നുമില്ല. ഈ പറഞ്ഞ എല്ലാ ഐറ്റത്തിന്റേം കൂടെ തെറി ഫ്രീയാ...! ഏതായാലും ഒരയ്‌യായിരം രൂപ ഇങ്ങടുക്കണം. ഞാൻ ആമക്കണ്ണനെ ഒന്ന് തപ്പി നോക്കട്ടെ”.
മുതലാളി പിന്നെ ഒന്നും ആലോചിച്ചില്ല. നൂറിന്റെ പിടയ്‌ക്കുന്ന അൻപതു നോട്ടെടുത്ത് തങ്കപ്പന്റെ കൈയിലോട്ട് വച്ചുകൊടുത്തു.
വോളിയം തങ്കപ്പനെ കാര്യങ്ങൾ ഏൽപിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മനസ്സൊന്ന് തണുത്തു. ഒരു ഭാരം ഇറങ്ങിയതുപോലെ...
ഇനി അവളെ അധികം പഠിപ്പിക്കാനൊന്നും നിൽക്കണ്ട... കൊള്ളാവുന്ന ഒരുത്തന്റെ കൈയിൽ പിടിച്ച് ഏൽപിക്കണം. ഏതായാലും ഇക്കൊല്ലം കൂടെ അങ്ങുപോട്ടെ.
കടയിൽ തിരക്ക് കൂടിത്തുടങ്ങി… തങ്കപ്പന്റെ അഭാവം ശരിക്കും അനുഭവപ്പെടുന്നുണ്ട്.
രണ്ടു മണിക്കൂർ കഴിഞ്ഞിരിക്കും. തങ്കപ്പൻ അതാ പാഞ്ഞുവരുന്നു. പകുതിവഴിയിൽ വച്ചുതന്നെ ഹൈവോളിയത്തിൽ വിളി തുടങ്ങി..
“മുതലാളീ...”
“എന്താടാ?”
“ആകെ കുളമായി!”
“എന്താ, എന്തുപറ്റി?”
“ഹോ.. ഒന്നും പറയണ്ട.. എല്ലാം കുഴഞ്ഞു...”
“കാര്യം എന്തുവാന്ന് പറയെടാ...”
“ആമക്കണ്ണൻ ചങ്ങനാശേരിയിൽ പോയിരിക്കുകയായിരുന്നു. രണ്ടു മൂന്നു ദിവസത്തേക്ക് ആശാൻ സ്ഥലത്തില്ല. പിന്നെ ഞാൻ നമ്മുടെ ചീങ്കണ്ണി ബാബുവിനെ ഏർപ്പാടാക്കി, ഒഴപ്പാതിരിക്കാനായിട്ട് അയ്‌യായിരം രൂപയും അഡ്വാൻസായിട്ടങ്ങ് ഏൽപിച്ചു”.
“എന്നിട്ട്?”
“എന്തിനു പറയണ്! ഇവനു റേറ്റു കുറവാണെന്ന് ഞാനറിഞ്ഞാ!!"
“നീ എന്തോന്നാടാ പറയണത്?”
“ചീങ്കണ്ണിക്ക് മൊത്തം അയ്‌യായിരമേ ഉള്ളൂ.”
“തങ്കപ്പാ നീ മനുഷ്യനെ തീ തീറ്റിക്കാതെ കാര്യം തെളിച്ചുപറ.”
“ഞാൻ പറഞ്ഞില്ലേ, അവന് മൊത്തം അയ്‌യായിരമേ ഉള്ളൂ. അയ്‌യായിരം കിട്ടിയപ്പോൾ അവൻ മൊത്തമങ്ങു തീർത്തു. ചെറുക്കൻ അതാ അവിടെ തീർന്നുകിടക്കുന്നു!”
“എന്റെ ശ്രീകണ്‌ഠേശ്വരാ!”
“ചുമ്മാ അവരേം ഇവരേം ഒക്കെ വിളിച്ച് ആളുകൂട്ടല്ലേ. പിന്നേ, ഒരു അഞ്ചുലക്ഷം രൂപയിങ്ങു തരാൻ ബാബു പറഞ്ഞു. ബോംബെയ്‌ക്കു പോകാനാ”.
“അഞ്ചുലക്ഷം രൂപയോ?”
“ഓ അതിൽ നിന്നാൽ ഭാഗ്യം. പെട്ടന്നാവട്ട്. അല്ലെങ്കിൽ അവൻ എല്ലാം വിളിച്ചുപറയും ഇപ്പോൾ...."
പാവം ആറുമുഖം. അദ്ദേഹത്തിന് വേറെ ഓപ്ഷനില്ലല്ലോ.
എങ്ങനെയും രൂപ കൊടുക്കുക തന്നെ.
വിശദാംശങ്ങൾ പിന്നെയാണ് അറിയുന്നത്. സത്യത്തിൽ ബാബുവിന് അവനെ കൊല്ലണമെന്ന് ഉദ്ദേശ്യമില്ലായിരുന്നു പോലും. ഒരു വിരട്ടുരീതിയിലായിരുന്നു തുടക്കം.
ടേയ്…
നീ ഇന്നു മുതൽ... അതായത്, ഈ നിമിഷം മുതൽ... അവളെ കണ്ടുപോകരുത്...
കണ്ടാൽ? പയ്‌യൻ ചോദിച്ചു.
കണ്ടാലോ… ബാബു ചീങ്കണ്ണി മോഡലിൽ ചിരിച്ചു. എന്നിട്ട് നാടകസ്റ്റൈലിൽ പറഞ്ഞു:
കണ്ടാൽ… അല്ലേ? ക...ണ്ടി…ക്കും... ഞാൻ! മനസ്സിലായോ?
“ഓ… പിന്നേ... പയ്‌യൻ തനി നാടൻ മട്ടിൽ ഒന്നു കളിയാക്കി.”
അടുത്ത നിമിഷം 'ചീങ്കണ്ണി' കണ്ടിക്കുകയും ചെയ്‌തു. ഇതായിരുന്നു സംഭവത്തിന്റെ ഒരു രത്നചുരുക്കം.
എൺപതുകളിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ പ്രചരിച്ച ഒരു കഥയാണിത്. സംഗതി സത്യമാണോ എന്നൊന്നും അറിയില്ല. ട്യൂട്ടോറിയൽ വിദ്യാഭ്യാസം വ്യാപകമായിരുന്ന കാലമാണത്. ആ പരിസരം പലർക്കും അന്നൊരു പ്രണയവൃന്ദാവനമായിരുന്നു. അതുകൊണ്ടുതന്നെ ഏതോ ഭാവനാസന്പന്നൻ മെനഞ്ഞ തിരക്കഥയുമാവാം. എന്തായാലും നിസ്സാരകാര്യങ്ങൾക്ക് ക്വട്ടേഷൻ കൊടുക്കുന്നവർക്ക് ഈ കഥ ഒരു ലെസൺ ആകുന്നെങ്കിൽ ആയിക്കോട്ടെ…
👍👏👏👏👏
ReplyDelete