പഞ്ചിംഗ് - 2



പുലിക്കഥയുടെ ഗുണപാഠം


കെ.സുദർശനൻ



2008 മാർച്ച് 17, അർദ്ധരാത്രി കഴിഞ്ഞുകാണും. ആരും ക്ഷണിക്കാതെ ഒരു അതിഥി നാട്ടിലെത്തി.
ജയിൽചാടി വന്ന വല്ല കൊലപ്പുള്ളിയുമാണോ?
ഹേയ്. ഇത് കൊലപ്പുള്ളിയും പിടികിട്ടാപ്പുള്ളിയും ഒന്നുമല്ല.
വെറുമൊരു പുളളി!
അല്ലെങ്കിൽ മുഴുവൻ പേരു തന്നെ പറയാം. ഒറിജിനൽ പുള്ളിപ്പുലി
ഒരു ചെയ്ഞ്ചിനു വേണ്ടി കാട്ടിൽ നിന്നു വന്നതാണ് ഇഷ്ടൻ, 'പുള്ളി' യെ ആദ്യം കണ്ടത് ഒരു പട്ടിയാണ്. ആശാൻ ഒരു 'വിടൽ' അങ്ങുവിട്ടു, പിറകേ പുലിയും
പട്ടിയുടെ നെറ്റിയിൽ സ്പീഡോ മീറ്റർ ഉണ്ടായിരുന്നെങ്കിൽ സൂചി 120-ൽ മുട്ടിയേനെ!
പുലിയും പട്ടിപോയ 'റൂട്ടേ…' കത്തിക്കുകയാണ്.
പെട്ടെന്ന് പട്ടിയെ കാണാതായി. ശ്ശെടാ, ഇതെങ്ങോട്ടു പോയി! ഒരു നിമിഷം മുമ്പും കണ്ടതാണല്ലോ. വല്ല വാനിഷിംഗ് ടിക്കുമാണോ?
അടുത്ത കുതിപ്പിൽ പുലി പട്ടിയുടെ തൊട്ടടുത്തെത്തി, പക്ഷേ ലൊക്കേഷൻ കാടുമല്ല, നാടുമല്ല.
ഒരു വെൽ!
അതായത് കിണർ.
ചുരുക്കത്തിൽ ‘വെൽഡൺ’ എന്നു പറയാം.
തറനിരപ്പിലായിരുന്നു ആ കിണർ. നല്ല താഴ്ചയും. അതുകൊണ്ടു തന്നെ ഓട്ടക്കാരനും വേട്ടക്കാരനും സംഭവം കണ്ടില്ല.
ഫലം, ‘ധിം തരികിട തോം…!’ അതും സിംഗിൾ അല്ല, ഡബിൾ.
രണ്ടുപേരും എഴുന്നേറ്റു നോക്കുന്പോൾ ഒരുവിധം വെള്ളമുണ്ട്. മുട്ടിയ പക്ഷം, ഒരു ആത്മഹത്യയ്‌ക്ക് കോപ്പില്ലാതില്ല.
ഈ ‘പതനം’ സംഭവിക്കുന്പോൾ മണി രണ്ട്. പുലരാൻ മണിക്കൂറുകൾ ഇനിയുമുണ്ട്.
“കാട്ടിൽ ലാവിഷായിട്ട് വിലസി നടന്നതാണ്. ഏതു നേരത്താണോ എന്താ ഇങ്ങനെയൊരു പൂതി തോന്നിയത്‌!” പുലി ആത്മഗതം തുടങ്ങി.
അതു കേട്ടപ്പോൾ പട്ടിക്ക് എവിടെനിന്നോ ഒരു തന്റേടം വന്നു.
ലേശം രോഷത്തോടെയും പ്രതിഷേധത്തോടെയും അവൻ ചോദിച്ചു:
“തൃപ്തിയായല്ലോ, അല്ലേ? മൂടു കുത്തനെ ഇതിനകത്തു വീണ് നടുവൊടിഞ്ഞപ്പോൾ സന്തോഷമായല്ലോ, അല്ലേ? എന്താ, കൊല്ലുന്നില്ലേ? കൊല്ല്. കൊന്നു കൊലവിളിയെടേയ്.
വയ്‌യേ?
“ങും…? എന്താന്ന് നോക്കുന്നത്? ചെറയലൊന്നും വേണ്ട, വച്ചു കുത്തിക്കേറ്റിത്തരും ഞാൻ, പന്ന…”
പുലി ശാന്തമായിട്ട് എല്ലാം കേട്ടു. എന്നിട്ട് ചോദിച്ചു:
“തീർന്നോ? തീർന്നെങ്കിൽ മതിയാക്ക്. ശവത്തിൽ കുത്താതെ.” പുലി ഗദ്ഗദകണ്‌ഠനായി.
“അതു ശരി! അപ്പോൾ ശവമായി, അല്ലേ? ഇത്രയേ ഉള്ളു നീയൊക്കെ എന്തിനു പറയുന്നു; നിന്നെയൊക്കെ കണ്ട് ഓടാൻ പോയ എന്നെ പറഞ്ഞാൽ മതിയല്ലോ. നിനക്കൊക്കെ ഒരു വിചാരമുണ്ട്- നീ വലിയ പുലിയാണ്, കൈയിൽ കിട്ടിയാൽ അങ്ങ് മലത്തിക്കളയും എന്നൊക്കെ!
എന്നാൽപ്പിന്നെ മലത്ത്, കാണട്ട്: എടേ, നിയൊന്നും ഒരു 'മൈദമാവും' ചെയ്‌യൂല മന സ്സിലായില്ലേ? നിന്നേക്കാൾ വിഷജന്തുക്കളാണ് ഇവിടെ നാട്ടിലുള്ളത്. അവന്മാരുടെ കൂടെയാണ് നമ്മളിവിടെ ജീവിക്കുന്നത്; അറിയാമോ? നിന്നെപ്പോലെ വിരട്ടും കുരവയും ഒന്നു മില്ല. ചിരിച്ചോണ്ട് ‘കുരവള’ അരിഞ്ഞുകളയും. അതാ ഇവിടത്തെ ഏർപ്പാട്; മനസ്സിലായോ?”
“സ്റ്റോപ്പ്! പ്ലീസ്.” പുലിയുടെ വോയ്‌സിൽ ഒരു ‘മെലങ്കളി’ ടച്ച്.
“ഡിയർ ബദർ... ഞാൻ താങ്കളുടെ വാലു പിടിക്കാം. എന്നെയിനി ഒന്നും പറയരുത്. എല്ലാം എന്റെ തെറ്റുതന്നെ. ബട്ട്, ദീസ് ഈസ് ടൂമച്ച്… പ്ളീസ്…”
പിന്നെ ‘മറ്റേ ബദർ’ ഒന്നും പറഞ്ഞില്ല.
ജാതിയിൽ പട്ടിയാണെങ്കിലും ഹൃദയശൂന്യനല്ല.
നേരം വെളുത്തു.
വീട്ടുകാർ എഴുന്നേറ്റു വന്നു.
എന്താ ചില അപശബ്‌ദങ്ങൾ കേൾക്കുന്നു- ചീറ്റലോ നിലവിളിയോ ഒക്കെ,
ശ്രദ്ധിച്ചപ്പോൾ അണ്ടർ ഗ്രൗണ്ടിൽ നിന്നാണ് സൗണ്ട്. അങ്ങനെയാണ് അവർ കിണറിനടുത്തെത്തിയത്.
നോക്കുന്പോൾകിണറ് ഹൗസ്‌ഫുൾ! രണ്ട് ആത്മാക്കൾ അതാ, സങ്കടപ്പെട്ട് അത്യുന്നതങ്ങളിലേക്കു നോക്കിനിൽക്കുന്നു!
ഒരാൾ പുലി.
അപരൻ നായും.
കൊള്ളാം, നല്ല കോംബിനേഷൻ എന്തായാലും ഏകോദരസോദരന്മാരായിട്ടാണ് നിലല്‌പ്.
ആരോ പോയി ഒരു വലിയ ബക്കറ്റ് കൊണ്ടുവന്നു. എന്നിട്ട്, കയറുകെട്ടി കിണറ്റിലക്കിറക്കി.
താഴെ എത്താത്ത താമസം. പട്ടി ‘നമസ്‌തേ’ന്നങ്ങു കേറി. എന്നിട്ട് അവസാനമായി പുലിയോടു പറഞ്ഞു:
“നീയിവിടെ നിന്നോ, ഞാൻ പോണ്. ഗുഡ്ബൈ!”
പറഞ്ഞുതീരുന്നതിനു മുന്പ് പട്ടി മുകളിലെത്തി, പുറത്തിറങ്ങി അതിന്റെ പാട്ടിനു പോവുകേം ചെയ്തു.
അതോടെ പുലിയുടെ കൺട്രോൾ പോയി, കക്ഷി നിലവിളിയും തുടങ്ങി.
ഇതിനിടയ്‌ക്ക് ആരോ പോയി ഒരു മോട്ടോർ കൊണ്ടുവന്നു. ആ വെള്ളമങ്ങ് വറ്റിച്ചുകളയാം. ചിലപ്പോൾ ജീവിതനൈരാശ്യം വന്ന് ആശാൻ എന്തെങ്കിലും ചെയ്തുകളഞ്ഞാലോ!
അപ്പോഴേക്കും അവർ എത്തി- അഗ്നിശമന സേനയും വനപാലക സൈന്യവും. രണ്ടു കൂട്ടരും പരസ്പരം ചർച്ച ചെയ്ത് ഒരു തീരുമാനത്തിലെത്തി.
മയക്കുവെടി!
പക്ഷേ, ജനം യോജിച്ചില്ല. ഒടുവിൽ മയക്കുവെടികൊണ്ട് ‘പുള്ളിക്കാരൻ’ പെർമനന്റായിട്ട് അങ്ങ് മയങ്ങിപ്പോയാലോ? അതു വേണ്ട.
അവസാനം ആരോ പോയി ആ മനുഷ്യനെ കൊണ്ടുവന്നു. അദ്ദേഹത്തിലായിരുന്നു എല്ലാവരുടെയും പ്രതീക്ഷ.
ഒന്നുമില്ലെങ്കിലും സ്ഥലം മൃഗഡോക്ടറല്ലേ! പുലിയുടെ നില കണ്ടിട്ട് ഡോക്ടർ പറഞ്ഞു:
“ച്‌ഛേ… അപ്രാണി വെടിയും വേണ്ട, ഇടിയും വേണ്ട; ഒരുഇൻജക്ഷന്റെ കാര്യമേയുള്ളൂ…”
എന്നിട്ട് അദ്ദേഹം ചുറ്റും നോക്കി.
“ഒരു മുള കിട്ടിയിരുന്നെങ്കിൽ…”
അടുത്ത നിമിഷം മുള റെഡി.
അതിന്റെ തുന്പത്ത് മരുന്നു നിറച്ച സിറിഞ്ച് വച്ചുകെട്ടി കിണറ്റിലേക്ക് ഇറക്കി.
രസം അതല്ല. പുലി ദേ, തിരിഞ്ഞുനിന്നു കൊടുക്കുന്നു- കുത്തിക്കോളാൻ. പിന്നെ, എല്ലാം പെട്ടെന്നായിരുന്നു.
കുത്താത്ത താമസം, പുലി കിറുങ്ങി. കിറുങ്ങാത്ത താമസം, ജനം കെട്ടിവലിച്ചു മുകളിൽ കേറ്റി.
ഹായ്, നല്ല സൂപ്പർ പുലി, എന്താ ഒരു ചന്തം!
ദേഹം മൊത്തം പുള്ളിതന്നെ. അടിപൊളി! കൂടിപ്പോയാൽ ഒരു ഒന്പതുവയസ്സുവരും (അ ന്പതല്ല).
“പിന്നേ, ഇങ്ങനെ തൊട്ടും തടവിയും നിന്നാലേ... കളി മാറും. വേഗം ചുമന്നു മാറ്റാൻ നോക്ക്…”
വിവരമുള്ള ആരോ പിറകേ നിന്നു പറഞ്ഞു.
പിന്നെ താമസിച്ചില്ല- മയങ്ങിക്കിടന്ന ആ പുലിയെ അവർ മുത്തങ്ങാ കാട്ടിൽ കൊണ്ടു പോയി വിട്ടു.
വയനാട്ടിൽ മേപ്പാടി എന്ന സ്ഥലത്ത് അബ്ദു റഹ്മാൻ എന്ന ആളിന്റെ വീട്ടുപടിക്കൽ നടന്ന സംഭവമാണിത്. പ്രമുഖ പത്രങ്ങളിലെല്ലാം ചിത്രവും വാർത്തയും ഉണ്ടായിരുന്നു.
അപ്പോൾ മനുഷ്യനു മാത്രമല്ല, പുലിക്കുമുണ്ട് ടെൻഷൻ. ‘എവൻ പുലിയാണെ’ന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല. ലിഫ്റ്റിൽ കുരുങ്ങിയ പലർക്കും ആ സമയത്ത് ഹൃദയാഘാതം വന്നിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.
എന്താ കാര്യം?
ടെൻഷൻ!
ഈ ടെൻഷൻ ഒരു പ്രാപഞ്ചിക പ്രതിഭാസമാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ!
പട്ടിയെ ഇതയും ‘കൈവാക്കിന്’ കിട്ടിയിട്ടും എന്തുകൊണ്ടാണ് പുലി ഒന്നും ചെയ്‌യാത്തത്?
ടെൻഷൻ!
അപ്പോൾ ഏതു കാര്യം ആസ്വദിക്കണമെങ്കിലും ഉള്ളിൽ ടെൻഷൻ ഉണ്ടാവരുത്. അത് പുലിയായാലും കൊള്ളാം, സാക്ഷാൽ പുരുഷനായാലും കൊള്ളാം!

Comments

Popular posts from this blog