പഞ്ചിംഗ് - 4
‘പൊളി’ട്രിക്‌സ്
കെ.സുദർശനൻ
“അച്ഛാ, നാളെ സ്കൂളിൽ പൊളിറ്റിക്സിനെക്കുറിച്ച് ഒരു എസ്സേ എഴുതിക്കൊണ്ടു പോകണം, എന്താണീ പൊളിറ്റിക്സ്? ഒന്നു പറഞ്ഞുതരാമോ?”
അഞ്ചാംക്ലാസുകാരന്റെ ആ ചോദ്യത്തിനു മുന്നിൽ അച്ഛനങ്ങു വാചാലനായി. മോന് മനസിലാകുന്ന തരത്തിൽ തന്നെ അദ്ദേഹം അത് വിവരിച്ചുകൊടുത്തു.
“പൊളിറ്റിക്സ് എന്നു പറഞ്ഞാൽ വളരെ സിമ്പിളാ, ഉദാഹരണത്തിന് നമ്മുടെ ഈ വീടിന്റെ കാര്യം തന്നെ എടുക്കാം. ഇവിടെ കാശുകൊണ്ടുവരുന്നതാരാ? ഞാനല്ലേ. അതു കൊണ്ട് ഇവിടുത്തെ മുതലാളിവർഗം ഞാനാണ്. നിന്റെ മമ്മിയല്ലേ ഈ വീടിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്, അപ്പോൾ മമ്മി ആരാ? ഗവൺമെന്റ്!
ഞങ്ങൾ രണ്ടും കൂടി നിന്റെ ആവശ്യങ്ങൾ സാധിച്ചുതരുന്നു. പരാതികൾ പരിഹരിക്കുന്നു. അങ്ങനെ മൊത്തമായും നിനക്ക് സംരക്ഷണം നൽകുന്നു.
അപ്പോൾ നീ ജനം.
ഇനി നമ്മുടെ ജോലിക്കാരി ജൂലിയില്ലേ, അവൾ ‘അദ്ധ്വാനവർഗം.'
ഭാവിയുടെ പ്രതിനിധിയാരാന്നറിയണ്ടേ?
നമ്മുടെ കുഞ്ഞുവാവ.
ഇത്രയേ ഉള്ളൂ, ഇതാണ് പൊളിറ്റിക്സ്! മനസിലായോ?”
പയ്യനൊന്നും മനസ്സിലായില്ല. എങ്കിലും അവൻ പറഞ്ഞു.
“എനിക്ക് അത്ര ക്ളിയറായിട്ടില്ല. ഓക്കെ, ഞാനൊന്ന് ആലോചിച്ചു നോക്കട്ടെ.”
അന്നു രാത്രി കുഞ്ഞുവാവയുടെ കരച്ചിൽ കേട്ട് അവൻ ഞെട്ടിയുണർന്നു നോക്കുമ്പോൾ വാവയുടെ ഡ്രസെല്ലാം നനഞ്ഞിരിക്കുന്നു. ഒന്നും രണ്ടുമൊക്കെ നിർവഹിച്ചെന്നാണ് തോന്നുന്നത്. അതിന്റെ ഒരു ഇറിട്ടേഷനിലാണ് പാവം കരയുന്നത്.
അവൻ അമ്മയെ വിളിക്കാൻ ബെഡ്റൂമിലേക്ക് ചെന്നു. അമ്മ കൂർക്കം വലിച്ചുറക്കം. അതെ 'സൗണ്ട് സ്ലീപ്പ്. പിടിച്ചുകുലുക്കി നോക്കി, നോ റെസ്‌പോൺസ്.
ജൂലിയെ വിളിക്കാമെന്ന് വിചാരിച്ച് അവളുടെ റൂമിലേക്ക് ചെന്നു.
അകത്ത് കുറ്റിയിട്ടിരിക്കുന്നു. തള്ളിയിട്ടും വിളിച്ചിട്ടുമൊന്നും അവിടെയും അനക്കമില്ല.
ഭാഗ്യം, അകത്ത് ലൈറ്റുണ്ട്.
ഇതെന്താ, ചത്തുകിടക്കുന്നോ?
അവൻ ജനലിന്റെ വിടവിലൂടെ അകത്തേക്കു നോക്കി. ഞെട്ടിപ്പോയി.
അച്ഛൻ...
അച്ഛൻ. അവളെ അതാ... പൈശാചികമായി…
അവന് പെട്ടെന്ന് പേടി തോന്നി, തിരിച്ചുവന്നു കിടന്നതും ഉറങ്ങിപ്പോയി.
പിറ്റേന്ന് രാവിലെ അച്ഛൻ പഴയതുപോലെ നോർമലായിട്ട് നിൽക്കുന്നു.
“മോന് പൊളിറ്റിക്സിൽ ഇനി സംശയം വല്ലതുമുണ്ടോ?”
“ഇല്ലച്ഛാ... ഇപ്പോൾ എനിക്കെല്ലാം ക്ലിയറായി.”
“വെരി ഗുഡ്, ആകട്ടെ, ഒന്ന് എക്‌സ്‌പ്ളെയിൻ ചെയ്യാമോ, സ്വന്തം വാചകത്തിൽ.”
പയ്യൻ എക്സ്പ്ലെയിൻ ചെയ്യാൻ തുടങ്ങി.
“അതായത് മുതലാളിത്തം അദ്ധ്വാനവർഗത്തെ പീഡിപ്പിക്കുമ്പോൾ ഗവൺമെന്റ് ഉക്കം! ജനത്തെ ആരും ശ്രദ്ധിക്കുന്നില്ല.
റ്റോട്ടൽ നെഗ്ലക്ട്!
‘ഫ്യൂച്ചറി’ന്റെ കാര്യം അതിലും കഷ്ട്ടം.
ഇതല്ലേ പൊളിറ്റിക്സ്?”
“Yes, Yes, you are absolutely correct.”
പക്ഷേ, ഇത്ര കൃത്യമായിട്ട് കുഞ്ഞിന് കാര്യങ്ങൾ പിടികിട്ടിയതെങ്ങനെയെന്ന് ആ പിതാവ് ചിന്തിക്കാൻ പോയില്ല.
അതു നന്നായി.
എന്തായാലും പുതിയ തലമുറ വളരെ അഡ്വാൻസ്‌ഡ് ആണെന്ന് പറയുന്നത് ചുമ്മാതല്ല. ജാഗരൂകരായിരുന്നില്ലെങ്കിൽ തൊണ്ടിയോടെ പിടിച്ചുകളയും പിള്ളാര്! പറഞ്ഞക്കാം.
പോട്ടേ, നമുക്ക് തിരിച്ചുവരാം, പൊളിറ്റിക്സ്, അഥവാ ‘പോളിട്രിക്സ്!’
ഒരു ബെസ്റ്റ് തെമ്മാടിയുടെ ലാസ്റ്റ് അഭയമാണതെന്ന് പറഞ്ഞത് ഷാ അല്ലേ?
എനിക്കിഷ്ടപ്പെട്ട നിർവചനം മറ്റൊന്നാണ്?
പിന്നീട് യജമാനനാകാൻ വേണ്ടി ആദ്യം സേവകനായി പ്രത്യക്ഷപ്പെടുന്ന ഒരു നാടകമാണത്.
അതാണ് സത്യം.
ആദ്യം കാണുന്ന ആളേ അല്ലല്ലോ പിന്നെ.
ഇലക്ഷനു മുമ്പ്, സമ്മതിദായകനോട് താണുവീണല്ലേ കുശലാന്വേഷണം...
സത്യപ്രതിജ്ഞ കഴിഞ്ഞാലോ പിന്നെയങ്ങോട്ട് അൽഷിമേഴ്‌സാ...
ഏത് ശകുന്തള!
പറ, ഏത് കണ്വാശ്രമം!
എന്ത്! മാൻകിടാവോ?
നോ നോ, നിങ്ങൾക്കു തെറ്റിയതാവും.
ഈ സ്ഥിതിയാ!
തിരിച്ചുവന്നിട്ട് സമ്മതിദായകൻ അപമാന വിലോചനനായി, അതിലേറെ കോപിതനായി പറയുന്ന ഒരു ഡയലോഗുണ്ട്:
“അഞ്ചുകൊല്ലം കഴിഞ്ഞു ഇങ്ങുവാ. കാണിച്ചു തരാം നിനക്ക്.”
ഒന്നും കാണിക്കാനില്ല. കാരണം, അടുത്ത തവണ അദ്ദേഹം നിൽക്കുന്നത് ഇവിടെ അല്ല.. ല്ലോ! പിന്നെ ഇയാള് എന്തോ കാണിക്കാനാ...
നാട്ടുകാർക്കും ഇത് ആവശ്യമാണ്. അവർ ആകെ രണ്ടു കാര്യങ്ങളെ നോക്കുന്നുള്ളു…
ഒന്നുകിൽ റൈറ്റ് അല്ലെങ്കിൽ ലെഫ്റ്റ്!!
പക്ഷേ, അവർ ശരിക്കും നോക്കേണ്ടത് റൈറ്റും ലെഫ്റ്റം അല്ല.
റൈറ്റും റോംഗുമാണ്!
കേരള രാഷ്ട്രീയത്തെക്കുറിച്ച് മനോഹരമായ ഒരു കാർട്ടൂൺ കവിതയുണ്ട്.
ഇടയുന്ന പക്ഷം, ഇടതുപക്ഷം
വലയുന്ന പക്ഷം, വലതു പക്ഷം
ഇടയിൽ സുഖിക്കുന്നു ന്യൂനപക്ഷം
ഇടയിലാകുന്നതോ ഭൂരിപക്ഷം!
മിടുക്കൻമാരാണ് പൊതുവേ രാഷ്ട്രീയത്തിൽ എത്തുന്നത്. അവരിൽത്തന്നെ മിടുമിടുക്കൻമാരും ഉണ്ട്. അവർ എല്ലാക്കാലത്തും എല്ലാ രാജ്യത്തും ഒരുപോലെ തന്നെ ആയിരിക്കും, അവർക്ക് പാലം നിർമ്മിക്കാൻ താഴെ നദി ഒന്നും വേണമെന്നില്ല. അല്ലാതെ തന്നെ ജനത്തെ പറഞ്ഞു ബോധ്യപ്പെടുത്താനവർക്കു കഴിയും.
അല്ലെങ്കിലും നമ്മുടെ ആളുകൾക്ക് വെറും പ്രഖ്യാപനങ്ങൾ മതിയല്ലോ.
“അത് റിട്ടയേർഡ് ജഡ്ജി അന്വേഷിക്കുന്നതായിരിക്കും.”
“മറ്റത് സി.ബി.ഐ. എറ്റെടുക്കുന്നതായിരിക്കും.”
“തുറമുഖമോ, തുറമുഖം തുലാം ഒന്നിന് തുറക്കുന്നതായിരിക്കും.”
ഓ, മതി…
തൃപ്തിയായി.
വെറുതെയല്ല "Masses are asses" എന്നു പറയുന്നത്. അവർക്ക് പ്രതീക്ഷിക്കാൻ എന്തെങ്കിലും ‘വഹ’ കിട്ടിയാൽ മതി.
എന്തായാലും സത്യസന്ധൻമാർക്ക് ഈ രംഗത്ത് ശോഭിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. പണ്ടൊരു നേതാവ് തിരഞ്ഞെടുപ്പ് വേദിയിൽ നിന്നുകൊണ്ട് പറഞ്ഞു:
“ഞാൻ എന്റെ എതിർസ്ഥാനാർത്ഥിയുമായി അനുരഞ്ജനത്തിന് തയ്യാറാണ്. അദ്ദേഹം എനിക്കെതിരെ പറഞ്ഞുനടക്കുന്ന കളവുകൾ പിൻവലിക്കാമെങ്കിൽ ഞാൻ അദ്ദേഹത്തിനെതിരെ പറയുന്ന സത്യങ്ങളും പിൻവലിക്കാം.”
പക്ഷേ ഫലം വന്നപ്പോൾ കളവുകൾക്കായിരന്നു മൃഗീയ ഭൂരിപക്ഷം!
നമ്മുടെ നിത്യഹരിതനായ പ്രേംനസീർ രാഷ്ട്രീയത്തിൽ വരുമെന്ന് പറഞ്ഞിട്ട് പിന്നീട് പിൻമാറിയല്ലോ. അതിന് അദ്ദേഹം കാരണം പറഞ്ഞത്, ഇനി അവിടെയുംകൂടി അഭിനയിക്കാൻ വയ്‌യെന്നാണ്.
ഒരു നല്ല രാഷ്ട്രീയക്കാരൻ എങ്ങനെ ആവണമെന്ന് വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞിട്ടുണ്ട്.
അയാൾ, അടുത്തദിവസം എന്തുനടക്കുമെന്നും അടുത്തമാസം എന്തുനടക്കുമെന്നും അടുത്തവർഷം എന്തുനടക്കുമെന്നും പ്രവചിക്കാൻ കഴിവുള്ള ആളായിരിക്കണം.
തീർന്നില്ല…
പിന്നീട്, ഈ പറഞ്ഞതൊന്നും നടക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ പ്രാപ്‌തിയുള്ള ആളുമായിരിക്കണം.
തന്റെ കുറ്റങ്ങളെല്ലാം മുൻപിരുന്നവന്റെ തലയിൽ വച്ചുകെട്ടിയിട്ട് ‘പരിശുദ്ധാത്മാവാ’യി മാറുന്ന ഭരണാധികാരികളെയാണല്ലോ ‘ആദിയുഷസന്ധ്യ’ മുതൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. അതിൽ വ്യത്യസ്തനായിരുന്നു ജോർജ് വാഷിംഗ്ടൺ, ഒരിക്കൽ അദ്ദേഹം പറഞ്ഞു;
“ആർക്കു വേണമെങ്കിലും ഈ രാഷ്ട്രത്തിന്റെ പ്രസിഡന്റാകാം എന്ന് പണ്ട് അദ്ധ്യാപകൻ പറഞ്ഞപ്പോൾ ഞാൻ അത് കാര്യമാക്കിയില്ല. ഇപ്പോഴാണ് അതെനിക്ക് ബോധ്യമായത്.”
ആ ആത്മപരിഹാസത്തിലുണ്ട് എല്ലാം. സ്വാർത്ഥതയുടെ ഒരു മൂർത്തിയായാണ് ഇന്ന് രാഷ്ട്രീയക്കാരനെ ജനം കാണുന്നത്.
പണ്ട് കെന്നഡി ഒരു സ്കൂൾ സന്ദർശിക്കാൻ പോയി. നേരേ ഒരു ക്ലാസിലോട്ട് ചെന്നിട്ട് അദ്ദേഹം ചോദിച്ചു:
“എന്താണിവിടെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.”
“ഇംഗ്ലീഷാണ്.”
“Ok, what do you mean by the word Tragedy? Give an example…”
മുൻ ബഞ്ചിൽ നിന് ഒരു കുട്ടി എഴുന്നേറ്റു പറഞ്ഞു.
“അടുത്ത വീട്ടിലെ എന്റെ കൂട്ടുകാരൻ തെരുവിൽ കളിച്ചുകൊണ്ടു നിൽക്കുന്നു. അവന്റെ പുറത്തേക്ക് നിയന്ത്രണം വിട്ട് ഒരു ടക്ക് വന്നിടിച്ചു. It is a tragedy."
“നോ നോ.. It is only an accident?” കെന്നഡി പറഞ്ഞു.
ഒരു പെൺകുട്ടി എഴുന്നേറ്റു.
“അൻപത് കുട്ടികളുമായി എസ്‌കർഷൻ പോകുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് മുഴുവൻ കുട്ടികളും സ്‌പോട്ടിൽ വച്ച്...
“സോറി, അതിനേം ട്രാജഡി എന്നു പറയാൻ പറ്റില്ല. ഒരു വലിയ നഷ്ടം എന്നു പറയാം . That is all. Any one else…”
ആരും പിന്നെ എഴുന്നേറ്റില്ല.
“Come on.. Give an exact example of tragedy…” പിൻ ബഞ്ചിൽ നിന്ന് ഒരുത്തൻ എഴുന്നേറ്റു.
“മിസ്റ്റർ കെന്നഡിയും മിസ്സിസ് കെന്നഡിയും സഞ്ചരിച്ചിരുന്ന AIRFORCE 1 ഒരു മിസൈലാക്രമണത്തിൽ നിശ്ശേഷം തകരുന്നു. ട്രാജഡി അല്ലേ സാർ, അത്?”
"Of course, of course..." കെന്നഡിക്ക് ആ ഉദാഹരണം ഇഷ്ട്ടമായി, എങ്കിലും അദ്ദേഹം ഒരു ചോദ്യം കൂടി ചോദിച്ചു.
എന്തുകൊണ്ടാണ് അത് ട്രാജഡിയാണെന്ന് പറഞ്ഞത്?
ഒന്നുമാലോചിക്കാതെ ആ പയ്യൻ പറഞ്ഞു:
“കാരണം, അത് ആക്സിഡന്റുമല്ല, വലിയൊരു നഷ്ടവുമല്ല...!”
ഒരു ‘പ്രബുദ്ധനായ’ സമ്മതിദായകൻ പണ്ടു ചോദിച്ച ചോദ്യം ഇവിടെ പ്രസക്തമാണ്.
“പാവപ്പെട്ടവന്റെ വോട്ട്... പണക്കാരന്റെ പണം. ഇതു രണ്ടും വാങ്ങുമ്പോൾ നിങ്ങൾ പറയുന്നതെന്താ?
ഒരു കൂട്ടരെ മറ്റേ കൂട്ടരിൽ നിന്ന് രക്ഷിക്കാമെന്ന്. അങ്ങനെ രണ്ടുകൂട്ടരെയും നിങ്ങൾ ഒരുമിച്ചു കബളിപ്പിക്കുന്നു.
ഇതല്ലേ നിങ്ങളുടെ രാഷ്ട്രീയം?”
അനാദികാലം മുതൽ രാഷ്ട്രീയക്കാർക്ക് വന്നുപെട്ടിരിക്കുന്ന ഒരു പേരുദോഷമാണിത്.
ചർച്ചിൽ തന്നെ പറഞ്ഞിട്ടുണ്ട്. “അപൂർവം ചില രാഷ്ടീയക്കാർ സ്വന്തം ആദർശത്തിനുവേണ്ടി പാർട്ടിയെ ത്യജിക്കുമ്പോൾ ഭൂരിപക്ഷം പേരും പാർട്ടിക്കുവേണ്ടി സ്വന്തം ആദർശത്തെ ത്യജിക്കുന്നു.”
രക്തം ചീന്തിക്കൊണ്ടുള്ള രാഷ്ട്രീയമാണ് യുദ്ധമെങ്കിൽ രക്തം ചീന്താതെയുള്ള യുദ്ധമാണ് രാഷ്ട്രീയമെന്ന് ആരോ പറഞ്ഞിട്ടുണ്ട്. വിപരീതാത്മകമായ ഇത്തരം നിർവചനങ്ങൾ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സംശുദ്ധ സേവനത്തിന്റെ പര്യായ മായി രാഷ്ട്രീയത്തെ മാറ്റിയെടുക്കേണ്ട ദൗത്യം പുതിയ നേതാക്കൻമാരെ ഞാൻ ഏൽപ്പിക്കുകയാണ്.
അവരോട് അവസാനമായി ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ...
നിങ്ങൾ എപ്പോഴും ചിന്തിക്കേണ്ടത് അടുത്ത തലമുറയെക്കുറിച്ചായിരിക്കണം. അല്ലാതെ, അടുത്ത ഇലക്ഷനെക്കുറിച്ചാവരുത്…
Comments
Post a Comment