പഞ്ചിംഗ് - 7

കെ.സുദർശനൻ


ദൈ കസ്റ്റമർ ഈസ് ദൈ…



രു ഞായറാഴ്ച.
പ്രസന്ന ടീച്ചറും ഭർത്താവും കൂടി രാവിലെ തന്നെ ശുചീകരണ പരിപാടിയുമായിട്ട് അങ്ങിറങ്ങി. ഒരുപാടു നാളായി വിചാരിക്കുന്നു വീടൊന്ന് വൃത്തിയാക്കണമെന്ന്. ഓരോ തവണയും കാണും ഓരോ കാരണങ്ങൾ... അല്ലെങ്കിൽ മാരണങ്ങൾ...! എന്തായാലും ഇന്ന് ഒന്ന് ഒതുക്കിയിട്ടു തന്നെ കാര്യം.
അല്ലെങ്കിലും മലയാളികൾ ഇങ്ങനെയാണ്. എന്തുകിട്ടിയാലും ചുമന്ന് വീട്ടിൽ കൊണ്ടുവയ്ക്കും. ഇരിക്കട്ടെ, ചിലപ്പോൾ വേണ്ടി വന്നേയ്ക്കും. എവിടാ... ജീവിതത്തിൽ ഒരിക്കലും വേണ്ടാത്തവയാണ് ഇതിൽ സിംഹഭാഗവും. എന്തിന്, കന്യാകുമാരിയിലെ മണലിൽ നിന്ന് കിട്ടിയ വെള്ളാരങ്കല്ലുവരെ ഇങ്ങനെ കൊണ്ടുവന്ന് അലമാരയിൽ വച്ചവരുണ്ട്. അതുകൊണ്ട് രണ്ടാഴ്ചയിൽ ഒരിക്കൽ എല്ലാ ഭവനങ്ങളിലും ഒരു എഡിറ്റിംഗ് വേണം, വെറും എഡിറ്റിംഗല്ല, ബ്രൂട്ടൽ എഡിറ്റിംഗ്.
ടീച്ചറും ഭർത്താവും കൂടി ഉത്സാഹിച്ചങ്ങ് തുടങ്ങിയെങ്കിലും സംഭവം വിചാരിച്ചതുപോലെ നീങ്ങുന്നില്ല. പ്രശ്‌നം ടീച്ചറുടെ ഭർത്താവ് മിസ്റ്റർ വീരരാഘവൻ തന്നെ. പുള്ളി ഓരോ ചെറിയ പേപ്പറും നിവർത്തി വിശദമായി വായിച്ചുനോക്കും. അഥവാ, എപ്പോഴെങ്കിലും ആവശ്യമായി വരുന്നതാണോ! അങ്ങനെ നോക്കി നോക്കി വരുമ്പോഴുണ്ട്. ഒരു തുണ്ട്. വേഗം നിവർത്തി നോക്കി... അടുത്ത നിമിഷം ഒരു പ്രത്യേക ത്രില്ലോടെ ഭാര്യയെ വിളിച്ചു.
“എടേ ടീച്ചറെ, ഇത് കണ്ടോ... എന്റെ ആ പഴയ ബൂട്ടില്ലേ. അത് നന്നാക്കാൻ കൊടുത്തതിന്റെ രസീദാ...!”
“എവിടെ!”
ടീച്ചർ ഉടനെ ചൂലു താഴെ വച്ചിട്ട് ഓടിവന്നു. പുള്ളിക്കാരിക്കും വല്ലാത്ത ത്രില്ല്. കാരണമുണ്ട്. ഇതിയാന്റെ ഈ ബൂട്ട് അവരുടെ മധുവിധു കാലത്ത് ഒത്തിരി പ്രശ്‌നമായതാണ്. വേറൊന്നുമല്ല. ടീച്ചറിന്റെ ബന്ധുവീടുകൾ സന്ദർശിക്കാൻ പോകുമ്പോൾ ഈ ബൂട്ടിലാണ് പുള്ളിക്കാരൻ സഞ്ചരിച്ചിരുന്നത്. ഒരു അമ്മായി അതു പ്രത്യേകം നോട്ട് ചെയ്യുകയും ചെയ്തു.
“നിന്റെ ഭർത്താവ് എന്താടീ ഈ പൊലീസുകാരുടെ ചെരുപ്പും ഇട്ടോണ്ട് നടക്കുന്നത്?”
അവരെ കുറ്റം പറയാൻ പറ്റില്ല. ഒരുതരം ചുവന്ന ബൂട്ടാ മണവാളൻ ഇട്ടിരിക്കുന്നത്. ഒരുവിധപ്പെട്ട ആരും അതങ്ങനെ പരസ്യമായിട്ട് ഇടാൻ തയ്യാറാവില്ല. അന്നും, ഇന്നും…!
അതിനെപ്പറ്റി പല കമന്റുകളും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടായിട്ടുണ്ട്. അക്കാലത്ത്. എന്തിന്, മൂത്ത നാത്തൂന്റെ വീട്ടിലോട്ട് ഇദ്ദേഹത്തെയും കൊണ്ട് ചെല്ലുമ്പോൾ ഒരു മെല്ലാങ്കി ചെക്കൻ വെങ്കല സൗണ്ടിൽ വച്ചു കീറുകയാണ്...
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്...
ലെഫ്റ്റ് റൈറ്റ്… ലെഫ്...
പക്ഷെ എന്തൊക്കെ പറഞ്ഞാലും ടീച്ചർക്ക് പുള്ളിക്കാരന്റെ ഈ ‘ബൂട്ടിന്മേൽ പോക്ക്’ ഇഷ്ടമായിരുന്നു. ഒരു പ്രത്യേക ഗമയാ അപ്പോൾ. മുണ്ടനാണെന്ന് തോന്നത്തേ ഇല്ല…
“ഞാനിന്നലെയും, എന്തോ ചിന്തിച്ചപ്പോൾ ഈ ബൂട്ടിന്റെ കാര്യം ഓർത്തു... സത്യം!”
ടീച്ചർ തന്റെ ‘വീരനോട്’ ചേർന്നു നിന്നു പറഞ്ഞു.
“നോക്കിയേ, എത്ര കൊല്ലമായെന്ന്. ഇതാ ഞാൻ പറയുന്നത്, എന്റെ കൈയിൽ നിന്ന് ഒന്നും നഷ്ടപ്പെടില്ല. എല്ലാം ഇവിടെത്തന്നെ കാണും.”
“അത്യാവശ്യത്തിന് നോക്കുമ്പോൾ കാണില്ലന്നേ ഉള്ളൂ!” - ടീച്ചർ ഒരു നുള്ളുവച്ചുകൊടുത്തു.
‘ഓ ഇനി ഇതെന്തിനാ..,”
“കീറട്ടെ...?”
“വേണ്ട…” ടീച്ചർ കൈയിൽ കേറി പിടിച്ചു...
അവർ പഴയ മധുവിധു കാലത്തിലേക്ക് മടങ്ങുന്നതുപോലെ...!
“നോക്ക്. ഇതിലെഴുതിയിക്കുന്ന വർഷം കണ്ടോ...?”
“അതൊക്കെ അറിയാം… അനിക്കുട്ടനെ മൂന്നുമാസം ഗർഭമുള്ളപ്പോഴാ- നിങ്ങളാ ഷൂവും പൊതിഞ്ഞുകൊണ്ട് ഒരു മഴയത്ത് ഇറങ്ങിപ്പോയത്. എല്ലാം എനിക്ക് ഇന്നലത്തെപ്പോലെ ഓർമ്മയുണ്ട്.”
പുള്ളിക്കാരി അങ്ങ് സെന്റിമെന്റലായി... പെണ്ണുങ്ങൾ അങ്ങനെയാണ്. ആണുങ്ങൾക്ക് നിസാരമെന്ന് തോന്നുന്ന പലതും അവർക്ക് സാരമുള്ളതായിരിക്കും.
“എന്നാൽ, കീറുന്നില്ല. പോരേ…”
അദ്ദേഹം ടീച്ചറെ നോക്കി ‘വീരോചിതമായി’ ചിരിച്ചു. കണ്ണും അടച്ചു.
“പോ അവിടന്ന്…” ടീച്ചർക്ക് നാണം വന്നു.
രാത്രിയായി. അവരുടെ അന്നത്തെ പണി തീർന്നപ്പോൾ രാത്രിയായി എന്നാണ് ഞാൻ ഉദ്ദേശിച്ചത്. അത്താഴം കഴിഞ്ഞ് രണ്ടാളും ഉറങ്ങാൻ കിടക്കുകയാണ്. പക്ഷെ ഉറക്കം പിണങ്ങിനിൽക്കുന്നു. ഇങ്ങോട്ടു വരുന്നില്ല! മറ്റൊന്നും സംസാരിക്കാനില്ലാത്തതുകൊ ണ്ടാവാം, ടീച്ചർ പറഞ്ഞു:
“പിന്നേ… ഉറങ്ങിയോ?”
“ഇല്ല.”
“എനിക്കൊരു തോന്നൽ…”
“എന്താ…?”
“നമുക്കാ ബൂട്ടിന്റെ രസീദ് നാളെ ആ കടേൽ കൊണ്ടുകൊടുത്താലോ?”
“കൊള്ളാം എനിക്ക് വട്ടാണെന്ന് അയാൾ വിചാരിക്കണം അല്ലേ…”
“ഓ അല്ലെങ്കിൽപ്പിന്നെ ആരും വിചാരിക്കുന്നില്ല. ഒന്നു പോ മനുഷ്യാ…”
ടീച്ചർ വീണ്ടും റൊമാന്റിക്കായി. വീരരാഘവനും അതുതന്നെയാണ് ആലോചിക്കുന്നത്. ഇവൾക്ക് രാവിലെ മുതൽ ഇതെന്തു പറ്റി?
“പിന്നേ… ഉറങ്ങിയോ?”
മറുപടി ഇല്ല.
“അറിഞ്ഞുകൊണ്ട് എന്തെല്ലാം വട്ടുകൾ നമ്മൾ ചെയ്യുന്നു. അതൊരു രസമല്ലേ… പക്ഷെ എന്റെ സംശയം ആ കട ഇപ്പോൾ അവിടെ ഉണ്ടാവുമോന്നാ...
“കടയൊക്കെ ഉണ്ട്... എന്റെ പഴയ ഓഫീസിൽ പോകുന്ന വഴിക്കല്ലേ അത്…”
“എന്നാൽ നാളെ ഈ രസീദൊന്നു കാണിച്ചു നോക്കണം... ചുമ്മാ.”
“നിർബന്ധമാണോ... എന്നാൽ ആ ഡയറിയിൽ നിന്ന് ഇപ്പോഴേ അതെടുത്ത് പാന്റ്സിന്റെ പോക്കറ്റിൽ ഇട്ടേക്ക്.”
ടീച്ചർ ചാടിയെഴുന്നേറ്റ് അപ്പോൾ തന്നെ അതെടുത്ത് ‘അവിടെ’ ഇട്ടു.
പിറ്റേന്ന് ആ കടയുടെ മുന്നിലെത്തിയപ്പോൾ മിറക്കിൾ പോലെ അദ്ദേഹം അത് ഓർത്തു. വേഗം വണ്ടി ഒതുക്കിയിട്ട് രസീതുമായി അങ്ങോട്ടു കയറിച്ചെന്നു. കട വലുതായിട്ടൊന്നും മാറിയിട്ടില്ല. പക്ഷെ കടക്കാരൻ വല്ലാതെ മാറിപ്പോയി. അന്നു വരുമ്പോൾ പൊടി മീശയും അരച്ചിരിയും ഒക്കെയായിട്ട് ആളൊരു കൊച്ചു പുഷ്‌പവാലനായിരുന്നു. ഇപ്പോൾ പക്ഷെ അലകൊലാന്നായിപ്പോയി.
പുള്ളിക്കാരൻ രസീതും വാങ്ങി ഗൗരവത്തിൽ അകത്തേക്ക് പോയി. സാർ ഉള്ളിൽ ചിരിക്കുകയാണ്. കഷ്ടം തന്നെ. കാള പെറ്റെന്നു കേട്ടാൽ മതി... ഉടൻ അല്ലെങ്കിൽ ആദ്യം ഡേറ്റ് വേണ്ട നോക്കാൻ!
ഇഡിയറ്റ്!
പക്ഷെ, അടുത്ത നിമിഷം അദ്ദേഹമാണ് ഇഡിയറ്റായത്. അയാൾ ആ ചുവന്ന ബൂട്ടുമായിട്ട് ദേ, വരുന്നു.
My God...!
“ഇതല്ലേ...?’
വിശ്വാസം വരാത്തതുപോലെ വാങ്ങി തിരിച്ചും മറിച്ചും നോക്കി.
“അതെ... ഇതുതന്നെ... ഇതുതന്നെ…”
അയാൾ പറഞ്ഞത് കേൾക്കണോ. പോയിട്ട് വെള്ളിയാഴ്ച വരാൻ. തയ്ച്ചുവച്ചേക്കാമെന്ന്!
ഇതൊരു യഥാർത്ഥകഥയാണെന്ന് ഞാൻ അവകാശപ്പെടുന്നില്ല. പക്ഷെ, ഇതിൽ ഒരു യാഥാർത്ഥ്യം ഇല്ലാതില്ല. ചെരിപ്പ് റിപ്പയർ ചെയ്യുന്നവർ ഇന്നും ഏറെക്കുറെ ഇങ്ങനെ തന്നെയാണ്. അവർ മാത്രമല്ല... തുന്നൽക്കടക്കാരും...
റെഡിമെയ്‌ഡ് യുഗം വന്നപ്പോൾ തുന്നലുകാരുടെ തുന്നൽ തീർന്നെന്നാണ് വിചാരിച്ചത്. പക്ഷെ തീർന്നില്ല. ഇപ്പോൾ അധികം പേരും അൺസെസ് ആണല്ലോ. കഴിഞ്ഞ ദിവസം മോന്റെ യുണിഫോം തയ്ക്കാൻ ചെന്ന ഒരാളോട് ടെയിലറുടെ ഉദ്ഘാടന വാചകം:
“ജൂലായ് ഒന്നിനേ കിട്ടൂ... മതിയോ?”
അതുവരെ സാറിന് ഡേറ്റില്ല. ഇനി ജൂലായ് ഒന്നിനു ചെല്ലുമ്പോഴോ? ജൂലായ് പത്തിന് വരാൻ പറയും. അസാനം ആഗസ്റ്റ് പതിനഞ്ചിന് നമ്മൾ നമ്മളല്ലാതാവുകയും വായിൽ വരുന്നത് മുഴുവൻ വിളിച്ചുപറയുകയും ചെയ്യുമ്പോഴാണ് അന്ന് നമ്മൾ ഏൽപ്പിച്ച പൊതി എവിടെ വച്ചെന്ന് തപ്പാൻ തുടങ്ങുന്നത്.
ഇത്തരം തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ഒരു ശാപമാണത്. ഫോട്ടോഗ്രാഫർമാർക്കും ഉണ്ടായിരുന്നു ഈ സൂക്കേട് ഡിജിറ്റൽ ചികിത്സ വന്നപ്പോൾ അവർക്ക് ഭേദമായി. ഇല്ലെങ്കിൽ ജീവിതം തന്നെ ഡിലീറ്റാവുമെന്ന് മനസ്സിലായി.
എന്തുകൊണ്ട് ഇവർക്കൊക്കെ കൃത്യനിഷ്ഠ പാലിച്ചുകൂടാ? എന്താ ഇവർക്കുമാത്രം ഒരു ദിവസം ഇരുപതുമണിക്കുറേ ഉള്ളാ! അതോ അതിലും കുറവാണോ? സത്യത്തിൽ ബോധവത്‌കരണം വേണ്ടത് ഇവർക്കൊക്കെയാണ്. ഇവരുടെയൊക്കെ അന്നദാതാവാണ് ഈ കസ്റ്റമർ. അതുകൊണ്ടാണ് മഹാത്മജി ദൈ കസ്റ്റമർ ഈസ് ദൈ ഗോഡ് എന്നുപറഞ്ഞത്. ഗോഡ് ആയിട്ട് കണ്ടില്ലെങ്കിലും ഡോഗ് ആയിട്ട് കാണാതിരുന്നാൽ മതിയായിരുന്നു.

Comments

  1. വളരെ ആസ്വാദ്യകരം.....
    അഭിനന്ദനങ്ങൾ സുദർശനൻ സാർ🙏

    ReplyDelete
  2. വളരെ ആസ്വാദ്യകരമായിരിക്കുന്നു

    ReplyDelete
  3. രസകരവും വസ്തുനിഷ്ഠവും 👍🙏

    ReplyDelete

Post a Comment

Popular posts from this blog