പഞ്ചിംഗ് 8

കെ.സുദർശനൻ


ഗൂഢശാസ്ത്രം


ശ്രമത്തിലാണ് സന്യാസിയുടെ താമസം. ആശ്രമം ഘോരവനത്തിനകത്തും.
ഗുരുവിന് മക്കളില്ല. അതുകൊണ്ട് ആ സ്ഥാനത്തും ശിഷ്യന്മാർ തന്നെ.
ശിഷ്യൻമാർ അധികമില്ല.
ആകെ ഒൻപതുപേർ.
ഒരുതവണ ഒന്പതാൾക്കേ അഡ്മിഷനുള്ളു. കോഴ്‌സ് തീരുമ്പോൾ അവർ ഒന്പതും ശാസ്ത്രത്തിന്റെ ഒമ്പ ഒന്പതു നക്ഷത്രങ്ങളായി മാറും. അതാണ് അന്നത്തെ ഗുരുകുല സമ്പ്രദായം.
നിസ്സാരൻമാരുടെ കുഞ്ഞുങ്ങളൊന്നുമല്ല വരുന്നത്. എല്ലാം സമുന്നതൻമാരുടെ കിടാങ്ങൾ. അധികവും രാജകുടുംബങ്ങളിൽ നിന്നുതന്നെ.
ഇതിൽ ഒന്ന് റിസർവേഷൻ സീറ്റാണ്. അതു മെരിറ്റു നോക്കി മാത്രം. ജാതിയും മതവും അവസ്ഥയും ഒന്നും അവിടെ വിഷയമല്ല.
ഒൺലി മെരിറ്റ്.
ആ സീറ്റിലേക്ക് ഗുരു നേരിട്ട് നടത്തും, എൻട്രൻസ് ടെസ്റ്റ്!
ശക്തി, ബുദ്ധി, യുക്തി, വൃത്തി എല്ലാം പരീക്ഷിക്കപ്പെടും.
റിസർവേഷൻ സീറ്റ് അവസാനമേ ഫിറ്റു ചെയ്‌യും. അതുകഴി ഞ്ഞാൽ പിന്നെ ബ്രാഞ്ച് സെലക്ഷനാണ്.
ഓരോരുത്തർക്കും ഇഷ്ടമുള്ള ബ്രാഞ്ച് തെരഞ്ഞെടുക്കാം. അതിനായി ഒരു ഗുഹ തന്നെയുണ്ട് അവിടെ. കിടാങ്ങളെ ഒന്നൊന്നായി ഉള്ളിലേക്ക് കൊണ്ടുപോകും.
അവിടെ പാറകളിൽ ഓരോ ശാസ്ത്രത്തിന്റെ പേര് കൊത്തിയിട്ടുണ്ട്.
ആയോധനശാസ്ത്രം
ഗണിതശാസ്ത്രം
തർക്കശാസ്ത്രം
ജീവശാസ്ത്രം
വൈദ്യശാസ്ത്രം
നക്ഷത്രശാസ്ത്രം
അങ്ങനെയങ്ങനെ...
ശിഷ്യൻ ഏതു പാറയിൽ തൊടുന്നോ അതിൽ കൊത്തിയിരിക്കുന്ന ശാസ്ത്രമായിരിക്കും പഠിപ്പിക്കുക.
രസമായിരിക്കും അല്ലേ!
അരുവിയിലെ മിനറൽ വാട്ടറിൽ അഞ്ചുനേരം കുളി.
കുടിക്കാൻ പഴച്ചാറ്.
കഴിക്കാൻ കാട്ടുകനികൾ.
ഇവയ്‌ക്കിടയിൽ മനനവും പഠനവും.
ഒരു ദിവസം റിസർവേഷൻ സീറ്റിൽ അഡ്മിഷൻ തേടി ഒരു പയ്‌യൻ വന്നു.
പേര് വീരഭദ്രൻ. ഒരു ദരിദ്രഫാമിലിയിൽ നിന്നാണ്. അച്ഛന് നെയ്‌ത്താണ് ജോലി. അമ്മയ്‌ക്ക് നെല്ലുകുത്തും.
പശ്ചാത്തലം അറിഞ്ഞപ്പോൾ ഗുരുമുഖത്ത് ഒരു തൃപ്‌തിക്കുറവ്.
പക്ഷേ, പയ്‌യൻ ബഹുസമർത്ഥൻ.
എക്സലന്റ് പെർഫോമൻസ്.
അവനെ തിരഞ്ഞെടുക്കാതെ പറ്റില്ല.
അവസാനം ബ്രാഞ്ച് കണ്ടുപി ടിക്കാൻ ഗുഹയിലേക്ക് കൊണ്ടുപോയി.
അവൻ പോയി തൊട്ട പാറ കണ്ടപ്പോൾ, ഗുരു ഒന്നു പതറി.
കടവുളേ...
ഗൂഢശാസ്ത്രം!
ദ്രോഹിക്ക് വേറെയൊന്നും കിട്ടിയില്ലേ!
“കുഞ്ഞ അതുവേണ്ട…
മറ്റേതെങ്കിലും തിരഞ്ഞെടുത്തോളൂ.”
കുഞ്ഞ് അനങ്ങിയില്ല.
“ഭദ്രാ, നിന്നോടാ പറഞ്ഞത് ആ ബ്രാഞ്ച് വേണ്ടെന്ന്” ഗുരു ഭവ്യമായി പറഞ്ഞു.
“അങ്ങ് മഹാഗുരുവാണ്.”
“അതുകൊണ്ട്?”
“അതുകൊണ്ട്, വാക്കുമാറരുത്.”
ഗുരു വെട്ടിലായി.
“ആവട്ടെ, നിന്റെ ഇഷ്ടമതാണെങ്കിൽ അങ്ങനെ തന്നെ. അതിനു മുമ്പ് പുനർചിന്തനത്തിനായി ഒരു അവസരം കൂടി നൽകുന്നു.”
“ചൊവ്‌വേ ചിന്തിക്കാത്തവനല്ലേ ഗുരോ പുനർചിന്തനം?”
“ശരി ശരി…”
“ഗൂഢശാസ്ത്രത്തിൽ നീ അദ്വിതീയനാകും. പഠിക്കാൻ ഒരുങ്ങിക്കോളൂ.”
ശിഷ്യൻ കാലിൽ വീണു വണങ്ങി.
ഗുരു തലയിൽ കൈയും വച്ചു.
അന്നുരാത്രി അദ്ദേഹം ഉറങ്ങിയില്ല. കുറേ കഴിഞ്ഞപ്പോൾ ഭാര്യ ചോദിച്ചു.
“ങും, എന്തുപറ്റി?”
“നീ ഉറങ്ങിയില്ലേ?” എന്നു ഗുരു.
“അതെങ്ങനെ! ഇവിടൊരാള് തിരിഞ്ഞും മറിഞ്ഞും സർക്കസ് കാണിച്ച് കിടക്കുന്പോൾ?”
“എടീ, ഇന്നൊരു വെള്ളിക്കണ്ണൻ വന്നില്ലേ ശിഷ്യനായിട്ട്. അവന് ഗൂഢശാസ്ത്രം പഠിക്കണം പോലും! അങ്ങനെ പഠിപ്പിക്കാൻ പറ്റുമോ?”
“എന്താ പഠിപ്പിച്ചാല്?”
“എടീ.., അധമവിദ്യകളാ അതു മുഴുവൻ. അപഹരണം, വശ്യം, ആഭിചാരം, നിഴൽക്കുത്ത്, മായാവിപ്രയോഗം എന്നുവേണ്ട സർവ പോക്രിത്തരങ്ങളുമുണ്ട് അതിൽ.”
“എന്നാൽ പഠിപ്പിക്കണ്ട. തീർന്നല്ലോ. നിങ്ങള് കിടന്നുറങ്ങാൻ നോക്ക്.”
അതു ശരിയാണെന്ന് അദ്ദേഹത്തിനും തോന്നി. അവനെ എങ്ങനെയെങ്കിലും പിന്തിരിപ്പിക്കുക.
അതുതന്നെ വഴി.
പിറ്റേന്ന് മുതൽ ഭദ്രന്, അതികഠിനമായ ജോലികൾ നൽകാൻ തുടങ്ങി.
പക്ഷേ എല്ലാം ശിഷ്യൻ ശിരസാവഹിച്ച് അനുസരിച്ചു.
ആ ശ്രമം ഫലിച്ചില്ല.
അടുത്ത രാത്രിയായി.
ഗുരു ഉറങ്ങിയിട്ടില്ല.
പെട്ടെന്ന് അദ്ദേഹം ഉറങ്ങിക്കിടന്ന ഭാര്യയെ വിളിച്ചുണർത്തി.
അവർ ഞെട്ടിയുണർന്ന് കണ്ണ് തിരുമ്മിക്കൊണ്ട് ചോദിച്ചു.
“എന്താ, എന്താ നിങ്ങൾക്ക്?”
“നീ പുലർച്ചയ്‌ക്ക് എഴുന്നേറ്റ് നിലവിളിക്കണം.”
“മനുഷ്യാ ഞാനിപ്പോൾതന്നെ നിലവിളിച്ചേനേ. എന്താ കാര്യം?”
“ആ വീരഭദ്രനെ പറഞ്ഞുവിടാൻ ഇനി അതേയുള്ളു മാർഗ്ഗം. പാഠശാലയിൽ ഉറങ്ങിക്കിടക്കുന്ന വീരഭദ്രന്റെ അടുത്തുപോയി സൂത്രത്തിൽ നീ അവന്റെ കുടുമ്മി മുറിച്ചെടുക്കണം. എന്നിട്ട് പുലർച്ചയ്‌ക്ക് നിലവിളിച്ചിട്ടു പറയണം ഏതോ ഒരു ശിഷ്യൻ നിന്നെ കടന്നുപിടിച്ചെന്ന്. പിടിച്ചവന്റെ കുടുമ കടിച്ചെടുത്തിട്ടുണ്ടെന്നും ബാക്കി ഞാനേറ്റു!”
എല്ലാം ഗുരുവിന്റെ തിരക്കഥ അനുസരിച്ച് അരങ്ങേറി.
നിലവിളികേട്ട് ഗുരു രംഗത്തെത്തുന്നു. സംഭവമറിഞ്ഞ് അദ്ദേഹം ക്രോധാകുലനാകുന്നു. ഭാര്യ ‘കടിച്ചെടുത്ത കുടുമ’ കൈയിൽ വാങ്ങി ഇങ്ങനെ അലറുന്നു.
“ഒൻപതുപേരും വരിക, ആ നീചനെ ഞാനൊന്നു നേരിൽ കാണട്ടെ.”
കാണുന്ന മാത്രയിൽ കുടുമയില്ലാത്ത വീരഭദ്രന് ടി.സി. കൊടുത്തു വിടാനാണ് പരിപാടി.
പക്ഷേ ശിഷ്യൻമാർ വന്നപ്പോഴല്ലേ പദ്ധതി പാളിപ്പോയത്. ഒരുത്തനും ഇല്ല കുടുമ്മി!
ഗുരു മനസ്സിൽ കണ്ടപ്പോൾ വീരഭദ്രൻ മരത്തിൽ കണ്ടു. അവൻ ഉറ ങ്ങിക്കിടന്ന ബാക്കി എട്ടെണ്ണത്തിന്റെയും കുടുമ കട്ടുചെയ്ത് ദൂരെ എറിഞ്ഞു!
ഗുരുമുഖം വാടി. ശിഷ്യന്റെ ഗൂഢമന്ദസ്മിതം കൂടിയായപ്പോൾ തീരെ വാടി. പിന്നെ ഒന്നും ആലോചിച്ചില്ല.
വരുന്നത് വരട്ടെ. ഗൂഢശാസ്ത്രം ‘ഫുള്ളാ’യിട്ട് പഠിപ്പിച്ചുവിട്ടു.
കോഴ്‌സ് തീർന്നു ശിഷ്യൻ നാട്ടിലേക്ക് പോവുകയും ചെയ്തു.
പിറ്റേന്ന് മുതൽ നാട്ടിൽ ഒരേ മോഷണം.
ഖജനാവ് കവർച്ച ചെയ്യപ്പെടുന്നു.
സ്ത്രീകൾ ധരിച്ചിരിക്കുന്ന മാലകൾ അപ്രത്യക്ഷമാകുന്നു. വീടുകളിൽ വിലപിടിപ്പുള്ള ദ്രവ്യങ്ങളൊന്നും കാണാനില്ല.
രാജാവ് അസ്വസ്ഥനായി. കള്ളനെപ്പിടിക്കാൻ പ്രത്യേക സ്‌ക്വാഡു തന്നെ രൂപീകരിച്ചു.
നാട്ടുകാരുടെ വക സ്‌ക്വാഡുകൾ വേറെയും. എല്ലാവരും ഉറക്കമൊഴിച്ചതുമാത്രം മിച്ചം.
കള്ളന്റെ യാതൊരു തുന്പും ഇല്ല. എന്നാൽ മോഷണം കുശാലായി നടക്കുന്നുമുണ്ട്.
ആശാൻ ഏതിലേ കേറുന്നെന്നും ഏതിലെ ചാടുന്നെന്നും ഒരു പിടിയും കിട്ടുന്നില്ല. ഇനി കിട്ടാനും പോകുന്നില്ല. കാരണം, സ്‌ക്വാഡിന്റെ പക്കലുള്ളത്;
കത്താത്ത റാന്തലും
വക്കൊടിഞ്ഞ ഉടവാളും
കുലുങ്ങാത്ത കുറേ കുടവയറും!
പിന്നെ എവിടെയിട്ട് പിടിക്കാൻ!
ഇവർ നോക്കിനിൽക്കേയാണ് അയാൾ വരുന്നതും പോകുന്നതും. പക്ഷേ അദൃശ്യമന്ത്രം കൊണ്ട് കണ്ണ് കെട്ടിക്കളയും.
പുള്ളി സേഫിൽ നിന്നും പണം എടുത്തുകൊണ്ടുപോകുന്നത് കണ്ടാലും ഗൃഹനാഥന് പ്രതികരിക്കാൻ പറ്റില്ല.
പക്ഷാഘാതമന്ത്രം കൊണ്ട് നെർവസ് സിസ്റ്റം ഓഫ് ചെയ്തിടും.
ചുരുക്കിപ്പറയാം.
കള്ളൻ ഒരു പാടൊരുപാട് മുന്നിൽ. ഭടൻമാർ വളരെ വളരെ പിന്നിലും.
ഇന്നും അതല്ലേ സ്ഥിതി? ഐ.ടി.യും ഐ.ടി.ഐയും ഒന്നുമല്ല പുരോഗമിക്കേണ്ടത്.
കുറ്റാന്വേഷണശാസ്ത്രമാണ് വളരാനുള്ളത്.
പിന്നെ സി.സി.റ്റി.വി ഉള്ളതുകൊണ്ട് ആവറേജ് കള്ളന്മാരെ പിടിക്കാൻ പറ്റുന്നു. മൊബൈൽ ടവറു നോക്കി എബൗ ആവറേജിനെയും തപ്പാം. പക്ഷേ എക്‌സ്‌ട്രാ ബ്രില്യന്റ് ആണ് കള്ളനെങ്കിൽ?

Comments

  1. വളരെ ഭംഗിയായ അവതരണം.നന്ദി

    ReplyDelete

Post a Comment

Popular posts from this blog