പഞ്ചിംഗ് - 9
കെ.സുദർശനൻ
ഡീൽ ഓർ നോ ഡീൽ
മാസത്തിൽ വളരെ കുറച്ചു ദിവസമേ മുതലാളി നാട്ടിൽ കാണു. ചിലപ്പോൾ മാസങ്ങളോളം കണ്ടില്ലെന്നും വരും. മിക്കവാറും ടൂറിലാണ് അദ്ദേഹം.
ഇന്ന് മദ്രാസിലെങ്കിൽ നാളെ ബാംഗ്ളൂരിൽ. മറ്റന്നാൾ മുംബൈയിൽ...
സംശയിക്കണ്ട; ബിസിനസ് ടൂർ തന്നെ.
പിന്നെ... ബിസിനസ് എന്താണെന്നു മാത്രം ചോദിക്കരുത്. അതൊക്കെ സീക്രട്ടാ.
ഇനി, അറിഞ്ഞേ മതിയാകൂ എന്ന് നിർബന്ധമാണെങ്കിൽ പറയാം -
ഈ ‘നോട്ടി' ന്റെ ഏർപ്പാടാ!
നോട്ട് എന്നു പറഞ്ഞാൽ കുട്ടികൾ ടെക്‌സ്‌റ്റ് ബുക്കിനൊപ്പം സ്കൂളിൽ കൊണ്ടുപോകുന്ന നോട്ടല്ല... സാക്ഷാൽ നോട്ട്. ഗാന്ധിജിയുടെ പടം ഉള്ള ഒറിജിനൽ നോട്ട്. അതായത്, ‘ചക്രായുധം.’
ഈ ലോകത്തെ സർവ ക്രയവിക്രയങ്ങളെയും മനുഷ്യബന്ധങ്ങളെയും നിയന്ത്രിക്കുന്ന നമ്മുടെ ആധുനിക ചക്രായുധം. ദ കറൻസി!
അതിന്റെ പരിപാടിയാ പുള്ളിക്ക്.
‘അവനെ’ വേണ്ടിവന്നാൽ അദ്ദേഹം നിർമ്മിക്കും; സ്വയം!
എന്നിട്ട് ‘ജനുവിൻ കസ്റ്റമേഴ്‌സിന്’ സപ്ലൈ ചെയ്യും. ‘വൺ ഈസ് ടു ടെൻ’ എന്ന റേഷ്യോവിൽ. അദ്ദേഹം, ഈ രംഗത്തിറങ്ങുന്ന കാലത്തെ റേഷ്യോ ‘വൺ ഈസ് ടു ഹൻഡ്രഡ്' ആയിരുന്നു.
പക്ഷേ, ദോഷം പറയരുത്; അദ്ദേഹത്തിന്റെ നോട്ടുംകൊണ്ട് പോയവരാരും ഒരു മിസ്റ്റേക്കും പറഞ്ഞ് തിരിച്ചുവന്നിട്ടില്ല. വരാൻ കഴിയില്ല.
ഒറിജിനൽ തോറ്റുപോകുമെന്നേ!
അതല്ലേ മേക്ക്! ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് ആകട്ടെ: ‘ഗ്രാമർ’ മിസ്റ്റേക്കാകട്ടെ… ങേഹേ!
സെയിം സെയിം!
സ്കൂളിൽ പോകാത്ത ഒരുത്തൻ പണ്ട് REVERSE BANK എന്നടിച്ചു കളഞ്ഞു. ഏതുകാര്യത്തിനും ഇംഗ്ലീഷ് അറിഞ്ഞിരിക്കണം.
ഇവിടെ, പ്രശ്നം അവിടെയല്ല. ആ നോട്ട് കിട്ടണമെങ്കിൽ ഒരു പ്രത്യേക യോഗം വേണം. അതില്ലെങ്കിൽ ആര് വിചാരിച്ചിട്ടും കാര്യമില്ല.
അദ്ദേഹത്തെ നേരിട്ടൊന്നു കാണാൻ കൂടി പറ്റില്ല. അതാ അവസ്ഥ!
പിന്നെയൊരു കാര്യം, യോഗമുണ്ടായെന്നു വച്ചും കഥയില്ല.
ആളെ കണ്ടാൽ അദ്ദേഹത്തിന് ബോധിക്കണം. ഇവൻ ഈ നോട്ടിന് അർഹനാണെന്ന് ഉള്ളിൽ തോന്നണം. അല്ലെങ്കിൽ തോന്നിക്കണം. എന്നാലേ കിട്ടൂ...
ഇതൊക്കെ ഒരു ഭാഗ്യമാണ്... കണ്ട അണ്ടനും മുണ്ടനുമൊന്നും പറഞ്ഞിട്ടുള്ളതല്ല.
മുതലാളി കനിഞ്ഞാൽ കനിഞ്ഞതാ... നൂറിന്റെ ഒന്ന് അങ്ങോട്ടു കൊടുക്കുമ്പോൾ പത്ത് ഇങ്ങോട്ട് വച്ചുതരും. പോയി മാറിക്കോ, എവിടെ വേണമെങ്കിലും...
എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ വേണ്ട, വരണ്ട...
പ്രശ്‌നമില്ലെങ്കിലും വരണ്ട; ബിസിനസ് പത്തുലക്ഷത്തിനു താഴെയാണെങ്കിൽ!
എന്താ സമ്മതമാണോ?
ആണോന്ന്..?
ഈ ചോദിക്കുന്നത് ഞാനല്ല. ഇതുവരെ സംസാരിച്ചതും ഞാനല്ല. പത്തുനാല്പതു വർഷങ്ങൾക്കു മുൻപ് എന്റെ നാട്ടിൽ നടന്നുവന്നിരുന്നതായി കേട്ടറിഞ്ഞ സംഭവത്തിലെ ഒരു എപ്പിസോഡാണ്.
തട്ടിപ്പ് എക്കാലത്തുമുണ്ടല്ലോ. അതിന് കാലവും ദേശവുമൊന്നും ബാധകമല്ലല്ലോ.
പാദുഷാ ലുക്കുള്ള ഒരു മനുഷ്യനുണ്ടായിരുന്നു, അവിടെ…
തികച്ചും ആർഭാടജീവിതം. ഭാര്യയും പെൺമക്കളുമെല്ലാം ബഹുസുന്ദരിമാർ. വീട്ടിൽ ധാരാളം വാല്യക്കാർ. നടവാതില്ക്കൽ സദാ ഒരു കാറും ഡ്രൈവറും...
എല്ലാം സിനിമയിൽ കാണുന്നതുപോലെ...
നാട്ടുകാർക്കൊക്കെ ഈ മനുഷ്യനെ ഒരുതരം ഭയം കലർന്ന ഇഷ്ടം. അദ്ദേഹത്തിന്റെ മുന്നിൽ ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ള ആരെങ്കിലും ചെന്നുപെട്ടാൽ കൈയിൽ ആദ്യം കിട്ടുന്ന നോട്ടെടുത്ത് കൊടുക്കും! ഗുഡ്‌ലക്ക്...
അത് അൻപതിന്റെയായാലും ശരി, നൂറിന്റേതായാലും ശരി. കൊണ്ടു പോയ്‌ക്കോ...
പക്ഷേ, ഈ നോട്ടും വാങ്ങിക്കൊണ്ട് ആ ദരിദ്രവാസി ജംഗ്ഷനിൽ പോയിരുന്നു പറയുന്നത് നേരത്തെ പറഞ്ഞ തട്ടിപ്പിന്റെ കഥയാണ്.
നമ്മുടെ ജനമല്ലേ - നന്ദി കമ്മിയാ!
ഏതായാലും ‘കഥ’യുടെ സമ്മറി ഇങ്ങനെ:
ഷോർട്ട്‌കട്ടിൽ കോടീശ്വരനാകാൻ നടക്കുന്നവർ അന്നുമുണ്ട്. അങ്ങനെയുള്ളവരാണ് ഇടയ്‌ക്കുവച്ച് ഷോർട്ടായിപ്പോവുകയോ കട്ടായിപ്പോവുകയോ ഒക്കെ ചെയ്യുന്നത്. അത്തരക്കാരെ വലവീശിപ്പിടിക്കാൻ നമ്മുടെ പാദുഷാ ചില വിരുതന്മാരെ നാട്ടിൽ വിട്ടിട്ടുണ്ട്. (അതിൽ ഒരു വിദ്വാന്റെ സ്‌പീച്ചാണ് നമ്മൾ ആദ്യഭാഗത്ത് കേട്ടത്).
നാട്ടിൻപുറത്തുനിന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ കുറച്ച് പുത്തനും ബാക്കി അതിമോഹവുമായി ഇറങ്ങിത്തിരിക്കുന്ന അപ്പാവികൾക്ക് ഇതൊക്കെ ധാരാളം.
കേട്ടുകേട്ടു വരുംതോറും പഹയന്മാർക്ക് കൊതിയൂറുകയാണ്. ഹോ! എങ്ങനെയെങ്കിലും ആ മുതലാളിയെ ഒന്നു പരിചയപ്പെട്ടെങ്കിൽ! അദ്ദേഹത്തിന് തന്നെ ഒന്ന് ഇഷ്ടപ്പെട്ടെങ്കിൽ!
കാവിൽ ഭഗവതീ... ആമവിളക്ക് വാങ്ങിച്ച് ആ നടയിൽ വച്ചേക്കാം...
വരുന്ന ഉത്സവത്തിന് നാല്പത്തൊന്നു കലത്തിൽ പൊങ്കാലയും ഇട്ടേക്കാം...
പിന്നെ ഭഗവതി ഹെൽപ്‌ലെസ് ആണ്...
ഭക്തന്റെ വിധി! അല്ലാതെന്താ. അധികം വൈകാതെതന്നെ മുതലാളിയെ ഭക്തൻ മുഖം കാണിക്കുന്നു.
നേരിട്ട് കണ്ടപ്പോഴല്ലേ കേട്ടതെല്ലാം ‘പത്തിരട്ടി സത്യ’മായിരുന്നെന്ന് ഭക്തന് ബോദ്ധ്യമായത്.
പാവം! പാദുഷയുടെ പകിട്ടിൽ വീണുപോയി...
ഭക്തന്റെ മത്സ്യഗന്ധമുള്ള, പഴന്തുണിപ്പരുവമായ നോട്ട് വാങ്ങിയിട്ട് അദ്ദേഹം സേഫിൽ നിന്ന് മുല്ലപ്പൂമണമുള്ള പത്തു നോട്ടുകളെടുത്ത് നീട്ടി...
ഹായ്! ആ നോട്ടുകൾ നിന്നു പുളയ്‌ക്കുന്നതു കണ്ടില്ലേ...
എങ്കിലും ചെറിയൊരു പേടിയുണ്ടായിരുന്നു, ഉള്ളിൽ...
പക്ഷേ, നോ പ്രോബ്ളം. പുഷ്‌പംപോലെ മാറി. അവസാനത്തെ നോട്ട് ബാങ്കിലാ കൊടുത്തത്. കാഷ്യർ വാങ്ങിച്ച് പൊന്നുപോലെ അകത്തുവച്ചു. അത്രതന്നെ!
ഭക്തന് ഉടനെ അദ്ദേഹത്തെ ഒന്നുകൂടെ കാണണം. രണ്ട് നൂറുരൂപ കൂടെ കൊടുത്തിട്ട് ‘ചില്ലറ’ വാങ്ങണം.
“അതു പള്ളിയിൽപ്പോയി പറഞ്ഞാൽ മതി. ആ സൈസ് എടുക്കുല.”
അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ഭക്തന്റെ മനസ്സിലിരിപ്പ് അറിഞ്ഞപ്പോൾ അടിച്ചില്ലെന്നേ ഉള്ളൂ.
പത്തുലക്ഷത്തിൽ കുറഞ്ഞ് ഇനി ബിസിനസ്സില്ല. കഴിഞ്ഞത് സാമ്പിൾ ടെസ്റ്റ്!
എന്നുവച്ചാൽ പത്തുലക്ഷം ഉണ്ടെങ്കിൽ ഡീൽ.. ഇല്ലെങ്കിൽ നോ ഡീൽ...
ഏതുവേണം? ഡീൽ ഓർ നോ ഡീൽ...
വേണ്ടത് ‘ഡീൽ’ തന്നെ.
പക്ഷേ, പത്തുലക്ഷത്തിന് എവിടെപ്പോകും?
ഒടുവിൽ ആ മനുഷ്യന്റെ കാലുപിടിച്ച് രണ്ടരലക്ഷത്തിന് ഡീൽ ഉറപ്പിച്ചു.
ഒരുവിധത്തിൽ സമ്മതിക്കത്തില്ല.
പിന്നെ ഭഗവതിക്കും ഭഗവാനുമെല്ലാം വെവ്വേറെ നേർച്ചകൾ നേർന്നതുകൊണ്ട് അയാളുടെ മനസ്സ് എങ്ങിനെയോ മാറിയതാ!
എന്തിനു പറയുന്നു.
അങ്ങനെ ഇത്തരം ഭാഗ്യാന്വേഷികൾ ഉള്ളതെല്ലാം വിറ്റുമുടിച്ച് ലക്ഷങ്ങളുമായി വീണ്ടും വരും. ഭാര്യയുടെ താലി പണയംവെച്ചോ അല്ലെങ്കിൽ ഭാര്യയെത്തന്നെ പണയംവെച്ചോ ഒക്കെയാണ് ‘ക്യാഷ്’ ഒപ്പിച്ചുകൊണ്ടുവരുന്നത്. ഇനിയാണ് ക്‌ളൈമാക്‌സ്!
അതീവരഹസ്യമായാണ് ബാക്കി സീനുകൾ.
എപ്പോൾ, എവിടെവച്ച്, എങ്ങനെ? അതെല്ലാം അവസാനനിമിഷമേ അറിയാൻ സാധിക്കു...
ഒറ്റനിമിഷം കൊണ്ട് പെട്ടികൾ പരസ്പരം കൈമാറുന്നു. സ്ഥലം വിടുന്നു...
എല്ലാം ജാഗ്രതയോടെ...
വേണമെങ്കിൽ ഒന്നു തുറന്നു നോക്കാം. നോക്കിയവർക്കൊക്കെ കണ്ണ് മഞ്ഞളിച്ചുപോയി. നിറച്ച് നൂറിന്റെ ബണ്ടിലുകൾ!
അക്കാലത്ത് നൂറാണല്ലോ നോട്ടുകളുടെ സേട്ട്!
ശരി, വിട്ടോളൂ.
ബെസ്റ്റ് ഓഫ് ലക്ക്...
ലക്കിനൊന്നും കുറവില്ല.
പെട്ടിയുമായി കൃത്യമായി വീട്ടിലെത്തി. അവിടെവച്ച് തുറന്നുനോക്കിയപ്പോഴല്ലേ ശരിക്കും ‘ലക്ക്’ കെട്ടത്!
ഓരോ കെട്ടിലും അറ്റങ്ങളിലേ നോട്ടുള്ളൂ. ബാക്കി പേപ്പറാ. ശുദ്ധമായ പ്ളെയിൻ പേപ്പർ! ഒരറ്റത്തുമാത്രം ഒറിജിനലുള്ള ബണ്ടിലുകളും കുറവല്ല.
ചതിച്ചോ... ചതിച്ചോ... ഭഗവതീ...
ഭഗവതി എന്തുചെയ്യാൻ, മനുഷ്യന് അത്യാഗ്രഹം പെരുത്തുപോയാൽ?
ഈ ഹതഭാഗ്യരുടെ ചിത്രം മിക്കവാറും അടുത്തദിവസത്തെ പത്രത്തിലുണ്ടാവും.
ഒന്നുകിൽ അപകടമരണം. അല്ലെങ്കിൽ ആത്മഹത്യ. അതുമല്ലെങ്കിൽ ഹൃദയസ്തംഭനം.
മറ്റേ മുതലാളിയെ ഞാൻ തെറ്റുപറയില്ല.
അദ്ദേഹം ആർക്കും കള്ളനോട്ട് കൊടുത്തിട്ടില്ല. കൊടുത്തതെല്ലാം ബാങ്കിൽ നിന്നുള്ള ഫ്രഷ് നോട്ട്. മുല്ലപ്പൂ തൈലംകൂടി പുരട്ടി എന്നു മാത്രം...
ആദ്യം കിട്ടിയത് മതിയെന്നു വച്ചിരുന്നെങ്കിൽ സംഗതി ലാഭമാകുമായിരുന്നു.
എവിടെ?
ലക്ഷങ്ങളുമായിട്ട് പിന്നെയും ചെന്ന് ശല്യം ചെയ്താൽ മുതലാളി പിന്നെ പേപ്പർ കേറ്റാതെ എന്തു ചെയ്‌യും!
വേഗം കോടികൾ നേടാൻ നടക്കുന്ന എല്ലാ സഹോദരന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ‘നിത്യശാന്തി’ക്കായി ഈ കഥ ഞാൻ സമർപ്പിക്കുന്നു.
അത്യാഗ്രഹം ആപത്തു വരുത്തും
ReplyDelete