കെ.സുദർശനൻ

പഞ്ചിംഗ് - 5


ബെല്ലേ ബെല്ലേ...



രാത്രി ഒരൊന്പതു മണിയാകും. 

ഭരണനിലയത്തിനെതിരെയുള്ള ആ സസ്യഹോട്ടലിൽ ഇരിക്കുകയാണ് ഞാൻ.
പുറത്തിറങ്ങാൻ മനസ്സുവരുന്നില്ല.
എന്തൊരുമഴ!
പീടികയുടെ മുൻവശത്തെ പടികളിൽ നിരന്നുനിൽക്കുകയാണ് ജനം. അധികവും കൂടെയുള്ളവർ തന്നെ.
ആ സ്ഥിതിക്ക് കുടയില്ലാത്ത ഞാൻ മാന്യമായിട്ട് അകത്ത് ഇരി ക്കുന്നതല്ലേ ഭംഗി! ഇടയ്ക്ക് ഓരോ ചായ വാങ്ങിക്കുടിച്ചാൽ മതിയല്ലോ.
അങ്ങനെ ഇരുന്നിരുന്ന് സമയം കുറേയായി. മഴ, കൊണ്ടിളകുന്നതല്ലാതെ ശമിക്കുന്നില്ല.
ചായയും നാലഞ്ചു കഴിഞ്ഞു.
ഞാൻ മെല്ലെയെഴുന്നേറ്റ് മുന്പിലോട്ട് ചെന്നു.
ഒരു രക്ഷയുമില്ല.
പണ്ടായിരുന്നെങ്കിൽ ഒരു പെരുമഴയുടെ മുഴുവൻ സൗഖ്യങ്ങളും അനുഭവിച്ചുകൊണ്ട് ഇറങ്ങി നടക്കാമായിരുന്നു.
ഇന്ന് അതൊന്നും ആലോചിക്കാനേ വയ്യ.
ഒന്നാമത് പോക്കറ്റിൽ കിടക്കുന്ന മൊബൈൽ ഫോൺ നനയും…
പിന്നെ ബാറ്റയിൽ നിന്നും മിനിയാന്ന് വാങ്ങിയ ഷൂ നനയും...
അങ്ങനെയങ്ങനെ നനഞ്ഞുകൂടാത്ത പലതും നനയും!
ഒരു പരുവത്തിന് നടുവിലെ പടിയിലോട്ട് ഇറങ്ങിനിന്നു.
മഴയത്ത് പൊതുവേ ഔപചാരികതകൾ കുറവാണ്. ആരുടെ കുടയിൽ വേണമെങ്കിലും അനുവാദമെന്യേ കേറാം. അതിന് കേറുന്നയാളും കേറ്റുന്നയാളും തമ്മിൽ പൂർവ പരിചയമൊന്നും വേണമെന്നില്ല.
പൂർവ വൈരാഗ്യം ഇല്ലാതിരുന്നാൽ മതി.
ചില വിളഞ്ഞവില്ലന്മാരുണ്ട്.
തങ്ങളുടെ കുടയിലേയ്ക്ക് ഒരു ‘ഗസ്റ്റ്’ കടന്നുവന്നാലുടൻ എവിടുന്നെങ്കിലും ഒരാളെക്കൂടി വിളിച്ചുകേറ്റിക്കളയും.
അപ്പോൾ കുടയുടമസ്ഥൻ നടുക്കായല്ലോ...
രണ്ടു സൈഡിലേയും മഴ മറ്റവർ നനഞ്ഞോളുകയും ചെയ്യും. പക്ഷേ, ഇവരുടെ ഈ ‘പ്ലാനിംഗ്’ തകർത്തുകളയുന്ന ചില ജീനിയസുകളുണ്ട്. അവർ തങ്ങളുടെ സൈഡിലേയ്ക്ക് ബലാൽക്കാരമായി കുട പിടിച്ച് ചരിയ്ക്കും . പിന്നല്ല...!
കുറേ നേരമായിട്ടും എന്നെ ഒരു കുടയുടമയും സഹയാത്രയ്ക്ക് ക്ഷണിച്ചില്ല.
പെട്ടെന്ന് ഒരു ആട്ടോറിക്ഷ വന്ന് ആ കടയിലേയ്‌ക്ക് ചേർന്നു നിന്നു. മഴ പ്രമാണിച്ചാവാം, സൈഡിലെ ശീല താഴ്‌ത്തിയിട്ടിരിക്കുകയാണ്.
ഒരു നിമിഷം കഴിഞ്ഞ് ഒരു ചെറുപ്പക്കാരൻ ഇറങ്ങി. രണ്ടു നിമിഷം കഴിഞ്ഞ് രണ്ടാമത്തെ ചെറുപ്പക്കാരൻ ഇറങ്ങി. വീണ്ടും രണ്ടു ചെറുപ്പക്കാർ കൂടി ഇറങ്ങി. ഇത്രപേർ ഇതിനകത്ത് എങ്ങനെ കേറി എന്നാലോചിച്ചു നിൽക്കുമ്പോഴുണ്ട് ദാ ഒരെണ്ണം കൂടി ഇറങ്ങിവരുന്നു.
അതൊരു പെണ്ണായിരുന്നു. പക്ഷേ, പെണ്ണാണെന്ന് പെട്ടെന്ന് തിരിച്ചറിയില്ല.
ടീഷർട്ടും ജീൻസുമാണ് വേഷം.
ബാക്കിവിശേഷങ്ങൾ നോക്കാൻ നിൽക്കാതെ ഞാൻ തിരശ്ശീല മാറ്റി ആട്ടോയ്‌ക്കുള്ളിലേയ്‌ക്കു പ്രവേശിച്ചു.
“പോട്ട് മേട്ടുക്കടയിലോട്ട്.”
എന്റെ അറിയിപ്പുകിട്ടിയിട്ടും അയാൾക്ക് വണ്ടി സ്റ്റാർട്ട് ചെയ്യാൻ ഒരു വൈക്ലബ്യം പോലെ!
ഇനി മേട്ടുക്കടവഴി അല്ലെന്നുണ്ടോ ഈ വണ്ടി പോകുന്നത്? ആട്ടോ എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. തിരഞ്ഞെടുക്കപ്പെട്ട ചില റൂട്ടുകളിലുടെ മാത്രമേ, അത് സർവീസ് നടത്തു.
ബാക്കി റൂട്ടുകാർ ‘വിട്ടു’ നടന്നാൽ മതി...
അല്ല, അവരെയും പറഞ്ഞിട്ടു കാര്യമില്ല. പല റോഡുകളുടെയും ശരീരകാന്തി കണ്ടാൽ ഒരിക്കൽ വന്നവൻ പിന്നെ ഒരിക്കലും വരില്ല.
എന്റെ ആകാംക്ഷ അവസാനിപ്പിച്ചുകൊണ്ട് ഡ്രൈവർ ആട്ടോ സ്റ്റാർട്ട് ചെയ്തു.
വണ്ടി നീങ്ങിയതും അയാൾ എന്നോട് ചോദിച്ചു:
“സാർ, ഇതിൽ നിന്നിറങ്ങിയ പിള്ളാരെ ശ്രദ്ധിച്ചോ?”
ചെറിയ തോതിൽ അവരെ ശ്രദ്ധിക്കാതിരുന്നില്ല ഞാൻ.
“ങും, എന്താ?”
“എന്തിന് പറയുന്നു സാർ? നമ്മുടെ ലോകം പോയ പോക്കേ…”
വല്ല ഫിലോസഫി എം.എക്കാരനുമാണോ ഇയാൾ! അങ്ങനെ ചിലർ ആട്ടോ ഓടിക്കുന്നുണ്ടെന്ന് കേട്ടിരുന്നു.
“സാർ, പാൽക്കുളങ്ങരനിന്ന്, ഈ ‘കൊച്ചും’ രണ്ട് പയ്യന്മാരും കൂടി ഏഴുമണിയോടെ വണ്ടിയിൽ കേറിയതാണ്…”
തുടർന്നുള്ള രംഗങ്ങൾ ഒരു തിരക്കഥാകൃത്തിന്റെ പാടവത്തോടെയാണ് അയാൾ അവതരിപ്പിച്ചത്. ഞാൻ അതൊന്നു പുനരാവിഷ്‌കരിക്കാം:
ഒരുത്തൻ മൊബൈലിൽ കൂട്ടുകാരനെ വിളിച്ചുപറയുകയാണ്.
“നമ്മുടെ അതുലിന്റെ അച്ഛനുമമ്മയും വൈകിട്ടത്തെ വണ്ടിക്ക് ഗുരുവായുരുപോയി. അവന്റെ വീടിന്ന് ഫ്രീയാ.
വരുന്നോ നീ…
നമ്മളെല്ലാമുണ്ട്. വാടാ...
അടിച്ചുപൊളിക്കാമെടോ ഈ രാത്രി…”
ഉടനെ ജീൻസുകാരി ഫോൺ പിടിച്ചുവാങ്ങി.
“ഏയ് ബിനോയ്...
എന്നെ ഇവന്മാരു തട്ടിക്കൊണ്ടുവരുകാ ഹോസ്റ്റലിൽ നിന്ന്...
നീ വരുന്നില്ലേ...
ങേ...
എന്തെങ്കിലും കള്ളം പറഞ്ഞിട്ട് ഇറങ്ങിവാ...
അന്നത്തെ ആ ബൂത്തിന്റെ അവിടെ നിന്നാൽ മതി. ഞങ്ങൾ ഇതാവരുന്നു.”
അവൾ കാൾ കട്ടു ചെയ്തു.
“നേരെ ശാസ്തമംഗലത്തേയ്ക്ക് പോട്ടേ…”
പറഞ്ഞത് അവൾ തന്നെ...
പുറത്ത് വെറും മഴ!
അകത്ത് ചിരിമഴയും. പിന്നെ ജാസിഗിഫ്റ്റിന്റെ ബെല്ല... ബെല്ലേയും!!
ഒരു കാര്യം മനസ്സിലായി.
എല്ലാം സന്പന്ന കുടുംബങ്ങളിലെ സന്തതികളാണ്.
ഏതോ പ്രൊഫഷണൽ കോഴ്സിന് പഠിക്കുകയാണ്. ഭാഷ കേട്ടിട്ട് പെൺകുട്ടി വടക്കോട്ടുള്ളതാണെന്ന് തോന്നുന്നു. തന്നെയുമല്ല, ആൺപിള്ളാരുമൊത്ത് ഇങ്ങനെ നിശോൽസവങ്ങളിൽ പങ്കെടുക്കുന്നത് ഇതാദ്യവുമല്ല. പയ്യന്മാർക്കുള്ള ചമ്മലുപോലും അവൾക്കില്ല. ആട്ടോ ശാസ്തമംഗലത്തെത്തിയപ്പോൾ ഉരുണ്ടുതടിച്ച ഒരു അഴകൊഴന്പൻ ഉള്ളിലേക്ക് തള്ളിക്കേറി.
“എന്ത് പറഞ്ഞ് വീട്ടിൽ?”
അവളാണ് ചോദിക്കുന്നത്...
“പ്രോജക്ട് കംപ്ലീറ്റാക്കാൻ പോകുന്നെന്ന് പറഞ്ഞു…”
അവൾ ചിരിക്കുന്നു…,
എല്ലാവിധ ബഹളങ്ങളോടും കൂടി. എന്നിട്ടു പറയുന്നു.
“അപ്പോൾ നീ...
സത്യം അങ്ങ് പറഞ്ഞു. അല്ലേ?
പിന്നേടാ....
ഒരു കാര്യം ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം. എനിക്കിന്ന് രണ്ടു മണിയാകുന്പോൾ ഹോസ്റ്റലിൽ എത്തണം. അന്നത്തെപ്പോലെ നേരം വെളുത്തിട്ട് കൊണ്ടുവിട്ടാലുണ്ടല്ലോ…”
“രണ്ടുമണി വിട്…
നേരം വെളുക്കും മുന്പ്‌, ആ തള്ള ഉണരും മുന്പ്‌, കൊണ്ടെത്തിച്ചേക്കാം . പ്രോമിസ്…”
വണ്ടി വഴുതയ്‌ക്കാട് ജംഗ്ഷനിൽ എത്തിയപ്പോൾ തൊപ്പിയും വച്ച് കൊടുംമഴയത്ത്
വേറൊരുത്തൻ നിൽക്കുന്നു. പ്രോജക്ട് റെഡിയാക്കാനായിട്ട്...
“എനിക്ക് വിശക്കുന്നു. ലൈറ്റായിട്ടെന്തെങ്കിലും കഴിക്കണം…”
അതും അവൾ തന്നെയാണ് പറഞ്ഞത്...
“ഇപ്പോൾ ഫുഡ് കഴിക്കണോ? അതുൽ അവിടെ ഗ്രാന്റ് ഡിന്നറാണ് ഒരുക്കിയിരിക്കുന്നത്… വിത്ത് ഹോട്ട് ഡ്രിങ്ക്‌സ്…”
അതുകേട്ടതും വെള്ളിക്കണ്ണുള്ള ഒരുത്തന് പാട്ടിളകി...
“നിന്റെ ചിരിമഴ നനഞ്ഞന്റെ അടിമുടി ബെല്ലേ ബെല്ലേ…”
“സ്റ്റോപ്പ്!”
അവൾ അലറി.
“എനിക്കെന്തെങ്കിലും കഴിക്കണം. സ്റ്റാച്യുവിലെ ആ വെജിറ്റേറിയൻ റസ്റ്റോറന്റിലേക്ക് പോട്ടെ…”
“ഒ. കെ. സമ്മതിച്ചു.”
“നിന്റെ മിഴിമുന കൊണ്ടെന്റെ…”
അങ്ങനെയാണ് ആ റിക്ഷ ഞാൻ നിന്ന സസ്യഭോജനശാലയുടെ മുന്നിലെത്തിയത്...
“മതി. ഇവിടെ നിർത്തിക്കോളൂ…” എനിക്കിറങ്ങേണ്ട സ്ഥലമായി.
കൊടുത്ത രൂപ എണ്ണിപ്പോലും നോക്കാതെ അയാൾ പോക്കറ്റിൽ വച്ചു.
“സാർ, ഈ പൊങ്കൊച്ച് എന്തു ധൈര്യത്തിലാ ഇവന്മാരുടെ കൂടെ ഈ രാത്രിയിൽ, അതും ഈ മഴയത്ത് ആ വീട്ടിൽ കേറിപ്പോകുന്നത്!”
“ശ്ശെടാ, ഞാനാണോ ഇതിനൊക്കെ ഉത്തരം പറയേണ്ടത്!”
“അവൾക്ക് ഒരു കുലുക്കവുമില്ല - സാറേ. നാളെ എന്തെങ്കിലും സംഭവിക്കുന്നെങ്കിൽ അവൾക്കല്ലേ സംഭവിക്കു…”
ഇയാൾ ഈ നൂറ്റാണ്ടിലെ ആളല്ലെന്നു തോന്നുന്നു.
“ഓ, അതൊന്നും സാരമില്ല. അതൊക്കെ അവർ മാനേജ് ചെയ്തോളും.”
“അതല്ല സാർ.
ഇവരിത് സ്ഥിരമായിട്ട് വച്ചു നടത്തുകയാ... അവസാനം ഇവളെയൊക്കെ കല്യാണം കഴിച്ചുകൊണ്ടുപോകുന്ന പാവങ്ങളുടെ അവസ്ഥ, ഒന്നാലോചിച്ചു നോക്കിയേ…”
ആലോചിക്കാൻ പറ്റിയ കണ്ടിഷനിലല്ല ഞാൻ. മഴ തലയിൽ വീഴുന്നു.
“ങാ, ഇയാളുപോ…” എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഇടവഴിയിലേയ്‌ക്കുകേറി. പുതിയ തലമുറയെ പഴയ ‘സോഡാ’ ഗ്ലാസുവച്ച് നോക്കാൻ തുടങ്ങിയാൽ വല്ല രക്ഷയുമുണ്ടോ?

Comments

Post a Comment

Popular posts from this blog