പ്രേമത്തിന്
കണ്ണില്ലെങ്കിൽ
കെ.സുദർശനൻ
അതെ; ഒരു ‘മിസ്‌കോളി'ൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം.
അവിചാരിതമായ ഒരു നിമിഷത്തിൽ ശ്രീകുമാറിന്റെ ഫോൺ റിംഗ് ചെയ്യുന്നു.
“ഹലോ..... ഞാൻ നിഷയാ... ഇന്ന് വരുന്നുണ്ടോ?”
ഹായ്! സീറ്റ് വോയ്സ്! അതും ചോദിക്കുന്നതു കേട്ടില്ലേ.... വരുന്നുണ്ടോന്ന്!
സ്വാഭാവികമായും ഒരു ചെറുപ്പക്കാരൻ എങ്ങനെ പ്രതി കരിക്കും?
എന്തിന് ചെറുപ്പക്കാരെ പറയുന്നു! കിളവന്മാരുപോലും...
‘മോളേ. ഇതാ വന്നു കഴിഞ്ഞെ’ന്നായിരിക്കും പറയുന്നത്.
പക്ഷേ, ശ്രീകുമാർ എക്‌സ്‌ട്രാ ഡീസന്റ് ആയിരുന്നു. അതി മര്യാദയോടെയാണ് പുള്ളി പ്രതികരിച്ചത്.
“ഹലോ, നിങ്ങൾ ആരെയാ വിളിച്ചത്?”
“ഇത് നിതീഷല്ലേ..?”
“അല്ല, ശ്രീകുമാറാ… ഇൻഫോ പാർക്കിൽ വർക്ക് ചെയ്യുന്ന…”
“സോറി കേട്ടോ... നമ്പർ മാറിപ്പോയി. സോറി....”
അവിടെ കട്ട് ആകേണ്ടതായിരുന്നു കാര്യങ്ങൾ. പക്ഷേ, ആയില്ല.... പെണ്ണുങ്ങൾ പറയുന്നതുപോലൈ, ‘അനുഭവിക്കാൻ’ വിധി കിടക്കുന്നു!
ആ കണക്ഷൻ ‘കട്ട്’ ആകുന്നതിനു പകരം ‘സ്റ്റാർട്ട്’ ആവുകയാണ് ചെയ്തത്. അതൊരു സൗഹൃദമായി വളർന്നു. വിട്ടുവിട്ട് വിളി തുടങ്ങി. രണ്ടാളും.
എന്തിനു പറയുന്നു- നേരത്തോടുനേരം ആകുന്നതിനുമുമ്പ് ആത്മകഥകൾ കൈമാറിക്കഴിഞ്ഞു.
പണ്ടൊക്കെ ജാതകമായിരുന്നു കൈമാറിക്കൊണ്ടിരുന്നത്. ഇപ്പോൾ, ജാതകം ആർക്കു വേണം! മാത്രമല്ല, അത് ഡെയിഞ്ചറുമാണ്. ഗണിച്ചുവരുമ്പോൾ, കുജനും കുമ്പളങ്ങയും ഒക്കെ കേറി കുറുകെ നിന്നുകളയും. അതുകൊണ്ട് പുതിയ പിള്ളാര് ലൈഫിന്റെ ഫോട്ടോസ്റ്റാറ്റെടുത്ത് കൊടുക്കുകയാണ്, അങ്ങോട്ടുമിങ്ങോട്ടും.
കൊണ്ടുപോയി ഹരിച്ചോ ഗണിച്ചോ നോക്കിക്കോ!
നിഷയുടെ സ്റ്റോറി ശ്രീകുമാറിന് ആദ്യം മുതൽക്കേ ഇന്ററസ്റ്റിംഗായി തോന്നി. മനസ്സിൽ ഫെയിം ചെയ്തുവച്ചിരുന്ന കുറേ സങ്കല്പങ്ങളുണ്ട്.
സാമാന്യ വിദ്യാഭ്യാസം.
സാമാന്യ സൗന്ദര്യം.
സാമാന്യ കുടുംബം.
ചുരുക്കത്തിൽ അസാമാന്യമായി ഒന്നും പാടില്ല; നിഷ്കളങ്കതയല്ലാതെ.
നിഷയുടെ കഥ കേട്ടപ്പോൾ വിശ്വസിക്കാനാകുന്നില്ല. എന്ത് ആഗ്രഹിച്ചോ, അതുതന്നെയാണ് ഈശ്വരൻ അറേഞ്ച് ചെയ്തിരിക്കുന്നത്. ഈ ഈശ്വരന്റെ ഒരു കാര്യം!
പാവം നിഷ!
അനാഥ എന്നു വേണമെങ്കിൽ പറയാം. രണ്ടു വയസ്സുള്ളപ്പോൾ അച്ഛനും അമ്മയും നഷ്ടപ്പെട്ടു. ഒരു അകന്ന ബന്ധുവിന്റെ സ്‌പോൺസർഷിപ്പിലായിരുന്നു വളർന്നതും പഠിച്ചതും.
ബി.എയ്ക്ക് സൈക്കോളജിയായിരുന്നു. നല്ല മാർക്കോടെ പാസ്സായി. പക്ഷേ, തുടർന്നു പഠിക്കാൻ കഴിഞ്ഞില്ല.
നന്നായി പാടും. അത്യാവശ്യം ഡാൻസും. കുറേ പ്രൈസുകളും കിട്ടിയിട്ടുണ്ട്.
കൂടുതൽ കൂടുതൽ അറിയുന്തോറും ശ്രീകുമാറിന് ത്രില്ല് കൂടിക്കൊണ്ടിരുന്നു.
ഐ.ടി.പ്രൊഫഷണൽ എന്ന നിലയ്‌ക്ക് ധാരാളം വിവാഹാലോചനകൾ വരുന്നുണ്ട്, അയാൾക്ക്. ധാരാളം പ്രലോഭനങ്ങളും...
പക്ഷേ, ഉയർന്ന ബന്ധങ്ങൾ അയാൾക്കിഷ്ടമല്ല. പല സുഹൃ ത്തുക്കളുടെയും അനുഭവം അറിയാവുന്നതാണ്. അല്ലെങ്കിലും അയാളുടെ ഫിലോസഫി മറ്റൊന്നായിരുന്നു.
ദൈവം നൽകിയ ഭാഗ്യം അതു കിട്ടാത്ത ഒരാളുമൊത്ത് ഷെയറു ചെയ്യുന്നതാണ് മഹത്വം. അപ്പോൾ മാത്രമേ ജീവിതം ധന്യമാകുന്നുള്ളൂ! അതുകൊണ്ടാണ് നിഷയുടെ ‘പ്രൊഫൈൽ’ കണ്ടപ്പോൾ ഇഷ്ടമായത്.
പക്ഷേ, കഥയുടെ അവസാന ഭാഗത്ത് ശ്രീകുമാർ ഞെട്ടിപ്പോയി. ഒ. ഹെൻട്രി കഥകളിലേതുപോലെ വല്ലാത്തൊരു ട്വിസ്റ്റ്!
നിഷ അന്ധയാണ്. തീരെ കാഴ്ചയില്ല!
എന്തൊരു ക്രൂരനാണ് ദൈവം. ശ്യോ…! കഷ്ടമായിപ്പോയി....
അവിടെവച്ച്, ആ എപ്പിസോഡ് ഈസിയായിട്ട് ക്ളോസ് ചെയ്യാവുന്നതേയുള്ളൂ. ആരായാലും അങ്ങനെയേ ചെയ്യുകയുള്ളൂ. എല്ലാം തികഞ്ഞു മറിഞ്ഞ് നില്ക്കുന്ന എത്രയോ എണ്ണം വിളിപ്പുറത്തുള്ളപ്പോൾ ആരെങ്കിലും അറിഞ്ഞാണ്ട് ഈ....
പക്ഷേ, ശ്രീകുമാർ വ്യത്യസ്തനായിരുന്നു.
അതറിഞ്ഞിട്ടും അയാൾക്ക് അശേഷവും അനിഷ്ടം തോന്നിയില്ല. മറിച്ച് ഒന്നുകൂടി ഇഷ്ടമാവുകയായിരുന്നു… എന്തെന്നില്ലാത്ത ഒരിഷ്ടം!
ഇത്തവണ ഞെട്ടിയത് നിഷയാണ്. അയാൾ അതോടെ പിന്മാറിയേക്കും എന്നാണ് വിചാരിച്ചത്. പകരം, അയാൾ പറഞ്ഞത് ഇങ്ങനെയാണ്.
“നമുക്ക് കണ്ണുകൾ വച്ചുപിടിപ്പിക്കാം. എന്നെ വിശ്വസിക്ക്...”
പക്ഷേ, അവൾ അതുമാത്രം വിശ്വസിച്ചില്ല. കുട്ടിക്കാലം മുതൽ ഇതു കേൾക്കാൻ തുടങ്ങിയതാണ്. വെറും ഒരാശ്വാസവാക്ക്, അത്രതന്നെ.
എങ്കിലും ശ്രീകുമാറിൽ നിന്ന് അതു കേട്ടപ്പോൾ വല്ലാത്ത ഒരാശ്വാസം. അതാണല്ലോ ഈ പ്രേമത്തിന്റെ ഒരു ഇഫക്ട്!
ഒടുവിൽ ആരോ രണ്ടു കണ്ണുകൾ ദാനം ചെയ്തു. സർജറി വിജയമായിരുന്നു. നിഷയ്‌ക്ക് കാഴ്ച കിട്ടി!
ആദ്യം അവൾ കാണാനാഗ്രഹിച്ചത് ആരെയാണെന്ന് പറയേണ്ടല്ലോ.
പക്ഷേ, ആ ‘കാഴ്ച’ അവൾക്ക് താങ്ങാനായില്ല. വല്ലാത്ത ഷോക്കായിപ്പോയി...
ശ്രീകുമാറും തന്നെപ്പോലെ ഒരു അന്ധനാണെന്ന് അവൾ അറിയുന്നതപ്പോഴാണ്.
ആ കുരുടനെ കണ്ടപ്പോൾ അവൾക്ക് നിരാശ തോന്നി. ഒരു രസവുമില്ല. അയാളെ കാണാൻ. ഇത്രനാൾ സ്വപ്നം കണ്ട ആ യംഗ് സ്മാർട്ട് ഗൈ എവിടെ... ഈ കണ്ണുപൊട്ടൻ എവിടെ?
ചുമ്മാതല്ല, തന്നോടിയാൾക്ക് കമ്പം കേറിയത്...
നാശം! ഇതിലെന്തോ ചതിയുണ്ടെന്ന് ആദ്യമേ തോന്നിയതാണ്. ഛെ! എത്ര രാത്രികളാ വെറുതെ വേസ്റ്റ് ആക്കിയത്.
“നിഷേ... എന്നെ നിനക്ക് കണ്ടുകൂടേ? എന്താ നീ ഒന്നും മിണ്ടാത്തത്? എന്താ, കാഴ്ചയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?”
“കാഴ്ചയ്‌ക്ക് പ്രശ്നമൊന്നുമില്ല.”
“പിന്നെ?”
“താനിത്ര ചതിയനാണെന്ന് ഞാനറിഞ്ഞില്ല.”
“എന്താ, എന്തു പറ്റി?”
“തനിക്കിത് ആദ്യമേ പറയാമായിരുന്നു... ഇങ്ങനെ കണ്ണു പൊട്ടനാണെന്നറിഞ്ഞിരുന്നെങ്കിൽ ഞാനീ വിഡ്ഢിവേഷം കെട്ടില്ലായിരുന്നു. ചുമ്മാതല്ല, ആണുങ്ങളെ വിശ്വസിക്കാൻ പാടില്ലെന്നു പറയുന്നത്. ഏതായാലും ദൈവം എന്നെ രക്ഷിച്ചു. മേലിൽ, എന്റെ നമ്പരിൽ വിളിക്കരുത്. എന്നെ ഇനി ശല്യം ചെയ്യാൻ വന്നേക്കരുത്. ഗുഡ് ബൈ...”
അവൾ വെട്ടിത്തിരിഞ്ഞു നടന്നു.
‘ഡെർട്ടി ഡെവിൾ’ എന്ന് പിറുപിറുത്തുകൊണ്ട്.
അവൾ പോയ കാര്യം ശ്രീകുമാർ അറിഞ്ഞില്ല. അവൾ അവസാനം പറഞ്ഞത് കേട്ടതുമില്ല. എങ്കിലും ശൂന്യതയിലേക്കു നോക്കി അയാൾ ഗദ്ഗദത്തോടെ മൊഴിഞ്ഞു.
“നിഷേ... എന്നെ നീ വെറുത്തോളൂ. പക്ഷേ, എന്റെ ആ കണ്ണുകളെ നീ പൊന്നുപോലെ നോക്കിക്കോണേ...”
മനസ്സ് പരസ്പരം പണയം വയ്ക്കുന്നതാണല്ലോ പ്രണയം. പക്ഷേ, അതിലുമുണ്ട് മുക്കുപണ്ടങ്ങൾ! പ്രേമത്തിന് കണ്ണ് കണ്ടുകൂടെന്നു പറയും. പക്ഷേ, ശരിക്കും, ‘കണ്ടു’തന്നെ, പ്രേമിക്കണം. ഇല്ലെങ്കിൽ നമ്മുടെ ശ്രീകുമാറിനെപ്പോലെ പ്രേമിക്കാൻ പോകു ന്നവർക്ക് ഒടുവിൽ കണ്ണുകണ്ടുകൂടാതെയാകും!
Comments
Post a Comment