പഞ്ചിംഗ് 18

കെ.സുദർശനൻ


സൂസന്ന 

പ്പോഴും 

പ്രണയത്തിലാണ്


 നഗരത്തിലെ സമ്പന്ന 
 കുടുംബങ്ങൾ ആഴ്ചയിലൊരിക്കൽ അവിടെ ഒത്തുകൂടും. അവിടെയെന്നു പറഞ്ഞാൽ ആ കടൽത്തീരത്ത്.
ലോകപ്രശസ്തമായ കടൽത്തീരത്ത്!
മിക്കവാറും സായാഹ്നങ്ങളിലാണ് അതു സംഭവിക്കുന്നത്.
അവിടെ, അവർ പല പല വിഷയങ്ങൾ വിശകലനം ചെയ്‌യും. ഓരോ ദിവസവും ഓരോന്നായിരിക്കും. സാഗരം സാക്ഷിയായുള്ള ആ സംവാദങ്ങൾ സന്ധ്യ പൊലിയുന്നതോടെ സമാപിക്കുകയും ചെയ്‌യും.
അന്ന് അവർ പോസ്റ്റുമോർട്ടത്തിനെടുത്തത് പ്രണയമായിരുന്നു.
നമ്മുടെ പ്രേമമേ!
"പ്രേമമേ നിൻ പേരു കേട്ടാൽ പടിയാം..." എന്ന് ആശാൻ പണ്ടേ പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണെന്നും പറഞ്ഞിട്ടുണ്ട്.
ശാന്റെ  കവിതകളിലൂടെ തീർത്ഥയാത്ര ചെയ്‌തിട്ടില്ലാത്തവർക്കായി ആ വരികൾ ആവർത്തിക്കാം.
“...പേടിയാം,
വഴിപിഴച്ച കാമകിങ്കരൻമാർ
ചെയ്‌യും കടുംകൈകളാൽ...!”
വെറുതെയാണോ കവികളെ കാന്തദർശികളെന്നും പ്രവാചകൻമാരെന്നും മഹർഷീശ്വരൻമാരെന്നുമൊക്കെ പറയുന്നത്? എത്ര കൃത്യമായി പിൽക്കാലസത്യങ്ങൾ അദ്ദേഹം പദ്യത്തിൽ കൊത്തിവച്ചിരിക്കുന്നു.
പ്രേമത്തിന്റെ ലേബലിൽ വരുംകാലങ്ങളിൽ വരാൻ പോകുന്നത് കാമകിങ്കരൻമാരാണെന്നും അത് വഴിപിഴച്ചുള്ള ഒരു വരവായിരിക്കുമെന്നും ഒടുവിൽ കടുംകൈകൾ വരെ ചെയ്‌തേക്കുമെന്നും അതുകൊണ്ടുതന്നെ പ്രേമമെന്നു കേൾക്കുന്പോൾ രക്ഷപ്പെട്ടോണമെന്നും ശക്തമായി താക്കീതു ചെയ്‌യുകയാണ് ആശാൻ ഈ വരികളിലൂടെ...
പക്ഷെ ആരു കേൾക്കാൻ! 
ആരു വായിക്കാൻ!
പ്രണയാതുരരായ അല്ലയോ, സഹോദരീ സഹോദരന്മാരേ...
ഇനിയെങ്കിലും കവിത കൂടെ ഇടയ്‌ക്കൊന്ന് വായിക്കണം.

നമുക്ക് കടൽത്തീരത്തേക്ക് തിരിച്ചുവരാം. അവിടെ ചർച്ച മൂത്തുകഴിഞ്ഞു.
പ്രേമം. അതു സത്യമാണോ?
അത് ധീരമാണ്. മധുരമാണ്, മയിൽപ്പീലി പോലെയാണ് എന്നൊക്കെ പറയുന്നുണ്ടല്ലോ.
എനി ട്രൂത്ത്?
ഈ അനശ്വരപ്രേമം എന്നൊക്കെ പറയുന്നത് ഒരു ക്ലീൻ പറ്റിപ്പല്ലേ? അങ്ങനെ അനശ്വരമായിട്ട് ആർക്കെങ്കിലും ആരെയെങ്കിലും പ്രേമിക്കാനാകുമോ?
പോട്ടെ, ഒരഞ്ചുവർഷം പറ്റുമോ?
പോട്ടെ, രണ്ടുവർഷം തികച്ചുപറ്റുമോ? കോൺട്രാക്‌ട് അടിസ്ഥാനത്തിലായാൽപ്പോലും?
ഇതൊന്നും ഞാൻ പറയുന്നതല്ല. അറിയാമല്ലോ. ആ ഡിസ്‌കഷനിൽ എഴുന്നേറ്റുവന്ന സംശയങ്ങളാണ്.
അതിനിടയ്‌ക്ക് ആരോ പറഞ്ഞു. പ്രേമം ഐസ്‌ക്രീം പോലെയാ ണെന്ന്. ഐസ്‌ക്രീം പാർലർ പോലെയാണെന്ന് പറയാത്തത് ഭാഗ്യം! ഐസ്‌ക്രീം എന്നുപറയാൻ കാരണമുണ്ട്.
ആദ്യം നുണയുന്പോഴുള്ള മാധുര്യം, നുണഞ്ഞു നുണഞ്ഞ് വരുന്പോൾ ഇല്ല! “പ്രേമം ഉപ്പുഡെപ്പി പോലെയാണ്.” വേറൊരാൾ എഴുന്നേറ്റു.
“അതെന്താ?”
“ആഗ്രഹിച്ചു കുടഞ്ഞാൽ വരില്ല. അല്ലാത്തപ്പോൾ, കട്ടയോടെ വീഴും.”
“പ്രേമം എണ്ണകാച്ചുന്നപോലെയാണ്." വേറൊരു ഗവേഷകൻ.
“എപ്പേഴും ഇളക്കിക്കൊണ്ടിരിക്കണം. അല്ലെങ്കിൽ..."
പെട്ടെന്ന് ഒരു ഭീകര ശബ്‌ദം.
സമുദ്രത്തിൽ എന്തോ സംഭവിച്ചു.
ഒരു സ്‌ഫോടനം പോലെ എന്തോ.
എഴുന്നേറ്റുപോയി എല്ലാവരും.
അതാ, സമുദ്രമധ്യത്തിൽ ഒരു മല!
ഹൈജമ്പ് ചെയ്‌തുവന്ന് നിൽക്കുന്നതുപോലെ!
നിമിഷങ്ങൾ നീങ്ങുകയാണ്...
പൊടുന്നനെ അത് താഴെപ്പോയി, മറ്റൊരു സ്‌ഫോടനത്തോടെ!
ഹാവൂ!
ഓരോരുത്തരായി ഇരുന്നു. ഇരുന്നെങ്കിലും സംസാരശേഷി 'ഓണാ'വുന്നില്ല.
"പ്രമം ഐസ്‌ക്രീമാണ്, ഫിഷ് കറിയാണ്, ഡിഷ് ആന്റിനയാണ് എന്നൊക്കെ പറഞ്ഞല്ലോ നിങ്ങൾ. അതിനുള്ള ആൻസറാണ് ആ കണ്ടത്!”
അതുവരെ നിശ്ശബ്‌ദനായിരുന്ന ഒരു വൃദ്ധൻ പെട്ടെന്ന് വാചാലനായി.
എല്ലാവരും ചെവിയിൽ നിന്ന് അങ്ങോട്ട് കേബിൾ വലിച്ചു.
“ആ ഉയർന്നു താഴ്ന്നത് ഒരു ഐലൻഡാ. പന്ത്രണ്ടു വർഷം കൂടുന്പോൾ അതിങ്ങനെ സമുദ്രനിരപ്പിൽ നിന്ന് പൊങ്ങും. വീണ്ടും താഴും."
അപസർപ്പക മൂഡിലാണ് ഓഡിയൻസ്.
വൃദ്ധൻ കഥ തുടങ്ങി;
ഒരിക്കൽ ആ ദ്വീപിൽ ഞാൻ പെട്ടുപോയി. ഒരു ബിസിനസ് ട്രിപ്പിനിടയിൽ, കപ്പൽ തകർന്ന്...
ഓർമ്മവരുന്പോൾ അരണ്ട വെളിച്ചം. ചുറ്റും വേരുകളും വള്ളിച്ചെടികളും .
ആരെ കിട്ടിയാലും കശാപ്പു ചെയ്‌യാനുള്ള വിശപ്പ്.
കുറേ ഉള്ളിലോട്ട് നടന്നു. ദൂരെ ഒരു റാന്തൽ വിളക്കുപോലെ, നേരെ അങ്ങോട്ടുവിട്ടു. പുറത്തുനിന്ന് നോക്കിയിട്ട് ഒരു ഗുഹപോലെയുണ്ട്.
രണ്ടും കൽപിച്ച് പുറത്തുകണ്ട പലകയിൽ തട്ടി.
ഒരു സ്ത്രീ ഇറങ്ങിവന്നു. ജരാനരകൾ ബാധിച്ച ഒരു വൃദ്ധ, ഒരു കാലത്ത് സുന്ദരിയായിരുന്നതിന്റെ അടയാളങ്ങൾ കാണാനുണ്ട്, ഇപ്പോഴും!
ഇവരെങ്ങനെ ഇവിടെ!
അല്ല, നാട്ടിലെ ഭാഷയാണല്ലോ സംസാരിക്കുന്നത്?
അകത്തേക്കിരിക്കാൻ പറഞ്ഞു, അവർ.
വിസ്‌താരമുള്ള ഒരു ഗുഹ. പരിമിതമായ സൗകര്യങ്ങളേ അവിടെയുള്ളൂ...
സ്റ്റൂളുപോലെയുള്ള ഒരു ഉരുളൻ കല്ലിൽ കേറിയിരുന്നു. കഴിക്കാൻ എന്തോ എടുക്കാൻ പോയിരിക്കുകയാണ് അവർ.
ആഗതൻ ആ അന്തരീക്ഷത്തെ വിസ്‌തരിച്ച് ആസ്വദിക്കുകയാണ്. പെട്ടെന്ന് അയാൾ പിടഞ്ഞെണീറ്റു.
തൊട്ടുമുന്പിൽ ഒരു ആൾ രൂപം! മാംസം വറ്റി, ഞരന്പുമുറുകി...
കുണ്ടിലാണ്ട കണ്ണുകൾ...
ഗോലി പോലെയുണ്ട് കൃഷ്‌ണമണി...
വള്ളികൾകൊണ്ട് ഒരു വലയുണ്ടാക്കി, ആ രൂപത്തെ അതിനുള്ളിൽ കിടത്തിയിരിക്കുകയാണ്.
തൊട്ടിൽ പതിയെ ആടുന്നുണ്ട്.
ഇരിക്കണോ അതോ ഓടണോ!
അപ്പോഴേക്കും അവരെത്തി.
ഒരു മൺപാത്രത്തിൽ പുഴുങ്ങിയ കിഴങ്ങ്. ചിരട്ടപോലെ ഒന്നിൽ കുറച്ചുവെള്ളവും. പിന്നൊന്നും ആലോചിച്ചില്ല. അന്നം ബ്രഹ്മഃ എന്നല്ലേ?
ഇവിടെ അന്നമല്ല, കിഴങ്ങാണ്.
വയറ് ലൈവായപ്പോൾ വിശേഷങ്ങൾ അറിഞ്ഞാൽ കൊള്ളാമെന്നായി.
അറിഞ്ഞപ്പോഴോ?
ബഹുവിശേഷം!
ഏതാണ്ട് അറുപതു വർഷം മുന്പ് അരങ്ങേറിയ ഒരു പ്രണയത്തിന്റെ ലാസ്റ്റ് റീലാണ് അവിടെ ഓടുന്നത്.
ഐസ്‌ക്രീം പ്രേമമായിരുന്നില്ല അത്. അനശ്വരപ്രണയം തന്നെ!.
കോളിളക്കം സൃഷ്‌ടിച്ച സംഭവമായിരുന്നു എന്നൊന്നും പറഞ്ഞാൽപ്പോരാ… അത്രയ്‌ക്ക് എക്‌സ്‌പ്‌ളോസീവും എക്‌സ്‌ട്രാ ഓർഡിനറിയും ആയിരുന്നു ആ ഇൻസിഡന്റ്.
ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ സമാനതകളില്ലാത്ത അനുഭവം.
സൈന്യത്തിലെ മേധാവികളിലൊരാളുടെ മകളായിരുന്നു അവൾ...
പേര് സൂസന്ന.
രൂപവതി.
പതിനാറോ പതിനേഴോ പ്രായം.
സായന്തനങ്ങളിൽ അവൾ ബാൽക്കണിയിൽ ഇറങ്ങി നിൽക്കുമായിരുന്നു. കാറ്റുകൊള്ളാനും കാഴ്ചകൾ കാണാനും...
പ്രധാന കാഴ്ച ആ പരേഡുതന്നെ...
തോക്കും പിടിച്ച് പട്ടാളക്കാർ ചവിട്ടിത്തേച്ച് ചവിട്ടിത്തേച്ച് പോകുന്ന പരേഡ്.
ലെഫ്റ്റ്… റൈറ്റ്…, ലെഫ്റ്റ്.., റൈറ്റ്…, ലെഫ്റ്റ്... റൈറ്റ്.., ലെഫ്റ്റ്…
അതിൽ ഒരു 'ലെഫ്റ്റ് റൈറ്റിനെ' അവൾ നോട്ടമിട്ടു.
പുള്ളിക്കാരനും കണ്ണുകൾ കൊണ്ട് വേറെ ‘ലെഫ്റ്റ്… റൈറ്റ്’ നട ത്തുന്നുണ്ടായിരുന്നു.
അധികം സമയമെടുത്തില്ല.
ഏറിയാൽ ഒരു ഏഴു പരേഡ്.
എട്ടാം ദിവസം പരേഡിന് ഒരാൾ കുറവ്.
ബാൽക്കണിയിൽ ഒരാഴ്ചയായി പരേഡ് കണ്ടുനിന്ന ആളെയും കാൺമാനില്ല.
വിടുമോ സൈനികോദ്യോഗസ്ഥൻ?
അന്വേഷണത്തോട് അന്വേഷണം... അരിച്ചുപെറുക്കുകയാണ് എല്ലായിടവും. അടുപ്പിൽ വെള്ളം വെട്ടിത്തിളയ്‌ക്കുന്നു. കിട്ടിയാൽ വെട്ടി സൂപ്പാക്കാൻ.
പക്ഷെ, കിട്ടണ്ടേ?
‘ലെറ്റ്… റൈറ്റ്’ ആരാ മോൻ!
ആരുമാരും കടന്നുവരാത്ത ഒരിടത്തേക്ക് അയാൾ സൂസന്നയുമായി സ്ഥലം വിട്ടു. അങ്ങനെ വന്നുചേർന്നതാണ് ഈ ദ്വീപിൽ. ഇപ്പോൾ ഈ പരുവമായി...!
പെട്ടെന്ന് തൊട്ടിലിൽ ഒരു ചുമ, കുരുക്കിക്കുരുക്കിയുള്ള ചുമ.
ആ സ്ത്രീ, ഒരു കുഞ്ഞിനെയെന്നപോലെ ആ മനുഷ്യനെ ശുശ്രൂഷിക്കുന്നതുകണ്ടോ! ചുണ്ടിലൂടെ ചാടിയതൊക്കെ എത്ര ക്ഷമയോടെയും സ്‌നേഹത്തോടെയും തുടച്ചുമാറ്റുന്നു. എന്നിട്ട് സൂക്ഷ്മതയോടെ പഴയതുപോലെ ചാരിക്കിടത്തുന്നു.
സമ്മതിക്കണം.
“പശ്ചാത്താപം തോന്നിയിട്ടില്ലേ? ഒരിക്കലും?"
ചോദിക്കരുതാത്ത ചോദ്യമാണത്.
എന്നിട്ടും അവർ ചിരിച്ചു. പോയകാല സൗഭാഗ്യങ്ങൾ ആ ചിരിയിൽ പീലിവിടർത്തുന്നു.
“ഒരിക്കലുമില്ല. ഞങ്ങൾ ഇപ്പോഴും പ്രണയത്തിലാണ്. പണ്ടത്തെ അതേ തീവ്രതയിൽ."
എന്തോ ഓർക്കാൻ ശ്രമിച്ചിട്ട് അവർ തുടർന്നു:
“വിശ്വസിക്കുമോ എന്നറിയില്ല. ഓരോ നിമിഷം കഴിയുന്തോറും ഞങ്ങളുടെ അനുരാഗത്തിന്റെ ആഴം കൂടിവരികയാണ്...."
ഇല്ല. വിശ്വസിച്ചില്ല.
വിശ്വസിച്ചിരുന്നെങ്കിൽ അടുത്ത ചോദ്യം ഒഴിവാക്കാമായിരുന്നു.
“ഒന്നും തോന്നരുത്. ഇദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ...”
അപ്പോഴും ചിരിച്ചതേയുള്ളൂ അവർ.
“അതിനെക്കുറിച്ച് ഞാൻ ആലോചിച്ചിട്ടില്ല."
കഥ നിന്നു.
ആരും മിണ്ടുന്നില്ല.
മൂപ്പിലാൻ രോഷാകുലനായി ചോദിക്കുന്നു.
“ഇനി പറയൂ. അലിഞ്ഞുതീരുന്ന ഐസ്‌ക്രീമാണോ പ്രേമം?”
ആരും പ്രതികരിച്ചില്ല.
എന്തു പ്രതികരിക്കാൻ!
ഒരു വിദേശ കഥാകൃത്തിന്റെ വിഖ്യാതമായ ചെറുകഥയാണിത്. പറഞ്ഞില്ലെങ്കിൽ ഇനി ഞാനെഴുതിയതാണെന്നുവച്ച് ആരെങ്കിലുമെടുത്ത് പരിവർത്തനപ്പെടുത്തിയാലോ!
നല്ല കഥ കിട്ടാനില്ലെന്ന് ഫിലിം ഫെസ്റ്റിവൽ കാണാൻ വന്ന ആരോ ഈയിടെ പറയുന്നതും കേട്ടു.
പ്രേമത്തെക്കുറിച്ച് പറഞ്ഞുതന്നെ അവസാനിപ്പിക്കാം.
പ്രേമം ദിവ്യമാണ്.
അനർഘമാണ്.
അതിനെ മിസ് യൂസ് ചെയ്‌യരുത്…


 

Comments

Popular posts from this blog