പഞ്ചിംഗ് - 20

കെ.സുദർശനൻ


ആദ്യത്തെ
 കല്ല്


രു സായാഹ്നം.

കമനീയമായ അന്തരീക്ഷം.
ഒരു പാറയുടെ മുകളിലിരിക്കുകയാണ് ക്രിസ്‌തു.
ഗഹനമായി എന്തോ ആലോചിച്ചുകൊണ്ട്...
പെട്ടെന്ന് ഒരു ബഹളം. തിരിഞ്ഞുനോക്കുന്പോൾ ആയിരക്കണക്കിനാളുകൾ അങ്ങോട്ടു വരികയാണ്. എന്തൊക്കെയോ ആക്രോശിച്ചുകൊണ്ട്.
എന്താ പ്രശ്നം?
പിടികിട്ടുന്നില്ലല്ലോ!
ജനക്കൂട്ടം ക്രിസ്‌തുവിനു മുന്നിലെത്തി. അവരുടെ നേതാവെന്നു തോന്നിക്കുന്നയാൾ വിളിച്ചുപറഞ്ഞു:
“യേശുവേ, ഈ സ്‌ത്രീയെ കണ്ടോ?”
നോക്കുന്പോൾ നമ്രശിരസ്‌കയായി ഒരുവൾ നിൽക്കുന്നു. നിറഞ്ഞ കണ്ണുകളും ഉലഞ്ഞ മുടിയും.
“ഇവൾ വേശ്യയാണ്. ഇവളാണ് മഗ്‌ദലനക്കാരി മറിയ”.
വേറൊരാൾ ഇടയ്‌ക്കുകയറി.
“സമൂഹത്തിലെ പുഴുക്കുത്താണിവൾ.”
“നാട്ടുനടപ്പനുസരിച്ച് ഇവളെ കല്ലെറിഞ്ഞു കൊല്ലേണ്ടതാണ്”.
ക്രിസ്‌തു ഒന്നും മിണ്ടിയില്ല. അനുഭാവപൂർവം മറിയയെ ഒന്നു നോക്കുകമാത്രം ചെയ്‌തു.
“കല്ല് ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എറിയാനുള്ള അനുവാദം മാത്രം തന്നാൽ മതി!” അടുത്തയാൾ പറഞ്ഞു.
“ആയിക്കോളൂ. പക്ഷേ, ഒരു കാര്യം…”
ക്രിസ്‌തുവിന്റെ ചുണ്ടുകൾ അനങ്ങി. എല്ലാവരും കാതുകൂർപ്പിച്ചു.
“നിങ്ങളിൽ പാപം ചെയ്‌യാത്തയാൾ ആദ്യത്തെ കല്ലെറിയുക”.
എന്നിട്ട് ക്രിസ്‌തു, അകലെയെങ്ങോ നോക്കിയിരുന്നു.
വാർന്നുകൊണ്ടിരിക്കുകയാണ് നിമിഷങ്ങൾ. അരമണിക്കൂർ കഴിഞ്ഞിരിക്കും. അദ്ദേഹം മുഖം തിരിച്ചു. ആൾക്കൂട്ടം അവിടെയില്ല.
പക്ഷേ, അവൾ അവിടെത്തന്നെയുണ്ട്. ആ മഗ്‌ദലനക്കാരി. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. അപരാധബോധത്താൽ ഉരുകിയുരുകി ഇല്ലാതാകുന്നതുപോലെ.
“മകളേ…”
ക്രിസ്‌തുവിന്റെ ശബ്‌ദം ആർദ്രമായിരുന്നു. അവൾ മിഴിതുടച്ചു. ശ്രദ്ധാപൂർവം നോക്കി.
“വിഷമിക്കണ്ട. പോയി നല്ലവളായി സ്‌ത്രീയായി ജീവിക്ക്".
മറിയ തിരിച്ചുപോയി.
കുമാരനാശാന്റെ നായിക പോയതുപോലെയല്ല. കുമാർഗ്ഗത്തിൽ നിന്ന് സുമാർഗ്ഗത്തിന്റെ ഉദ്യാനത്തിൽ വന്ന് അൽപനേരം നിന്നിട്ട് വീണ്ടും പഴയ'കുള'ത്തിലേക്ക് തിരിച്ചുപോകുന്ന ആ നായികയെ ഓർക്കുന്നില്ലേ?
വാസവദത്ത!
ആ പോക്കിനെക്കുറിച്ച് ആശാൻ വർണ്ണിക്കുന്നത് ‘അരയന്നപ്പിടപോലെ കുണുങ്ങിക്കൊണ്ട്’ എന്നാണ്. പക്ഷേ, മറിയ പോയത് ദത്തയെപ്പോലെ ‘അരയന്നപിഴ'യായിട്ടല്ല.
രണ്ടുമാസം കഴിഞ്ഞു. മറിയ ഇപ്പോൾ നല്ലവളാണ്. പഴയ അവിശുദ്ധജീവിതം അവൾ ഉപേക്ഷിച്ചു കഴിഞ്ഞു.
ഒരു ദിവസം തെരുവിലൂടെ മറിയ ഒറ്റയ്‌ക്ക് നടന്നുവരുകയാണ്.
എതിരെ അയാൾ.
തന്നെ കല്ലെറിഞ്ഞു കൊല്ലാൻ ക്രിസ്‌തുവിന്റെ അടുത്തേയ്‌ക്ക് കൂട്ടിക്കൊണ്ടുപോയ ആ ‘നല്ല’ മനുഷ്യൻ!
രണ്ടുപേരും പരസ്‌പരം കണ്ടു.
മറിയ, മുന്നോട്ടുപോകാൻ ഭാവിച്ചപ്പോൾ അയാൾ വിളിച്ചു.
“സ്‌ത്രീയേ, അവിടെ നിൽക്കൂ. നിന്നോട് ഞങ്ങളെല്ലാം എത്ര തവണ പറഞ്ഞു, നല്ലവളായി ജീവിക്കാൻ. നീ കേട്ടില്ല. ഒടുവിൽ ആ യേശുപറയാത്ത താമസം നീ അനുസരിച്ചു. അപ്പോൾ ഞങ്ങൾ ആരായി!"
മറിയ മിണ്ടിയില്ല.
അയാൾ ചോദ്യം ആവർത്തിച്ചു.
“എന്താ അതിന്റെ രഹസ്യം?”
“ഒരു രഹസ്യവുമില്ല”.
മറിയ പറഞ്ഞു: “അദ്ദേഹം എന്നെ ‘മകളേ’ എന്നു വിളിച്ചു. ആരും അങ്ങനെ എന്നെ വിളിച്ചിട്ടില്ല. ആ വിളി കേട്ടപ്പോൾ ഞാൻ അലിഞ്ഞുപോകുന്നതുപോലെ തോന്നി. പിന്നെ അറിയാതെ മാറിപ്പോവുകയായിരുന്നു ഞാൻ.”
കണ്ടോ, ഇതാണ് സഹഹൃദയം സ്വാധീനിക്കുന്ന വിധം! അത് അറിയുന്നവനും അതിനു കഴിയുന്നവനുമാണ് നേതാവ്. അല്ലാതെ തൊണ്ട കീറി പ്രസംഗിച്ചതുകൊണ്ടോ, ജൗളി കഞ്ഞിമുക്കിയുടുത്തതുകൊണ്ടോ ആരും നേതാവാകുന്നില്ല.
നമുക്കുമുണ്ടല്ലോ നേതാക്കന്മാർ. എന്തെല്ലാമാണ് അവർ നമ്മെ വിളിക്കുന്നത്. തിരഞ്ഞെടുപ്പു കാലമായാൽപ്പിന്നെ നമ്മളെല്ലാം മോനും മോളുമാണ്.
എന്തെല്ലാം വിളിച്ചിട്ടും ആരെങ്കിലും മാറിയോ.
അവരു മാറിയതല്ലാതെ!
എന്താ കാര്യം?
ഈ വിളിയെല്ലാം പൊളിയാണെന്ന് നമുക്കറിയാം.
അപ്പോൾ, എന്തെങ്കിലുമങ്ങു വിളിച്ചാൽ പോരാ. ആ വിളിക്കുന്നയാൾക്ക് അതിനുള്ള ‘ക്വാളിറ്റി’ വേണം. ജനമനസ്സിൽ അദ്ദേഹത്തിന് ഒരു സ്ഥാനം ഉണ്ടാവണം.
നേതൃത്വത്തെപ്പറ്റി വിഖ്യാതമായ ഒരു നിർവചനമുണ്ട്:
‘ഒരു വ്യക്തിയെയോ സമൂഹത്തെയോ ഹിതകരമല്ലാത്ത സാഹചര്യങ്ങളിൽപ്പോലും മഹത്തായ മാർഗങ്ങളിലെത്തിക്കാൻ സഹായിക്കും വിധം സ്വാധീനിക്കുന്ന പ്രക്രിയയാണ് നേതൃത്വം’.
അഭിനവനേതാക്കന്മാർ ഇന്പോസിഷൻ എഴുതി പഠിക്കേണ്ട വാചകമാണിത്. നേതാവായിക്കഴിഞ്ഞവരെ ഒഴിവാക്കാം. കതിരിന്മേൽ വളം വച്ചിട്ടെന്ത്!
ഈ വചനത്തിൽ ചില്ലിട്ടുവയ്‌ക്കേണ്ട ഒരു വാക്കുണ്ട്: ‘സ്വാധീനിക്കുന്ന…’
ഇന്ന് നമ്മളെ സ്വാധീനിക്കാൻ കഴിയുന്ന എത്ര നേതാക്കന്മാരുണ്ട്?
വേണ്ട- പറയണ്ട... മനസ്സിൽ സൂക്ഷിച്ചാൽ മതി ഉത്തരം!
ഇന്ന് നേതാക്കന്മാർക്ക് ‘നമ്മളെ സ്വാധീനിക്കാനേ' പ്രയാസമുള്ളു. നമുക്ക് നേതാക്കന്മാരെ സ്വാധീനിക്കാൻ ഒരു പ്രയാസവുമില്ല!
ലോകം ഉണ്ടായതിനുശേഷം നാലായിരത്തി അഞ്ഞൂറോളം യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. ഇതിൽ രണ്ടേ രണ്ടു യുദ്ധങ്ങൾ മാത്രമേ നമുക്ക് ഓർമ്മയുള്ളു.
ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും! ഈ മഹായുദ്ധങ്ങളെ നമുക്ക് തൽക്കാലം മറക്കാം. ബാക്കിയുള്ള അനേകായിരം യുദ്ധങ്ങൾ എന്തിനുവേണ്ടിയായിരുന്നു? ആർക്കുവേണ്ടിയായിരുന്നു?
ഒരു സംശയവും വേണ്ട!
എല്ലാം അതാതുകാലത്തെ നേതാക്കന്മാർക്കുവേണ്ടിത്തന്നെ.
‘നേതൃത്വദോഷം’ കൊണ്ട് ഉണ്ടായതാണ് ആ ചോരപ്പുഴകളൊക്കെ!
ലോകം ഒന്നടങ്കം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമാണ് നേതൃദോഷം.
എന്തിനധികം പറയുന്നു. നമ്മുടെ വീടുകളിലുണ്ടോ ലീഡർ മാർ? പല വീടുകളിലും ലീഡു ചെയ്‌യേണ്ടയാളിനെ ‘മറ്റേയാൾ’ സീലു ചെയ്‌ത് ഒരു ഭാഗത്തിരുത്തിയിരിക്കയല്ലേ!
പിന്നെങ്ങനെ ആ വീട് രക്ഷപ്പെടും!
അതുകൊണ്ടാണ് ഏതോ ലീഡറെക്കുറിച്ച് മലബാറിലെ ഏതോ പ്രഭാഷകൻ പറഞ്ഞത്:
“അദ്ദേഹം ലീഡറല്ല, ഡീലറാണ്” എന്ന്!
ആ നിലയിലാണ് കാര്യങ്ങൾ!
ചിലർ പറയുന്നതു കേട്ടിട്ടില്ലേ-
“കണ്ടിട്ട് ഒരു നേതാവിനെപ്പോലെയുണ്ടല്ലോ!”
നമ്മുടെ നാട്ടിൽ ഖദറിട്ടാൽ ലീഡറായി. പലരും ഇട്ടിരിക്കുന്നത് ‘കള്ള’ ഖദറാണ്. നല്ല ഖദറ് കിട്ടാനില്ല.
ഖദറിൽ നല്ലതേത് ചീത്തയേത് എന്നു നിർണയിക്കാൻ മാത്രം ലക്‌നൗവിൽ ഒരു ഓഫീസ് പ്രവർത്തിച്ചിരുന്നതായി കേട്ടിട്ടുണ്ട്.
ലീഡർമാരുടെ ലീഡറായിരുന്നല്ലോ മഹാത്മാഗാന്ധി. പുതിയ ലീഡർമാർ സമ്മതിച്ചാലും ഇല്ലെങ്കിലും. ഓരോ ഭാരതീയന്റെയും എക്കാലത്തെയും അനിഷേധ്യനായ നേതാവ് ഗാന്ധിജി തന്നെയാണ്. അദ്ദേഹത്തിന്റെ ഭൗതികമായ അസാന്നിദ്ധ്യം വിഷയമല്ല. സ്വന്തം ജീവിതം തലമുറകൾക്ക് സന്ദേശമായും പാഠപുസ്‌തകമായും സമ്മാനിച്ചിട്ടു പോയ ആൾ!
അദ്ദേഹം ഇരുന്പുചട്ട ധരിച്ചിരുന്നില്ല.
സുരക്ഷാവലയം സൂക്ഷിച്ചിരുന്നില്ല.
അവസാന നിമിഷംവരെ ജനങ്ങൾക്കുവേണ്ടി ജനങ്ങൾക്കിടയിൽ ജീവിച്ച ആ വലിയ മനുഷ്യനെക്കുറിച്ച് പിന്നീട് ആരോ പറയുന്നതു കേട്ടു.
"ഗാന്ധി എന്താക്കി?”
“മാന്തി പുണ്ണാക്കി!”
കഷ്ടം!
ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം കിട്ടുന്പോൾ ഗാന്ധി ഡൽഹിയിലില്ല. അദ്ദേഹം കൽക്കത്തയിലാണ്. ദില്ലിയിൽ സ്വതന്ത്ര സുപ്രഭാതത്തിന്റെ ഘോഷങ്ങൾ നടക്കുന്പോൾ കൽക്കത്തയിലെ തെരുവീഥിയിലൂടെ അസ്വസ്ഥനായി നടക്കുകയാണ് ഗാന്ധി.
അസന്തുഷ്‌ടിയോടെ, അസംതൃപ്‌തിയോടെ.
ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം പാകിസ്ഥാനില്ലാത്ത ഇന്ത്യ ഇന്ത്യയല്ല. ഒരു വികലാംഗരാഷ്‌ട്രത്തെയല്ല അദ്ദേഹം സ്വപ്‌നം കണ്ടത്.
അതാണ് ലീഡർ. തന്റെ രാജ്യത്തെ മുഴുവൻ ആളുകളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആളാണ് ലീഡർ. അല്ലാതെ സ്വന്തം മണ്ഡലത്തിനുവേണ്ടി മാത്രം പ്രവർത്തിക്കുന്ന പുണ്യാളനല്ല!
അതുകൊണ്ടാണ് പറഞ്ഞത്, അണികളെ സ്വാധീനിക്കാൻ നേതാവിന് കഴിയണമെന്ന്.
ഭഗവദ്ഗീതയിലൂടെ ശ്രീകൃഷ്‌ണൻ അർജ്ജുനനെ സ്വാധീനിച്ചില്ലേ. അതേ ആർജ്ജവത്തോടെ…
പാപിനിയായ മറിയയെ ക്രിസ്‌തു സ്വാധീനിച്ചില്ലേ...
അതേ ആർജ്ജവത്തോടെ....
നേതൃത്വപരിശീലന ക്യാന്പുകളിൽ ഉദ്ധരിക്കാറുള്ള ഒരു സ്ഥിരം നിർവചനമുണ്ട്.
പേഴ്‌സണാലിറ്റിയുടെ ടോട്ടാലിറ്റിയാണ് ലീഡർഷിപ്പ്.
ആ ‘സമഗ്ര വ്യക്തിത്വം’ സ്വായത്തമാക്കാൻ സേവനത്തിലേയ്‌ക്കും നേതൃത്വത്തിലേയ്‌ക്കും എത്തിച്ചേർന്നിരിക്കുന്ന പ്രബേഷണർമാർ മൂന്നുകാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
സത്യസന്ധതി!
ആത്മാർത്ഥത!!
അനുകന്പ!!!


 

Comments

Post a Comment

Popular posts from this blog