പഞ്ചിംഗ് 21

                                കെ.സുദർശനൻ


അഞ്ചാം വീല്


ദ്യശാലയിൽ വച്ചാണ് സുലൈമാൻ തന്റെ പഴയ സുഹൃത്തിനെ വീണ്ടും കാണുന്നത്. പുള്ളിക്കാരൻ ഒന്നുകൂടി ചെറുപ്പമായിരിക്കുന്നു.
നല്ല ഫ്രഷ്‌നസ്.
കണ്ണുകൾക്കൊക്കെ വല്ലാത്ത തിളക്കം. പഴയ നിത്യഹരിത നായകനെപ്പോലെയുണ്ട്!
“ഷാനവാസ് ഒന്നു സ്‌മാർട്ടായിട്ടുണ്ടല്ലോ.
എന്താ ഇതിന്റെ രഹസ്യം? ഡെയിലിയുള്ള ഈ സ്‌മാൾ അടിയാണോ?”
“ഹേയ്, നെവർ...
അല്ലെങ്കിലും ഞാനൊരു റെഗുലർ ഡ്രിങ്കർ അല്ല.
വല്ലപ്പോഴും ഒന്ന്…അത്രയേ ഉള്ളു…”
“പിന്നെ?”
മുഖം മുൻപത്തേക്കാൾ വെളുത്തിട്ടുണ്ട്. എന്നാൽ മുടി ഒന്നും വെളുത്തിട്ടുമില്ല. ആകപ്പാടെ ഒരു യംഗ് ലുക്ക്!
“പറയൂ, എന്താ ഇതിന്റെ സീക്രട്ട് ?”
“അതൊക്കെ നിനക്കു തോന്നുന്നതാ…”
“ആണോ?”
“ഇനി ആണെങ്കിൽത്തന്നെ അതിന്റെ സീക്രട്ടൊന്നും പുറത്തു പറഞ്ഞുകൂട…”
“എന്നാലും എന്നോടു പറഞ്ഞുകൂടേ... നമ്മൾ ഹൈസ്‌കൂൾ മുതലുള്ള സുഹൃത്തുക്കൾ അല്ലേ…”
“നീ ആരോടും പറയില്ലെന്നു സത്യം ചെയ്‌താൽ പറയാം”.
“എന്റെ ഒരേയൊരു ഭാര്യയാണ് സത്യം…”
“എങ്ങനെ എങ്ങനെ?”
“എന്റെ ഒരേയൊരു ഭാര്യയാണെ…”
“ങാ... അതുതന്നെ നിങ്ങളുടെയൊക്കെ കുഴപ്പം!
ഈ ഒരേയൊരു ഭാര്യയുമായിട്ടു കഴിഞ്ഞാൽ പിന്നെ എങ്ങനെ പച്ചപിടിക്കാനാ?”
“പിന്നേ?”
“എൻറിഷ്‌ടാ... ഈ ജീവിതം എന്നു പറയുന്നത് ഒന്നേയുള്ളു…”
“അതുകൊണ്ട്?”
“ആസ്വദിക്കണമെടാ സുലൈമാനേ... ആസ്വദിക്കണം”.
ഷാനവാസ് സുലൈമാനെ നോക്കി കണ്ണുകൾ കൊണ്ടു ചിരിച്ചു.
സുലൈമാന് ഒന്നും പിടികിട്ടിയതുമില്ല!
ഷാനവാസ് പിന്നെ വർദ്ധിതവീര്യനായി…
“ഈ ഭാര്യ എന്നുപറഞ്ഞാൽ ആരാ? സഹയാത്രിക അല്ലേ? അതായത് യാത്രയിൽ കൂടെ നടന്ന് ശുശ്രൂഷിക്കണ്ടവൾ.... ആശ്വാസം നൽകേണ്ടവൾ... അല്ലേ?”
“എന്നാൽ പിന്നെ, അത് ഒന്നാക്കുന്നതെന്തിന്?
മൂന്നായാലെന്താ?
നാലായാലെന്താ?
അധികസ്യ അധികം ഫലം!
പോട്ടേ… മിനിമം രണ്ടെങ്കിലും വേണ്ടേ?
ചില പഴയ സിനിമാ നടന്മാരെപ്പോലെ രാജ്യം മുഴുവൻ ഇല്ലെങ്കിലും!
അല്ലെങ്കിലും രണ്ടുപേരുള്ളത് എപ്പോഴും നല്ലതാ...
ഒരാൾക്ക് വയ്‌യാണ്ടായാലും മുടങ്ങാതെ കാര്യങ്ങൾ നടക്കുമല്ലോ...! ഏത്?”
ഷാനവാസിന്റെ വർത്തമാനം കേട്ട് സുലെമാൻ അന്തം വിട്ടുനിൽക്കുകയാണ്...
രണ്ടു ബീവിമാരുള്ളതിന്റെ ഒരു രസമുണ്ടല്ലോ, അത് വർണ്ണിക്കാൻ പറ്റില്ല. അനുഭവിച്ചുതന്നെ അറിയണം.
ഡിഫറന്റ് ഫ്ളേവറുള്ള രണ്ട് ഫ്ളവേഴ്‌സ് മാറി മാറി വാസനിക്കുന്നതായി സങ്കല്പിച്ചുനോക്കിയേ…
എന്താ ഒരു നിർവൃതി...
ഒന്നു മുല്ലയായിക്കോട്ടേ...
മറ്റേത് പിച്ചിയും!
ജസ്റ്റ് ഇമാജിൻ....
എന്താ അനുഭൂതി!”
സുലൈമാന്റെ സർവനാഡികളും ലൈവായി...
ഏതു യുദ്ധവും നേരിടാൻ തയ്‌യാറാണവ!
“തന്നെയുമല്ല... ഓരോ ആളും എപ്പോഴും മത്സരമായിരിക്കുമെന്നേ…”
“എന്തിനാ?”
“നമ്മളെ സന്തോഷിപ്പിക്കാൻ”.
സുലൈമാന് കൺട്രോളു പോകുന്നതുപോലെ...
അതു ഷാനവാസിനും മനസ്സിലായി.
മൂപ്പരു വീണ്ടും മൂപ്പിക്കാൻ തുടങ്ങി.
“സത്യം പറഞ്ഞാൽ, എനിക്കിപ്പോൾ പരമാനന്ദമാ…
രണ്ടാമത്തവൾ മാറാൻ നോക്കി നിൽക്കുകയാ ആദ്യത്തവൾ!”
“എന്തിനാ?”
“ശുശ്രൂഷിക്കാൻ. ഒരാള് മസാജ് ചെയ്‌ത് തീരുന്പോൾ, മറ്റേയാൾ മുടി ചീകാൻ തുടങ്ങും ...
ഒരാള് ഓറഞ്ചു ജ്യൂസുമായിട്ടു വരുന്പോൾ മറ്റേയാൾ മുന്തിരി സത്തുമായിട്ടെത്തും...
മനസ്സിലായില്ലേ...?”
“മനസ്സിലായി”.
സുലൈമാൻ കടുപ്പിച്ചു പറഞ്ഞു.
ഇനിയും താങ്ങാനുള്ള കരുത്ത് പാവത്തിനില്ല!
ബാറിൽ നിന്ന് വരുന്പോൾ സുലൈമാൻ വേറൊരു ലഹരിയിലായിരുന്നു.
രണ്ട് പൂക്കളിൽ നിന്ന് മാറി മാറി തേൻ നുകരുക.
ഹായ്!
നേരത്തേ തോന്നേണ്ടതായിരുന്നു!
ഡയബറ്റിസൊക്കെ മൂത്തുനിൽക്കുന്നതുകൊണ്ട് പഴയതുപോലെ ശോഭിക്കാൻ പറ്റൂല്ല.
എന്നാലും സാരമില്ല.
ഉള്ളതാവട്ടെ!
കൃത്യം പതിനാറാം നാൾ, സുലൈമാൻ അടുത്ത നിക്കാഹ് നിർവഹിച്ചു.
സുലൈമാനെക്കാൾ ‘വെറും’ ഇരുപതു വയസ്സു കുറവ് പെണ്ണിന്!
മറ്റേ മൂധേവിയെക്കാൾ ഇരുപതിരട്ടി ഗ്ലാമറും!
സംഭവം ചർച്ചയായി, വിലകൂടിയ പുസ്‌തകം വാങ്ങി നാട്ടുകാർക്ക് വായിക്കാൻ കൊടുക്കണോ എന്ന് കൗൺസിലർ ചോദിച്ചുപോലും...
ഭാഗ്യം, സുലൈമാൻ അതുകേട്ടില്ല...
കേട്ടാലും, മനസ്സിലാവത്തുമില്ല!
ആദ്യരാത്രി...
മണിയറ...
മുറിയിൽ നീലവെളിച്ചം...
ലോ ടോണിൽ വാദ്യസംഗീതം.
മുല്ലപ്പൂ ഗന്ധം വേറെ!
വധു എത്തിക്കഴിഞ്ഞു.
ബൾബ് അണഞ്ഞതോ, അണച്ചതോ!
അടുത്തനിമിഷം ഒരലർച്ച.
പെട്ടെന്ന് ബൾബും കത്തി.
വധു ഹൈ വോൾട്ടേജിൽ.
“ആദ്യത്തവള് ചത്തില്ലല്ലോ... അങ്ങോട്ട് ചെല്ല്...
എനിക്ക് അങ്ങനെ ഒരു ‘അഞ്ചാംവീലിന്റെ' സ്ഥാനം വേണ്ട…”
പാവം സുലൈമാൻ.
ചമ്മിപ്പോയി…
ഭീകരമായിട്ടു ചമ്മിപ്പോയി.
ഈ ചമ്മൽ തുടർന്നുള്ള രാത്രികളിലും തുടർന്നു.
അവസാനം മണവാട്ടി വെട്ടിക്കീറിയങ്ങു പറഞ്ഞു.
“ഒന്നുകിൽ അവള്...
അല്ലെങ്കിൽ ഞാൻ...
ആദ്യം അത് തീരുമാനിച്ചിട്ടുവാ…”
അടുത്തദിവസം സൂലൈമാൻ പൂർവാധികം സ്‌നേഹത്തോടെ ആദ്യഭാര്യയുടെ അടുത്തേയ്‌ക്ക് ചെന്നു.
ഞണ്ട് കടിച്ചതുപോലെ അവള് പിടഞ്ഞങ്ങ് എഴുന്നേറ്റു.
“ദേ.. ദേ.. ദേ..,
ഒരു കാര്യം പറഞ്ഞേക്കാം. ഇനി എന്റെ അടുത്തങ്ങാൻ വരുകയോ പുറത്തെങ്ങാൻ തൊടുകയോ ചെയ്‌താലുണ്ടല്ലോ... ഈ ചെരവയാണെ സത്യം... എടുത്ത് ഞാനൊരു പ്രയോഗമങ്ങുനടത്തും…”
“ആമിനാ...”
“ങാ. ആമിനാ തന്നാ പറയുന്നത്... സൂക്ഷിച്ചോ..."
അന്നു രാത്രി ആ മനുഷ്യൻ വീടുവിട്ടിറങ്ങി.
എങ്ങോട്ടു പോകും..?
ഒരു വഴിയും കാണുന്നില്ല.
എന്തായാലും ഇനി നിന്നാൽ ഭ്രാന്താവും...
പല സ്ഥലങ്ങളിലും പോകാമെന്നു വിചാരിച്ചെങ്കിലും പോയില്ല.
അവസാനം ചെന്നു കേറിയത് പള്ളിയിലാണ്.
കൈയിൽ കിട്ടിയ ഒരു പത്രമെടുത്ത് ആളൊഴിഞ്ഞ ഭാഗത്ത് വിരിച്ചു. രണ്ടാഴ്ചത്തെ ഉറക്കം ബാക്കി നിൽക്കുന്നു. എന്നാലും കിടക്കുന്നതിന് മുന്പ് ഒന്നു പ്രാർത്ഥിക്കണമെന്നു തോന്നി.
മുട്ടുകുത്താൻ തുടങ്ങുന്പോൾ, പിറകിൽ ഒരു കാൽപെരുമാറ്റം.
നോക്കുന്പോൾ ഷാനവാസ്!
തേൻ തുള്ളികൾ മാറിമാറി നുകരാൻ പറഞ്ഞുകൊടുത്ത പരമ ദ്രോഹി!
ഭൂലോക കശ്‌മലൻ!!!
“ഷാനവാസ് നീ ഇവിടെ?”
“ഞാൻ വർഷങ്ങളായിട്ട് ഇവിടാണല്ലോ!”
“പിന്നെ നീ പറഞ്ഞതോ? രണ്ടു ഭാര്യമാർ മാറി മാറി ശുശ്രൂഷിച്ചു കൊണ്ടിരിക്കുകയാണെന്ന്!"
“എനിക്കിവിടെ ബോറടിച്ചതുകൊണ്ട് പറഞ്ഞതല്ലേ…
ഒരു കൂട്ടു കിട്ടാൻ!”
എന്നിട്ട് ഷാനവാസ് ഉറക്കെയുറക്കെ ചിരിച്ചു...
സുലൈമാന് ഭൂമി ഉയരുന്നതായും ആകാശം താഴുന്നതായും തോന്നി!
ആരെങ്കിലും പറയുന്നതുകേട്ട് അന്ധമായിട്ട് വിശ്വസിച്ചാൽ ഇങ്ങനെയിരിക്കും... നമ്മുടെ നാട്ടിൽ ഇന്നു ഫ്രീ ആയിട്ടു കിട്ടുന്ന ഒരേയൊരു സാധനം ഉപദേശമാണ്. എന്തു താല്‌പര്യമാണാളുകൾക്ക്, മറ്റുള്ളവരെ നന്നാക്കിക്കൊള്ളാൻ!
എല്ലാ ഉപദേശങ്ങളിലും ഇതേപോലെ നിഗൂഢമായ ഉദ്ദേശങ്ങൾ കാണും…


 

Comments

Popular posts from this blog