പഞ്ചിംഗ് - 22
--------------------------------------------------------- കെ.സുദർശനൻ
പ്രാണായാമം
പകൽ പാടില്ല!
അധികം വണ്ണമില്ല.
അധികം ഉയരമില്ല.
അധികം നിറവുമില്ല.
ചുരുക്കത്തിൽ അധികം എന്നുപറയാൻ അധികമായി ഒന്നുമില്ല.
അതായിരുന്നു ശാന്തകുമാർ.
ഞാൻ കാണുന്പോൾ അൻപതു കഴിഞ്ഞിരിക്കും. പുതിയ വകുപ്പിൽ സ്ഥലം മാറി ചെല്ലുന്പോഴാണ് കുമാറിനെ ആദ്യം കാണുന്നത്.
സ്‌പീഡിലുള്ള സംസാരവും ലേശം ഇംഗ്ലീഷും ലേശം വിക്കും!
രണ്ടു ദിവസത്തിനുള്ളിൽ ഒരു കാര്യം മനസ്സിലായി. ആള് പാവമാണ്. ഇച്ഛാഭംഗങ്ങളുടെയും ആത്മപുച്ഛത്തിന്റെയും തടവുകാരൻ.
ഒരുപാട് ബിരുദം.
ഒരുപാട് വൈഭവം.
ഒന്നും ആയതുമില്ല.
വൈകിക്കിട്ടിയ ഈ പണിയിൽ തൃപ്‌തി പോര. ഇഷ്‌ടപ്പെടുന്നത് കിട്ടുന്നതിലല്ലല്ലോ, കിട്ടുന്നത് ഇഷ്‌ടപ്പെടുന്നതിലല്ലേ കാര്യം!
ഇതൊക്കെയാണെങ്കിലും ആള് ഭാഗ്യവാനാണ് സ്‌നേഹനിധിയായ ഒരു കുടുംബിനിയെ കൂട്ടിന് കിട്ടി.
ഈശ്വരനെപ്പോലെയാണ് അവർ ഇദ്ദേഹത്തെ കാണുന്നത്.
ഒന്നിനും എതിരുനിൽക്കില്ല. പകരം കക്ഷി കാണിച്ചതോ!
സ്വാതന്ത്യത്തിന്റെ ആ ബ്‌ളാങ്ക് ചെക്ക് കൊണ്ടുപോയി പലപല തോന്ന്യാസങ്ങളിലായി ഇൻവെസ്റ്റ് ചെയ്തു! അതിലൊന്നായിരുന്നു മദ്യം.
നഷ്ടപ്പെട്ട മുതലും പലിശയും ഒറ്റ ഗഡുവിൽ തിരിച്ചുപിടിക്കാനുള്ള ചില ഷോർട്ട്‌കട്ടുകൾക്ക് പിന്നാലെയായിരുന്നു അയാൾ എന്നും.
ഒരു ദിവസം ഈ വിദ്വാൻ എന്നോടു പറഞ്ഞു:
"ഞാനൊരു പരീക്ഷണത്തിലാണ്. അത് ക്ലിക്കുചെയ്‌താൽ ഞാൻ റിസൈൻ ചെയ്‌യും''.
പരീക്ഷണം കേട്ടപ്പോൾ ഞാൻ ഞെട്ടി.
ചന്തയിൽ കച്ചവടത്തിന് വരുന്ന പെണ്ണുങ്ങൾക്ക് പണം പലിശയ്‌ക്കു കൊടുക്കുക! പുലർച്ചയ്‌ക്ക് ചന്തയിൽ എത്തണം. അഞ്ഞൂറു കൊടുത്താൽ വൈകിട്ട് ആയിരമായിട്ട് വാങ്ങാം.
“മാറ്റർ ഓഫ് 12 അവേഴ്‌സ്!''
വൻ പ്രോഫിറ്റും!
“പിന്നെ ഇതേയുള്ളു... രാവിലെയും വൈകിട്ടും പാന്റുമിട്ട് മീൻ മാർക്കറ്റിൽ പോയി നിൽക്കണം".
എങ്കിൽ പാന്റിടാതെ പോണം എന്നു പറയാനാണു തോന്നിയത്.
അടുത്ത തവണ കണ്ടപ്പോൾ ശാന്തകുമാർ പറഞ്ഞു:
"സംഭവം സക്‌സസ് ആണ്. ഇരുപതിനായിരം രൂപയോളം ലാഭം കിട്ടിക്കഴിഞ്ഞു. പക്ഷേ, കൂടുതൽ മുടക്കാൻ കാശില്ല. തൽക്കാലം നന്ദയുടെ താലിമാല ഇറക്കാമെന്നു വിചാരിച്ചു”.
നന്ദയെ മനസ്സിലായല്ലോ! ആ സാധു സ്‌ത്രീ!
ഒട്ടും ശുഭമായിട്ട് തോന്നിയില്ല. എങ്കിലും നിരുത്സാഹപ്പെടുത്താൻ പോയില്ല.
"കാട്ടിന്നകത്തോ കടലിന്നകത്തോ കാട്ടിത്തരുന്നു വിധി രത്നമെല്ലാം” എന്നല്ലേ! ഇദ്ദേഹത്തിന്റെ കേസിൽ അത് ചന്തയ്‌ക്ക് അകത്താണെങ്കിലോ!
രണ്ടാഴ്ച കഴിഞ്ഞു കണ്ടപ്പോൾ ശാന്തകുമാർ ഒന്നുകൂടി ഹാപ്പി.
"റിസൈൻ ചെയ്‌യാൻ തീരുമാനിച്ചു കഴിഞ്ഞു. ബിസിനസ് പ്രോഗ്രസ്സിലാണ്. സഹായത്തിന് ആളെ വച്ചു. ഒരു ബ്രാഹ്മിൻ ബോയ്. എക്‌സ്‌ട്രാഡീസന്റാ… വെളുപ്പിന് ചന്തയിൽ പോകുന്നതും വൈകിട്ട് കളക്ഷൻ കൊണ്ടുവരുന്നതുമെല്ലാം അയാളാ... 5% കമ്മീഷൻ. ദാറ്റസ് ആൾ''.
ഞാൻ ഒന്നും മിണ്ടിയില്ല.
മീൻ മാർക്കറ്റിൽ ബ്രാഹ്മൺ ബോയിയെ തന്നെ പോസ്റ്റ് ചെയ്‌യണമായിരുന്നോ? കലികാലം!
അടുത്തയാഴ്ച മുതൽ ടെൻ ലാക്‌സിന്റെ റോളിംഗാണ്. ഒരു ലോൺ ശരിയായി…
“അതും മുടക്കുന്നത് ചന്തയിൽ തന്നെ"
“ഷുവർലി ഇതാണ് എന്റെ കർമ്മകാണ്ഡം !''
പിന്നീട് കുറേനാൾ ഞാൻ ലീവായിരുന്നു. ഒരു ദിവസം കോഫീ ഹൗസിൽ ചെല്ലുന്പോൾ ശാന്തകുമാർ ഒരറ്റത്ത് ശാന്തനായിട്ട് ഇരിക്കുന്നു.
ഓ ഗോഡ്! ഇദ്ദേഹം റിസൈൻ ചെയ്‌തില്ലേ!
ഞാൻ അടുത്തേക്കു ചെന്നു. എങ്ങനെ ബിസിനസ്സൊക്കെ?
മറുപടിയില്ല.
പകരം ദയനീയമായ ഒരു നോട്ടം.
എന്തുപറ്റി? ചന്തയിൽ ഇപ്പോൾ...
അദ്ദേഹം കൈയുയർത്തി വിലക്കി.
പ്ലീസ്... ഞാനത് മറക്കാൻ ശ്രമിക്കുകയാണ്.
ബാക്കി ഡീറ്റയിൽസ് വേറെ സോഴ്‌സിൽ നിന്നാണ് അറിഞ്ഞത്. മൊത്തം കാശുമായിട്ട് ആ ബ്രാഹ്മിൻ പയ്‌യൻ മുങ്ങി! എക്‌സ്‌ട്രാഡീസന്റായ ഒരു മുങ്ങൽ!
ദൈവം പിന്നെ ഒരു സന്മനസ്സ് കാണിച്ചു. ജോലി കളയാൻ അനുവദിച്ചില്ല. ആ സാധു സ്‌ത്രീയുടെ ഭാഗ്യം.
ആറുമാസം കഴിഞ്ഞപ്പോൾ ഈ കുമാർ അടുത്ത പ്രോജക്‌ട് പ്ലാൻ ചെയ്‌തു. ഒരു മസാജ് പാർലർ.
നമ്മുടെ കോവളം തീരത്ത്!
തികച്ചും ശാസ്‌ത്രീയമായ തിരുമ്മൽ. കലർപ്പ് ലേശവുമില്ല. പ്രവേശനം വിദേശികൾക്കും അത്യാവശ്യം സ്വദേശികൾക്കും.
എനിക്ക് പ്രതീക്ഷ പോര.
ശാസ്‌ത്രീയമായ മസാജിംഗ് ആർക്കു വേണം. ട്രാജഡി ആവുമോ ഇതും ?
ദൈവമേ കാത്തോളണേ... അറിവില്ലാ പൈതമാണേ...
ദൈവം ഇടപെട്ടെന്നു തോന്നുന്നു. വേറെ പ്രശ്‌നമൊന്നുമുണ്ടായില്ല. പാർലർ പൊളിഞ്ഞതൊഴിച്ചാൽ!
പിന്നെ ശാന്തൻ അവതരിച്ചത് ഒരു മറുനാടൻ ഇൻഷ്വറൻസിന്റെ പ്രൊമോട്ടർ ആയിട്ടാണ്. ഭാഗ്യത്തിന് അതിന്റെ ഉദ്ഘാടനവും സമാപനവും ഒരുമിച്ചായിരുന്നു.
വൈകാതെ തൊട്ടടുത്ത പ്രോജക്‌ടുമായി ആശാൻ ഉയർത്തെഴുന്നേറ്റു.
യോഗാ ട്രെയിനിംഗ്.
പിന്നല്ല!
കുമാർ തന്നെ ട്രെയിനർ, യോഗ തപാൽ മാർഗ്ഗം ആർജിക്കുകയായിരുന്നു.
ഇത്തവണയും കെട്ടിവച്ച കാശ് പോക്കാ. ഇങ്ങേരുടെ ശരീരം കണ്ടാൽ ആരെങ്കിലും യോഗ പഠിക്കാൻ വരുമോ? യോഗാചാര്യൻ അടിച്ച് കണ്ണും ചൊമന്ന് ഞരന്പും പിടിച്ചാണോ നിൽക്കേണ്ടത്?
യോഗ ചെയ്‌യിക്കാനുള്ള എന്തെങ്കിലുമൊരു യോഗം ആ ദേഹത്ത് വേണ്ടേ?
പക്ഷേ, അവിടെ എനിക്കു തെറ്റി, സംഭവം പച്ച പിടിച്ചു. സൗജന്യ പരിശീലനമായിരുന്നതുകൊണ്ടാണോ എന്നറിയില്ല.
ഒരുദിവസം ഞാൻ ആ വഴി വന്നപ്പോൾ ശാന്തന്റെ വീട്ടിലോട്ടൊന്നു കേറി.
ആചാര്യൻ അവിടില്ല. യോഗസ്ഥലത്തേയ്‌ക്ക് പോയിരിക്കുന്നു.
ധർമ്മപത്നി പറഞ്ഞു.
“എനിക്കറിഞ്ഞുകൂടാ. യോഗാഭ്യാസമെന്നും പറഞ്ഞ് ഇറങ്ങിരിക്കയാ ഇപ്പോൾ”.
ഇദ്ദേഹം പ്രാണായാമം ഒക്കെ ചെയ്‌യുന്നുണ്ടോ? ഞാൻ ചോദിച്ചു.
“പ്രാണായാമം എന്നുമുണ്ട്. മുന്പ് രാത്രിയെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ പകലുമായി. ഇങ്ങേര് പ്രാണായാമം നിർത്താൻ ഞാൻ നൂറ്റൊന്നു കലത്തിൽ പൊങ്കാല നേർന്നിരിക്കുകയാണ്”.
പാവം! അവർ ആ വാക്ക് തെറ്റിദ്ധരിച്ചെന്നു തോന്നുന്നു!
ഒരു ദീർഘനിശ്വാസത്തിനുശേഷം അവർ പറഞ്ഞു:
“എന്റെ ആകെയുള്ള പ്രതീക്ഷ ഇദ്ദേഹത്തിന്റെ റിട്ടയർമെന്റാണ്. ഈ നവംബറിലാ. കിട്ടുന്ന കാശുകൊണ്ട് ആദ്യം കടം വീട്ടണം. ബാക്കിയുണ്ടെങ്കിൽ ഒരു മൂറികൂടി കെട്ടണം, കണ്ടില്ലേ ഇവിടത്തെ സ്ഥിതി. നല്ലൊരു ബെഡ്‌റൂം പോലുമില്ല”.
ഇനി മൂന്നുമാസമല്ലേയുള്ളു.
പെൻഷൻ പേപ്പറൊക്കെ ശരിയായോ?
അതൊക്കെ ഓഫീസിലെ മീന ശരിയാക്കി. പുള്ളിക്കാരിയാണ് ഇപ്പോൾ ഒരു സഹായം.
ഓഫീസിലെ മീനയോ?
ആ വെളുത്ത്... ഉരുണ്ട… ആ സ്‌കൂട്ടറിൽ വരുന്ന മീനയാണോ?
“അതുതന്നെ, നല്ല കുട്ടിയാ ശാന്തണ്ണൻ എന്നു പറഞ്ഞാൽ ജീവനാ…”
ദൈവമേ! ആ പുള്ളിക്കാരിയുടെ ജീവനായവരൊന്നും ഇപ്പോൾ ജീവനോടെയില്ല. അതെങ്ങനെ ഇവിടെ പറയും?
അവൾ ആള് ക്ളിയറല്ലന്നാണ് കേൾക്കുന്നത്...
“ഓ അതൊക്കെ ചുമ്മാ പറയുന്നതാ”.
ശരിയായിരിക്കും. കേട്ടറിവുകൾ നേരായി കൊള്ളണമെന്നില്ലല്ലോ.
നവംബർ 30 ന് ഞാൻ അദ്ദേഹത്തെ പോയി കണ്ടു. പെൻഷനാകുന്നതിന്റെ ഒരു ടെൻഷനുമില്ല. പകരം ഒരു ത്രില്ല്.
അടുത്തമാസം ഗൾഫിലേക്ക് പോവുകയാണ്. അവിടുത്തെ ഹൗസ് വൈഫുമാരെ യോഗ പഠിപ്പിക്കാൻ!
ഗൾഫിൽ പല പണിക്കും ഇവിടുന്ന് പലരും പോകാറുണ്ട്. പക്ഷേ പെണ്ണുങ്ങളെ യോഗ പഠിപ്പിക്കാൻ പോകുന്നത് ആദ്യമായിട്ടായിരിക്കും! ഓരോരുത്തരുടെ ഒരു യോഗമേ…
അങ്ങനെയിരിക്കെ, ഓർക്കാപ്പുറത്ത് ഗൾഫിൽ നിന്ന് ഒരു വിളി വന്നു. എന്റെ ക്ഷേമം അന്വേഷിച്ചുകൊണ്ട്.
നമുക്കിവിടെ എന്ത് ക്ഷേമം! ക്ഷാമമില്ലാതെ അങ്ങനെ പോകുന്നു.
പക്ഷേ, അവിടെ ക്ഷേമം കെങ്കേമം!
വീട്ടമ്മമാരുടെ മൂന്നാമത്തെ ബാച്ചും തീരാറായെന്ന്.
ഞാൻ കണ്ണടച്ചു ഒരുനിമിഷം നിശബ്‌ദനായി.
പളനിവാസാ, കാത്തോളണേ!
പിന്നെ കഥാപുരുഷനെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. അടുത്ത ഗൾഫ് നാട്ടിലേക്ക് തിരിച്ചിരിക്കും.
കഴിഞ്ഞ ദിവസം ആഫീസിലെ ട്രഷറി ബ്രാഞ്ചിനു മുന്നിൽ ഒരാൾക്കുട്ടം. നോക്കുന്പോൾ ഒരു സ്‌ത്രീ ഭാന്തിയെപ്പോലെ അലമുറയിടുന്നു.
അവരുടെ അക്കൗണ്ടിലുണ്ടായിരുന്ന ലക്ഷങ്ങൾ എങ്ങനെയോ മിസ്സായി പോലും.
"അത് നമ്മുടെ ശാന്ത അണ്ണന്റെ മിസിസ്സ് അല്ലേ?'' എന്റെ അടുത്തു നിന്നയാൾ ചോദിച്ചു.
ആണല്ലോ, എന്തുപറ്റി?
അണ്ണൻ ഗൾഫിലായിരുന്നല്ലോ. ഇവിടുത്തെ കാര്യങ്ങളൊക്കെ നമ്മുടെ സ്‌കൂട്ടർ മീനയെ ഏൽപ്പിച്ചിട്ടാ പോയത്.
എന്നിട്ട് ചേച്ചി നിലവിളിക്കുന്ന കേട്ടില്ലേ.
എല്ലാം പുള്ളിക്കാരി കൊണ്ടുപോയെന്ന്!
ശാന്തകുമാർ ഇപ്പോൾ എവിടെയുണ്ട്?
“വീട്ടിലുണ്ട്. പുറത്തിറങ്ങാറില്ല. ആരോടും മിണ്ടാറുമില്ല. ആളെ കണ്ടാൽ പെട്ടെന്ന് മനസ്സിലാവില്ല. താടിയും മുടിയുമൊക്കെയായി ഒരു മനോരോഗിയെപ്പോലെ…”
പാവം തോറ്റുപോയി ജീവിതത്തിൽ. അല്പം മോഡറേഷൻ കൊടുത്തെങ്കിലും ദൈവത്തിന് ഇദ്ദേഹത്തെ ജയിപ്പിച്ചുകൂടായിരുന്നോ?
ഒറ്റ ശ്വാസത്തിൽ മുഴുവൻ വായിച്ചു. അത്രക്കും നന്നായിരുന്നു.
ReplyDeleteVery good portroyal.
ReplyDeleteഇത് ഒരു കഥയല്ല നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളാണ്. വായിച്ചപ്പോൾ ഇതുപോലുള്ള പല സംഭവങ്ങളും ഓർമ്മവരുന്നു. എന്തായാലും വളെരെ നന്നായിട്ടുണ്ട്.
ReplyDeleteനാട്ടിൽ പണത്തിനോടുള്ള അത്യാഗ്രഹമുള്ളവർക്ക് ഒരു മുന്നറിയിപ്പ്. വായിച്ചാലും മനസ്സിലാക്കിയാലും വീണ്ടും സംഭവിക്കുന്നു.
ReplyDelete