പഞ്ചിംഗ് 23
-----------------------------------------
കെ.സുദർശനൻ
പെൻഷൻ പ്രായം
120
പഴയ കാശി രാജ്യം.
ബ്രഹ്മദത്തനാണെന്നു തോന്നുന്നു രാജാവ്. ആള് കുഴപ്പക്കാരനൊന്നുമല്ല. എന്നാലും രാജ്യമങ്ങാട്ട് ഗുണം പിടിക്കുന്നില്ല.
ജനം പട്ടിണിയാണോ എന്നു ചോദിച്ചാൽ അല്ല. പക്ഷേ, ആർക്കും തൃപ്തിപോരാ.
ഒരു തരം എഴുന്നേറ്റമില്ലായ്മ!
ഈ ദുരവസ്ഥ മാറ്റാൻ രാജാവ് പല പരിഹാരങ്ങളും നോക്കി.
വികസന പരിപാടികൾ പലതും കൊണ്ടു വന്നു.
എവിടെ! ഒന്നുമങ്ങോട്ട് പച്ച പിടിക്കുന്നില്ല.
ജനം ആവലാതി തന്നെ!
ഒടുവിൽ ബ്രഹ്മദത്തൻ തിരുമനസ്സിന് ക്ഷമകെട്ടു. നാശം. എവിടെയെങ്കിലും അടങ്ങിയൊതുങ്ങി ബ്രഡും പാലും കഴിച്ച് കഴിഞ്ഞുകൂടേ ഇവറ്റകൾക്ക്.
അങ്ങനെ പറയാനാണ് മനസ്സിൽ തോന്നിയത്. എങ്കിലും പറഞ്ഞില്ല!
വല്ലതും പറഞ്ഞുപോയാൽ പിന്നെ അതുമതി!
കാര്യങ്ങൾ ഇങ്ങനെയിരിക്കെ രാജ്യാതിർത്തിയിലുള്ള വനത്തിൽ നാലുപേർ ഒത്തുകൂടി.
ഒരാൾ കുരുവി.
മറ്റേയാൾ മുയൽ.
മുന്നാമൻ കുരങ്ങ്.
നാലാമൻ കൊന്പനാന.
ഒരു ജന്തുജനസഖ്യം!
ഈ സഖ്യകക്ഷികൾക്ക് പ്രത്യേകമായി ഒരു സിദ്ധിയുണ്ടായിരുന്നു. ഇവർക്ക് മനുഷ്യരുടെ ഭാഷ കേട്ടാൽ മനസ്സിലാകും! പ്രതികരിക്കാൻ പറ്റില്ലെന്നു മാത്രം.
രാജ്യത്തെ പ്രജകൾ അസ്വസ്ഥരാണെന്ന് ഈ നാൽവർ സംഘം മനസ്സിലാക്കി. അന്നത്തെ ചർച്ചാവിഷയവും അതുതന്നെയായിരുന്നു. അദ്ധ്യക്ഷസ്ഥാനത്ത് ആനയാണ്.
ആമുഖപ്രസംഗത്തിൽ ആന പറഞ്ഞു:
“എന്റെ അഭിപ്രായത്തിൽ, നമ്മുടെ രാജ്യത്തെ സർവഐശ്വര്യക്കേടിനും കാരണം ഗുരുത്വദോഷമാണ്”.
“മനസ്സിലായില്ല”. മുയൽ സംശയവുമായി തലനീട്ടി.
“ഞാൻ ഒന്നു പറഞ്ഞോട്ടെ... തോക്കിൽ കേറി വെടിവച്ചാലെങ്ങനെ! അതായത്, മുതിർന്നവരെ നമ്മൾ ബഹുമാനിക്കുക തന്നെ വേണം. തലയിരിക്കുന്പോൾ വാൽ ആട്ടരുത്. ഇപ്പോൾ മനസ്സിലായോ?”
“അതിപ്പോൾ ഇവിടെ പറയാൻ കാര്യം?” കുരങ്ങ് ചാടിയെഴുന്നേറ്റു.
“അവിടിരി, പറയട്ടെ, നമ്മുടെ കാര്യം തന്നെ എടുക്കാം. നമ്മിൽ ആരാണ് മൂത്തത്? ആലോചിച്ചിട്ടുണ്ടോ? വർഷങ്ങളായി നമ്മൾ പരസ്പരം മച്ചന്പിമാരെപ്പോലെ പെരുമാറിക്കൊണ്ടിരിക്കുന്നു. ഫൗൾ അല്ലേ അത്! നമുക്കും വേണ്ടേ ഒരു മൂപ്പൻ? ആ മുപ്പനെ കണ്ടു പിടിച്ച് മൂപ്പുമുറ അനുസരിച്ച് നമ്മുടെ ലീഡറാക്കണം. വെറുതെ ലീഡറാക്കിയാൽ പോരാ. ആദരിക്കണം. അപ്പോഴേ ഐശ്വര്യം ഉണ്ടാവു, എന്തു പറയുന്നു?”
കുരുവിക്ക് അതിഷ്ടമായി.
“അത് ന്യായം, മുതർന്നവരെ നിർബന്ധമായും ആദരിക്കണം. മറിച്ചു സംഭവിച്ചാൽ മുടിഞ്ഞതുതന്നെ.”
“എന്നാൽ ശരി, നമ്മളിൽ ആരാണ് മൂത്തത്? അതറിഞ്ഞിട്ട് മേൽ കാര്യം”
കുരങ്ങൻ സീരിയസ്സായി.
പെട്ടെന്ന് ആന എഴുന്നേറ്റ് പറഞ്ഞു:
“ഒന്നു സമാധാനപ്പെട്! മൂത്തത് ആരെന്നറിഞ്ഞാൽ പോരേ? ഞാൻ പറഞ്ഞുതരാം, ആ അരയാൽ കണ്ടോ? മുതുക്കൻ അരയാൽ! അതിന്റെ കൊമ്പുകൾ കണ്ടോ? എല്ലാം ജീർണ്ണിച്ചുപോയി. ഈ അരയാൽ എന്റെ തോളൊപ്പം വളർന്നിരുന്ന, ആ പഴയകാലം ഞാൻ പെട്ടെന്ന് ഓർത്തു പോവുകയാണ്…”
അടുത്ത നിമിഷം കുരങ്ങ് ആവേശഭരിതനായി.
“കൊള്ളാം ഞാൻ കുട്ടിയും കോലും കളിച്ചുനടക്കുന്ന കാലത്ത് ഇതിന് ഇതാ ഈയൊരു പൊക്കമേയുള്ളൂ. ഇതിന്റെ മുകളിലത്തെ തളിര് കടിച്ചുതുപ്പിയതിന് അമ്മച്ചി കടിച്ച പാട് ഇപ്പോഴും കാലിലുണ്ട്. കാണണോ...?”
പെട്ടെന്ന് മുയൽ ഓർമ്മകളിലേക്ക് ഊളിയിട്ടു.
“ശരിയാ... ഞാൻ കുഞ്ഞായിരിക്കുന്പോൾ ഒരു പുല്ലിന്റെ അത്രേയെയുള്ളു ഇത്. രണ്ടില മാത്രം! പ്രഭാതത്തിൽ കാണാൻ നല്ല രസമാണ്. അതിലിങ്ങനെ മഞ്ഞുതുള്ളികൾ പൊതിഞ്ഞിരിക്കും. ഹോ! ഞാനത് എത്ര തവണ നക്കിക്കുടിച്ചിരിക്കുന്നു!”
ഒരു ചിരി കേട്ടു.
കുരുവിയാണ്.
ഇതെല്ലാം കേട്ട് അറിയാതെ ചിരിച്ചുപോയതാണ്?
“ഞാൻ നാത്തൂന്റെ നാട്ടിൽ ഉത്സവത്തിന് ചെന്നപ്പോൾ അവളൊരു ആലിൻകാ തന്നു. ഞാനത് കയ്യോടെ തിന്നു. എന്തോ എനിക്കത് വയറ്റിനു പിടിച്ചില്ല. പിറ്റേന്ന് ഇവിടെ വന്ന് വിസ്സർജ്ജിച്ച കൂട്ടത്തിൽ അതിന്റെ കുരുവുണ്ടായിരുന്നു. ആ കുരു പൊടിച്ചുകേറിയതാണ്, ഇന്നീ കാണുന്ന കൂറ്റൻ അരായൽ! അത് കിളിച്ചു വരുന്ന രംഗം ഇപ്പോഴും എനിക്കോർമ്മയുണ്ട്”.
അവരുടെ സീനിയോരിറ്റി തർക്കം ഇതോടെ അവസാനിച്ചു.
കുരുവി ഏറ്റവും മൂത്തത്.
തൊട്ടുതാഴെ മുയൽ.
നെക്സ്റ്റ് കുരങ്ങ്.
ആന ലാസ്റ്റ്!
അന്നുമുതൽ സീനിയർ സിറ്റിസന് അവകാശപ്പെട്ട എല്ലാ ആനുകൂല്യങ്ങളും കുരിവിക്കു ലഭിച്ചു.
കുരങ്ങ് മുയലിനെ കാണുന്പോൾ സല്യൂട്ട് ചെയ്യണം. മുയൽ കുരുവിയെ കാണുന്പോഴും!
പാവം ആനയ്ക്ക് ആൾ സല്യൂട്ട്!
കൊച്ചു ചെറുക്കൻ!
ഇങ്ങനെ മുതിർന്നവരെ ആദരിച്ചതുകൊണ്ട് ഒരു ഗുണമുണ്ടായി. കാട് സ്നേഹത്തിന്റെ കൂടാരമായി, കൂട്ടത്തിൽ നാടും.
അതിന്റെ ഐശ്വര്യം എന്പാടും കളിയാടി.
നാട്ടിൽ യഥാസമയം മഴപെയ്തു. സസ്യജാലങ്ങൾ സമൃദ്ധമായി വളർന്നു. ഘനശ്യാമമേഖജാലങ്ങളാൽ വാനം അലംകൃതമായി.
നന്മയുടെ ഒരു പൂന്തോട്ടമായി രാജ്യം.
ഇത് ഇപ്പോൾ പറയാൻ കാരണമുണ്ട്.
ഈയൊരു മാറ്റം കേരളത്തിൽ പ്രതീക്ഷിക്കണ്ട.
നമ്മുടെ ഏറ്റവും മുതിർന്ന നേതാവിനെ നമ്മൾ തിരിച്ചറിഞ്ഞു എന്നിരിക്കട്ടെ. എന്നിട്ട് വിധിപ്രകാരം ആദരിച്ചു എന്നും ഇരിക്കട്ടെ.
പ്രശ്നം അവസാനിക്കാൻ പോകുന്നില്ല.
കുരുവിക്കും കുരങ്ങനുമൊക്കെ ആദരിച്ചാൽ മാത്രം മതി. പക്ഷേ നമ്മുടെ മൂപ്പന്മാർക്ക് പൂർണ്ണമായ സന്തോഷവും തൃപ്തിയും ഉണ്ടാകണമെങ്കിൽ വെറുതേ ആദരിച്ചു വിട്ടാൽ പോര. അങ്ങനെ ആദരവും വാങ്ങി ഒരുഭാഗത്ത് ഇരിക്കാൻ അവർ തയ്യാറല്ല. കട്ടിലിൽ നിന്നും എടുക്കുന്നതുവരെ പദവിയും പത്രാസും ആനുകൂല്യങ്ങളും കിട്ടിയേ തീരൂ.
പരിഹാരം അതുതന്നെ പെൻഷൻ പ്രായപരിധി എടുത്തു കളയുക. അല്ലെങ്കിൽ 120 ആക്കുക. മരിക്കുന്പോൾ താനെ പെൻഷനായിക്കോളുമല്ലോ?
ഹിഹി
ReplyDelete