പഞ്ചിംഗ് - 24
കെ.സുദർശനൻ
ഗോപൂഗോവിന്ദിന്റെ
‘ഗോ’ഴികൾ!
ആ പൂച്ചക്കുട്ടിയെ തരുന്പോൾ രാവുണ്ണിനായർ പ്രത്യേകം പറഞ്ഞു.
“പിന്നെ ഇതിന്റെ തള്ളയ്‌ക്ക് ഒരു ചെറിയ വീക്ക്‌നസ്സുണ്ട്. അത് ഇവനും വരുമോന്ന് അറിയില്ല...
വീക്ക്‌നസ്സോ?
പൂച്ചകൾക്ക് എന്ത് വീക്കെനസ്സ്!
വേറൊന്നുമല്ല കോഴിയെക്കണ്ടാൽ കൈവച്ചുകളയും”.
അതുകൊള്ളാം. കോഴിയെപ്പിടിക്കുന്ന പൂച്ചയോ നോക്കട്ടേ.
അവൻ വളരാൻ തുടങ്ങി.
നല്ല ഫോഴ്‌സായിരുന്നു. വളർച്ചയ്‌ക്ക്.
സാമാന്യം വലിയ തല.
ഉഗ്രൻ തടി.
ഒത്ത ഉയരവും.
പിന്നെ മൾട്ടി കളറും!
സംശയമില്ല. എവൻ പുലിതന്നെ!!
പക്ഷേ ശാപ്പാട് അങ്ങനെ കഴിക്കുന്നത് കാണാറില്ല. ഏത് നേരവും മതിലിന്റെ പുറത്ത് കിടന്ന് ‘തൂക്കം’ തന്നെ. ഇടയ്‌ക്ക് കണ്ണുതുറന്ന് അലസമായിട്ട് നോക്കും. പിന്നെയും അടയ്‌ക്കും.
ഒരു ഉച്ചനേരം.
പുറത്ത് ഒരു വിളിയും ബഹളവും.
നോക്കുന്പോൾ ഒരു പിടക്കോഴിയുടെ മടിക്കുത്തിന് കേറി പ്പിടിച്ചിരിക്കുന്നു ഈ പഹയൻ!
“പ്‌ഫാ വിടടാ അതിനെ!”
‘ഖൊ’ ടുത്തു ഒരു മടലത്ത് പ്ളാക്കു പ്ളാക്കെന്ന് നാലെണ്ണം...
റാസ്‌ക്കൽ... തുടങ്ങിയോ നിന്റെ തള്ള ഗുണം.
രണ്ടെണ്ണം കൂടി പറ്റിച്ചു.
“മേലാൽ ഏതെങ്കിലും കോഴിയെ നീ എന്തെങ്കിലും ചെയ്‌തെന്നറിഞ്ഞാൽ...
ജോലി തീർത്തു കളയും… കള്ള…..”
പൂച്ചയ്‌ക്ക് മതിയായി.
കോഴിയിൽ തൊട്ടുള്ള കളി മൊതലാവൂല്ല. പിന്നീട് ആ നാട്ടിലെ ഒരു കോഴിയോടും കക്ഷി അപമര്യാദയായി പെരുമാറിയിട്ടില്ല. ഇനി പുറത്തുകയറി നിന്ന് കൂവിയാൽപ്പോലും നോ റെസ്‌പോൺസ്.
അത്ര ‘ഫ്രഷ് അടി’ ആയിരുന്നു കിട്ടിയത്!
ഒരു മാസം കഴിഞ്ഞിരിക്കും. പുള്ളിക്കാരൻ ഒന്നുകൂടി അങ്ങ് കൊഴുത്തു. എന്നാൽ, ഭക്ഷണം അങ്ങനെ കഴിക്കുന്നുമില്ല.
ചിലപ്പോൾ നീരായിരിക്കും. വ്യായാമവും ഇല്ലല്ലോ...
ഏത് നേരവും ഉറക്കമല്ലേ!
ഒരു ദിവസം ഗൃഹനാഥന് എന്തിനോ തട്ടിന്റെ മുകളിൽ കയറേണ്ടി വന്നു.
ഞെട്ടിപ്പോയി!
മുഴുവൻ കോഴിത്തൂവൽ.
വാരിക്കേറ്റിയാൽ ഒരു ടെംബോ നിറച്ചുവരും!
അതുശരി!
അപ്പോൾ അതാണു പരിപാടി…
ചുമ്മാതല്ല ഭക്ഷണം വേണ്ടാത്തത്! നല്ല പച്ചക്കോഴിയിറച്ചിയുള്ളപ്പോൾ അവിയലും ചോറും എന്തിന്! എന്നാലും അപാരബുദ്ധി തന്നെ!
സമ്മതിക്കണം…
സ്വന്തം വാർഡിൽ നിന്ന് പിടിച്ചാലല്ലേ പ്രശ്‌നമുള്ളു.
ഈ ‘ഓപ്പറേഷൻ’ നിർവഹിച്ചത് എപ്പോഴാണാവോ! രാത്രിയായിരിക്കണം.
അതാണ് പകല് മുഴുവൻ റെസ്റ്റ് എടുക്കുന്നത്!
പിറ്റേന്ന് ജോലിക്കാരി പറയുന്നു.
കേട്ടോ ചേച്ചീ...
ഞങ്ങളുടെ കോളനിയില് രാതിതോറും കാട്ടുമാക്കാൻ ഇറങ്ങുന്നു… ഒരുപാട് കോഴിയെ പിടിച്ചുകൊണ്ട് പോയി…
ഗൃഹനാഥ ജോലിക്കാരി കാണാതെ മതിലിലോട്ട് പാളിനോക്കി.
‘കാട്ടുമാക്കാൻ’ സുഖമായിട്ട് കിടപ്പുണ്ടവിടെ!
വിശ്രമിക്കുകയാണ് പാവം!
ഒരാഴ്ച കഴിഞ്ഞപ്പോൾ കോളനിവാസികൾ ഒരു തീരുമാനമെടുത്തു. രാതി ഉണർന്നിരുന്ന് കാട്ടുമാക്കാനെ എറിഞ്ഞിടുക.
‘മാക്കാൻ’ ആരാ മോൻ!
അവര് മനസ്സിൽ കണ്ടത് അവൻ മതിലിൽ കണ്ടു.
അടിയുടെ ടെയിസ്റ്റ് വൃത്തിയായിട്ട് അറിയാമല്ലോ!
അന്നുമുതൽ ആശാൻ ആ വഴി പോകാതെയായി.
ങാ! കരുണാമയനായ ദൈവം വേറൊരു വഴി കാണിക്കാതിരിക്കില്ല!
അതെ, കരുണാമയൻ ആ ഭക്തനെ കൈവിട്ടില്ല.
ആയിടെയാണ് ഗോപുഗോവിന്ദ് എന്നൊരു വിദ്വാൻ ആ ഭാഗത്ത് പുതിയൊരു പൗൾട്രി ഫാം തുടങ്ങുന്നത്. പ്രീഡിഗ്രിയും തോറ്റ് ഐ.റ്റി.ഐയും തോറ്റ് ഇനി ഏത് തോൽക്കും എന്നറിയാതെ നിൽക്കുകയായിരുന്നു ഗോപുഗോവിന്ദ്!
ഒടുവിൽ വീട്ടുകാർ തന്നെ തോറ്റു. അങ്ങനെയാണ് ആ ‘സ്ഥാപനം’ അവിടെ ആരംഭിക്കുന്നത്.
സംഭവം മതിലിന്റെ പുറത്തുകിടന്ന കക്ഷിയുടെ ശ്രദ്ധയിൽ എങ്ങനെയോ പെട്ടു. ബാക്കി പറയണ്ടല്ലോ.
കോഴികൾ ഒന്നൊന്നായി ഫാം വിട്ടുപോകാൻ തുടങ്ങി.
കാരണം അജ്ഞാതം.
പിറ്റേന്ന് ജോലിക്കാരിയുടെ ബ്രേക്കിംഗ് ന്യൂസ് അതായിരുന്നു.
അറിഞ്ഞോ നമ്മുടെ ഗോപുവിന്റെ കോഴികൾ പകുതിയും കാണാനില്ല. എനിക്കു തോന്നുന്നത് പഴയ കാട്ടുമാക്കാൻ ഇറങ്ങിക്കാണുമെന്നാ...
ഗൃഹനാഥ വീണ്ടും മതിലിന്റെ പുറത്തേയ്‌ക്ക് പാളിനോക്കി. അവൾ കാണാതെ...
‘മാക്കാൻ’ അവിടെ ‘പൂത്ത’ ഉറക്കം!
ഒരു ദിവസം അപ്രതീക്ഷിതമായി ഗോപുഗോവിന്ദ് അങ്ങോട്ടു കയറി വന്നു... ഗൃഹനാഥൻ പൂമുഖത്ത് തന്നെയുണ്ട്.
“എന്താ ഗോപു…”
“വലിയ കഷ്‌ടമുണ്ട് സാർ”.
“എന്താ കാര്യം പറയു…”
“എങ്ങനെയെങ്കിലും ഒന്നു രക്ഷപ്പെടാമെന്ന് വിചാരിച്ചാണ് ഞാൻ ആ കോഴിക്കന്പനി തുടങ്ങിയത്. ഇന്നു രാവിലെ ആയപ്പോൾ മൊത്തം മുപ്പത്തിയൊന്നെണ്ണം കാണാനില്ല. എല്ലാം സാറിന്റെ ഈ പൂച്ച ഒരുത്തൻ കാരണം പോയതാ... അതും ഇത്തിരി സൈസ് ഉള്ളതുനോക്കിയാണ് പിടിച്ചിരിക്കുന്നത്…”
ഗൃഹനാഥൻ മതിലിന്റെ പുറത്തേയ്‌ക്ക് നോക്കി. പ്രതി ഒന്നുമറിയാതെ ബോധം കെട്ട് ഉറങ്ങുകയാണിവിടെ. പിന്നെ തർക്കിക്കാനൊന്നും പോയില്ല. അദ്ദേഹം പറഞ്ഞു:
“എന്തു ചെയ്‌യാം ഗോപൂ... അവൻ അങ്ങനെ ഒരു ദ്രോഹി ആയിപ്പോയി. പട്ടി ആയിരുന്നെങ്കിൽ കെട്ടിയിട്ട് വളർത്താമായിരുന്നു. ഗോപു എന്തുവേണോ ചെയ്‌തോ... എനിക്ക് ഒരു പരാതിയുമില്ല!”
അതുകേട്ടപ്പോൾ ഗോപുവിനും ഉത്തരം മുട്ടി.
എന്തുവേണമെങ്കിലും ചെയ്‌തോളാനല്ലേ പറഞ്ഞിരിക്കുന്നത്!
പുള്ളി എന്തു ചെയ്‌തന്നോ?
കോഴിക്കൂടിനുചുറ്റും കന്പി വളച്ചുകെട്ടി. എന്നിട്ട് രാത്രി കറന്റും വിട്ടു…
ഇനി വാ നീ....
കോഴിയെപ്പിടിക്കാൻ...
പിറ്റേന്നു രാവിലെ കോഴിക്കൂട്ടിനരികിൽ ജഡം കിടപ്പുണ്ടായിരുന്നു.
പുച്ചയുടേതല്ല!
അദ്ദേഹത്തിന്റെ പട്ടിയുടെ!
പാവം! പ്രാഥമികാവശ്യങ്ങൾക്കായി പതിവുപോലെ കാലുപൊക്കിക്കൊടുത്തു.
വീരസ്വർഗ്ഗം!
അന്നുരാത്രി രണ്ടു കോഴിയെയും കൊണ്ടാണ് ‘കഥാപുരുഷൻ’ ഫാമിൽ നിന്ന് പുറത്തേയ്‌ക്കു വന്നത്! തലേന്ന് ‘അവധി’യായിരുന്നല്ലോ.
ഗോപു പിന്നെയും പരാതിയുമായി എത്തി. എന്റെ സാറെ ഒരു നിവൃത്തിയുമില്ല. ഇന്നലെയും കൊണ്ടുപോയി രണ്ടെണ്ണത്തിനെ!
എന്നിട്ട് മതിലിലോട്ട് നോക്കിയിട്ട് ആത്മഗതം പോലെ...
വച്ചിട്ടുണ്ട് നിനക്ക്...
മതിലിൽ കിടന്നയാൾ അതു കണ്ടു. പ്രത്യേകിച്ച് ഒന്നും പ്രതികരിച്ചില്ല.
“സാറ് എന്തെങ്കിലും ഉടനെ ചെയ്‌തേ പറ്റൂ…”
ഗൃഹനാഥൻ തന്റെ നിസ്സഹായത വീണ്ടും വ്യക്തമാക്കി.
“ഞാൻ എന്തുചെയ്‌യാനാ. പറഞ്ഞില്ലേ... പട്ടിയായിരുന്നെങ്കിൽ കെട്ടിയിട്ട് വളർത്താമായിരുന്നു. പശുവായിരുന്നെങ്കിൽ കിട്ടുന്ന വിലയ്‌ക്ക് വിൽക്കാമായിരുന്നു! ഗോപു എന്തുവേണോ ചെയ്‌തോ… എനിക്ക് ഒരു കംപ്ളയിന്റുമില്ല!”
ഗോപുഗോവിന്ദിന് വീണ്ടും ഉത്തരം മൂട്ടി. പക്ഷേ ചില ഉറച്ച തീരുമാനങ്ങളോടെയാണ് പുള്ളി തിരിച്ചുപോയത്.
അന്നുരാത്രി പറന്പിൽ അയാൾ പലേടത്തും വിഷം വച്ചു.
അന്ത്യമായിരിക്കും! നോക്കിക്കോ…!
പിറ്റേന്ന് നോക്കുന്പോൾ സംഭവം ക്ലിക്ക് ചെയ്‌തിരിക്കുന്നു!
അന്ത്യം തന്നെ.
പക്ഷേ, പൂച്ചയുടേതല്ല… ഒരു പൗൾട്രി ഫാമിന്റെ!
ബാക്കി ഉണ്ടായിരുന്ന നാടൻ കോഴികളെല്ലാം വിഷം തിന്ന് തീർന്നു കിടക്കുന്നു!
എരണംകെട്ടവൻ കരണം മറിഞ്ഞതുപോലെയായി ഗോപുവിന്റെ കാര്യം!
ഇതൊന്നും മാക്കാനദ്ദേഹത്തെ ബാധിച്ചിട്ടില്ല. അദ്ദേഹം മതിലിന്റെ പുറത്തു കിടന്ന് മയക്കം തന്നെ!
ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ!
ഇനി സ്വന്തം വീട്ടിൽ പരാക്രമം തുടങ്ങുന്നതിനുമുന്പ് ഈ ദുഷ്‌ടനെ നാടുകടത്തണം. ഗൃഹനാഥൻ തന്റെ പ്രിയപ്പെട്ട പൂച്ചയുമായി പിറ്റേന്ന് സന്ധ്യയോടെ ഒരു യാത്ര പോയി.
കാറിലാണ് സവാരി.
ഏതാണ്ട് ഒരു എഴുപതു കിലോമീറ്റർ താണ്ടിയിരിക്കും.
എങ്ങും കൂരിരുട്ട്!
ഒരു പാലത്തിന്റെ സൈഡിൽ കാർ നിർത്തി.
മാക്കാൻ മയക്കത്തിലാണ്.
മതിലിന്റെ പുറം അല്ലാത്തതുകൊണ്ട് സുഖനിദ്ര കിട്ടുന്നില്ല.
പിന്നെ എല്ലാം പെട്ടന്നായിരുന്നു. ഡോറ് തുറന്നതും, കക്ഷിയെ ഗൽത്തായ്‌ക്ക് തൂക്കി വെളിയിലെറിഞ്ഞതും എല്ലാം...
ഒരു ശനിയൻ ഒഴിഞ്ഞതിന്റെ ആശ്വാസമായിരുന്നു ആ വീട്ടിൽ.
രണ്ടു ദിവസം കഴിഞ്ഞു.
അർദ്ധരാത്രിയായപ്പോൾ പുറത്ത് ഒരു വിളിയും ബഹളവും. നോക്കുന്പോൾ മുറ്റത്ത് കുറെ കോഴിത്തൂവൽ.
ഈ നേരത്ത് ഇതെങ്ങനെ വന്നു!
അതാ, മതിലിന്റെ പുറത്ത് പഴയ കക്ഷി കിടക്ക വിരിക്കുന്നു! മുഖത്ത് വല്ലാത്ത ഗൗരവം!!
ഇതൊരു കഥയല്ല.
എന്റെ ബാല്യത്തിൽ നടന്ന ഒരു സംഭവമാണ്.
ഞാൻ ചോദിക്കട്ടെ,
ഇന്നോളം രചിക്കപ്പെട്ട ഏത് ജന്തുകഥയെക്കാളും ആർജ്ജവം ഇല്ലേ ഇതിന്!
ഇത്രയും ലൈഫുള്ള ഒരു ‘മൃഗചരിതം’ ഞാൻ എങ്ങും കേട്ടിട്ടില്ല.
ഇവിടെ പറയാൻ ഉദ്ദേശിച്ചത് അതല്ല.
മനുഷ്യൻ മാത്രമല്ല പൂച്ചപോലും പലതിനും അഡിക്‌ട് ആണ്!
പലതിനും…
ഞങ്ങടെ പാച്ചു ഇതുപോലൊന്നും അല്ലായിരുന്നു. 169 ദിവസം കൊണ്ട് ഞങ്ങൾക്ക് ആവോളം സന്തോഷം തന്നു... ഒന്നും പറയാതെ ഒരു രാത്രിയും പ്രഭാതവും ക്ഷീണം കാണിച്ചു..... തിരിച്ചു പോയി.. ഒരിക്കലും കാണാൻ പറ്റാത്ത ലോകത്തേക്ക്...... മറക്കാൻ ആകുന്നില്ല സർ.... പിന്നെ ഒരു കാര്യത്തിൽ മാത്രം ഒരു ആശ്വാസം.. ഞങ്ങടെ കൂടേ എല്ലാ മുറികളിലും ഉണ്ട്... പമ്മി പമ്മിയുള്ള ആ വരവ് കാണാൻ കഴിയുന്നുണ്ട്..
ReplyDelete