പഞ്ചിംഗ് - 25
-----------------------
കെ.സുദർശനൻ
മീശമെയ്ഡ് ഫോർ ഈച്ച് അദർ! അങ്ങനെയൊരു പ്രയോഗമുണ്ടല്ലോ. അല്പമെങ്കിലും വാസ്തവമുണ്ടോ അതിൽ? അത്രയ്ക്ക് അന്യോന്യം അനുയോജ്യരായിട്ടുള്ളവരുണ്ടോ? തോന്നുന്നില്ല. തരുണീതരുണ്മാരന്യോന്യം തരമായ് കിട്ടാൻ ദുർഘടമത്രേ എന്നല്ലേ! ആ നിലയ്ക്ക് പരസ്പരം സ്നേഹിക്കാനും സ്നേഹിച്ചു സ്നേഹിച്ചു ജീവിക്കാനും മാത്രമായി ജനിച്ചവർ എത ഉണ്ടാവും? കണ്ടിട്ടില്ലേ പ്രതങ്ങളിൽ വൈവാഹിക പരസ്യം കൊടുക്കുന്നത്. അനുയോജ്യമായ ആലോചനകൾ ക്ഷണിച്ചു കൊള്ളുന്നു! എന്നിട്ട് അനുയോജ്യമായതാണോ വരുന്നത്? കിട്ടുന്നതിൽ ഭേദപ്പെട്ടതിനെ അങ്ങു കെട്ടുന്നു. അത്രതന്നെ. ഇപ്പോഴത്തെ പങ്കാളിയാണ് ഈ ഭൂമിയിൽ തനിക്ക് ഏറ്റവും അനുയോജ്യനായ ആളെന്ന് ഏതെങ്കിലും ഭാര്യയോ ഭർത്താവോ വിചാരിക്കുന്നുണ്ടോ? സംശയമാണ്. മിക്ക ഭാര്യമാരും ഇങ്ങനെ പറയുന്നതാണ് കേട്ടിട്ടുള്ളത്. “ങ്ഹും! ദൈവം എനിക്കായിട്ട് കൊണ്ടുവച്ചിരുന്നു!” ഭർത്താവിനും അതുതന്നെയാണ് പറയാനുള്ളത്. “എത്ര നല്ല ആലോചനകൾ വന്നതാ. അതെല്ലാം കളഞ്ഞിട്ടാ ഒടുവിൽ ഈ...!” ഇങ്ങനെ പഴിയും തൊഴിയുമായി കഴിയുന്ന ഈ മിഥുനങ്ങളോട് നിങ്ങൾ ചോദിക്കണം. “അടുത്ത ജന്മം ചേച്ചിക്ക് ആരാകാനാണ് ആഗ്രഹം?” ഒരു മനസ്സാക്ഷിക്കുത്തും കൂടാതെ ആ നാരീരത്നം പറയും. “അടുത്ത ജന്മവും ഈ ചേട്ടന്റെ ഭാര്യയായിട്ടുതന്നെ ജീവിക്കാനാ ഇഷ്ടം!” ശരിയാ! ഇങ്ങനെ ഒരു ‘മഹാനെ’ വേറെ കിട്ടില്ലല്ലോ! ഇനി പുള്ളിക്കാരനോടു ചോദിച്ചാലും ഇതുതന്നെയായിരിക്കും മറുപടി. വീണ്ടും വീട്ടിൽ ചെന്ന് കേറണമല്ലോ! ഓഫീസിൽ സ്ഥിരമായി കാറിൽ വരാറുള്ള ദന്പതികളോട് ഈയിടെ ഒരാൾ ചോദിച്ചു. “നിങ്ങൾ രണ്ടാളല്ലേയുള്ളു വണ്ടിയിൽ. വഴിയിൽ സുഹൃത്തുക്കളാരെങ്കിലും നിൽക്കുന്നതു കണ്ടാൽ കയറ്റിക്കൊണ്ടുവന്നുകൂടെ?” ഭാര്യയാണ് മറുപടി പറഞ്ഞത്? “എന്നിട്ടുവേണം ഞങ്ങൾ അതിനകത്തിരുന്ന് അടികൂടുന്നത് നാട്ടുകാരെ മുഴുവൻ അറിയിക്കാൻ!” കറുത്ത ഗ്ലാസ്സും ഉയർത്തി എസിയുമിട്ട് പോകുന്ന വാഹനങ്ങൾ കാണുന്പോൾ പലർക്കും കൊതിയാ. പക്ഷേ, അതിനകത്ത് പഴുക്കാത്ത ‘തെറിയാ’ രണ്ടുംകൂടി. അങ്ങോട്ടുമിങ്ങോട്ടും സ്വാതന്ത്ര്യമായി ‘പത്തുപറയാൻ’ അപ്പോഴെ അവസരമുള്ളൂ! ഇവരെക്കുറിച്ചാണ് ‘മെയ്ഡ് ഫോർ ഈച്ച് അദർ’ എന്നു പറയു ന്നത്. എനിക്കു പരിചയമുള്ള ഒരു ഫാമിലിയുണ്ട്. വിൻസന്റും റോസമ്മയും. വിൻസന്റിന് ബാങ്കിലാണ് ജോലി. കാണാൻ സുന്ദരൻ, അല്പം കോങ്കണ്ണ് ഉണ്ടെങ്കിലും. പക്ഷേ റോസമ്മയുടെ അവസ്ഥ അങ്ങനെയല്ല. ഭരണിയാണ് നക്ഷതം. ആളും ഏതാണ്ട് അങ്ങനെ തന്നെ, വീർക്കാൻ ഇനി ഒരിഞ്ചുപോലും ബാക്കിയില്ല. അതുകൊണ്ട് എന്തുപറ്റി? ഭാര്യയും ഭർത്താവും ഒരുമിച്ച് സവാരി ഇല്ല. പുള്ളിക്കാരന് വയ്യ ഈ ‘റോഡ് റോളറു’മായി നീങ്ങാൻ. എന്നു വച്ച് വേറെ കുഴപ്പമൊന്നുമില്ല. സ്നേഹമൊക്കെ പൂർവാധികം ശക്തം, മറ്റുകാര്യങ്ങൾക്കും തടസ്സമില്ല. എങ്കിലും റോസമ്മയ്ക്ക് ഒരു വിഷമം. ഒരു ദിവസം അത് തുറന്നു പറഞ്ഞു. “അതിയാൻ എന്നെ എങ്ങോട്ടെങ്കിലും കൊണ്ടുപോയിട്ട് കൊല്ലം എതായായെന്നറിയാമോ? സുഹൃത്തല്ലേ... ഒന്നു ഗുണദോഷിച്ചുകൂടെ?” ഞാൻ ഗുണദോഷിച്ചത് പുള്ളിക്കാരിയെ തന്നെ. നിങ്ങള് കണ്ണാടി നോക്കാറില്ലേ? ഇങ്ങനെ നാലുവഴിക്കും പന്തലിച്ചുകൊണ്ടിരുന്നാൽ വെളിയിൽ കാണിക്കുന്നതെങ്ങനെ? ആദ്യം എല്ലാം ഒന്ന് ഒതുക്കാൻ നോക്ക്. അതോടെ റോസമ്മ അടങ്ങി. അത്രയും പ്രതീക്ഷിച്ചുകാണില്ല. ആയിടെയാണ് വിൻസെന്റിന് ഒരു പ്രമോഷൻ കിട്ടിയത്. തുടർന്ന് ട്രെയിനിംഗിന് കുറച്ചുകാലം ഹൈദരാബാദിൽ പോകേണ്ടിവന്നു. ഈ സമയം ഫലപ്രദമായി വിനിയോഗിക്കാൻ തന്നെ റോസമ്മ തീരുമാനിച്ചു. ആരുടെ പരണയെന്ന് അറിഞ്ഞുകൂടാ. പോയി ഹെൽത്ത് ക്ലബിൽ ചേർന്നു. ശാസ്ത്രീയമായി തന്നെ വ്യായാമം ചെയ്തു. രാതി പഴച്ചാറും പച്ചക്കറിയും മാത്രമാക്കി, കായ്കനികൾ അരച്ചു കവിളിൽ തേച്ചു നഖം മുതൽ മുടി വരെ മൈലാഞ്ചിയിട്ടു. അങ്ങനെ മൂന്നുമാസം... പഴയ റോസമ്മത്തള്ളയെ ഇപ്പോൾ ഒന്നു കാണണം. ഏത് കോളേജിലാ പഠിക്കുന്നതെന്ന് ചോദിച്ചുപോകും! അത്ര ചെയിഞ്ച്! റോസമ്മ എന്ന പേരുമാറ്റി ‘റോസ് മോൾ’ എന്നാക്കി നാട്ടുകാർ. ഈ ‘മോളെ’ ആയിടെ ഞാനും ഒന്നു കണ്ടു. എനിക്കപ്പോൾ ഏഴാച്ചേരിക്കവിതയിലെ ഒരു വരിയാണ് ഓർമ്മ വന്നത്. “നിന്നെ കാനായി കണ്ടിരുന്നെങ്കിൽ...!” ഞാൻ ആ വരി തിരുത്തി. “നിന്നെ വിൻസന്റ് കണ്ടിരുന്നെങ്കിൽ…” എന്റെ പ്രത്യാശ അസ്ഥാനത്തായിരുന്നില്ല. വരുന്ന ഞായറാഴ്ചച്ച വിൻസന്റ് ട്രെയിനിംഗ് കഴിഞ്ഞ് എത്തുകയാണ്. അതിയാനെ സ്വീകരിക്കാൻ റോസമ്മ എയർപോർട്ടിൽ പോകുന്നുണ്ട്. അതിനായി തലേന്നേ ഒരുക്കം തുടങ്ങി. ആദ്യദർശനത്തിൽ തന്നെ ഞെട്ടിക്കണം. പുതിയ അളവിൽ പ്രത്യേകം തുന്നിച്ച ഓറഞ്ച് ചുരിദാർ ഇട്ടു. ആദ്യമായാണ് ഇങ്ങനെ! കാറിലിരിക്കുന്പോൾ റോസമ്മയുടെ ചിന്ത അച്ചായനു തന്നെ മനസ്സിലാവാതെ പോകുമോ എന്നായിരുന്നു... പക്ഷേ അതുണ്ടായില്ല. ഒറ്റനോട്ടത്തിൽ തന്നെ ആ ഓറഞ്ചുചുരീദാറുകാരിയെ പിടി കിട്ടി. എത്രയായാലും പിള്ളാരുടെ തള്ളയല്ലേ! പക്ഷേ പ്രത്യേകിച്ച് ഒരു വിസ്മയവും ആ മുഖത്തുണ്ടായില്ല. മോളെ കൊണ്ടുവന്നില്ലേന്നുമാത്രം ചോദിച്ചു. വേറെയൊന്നും സംസാരിച്ചില്ല. വീട്ടിൽ എത്തുന്നതുവരെയും… റോസമ്മയ്ക്ക് സഹിക്കാൻ പറ്റുന്നില്ല. താൻ മൂന്നുമാസം പട്ടിണികിടന്നും വിയർപ്പൊഴുക്കിയും സുന്ദരിയായിട്ട് ഈ ദുഷ്ടൻ സൂക്ഷിച്ചൊന്നുനോക്കിയെങ്കിലെന്ത്! ഒരു നല്ലവാക്ക് പറഞ്ഞെങ്കിലെന്ത്! അന്നുരാത്രി കിടക്കറയിൽ വച്ച് റോസ് പൊട്ടിത്തെറിച്ചു. “ദേ... എന്റെ ദേഹത്ത് തൊട്ടാലുണ്ടല്ലോ…” “അതെന്താടീ?” “നിങ്ങളൊരു മനുഷ്യനാണോ?” അതിനു മറുപടിയൊന്നും പറഞ്ഞില്ല വിൻസന്റ്. “നിങ്ങൾ ഇവിടന്ന് പോയപ്പോഴുള്ള രൂപമാണോ എനിക്കിപ്പോൾ? ശ്രതുക്കൾപോലും പ്രശംസിക്കുന്നു. എൺപത്തിയാറു കിലോയിൽ നിന്ന് അന്പത്തിയാറ് കിലോ ആക്കിയെടുക്കാൻ ഞാൻ പെട്ടപാട് നിങ്ങൾക്കറിയാമോ? എന്നിട്ടും ഒരു വാക്ക് നിങ്ങൾ അതേപ്പറ്റി ചോദിച്ചോ? കണ്ണിൽ ചോരയില്ലാത്ത കശ്മലൻ!” വിൻസന്റ് എല്ലാം കേട്ടുകൊണ്ട് നിർവികാരനായി കിടന്നു. “എന്താ മനുഷ്യാ ട്രെയിനിംഗുകാര് നിങ്ങടെ നാവും പിഴുതെടുത്താ?” “റോസമ്മേ…” വികാരഭരിതമായ ശബ്ദം. അത് പതിവുള്ളതല്ല. റോസമ്മ ചെവിയോർത്തു. “ഇനിയെങ്കിലും എന്റെ മുഖത്തേയ്ക്ക് നീയൊന്നു നോക്ക്. പഴയ പഴുതാര മീശ ഞാൻ പറിച്ചു കളഞ്ഞു. പത്തുവയസ്സു കുറഞ്ഞെന്നാ എല്ലാവരും പറഞ്ഞത്. എന്നെ കാണുന്പോൾ നീ തുള്ളിച്ചാടുമെന്നാ വിചാരിച്ചത്. പക്ഷേ…” “ശരിയാണല്ലോ... കർത്താവേ! നിങ്ങളുടെ മീശ കാണാനില്ലല്ലോ…” റോസ പിന്നെ വൈകിയില്ല. ആ മീശ പോയ ദിശയിലേക്ക് ചുണ്ടുചേർത്തു! കണ്ടോ? ഇതാണ് പ്രശ്നം! ഭർത്താവിന് തന്നെ ശ്രദ്ധിക്കാൻ നേരമില്ലെന്നു ഭാര്യ. ഭാര്യയ്ക്കാണ് നേരമില്ലാത്തതെന്നു ഭർത്താവ്. എന്നാൽ ഇരുവരും ശ്രദ്ധിക്കുന്നുമുണ്ട്. എന്തോന്ന്? സ്വന്തം കാര്യം! ഈ അർത്ഥത്തിൽ ആദ്യം പറഞ്ഞ പ്രയോഗം കറക്ടാ... മെയ്ഡ് ഫോർ ഈച്ച് അദർ തന്നെ! |
ReplyDeletemade for each other -സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കുന്ന ഭാര്യ ഭർത്താക്കന്മാരുടെ കണ്ണ് തുറപ്പിക്കട്ടെ 🙏