പഞ്ചിംഗ് - 26

കെ.സുദർശനൻ


സീനിയർ ഇഡിയറ്റ്സ്


ഡീണൽ സെക്രട്ടറിയായി റിട്ടയർ ചെയ്‌ത ആളാണ് ഗോപൻനായർ. അതിനുശേഷം അദ്ദേഹം ഏതോ പ്രൈവറ്റ് ഫേമിൽ ജനറൽ മാനേജരായി പോയെന്നു കേട്ടു.
മിടുക്കന്മാർക്ക് എന്നും എവിടെയും ഡിമാന്റാണല്ലോ. കണ്ടിട്ടില്ലേ പ്രഗത്ഭരായ ഡോക്ടർമാരെ സ്വകാര്യ ആശുപത്രിക്കാർ റാഞ്ചികൊണ്ടുപോകുന്നത്. ചില അദ്ധ്യാപകരെയും ഇതുപോലെ തട്ടികൊണ്ടുപോകുന്നതു കാണാം. റിട്ടയർമെന്റിനുശേഷം.
അതേ മോഡലിൽ ഗോപൻനായരെയും ‘റാഞ്ചി’ യതായിരിക്കും. അദ്ദേഹവും മിടുക്കനായിരുന്നല്ലോ. സർവീസ് റൂളുകളെല്ലാം നല്ല നിശ്ചയം.
എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങളുടെ ഉസ്‌താദ്.
പലരും സംശയം തീർക്കുന്നത് ഇദ്ദേഹത്തോടു ചോദിച്ചിട്ട്.
അങ്ങനെയുള്ള ഒരാൾ ജനറൽ മാനേജരായതാണോ വലിയ കാര്യം!
ഒരുപാട് ഓർമ്മകളുണ്ട് അദ്ദേഹത്തെക്കുറിച്ച്, ഭരണനിലയത്തിൽ വരുന്ന കാലത്ത് ഇദ്ദേഹമായിരുന്നു ബോസ്.
ഒരു ദിവസം എന്തോ അത്യാവശ്യത്തിന് പുറത്തോട്ടിറങ്ങാൻ തുടങ്ങുന്പോൾ ഇദ്ദേഹമെഴുന്നേറ്റ് പറഞ്ഞു.
“പിന്നെ, ഞാൻ ഒന്ന് പട്ടം വരെ പോയിട്ടുവരാം”.
അപ്പോൾ മണി പകൽ 11.40.
പതിനൊന്നേമുക്കാലോടെ ഞാനും ഇറങ്ങി.
ഞാൻ തിരിച്ചെത്തുന്പോൾ രണ്ടര. അദ്ദേഹം സീറ്റിലില്ല. അഞ്ചുമിനിട്ട് കഴിഞ്ഞപ്പോൾ കക്ഷി എത്തി.
വന്നപാടെ എന്നോട് ഒരു ചോദ്യം.
“എന്നെ ആരെങ്കിലും വിളിച്ചിരുന്നോ?”
“ഹേയ്, ആരും വിളിച്ചില്ല…”
എന്റെ മറുപടിയിൽ അദ്ദേഹം സാറ്റിസ്‌ഫൈഡായി. പക്ഷേ ചുറ്റും ഇരുന്നവർക്കാണ് സമനിലപോയത്. അതിൽ ഒരാൾ വെട്ടിത്തുറന്നു പറഞ്ഞു.
“അതിന് പുള്ളിക്കാരൻ അന്നേരം പോയിട്ട് ഇപ്പഴല്ലേ എത്തിയത്!”
മധുരം കിനിയുന്ന ഓർമ്മകൾ ഇനിയുമുണ്ട്.
ജനറൽ മാനേജർ ആയതിനുശേഷം ഒരു ദിവസം ഇദ്ദേഹം എന്നെ കാണാൻ വന്നു.
തികച്ചും ഔദ്യോഗികം.
ഒരു ഫയലിന്റെ കാര്യം അറിയണം. അതു സംബന്ധിക്കുന്ന വിവരങ്ങളെല്ലാം ഞാൻ കൈമാറി. കുശലങ്ങൾ പങ്കുവെക്കാനും മറന്നില്ല.
ആള് ഒന്നുകൂടി സ്‌മാർട്ടായതുപോലെ. ബ്രീഫ് കേസും കൂടി ആയപ്പോൾ സ്റ്റൈലങ്ങു മാറി.
ആരോ പറയുന്നതുകേട്ടു, പുതിയ കാറുമേടിച്ചെന്ന്. ലോണിലായിരിക്കും. വീടും വൈകിയാണല്ലോ വച്ചത്. കണ്ടുതുടങ്ങിയ നാളുമുതലേ സാന്പത്തികമായി ഞെരുക്കത്തിലാണ്.
എല്ലാം ഒരുമിച്ചു കൊടുക്കില്ലല്ലോ...
രണ്ടാഴ്ച കഴിഞ്ഞിരിക്കും.
പകൽ പതിനൊന്നു മണി.
ഞാൻ സീരിയസ്സായി എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ്.
“സേർ…”
തലപൊക്കുന്പോൾ ഒരു സൗന്ദര്യത്തിടന്പ്.
സാരിയൊക്കെ അതിന്റെ ക്രാഫ്റ്റ് അനുസരിച്ച് ഉടുത്ത് ഒരു ‘കടങ്കഥ’ പോലെ നിൽക്കുന്നു!
“സർ. സി.കെ.ജി മെമ്മോറിയൽ സ്‌കൂളിന്റെ കാര്യം എന്തായി?”
“അത് ഓർഡർ ആയല്ലോ. ടൈപ്പ് ചെയ്‌യാൻ വിട്ടിരിക്കയാ…”
“ആണോ?”
പെട്ടെന്ന് ആ മുഖത്തെ സൗന്ദര്യം മങ്ങി. പ്രേതസിനിമകളിൽ നായികയ്‌ക്ക് പൊടുന്നനെ കോടാലിപ്പല്ലു വരുന്നതുപോലെ!
ആരെയോ തിരിഞ്ഞുനോക്കിക്കൊണ്ട് ആ മഞ്ജുഭാഷിണി ഒച്ചവച്ചു.
“എടോ ഇങ്ങു വന്നേ... താനല്ലേ പറഞ്ഞത് ഫയൽ ഒന്നുമായില്ല, മന്ത്രിയുടെ മടിയിൽ കിടക്കുകയാണെന്ന്!”
ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ പിറകിലെ അരമതിലിനപ്പുറത്തു നിന്ന് ഒരാൾ പെട്ടിയും തൂക്കിവരുന്നു.
നമ്മുടെ ഗോപൻനായർ!
റിട്ടയേർഡ് അഡീഷണൽ സെക്രട്ടറി.
“താൻ അറിഞ്ഞാ..? സംഭവം ഓർഡർ ആയെന്ന് ഈ സാറു പറയുന്നു”.
ഞാൻ ഗോപൻനായരുടെ മുഖത്തേക്ക് മന:പ്പൂർവം നോക്കിയില്ല.
നോക്കാൻ കഴിഞ്ഞില്ല.
“സേർ ആ ജി.ഒ. നന്പർ ഒന്നു പറയാമോ?”
ഞാൻ ഒരു തുണ്ടിൽ അതെഴുതി ഗോപൻനായരുടെ നേരെ നീട്ടി.
“ഇങ്ങുതന്നാൽ മതി…”
അവർ അത് പിടിച്ചുവാങ്ങി.
“ഇന്നാ… ആ ഡയറിക്കകത്തുവയ്‌ക്ക്. ഇനി ഇതും കളഞ്ഞേക്കരുത്”.
പാവം മനുഷ്യൻ.
ആ പേപ്പർ കഷണം പെട്ടിക്കകത്തെ ഡയറിയിൽ ഭവ്യമായും ഭദ്രമായും വയ്‌ക്കുന്നു!
“Thank You Sir, പൊയ്‌ക്കോട്ടേ…”
എന്നോട് അവൾ മധുരമായി നന്ദി പറയുന്നു. എന്നിട്ട് ജനറൽ മാനേജരോടായി;
“വാ ഇങ്ങോട്ട്. ഇനി ഇറിഗേഷനിൽ പോയി നോക്കുന്പോഴറിയാം അവിടത്തെ വിശേഷം”.
ഞാൻ തിരിഞ്ഞുനോക്കി, ആ പർവതനിതംബിനിയുടെ പിറകേ വാല്യക്കാരനെപ്പോലെ പെട്ടിയും തൂക്കി അയാൾ പോകുന്നു!
അന്ന് എനിക്ക് ഓഫീസിൽ ഇരിക്കാൻ പറ്റിയില്ല. ഐ.എ.എസ് കിട്ടുമെന്ന് പലരും പ്രവചിച്ചിരുന്ന മനുഷ്യനാണ്.
കിട്ടാത്തതു നന്നായി. ഇതല്ലേ സാധനം!
സംഭവം എനിക്കങ്ങോട്ടു ദഹിക്കുന്നില്ല.
ഞാൻ ഇക്കാര്യം ചില സുഹൃത്തുക്കളുമായി സംസാരിച്ചു.
ഇദ്ദേഹത്തിന് അവർ എത്ര ശന്പളം കൊടുക്കുമായിരിക്കും! അവസാനകാലത്ത് ഏതാണ്ട് ഒരുലക്ഷത്തിനുമേൽ വാങ്ങിയിരുന്ന ആളാ… ആ നിലയ്‌ക്ക് ഇവർ ചിലപ്പോൾ മുക്കാൽ ലക്ഷമെങ്കിലും കൊടുക്കുന്നുണ്ടാവും.
പിന്നെ മുക്കാൽ ലച്ചം!
അതുകേട്ട ഒരു അണ്ടർ സെക്രട്ടറിക്ക് കൺട്രോളുപോയി.
“മാക്‌സിമം കൊടുത്താൽ പതിനായിരം ഉലുവ കൊടുക്കും”.
“ങ്ഹേ! പതിനായിരമോ?”
“പിന്നില്ലാതെ സർവീസിൽ നിന്ന് പഞ്ചറായവന്മാർക്ക് പിന്നെ എന്തോ കിട്ടുമെന്നാ!”
“ഓഹോ പതിനായിരം ഉറുപ്പികയ്‌ക്കാണോ ഈ പെണ്ണിന്റെ പെട്ടിയും ചുമന്ന് ഇഷ്‌ടൻ നടക്കുന്നത്”.
“ദേ... സൂക്ഷിച്ചു സംസാരിക്കണം. അവർ ആ സ്ഥാപനത്തിന്റെ ഉടമയാ!”
സ്ഥാപനത്തിന്റെയല്ലേ. ഗോപൻനായരുടെ അല്ലല്ലോ! ഞാൻ പിന്നെ അവിടെ നിന്നില്ല.
ഗോപൻനായരെ പിന്നീട് ഞാൻ കാണുന്നത് പത്രത്തിലാണ്.
ചരമകോളത്തിൽ!
ഒരുതരത്തിൽ നന്നായി. ഇനി ആരുടെയും ആട്ടും തുപ്പും കേൾക്കേണ്ടല്ലോ?
പെൻഷനായതിനു ശേഷം സ്വകാര്യമേഖലയിൽ പണിക്കു പോകുന്ന ഫ്രൊഫഷണൽസ് അല്ലാത്ത പലരുടെയും അനുഭവം ഇതുതന്നെയാണ്.
കുറ്റം പറയാൻ പറ്റില്ല.
നല്ല പ്രായത്തിലല്ലേ പെൻഷൻ കൊടുത്തുവിടുന്നത്. കാര്യങ്ങളൊക്കെ മനസ്സിലാക്കി മിടുക്കനായി വരുന്പോഴാണ് ഈ ‘ദുരന്തം!’
പിന്നെ എന്തുചെയ്‌യും?
പറഞ്ഞാട്ടെ.
ഭാര്യയോട് എത്രനേരം വർത്തമാനം പറഞ്ഞിരിക്കും? അല്ലെങ്കിൽ തന്നെ ഭാര്യയ്‌ക്ക്‌ അതിൽ താൽപര്യമുണ്ടോ?
പത്രം ഒരുതവണയിൽക്കൂടുതൽ എങ്ങനെ വായിക്കും?
ചുമ്മാ ഉറങ്ങുന്നതെങ്ങനെ?
ഒടുവിൽ ഷർട്ടുമെടുത്തിട്ട് അങ്ങ് ഇറങ്ങും. ചെന്ന് ഓഫീസ് പരിസരത്തുള്ള ഏതെങ്കിലും കാറിൽ ചാരിയങ്ങു നിൽക്കും.
“ങാ, ഇതാര് ദേവസിയോ?”
“സാറിപ്പോൾ എവിടെ?”
“ഞാനിപ്പോൾ ഹോമിലാ!”
“അതുശരി, അവിടെ രാജീവ് സാറല്ലേ സെക്രട്ടറി?”
“ആ ഹോമല്ലടേ, സാക്ഷാൽ ഹോം! ഞാൻ മാർച്ചിൽ വെളിയിലായി”.
അയാൾക്കു പിന്നങ്ങുപോയാൽ മതി. ഇനിയും നിന്നാൽ വാൾപ്പയറ്റു തുടരും.
അതിനിടയ്‌ക്ക് പുള്ളിക്കാരൻ അടുത്ത ഇരയെ ഒപ്പിച്ചു കഴിഞ്ഞു.
“എടേയ് പ്രദീപ്… എവിടെ അത്യാവശ്യമായിട്ട്”.
പ്രദീപ് കൈകാണിച്ച് വലിഞ്ഞുകളഞ്ഞു.
കഷ്ടം!
ഇവരുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്‌തേ മതിയാകു. ഒന്നുകിൽ പെൻഷൻ പ്രായം നീട്ടണം. അല്ലെങ്കിൽ ഇവരെ പകൽ എവിടെയെങ്കിലും അഡ്മിറ്റ് ചെയ്‌യണം.
അതുമല്ലെങ്കിൽ പുതിയ പോസ്റ്റുകൾ ഉണ്ടാക്കി ഇവരെ അക്കോമഡേറ്റ് ചെയ്‌യണം.
വലിയ കാശൊന്നും കൊടുക്കേണ്ട. എന്തെങ്കിലുമൊരു പദവി.
അതുമതി.
ചീഫ് എക്‌സാമിനർ ഒഫ് പബ്ലിക് ന്യൂയിസൻസ്!
എങ്ങനെയുണ്ട്?
അല്ലെങ്കിൽ കൺട്രോളർ ഒഫ് സീനിയർ ഇഡിയറ്റ്സ്!
മതി സന്തോഷമായിട്ട് കൂടിക്കോളും അവിടെ.
അല്ലെങ്കിൽ എല്ലാം പെൻഷൻ വാങ്ങാൻ നിൽക്കാതെ സ്ഥലം വിടും.
പാവം ഗോപൻനായരെപ്പോലെ!

Comments

  1. നീട്ടുന്നത് തന്നെ മനസ്സിന്റെ യുവത്വം നിലനിർത്താൻ കഴിയും എന്ന് കരുതുന്നു

    ReplyDelete

Post a Comment

Popular posts from this blog