പഞ്ചിംഗ് - 27

കെ.സുദർശനൻ


സമാധി മാറ്റിവച്ചു!


റുപത് - അറുപത്തഞ്ച്…
അതിനപ്പുറം പറയില്ല.
ജീവിതം കമഴ്‌ത്തിക്കളഞ്ഞ ഒരാൾക്കു വേണ്ടതായ താടി. അത്ര വെള്ളയുമല്ല തീരെ ‘കരി’യുമല്ല!
പക്ഷേ തടി മാക്‌സിമം.
കുടവയറടക്കം തൊണ്ണൂറു കിലോ തൂങ്ങും.
പൊക്കമോ?
ആവറേജ്!
ജട... ആയിട്ടില്ല...
ആശ്രമവും ആയിട്ടില്ല.
വേഷം കാഷായം.
യോഗദണ്ഡും കൊണ്ടുനടക്കുന്ന പ്രകൃതമല്ല. എന്നാലും ഒറ്റനോട്ടത്തിൽ ഏതോ മഠാധിപതി എന്നേ തോന്നു.
ഒരു യോഗസ്ഥലത്തുവച്ചായിരുന്നു ഞങ്ങളുടെ സമാഗമം. എന്നെ സ്വാമിജിക്ക് പെട്ടെന്നങ്ങ് ഇഷ്‌ടമായി...
തിരിച്ച് അങ്ങനെ ആയതുമില്ല!
സംഭാഷണത്തിന്റെ ഒരു ഘട്ടത്തിൽ സ്വാമിജി പറഞ്ഞു.
“എന്നെയൊന്ന് അംഗീകരിക്കണം”.
“ശരി അംഗീകരിച്ചിരിക്കുന്നു…”
“അതുപോര... ഒരു ആശ്രമവും അതിനുവേണ്ടുന്ന സെറ്റപ്പും ചെയ്‌തുതരണം, മിനിമം നാലുജോഡി ശിഷ്യന്മാരും!”
സത്യം പറയാമല്ലോ...
എനിക്ക് എന്നോടുതന്നെ ഒരു ബഹുമാനമൊക്കെ തോന്നി. മന്ത്രിമാർവരെ ഇത്തരം സ്വാമിമാരുടെ അടുത്തുപോയാണ് ഓരോന്ന് ആവശ്യപ്പെടുന്നത്. ഇവിടെയിതാ ഒരു സ്വാമി നിസ്സാരനായ എന്നോട് ഒരു ആശ്രമം തന്നെ ആവശ്യപ്പെട്ടിരിക്കുന്നു!
സ്വാമിയുടെ ആ ’ശ്രമം’ പാഴാണെന്ന് അദ്ദേഹം അറിയാതെ പോയതെന്തേ!
ഏതായാലും ഒരു ഋഷീശ്വരൻ ആദ്യമായി ആവശ്യപ്പെട്ടതല്ലേ!
ശ്രമിച്ചുനോക്കാം.
ഞാൻ മിഴികൾ ബന്ധിച്ചു.
ഒരുനിമിഷം ധ്യാനമഗ്നനായി.
എവിടെയെങ്കിലും ആശ്രമം ഒഴിഞ്ഞു കിടപ്പുണ്ടോ എന്ന് ‘അകമേ'’പരതി.
അത്ഭുതം...
അതാ, ഒരാശ്രമം ബോധപത്മത്തിൽ തെളിഞ്ഞു വരുന്നു.
കുറേ തെക്കാണ്.
ഒരാളുടെ സ്വകാര്യ ആശ്രമമാണ്.
ശിഷ്യരും പിടക്കോഴികളും ഒന്നുമില്ല.
ഒരു ബിസിനസ്സുകാരനാണ് ആശ്രമ മുതലാളി.
ടെൻഷൻ മാറാനാണ് ആശ്രമം ഇട്ടിരിക്കുന്നത്!
ഡെയ്‌ലി മന്ത്രാച്ചാരണവുമുണ്ട്.
ടെൻഷൻ കൂടുതലുള്ളപ്പോൾ അദ്ദേഹം പുറത്തിറങ്ങാറില്ല. സദാ ഉള്ളിൽ തന്നെ!
ഫുൾ മെഡിറ്റേഷൻ.
കടക്കാരെ പേടിച്ച് കതകടച്ചിരിക്കുന്നതാണെന്നാണ് അസുയക്കാർ പറയുന്നത്. എന്തായാലും ആശമം കേമമായി പോകുന്നുണ്ട്.
പറഞ്ഞില്ലല്ലോ... ഈ ആശ്രമ ഉടമസ്ഥൻ കോളേജിൽ എന്റെ ജൂനിയറായിരുന്നു. അന്ന് ഹിന്ദി പഠിപ്പിച്ച വകുപ്പിൽ, എന്റെ ശിഷ്യനുമാണ്. പരീക്ഷാ റിസൾട്ട് വന്നപ്പോൾ ഹിന്ദിയുടെ കാര്യത്തിൽ ഞങ്ങൾ സമന്മാരായി!
ആ ‘ഹിന്ദി ശിഷ്യന്റെ’ പൂർവാശ്രമത്തിലെ പേര് സനാതനൻ.
ആശ്രമത്തിലെ പേര് സ്വാമി സനാതന.
ആശ്രമത്തിന്റെ പേര് പിടികിട്ടിക്കാണുമല്ലോ...
അതുതന്നെ.
സനാതനാശമം!
സഹോദരസ്ഥാപനങ്ങൾ മൂന്നുനാലെണ്ണമുണ്ട്.
സനാതനാ ടെക്‌സ്‌റ്റെയിൽസ്.
സനാതനാ ജൂവലറി.
സനാതനാ കല്യാണമണ്ഡപം.
സനാതനാ തീയേറ്റർ.
എല്ലാം കൊണ്ടും ആള് ‘സനാതനൻ’ തന്നെ.
ഈ പറഞ്ഞതിൽ ഒന്നുരണ്ടു ‘സഹോദരങ്ങൾ’ കുറച്ചുകാലമായി കിടപ്പിലാ. തിയേറ്ററും ടെക്‌സ്‌റ്റെയിൽസും മാത്രമേ നടക്കുന്നുള്ളു. അതും ഏന്തിയേന്തി.
ഞാൻ മിഴികൾ തുറന്നു.
അസ്ഥാനത്തുള്ള എന്റെ ധ്യാനം കണ്ട് അന്തംവിട്ട് നിൽക്കുകയാണ് സ്വാമി.
“താങ്കളുടെ പേരെങ്ങനെ?”
‘അങ്ങയുടെ’ എന്നാണ് ചോദിക്കേണ്ടത്. മന:പ്പൂർവം എഡിറ്റ് ചെയ്‌തതാ . ആദ്യദർശനത്തിൽ തന്നെ ആശ്രമം ആവശ്യപ്പെട്ട ആളല്ലേ! അധികം ബഹുമാനിക്കാൻ പോയാൽ കൈയിൽ നിൽക്കില്ല!
“അപ്പുക്കുട്ടൻ”.
“അടുപ്പമുള്ളവർ അപ്പുവണ്ണൻ എന്നു വിളിക്കും…”
“പൂർവാശ്രമത്തിലെ പേരല്ല ചോദിച്ചത്” .
ചോദ്യം ഞാൻ കുറച്ചുകൂടി ടൈറ്റു ചെയ്‌തു. ശബ്‌ദവും.
“അപ്പുരാജ ഗുരു”.
“അതു ശരി! അപ്പോൾ വെറും ഗുരുവല്ല! രാജഗുരു തന്നെ!”
ഞായറാഴ്ച രാവിലെ ഞാൻ രാജഗുരുവിനെയും കൊണ്ട് ആശ്രമത്തിലേക്ക് തിരിച്ചു. ഒരു ഗുരുവിനെ വേണമെന്ന് മുന്പ് സനാതനൻ പറഞ്ഞിട്ടുണ്ടായിരുന്നു.
ശരിയാണ് ആദ്ധ്യാത്മിക ഫീൽഡിൽ നിൽക്കുന്നവനോട് അച്ഛൻ ആരാണെന്ന് ആരും ചോദിക്കില്ല. പക്ഷേ ഗുരു ആരെന്നു പറഞ്ഞേ തീരു. അറിയാനുള്ള അവകാശം ഭക്തർക്കുണ്ട്.
സ്വാമി വിവേകാനന്ദന്റെ ഗുരു ശ്രീകൃഷ്‌ണപരമഹംസൻ.
സ്വാമി ചിന്മയാനന്ദന്റെ ഗുരു സ്വാമി തപോവൻ.
സത്യസായി ബാബയുടെ ഗുരു ഷിർദ്ദിസായി ബാബ.
സനാതന സ്വാമികൾക്കും ഇരിക്കട്ടെ ഒരു ഗുരു!
‘അപ്പുരാജ ഗുരു!’
ഈയിടെ വടക്കൻ കേരളത്തിലെ പ്രശസ്‌തമായ ആശ്രമത്തിൽ മീറ്റിംഗ് നടന്നു. മഠാധിപതിയുടെ ജയന്തി ആഘോഷം. പരിപാടികൾ വൻ വിജയമാക്കാനുള്ള ശ്രമത്തിലാണ് ഭാരവാഹികൾ.
ഓരോരുത്തരും എഴുന്നേറ്റ് അഭിപ്രായം പറഞ്ഞു.
“ഘോഷയാത്ര വേണം.”
“ആനയും അംബാരിയും വേണം.”
“ഒരു തീർത്ഥാടനം കൂടി!”
“ഏതായാലും ദാർശനിക സമ്മേളനം മസ്റ്റ്.”
ഇതിനിടയ്‌ക്ക് ഒരു ഭക്തൻ എഴുന്നേറ്റു ചോദിച്ചു.
“ഗുരുവിനെ അന്നു കൊണ്ടു വരാൻ പറ്റുമോ?”
എല്ലാവരും സൈലന്റായി.
“എങ്ങനെയെങ്ങനെ?” മെയിൻ ഭാരവാഹി ഉണർന്നു.
“അല്ല-അന്ന് ഗുരു വരുമോന്ന്”
നിഷ്‌കളങ്കമായി ചോദിക്കുകയാണ് ഭക്തൻ!
നാട്ടുനടപ്പനുസരിച്ച് ഗുരു പൂനയിലോ ചൈനയിലോ ആയിരിക്കുമെന്നാണ് ഭക്തന്റെ വിചാരം.
അല്ലെങ്കിൽ യൂറോപ്പിൽ.
എവിടെയായാലും അന്നേദിവസം കൊണ്ടുവരാൻ പറ്റുമോ എന്നാണ് ചോദിക്കുന്നത്!
ഇതാണ് പുതിയ ശിഷ്യനും ഗുരുവും തമ്മിലുള്ള അടുപ്പം. അപ്പോഴാണ് ഞാൻ പുതിയ ഗുരുവിനെയും കൂട്ടി പഴയ ശിഷ്യന്റെ യടുത്ത് പോകുന്നത്...
ഭാഗ്യത്തിന് സനാതനൻ ആശ്രമത്തിലുണ്ട്.
തേയിലയിട്ട് കുടിച്ചു കൊണ്ടിരിക്കുന്നു.
മറ്റ് പാനീയങ്ങൾക്ക് വിലക്കാണവിടെ.
ആശ്രമമല്ലേ! ഞാൻ ‘രാജഗുരു’വിനെ നടയ്‌ക്കുവച്ചിട്ട് സനാതനനെ മാറ്റിനിറുത്തി പറഞ്ഞു.
“ഒറ്റത്തടിയാ… വേറെ വിചാരമൊന്നുമില്ല. പൂജയും കാര്യങ്ങളുമൊക്കെ അറിയാം. തൽക്കാലം ഇവിടെ നിൽക്കട്ടെ. പറ്റുന്നില്ലെങ്കിൽ പറഞ്ഞുവിടാം.”
“അതു വേണോ? ഒരാശ്രമത്തിൽ രണ്ടു സ്വാമിമാർ വാഴുമോ?”
സംശയം ന്യായമാണ്.
എന്നാലും ഞാൻ പറഞ്ഞു.
“നോക്കാം …”
സനാതനൻ സമ്മതിച്ചു.
അങ്ങനെ അപ്പുവണ്ണനെ ആശ്രമത്തിലെടുത്തു.
മണിനാദവും മന്ത്രധ്വനികളും ഒക്കെയായിട്ട് കാര്യങ്ങൾ മുന്നോട്ടു പോയി.
ഷിഫ്റ്റ് വച്ചാണ് പൂജ.
രാവിലെ സനാതനന്റെ വിശേഷാൽ പൂജ.
വൈകുന്നേരം ഗുരുവിന്റെ സാദാ പൂജ.
മൂന്നാഴ്ച കഴിഞ്ഞിരിക്കും.
സനാതനൻ സ്ഥലത്തില്ലായിരുന്നു.
മടങ്ങിവന്നതിന്റെ അടുത്തദിവസം തന്നെ ആശ്രമത്തിലെത്തി മുടങ്ങിക്കിടന്ന വിശേഷാൽ പൂജ ആരംഭിച്ചു.
ദീപാരാധനയ്‌ക്കായി മണിയെടുത്തതും വെളിയിലൊരു തട്ട്…
സ്വാമി ഞെട്ടി.
“സനാതനാ. വാതിൽ തുറ…”
രാജഗുരുവിന്റെ ശബ്‌ദമാണ്. ഈ നേരത്ത് ഇദ്ദേഹം…?
“സനാതനോ... വാതിലൊന്ന് തുറന്നു വായോ…”
സ്വാമി സാമഗ്രികൾ താഴെ വച്ചു.
ചെന്നു വാതിൽ തുറന്നു.
ഗുരു ഇതാ വളഞ്ഞുകുത്തി നിൽക്കുന്നു.
“മോനേ സനാതനാ... ഞാനിപ്പോൾ സമാധിയാകുമെടാ... മക്കളെ… പിടിച്ചിട്ട് നിൽക്കുന്നില്ലെടാ…… പൊങ്ങിപോകുന്നെടാ……''
പെട്ടെന്ന് സനാതനനും നിന്നനിൽപ്പിൽ ഒന്നു പൊങ്ങി...
“പൊന്നുസ്വാമീ... എന്നെ എന്തുവേണോ ചെയ്‌തോ... പക്ഷേ ഇവിടെക്കിടന്ന് സമാധിയാവരുത്…”
“ങും… ങും... ഞാനിപ്പോൾ സമാധിയാവും”
“അരുത് സ്വാമീ… സമാധിയാവരുത്…”
പാവം സനാതനൻ!
പേടിച്ചുപോയി.
പുള്ളിയുടെ ഒരു വല്യമ്മാവൻ ഈയിടയ്‌ക്ക് ഒന്നു സമാധിയായതേയുള്ളു...
അതിന്റെ കല്ലറയും ചില്ലറയുമെല്ലാം സനാതനന്റെ കൈയിൽ നിന്നായിരുന്നു. ആ ക്ഷീണം മാറിയിട്ടില്ല.
ഉടനെ രണ്ടാമതൊരു സമാധികൂടെ താങ്ങാനുള്ള ത്രാണിയില്ല!
"സനാതനാ……”
“ഇതാ വീണ്ടും പൊങ്ങുന്നു.”
“സമാധിയായിക്കോട്ടേ…”
“പൊന്നുസ്വാമീ... ഒരു പത്തുമിനിട്ട് പിടിച്ചോളണം ഞാൻ ദാ വരുന്നു.”
മൊബൈൽ ഫോൺ എന്നൊരു ദ്രോഹിയെ നമ്മൾ മടിയിൽ വച്ചു നടക്കുന്നുണ്ടല്ലോ.
അവൻ ശബ്‌ദിച്ചതും ഞാൻ എടുത്തു.
“ഞാൻ സനാതനനാ, എത്രയും പെട്ടെന്ന് ആശ്രമത്തിലെത്തണം. അത്യാവശ്യമാണ്.
ഒരു കല്യാണത്തിന് പോകാനിറങ്ങിയതാ.
അത് ക്യാൻസൽ ചെയ്‌തിട്ട് ആശ്രമത്തിലെത്തി.
എന്നെ കണ്ടപാടെ, സനാതനൻ പറഞ്ഞു.
“പൊന്നാശാനേ... ആ അപ്പു അപ്പുപ്പനെ ഉടനേ ചുമന്ന് മാറ്റണം. അങ്ങേര് അപ്പുറത്ത് സമാധിയാകാൻ നിൽക്കുവാണ്…”
ഒന്നും മനസ്സിലായില്ല.
ഞാൻ അപ്പുസ്വാമിയെ ചെന്നു കണ്ടു.
സംഭവം സീരിയസ്സാണ്.
കിടന്ന കിടപ്പിൽ കട്ടിലോടെ പൊങ്ങിപ്പോകുന്നുപോലും!
സമാധിസമയം സമാഗതമായത്രെ!
ഏതായാലും സമാധിയാകാൻ സ്വാമിയെ അനുവദിക്കുന്നതിനു മുന്പ്‌ ആശുപ്രതിയിൽ ഒന്നു കാണിക്കുന്നത് നല്ലതാണെന്നു തോന്നി.
സ്വാമിയും എതിരൊന്നും പറഞ്ഞില്ല.
പരിശോധിച്ചപ്പോൾ എന്താണെന്നൊ?
ഹൈ പ്രഷർ!
അതാണ് കട്ടിലോടെ പൊങ്ങിയത്!
എന്തിനു പറയുന്നു!
ഒരു തലതെറിച്ച ഭക്തൻ സനാതനൻ ഇല്ലാത്ത നേരത്ത് ഒരു ഡബ്ബ വെണ്ണ നടയ്‌ക്കു വച്ചിരുന്നു!
മരുന്നുസൂചി കയറേണ്ടിടത്ത് കയറിയതോടെ സമാധിക്കാരന് സമാധാനമായി.
രാജഗുരുവിനെ ഉച്ചക്കാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്‌തത്.
ആശ്രമത്തിൽ നിന്ന് വൈകിട്ടും!
അതൊടെ വേറൊരു ഗുണം കൂടി ഉണ്ടായി.
സനാതനൻ ആത്മീയജീവിതം അവസാനിപ്പിച്ചു. ആശ്രമം ആൾട്ടർ ചെയ്‌ത് ആയൂർവ്വേദ ആശുപത്രി ആക്കി.
പിഴിച്ചിൽ ആണ് പ്രധാനം.
ഈയിടെ കണ്ടപ്പോൾ സനാതനൻ പറയുവല്ലേ, ഇത് നേരത്തെ തുടങ്ങേണ്ടതായിരുന്നെന്ന്!
രാജഗുരുവും കൂടെയുണ്ട് ഇപ്പോൾ.
ഗുരു കാഷായം എല്ലാം ഉപേക്ഷിച്ചു.
ഇപ്പോൾ കഷായത്തിന്റെ ഇൻചാർജ്ജ്!

 

Comments

Post a Comment

Popular posts from this blog