പഞ്ചിംഗ് - 28
കെ.സുദർശനൻ
സായിപ്പും
സായിപ്പിന്റെ വൈഫും!
ട്രെയിൻ നീങ്ങി.
ഒരു സായിപ്പും മദാമ്മയുമാണ് എന്റെ ഇപ്പുറത്തെ സീറ്റിൽ.
കോട്ടയത്ത് ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തിട്ട് മടങ്ങുകയാണ് ഞാൻ.
ടിക്കറ്റ് എക്സാമിനർ വന്നപ്പോൾ സായിപ്പ് ടിക്കറ്റ് നീട്ടി. അദ്ദേഹം നോക്കിയിട്ട് 264 രൂപ കൂടി ആവശ്യപ്പെട്ടു. സായിപ്പിന് ടെൻഷനായി.
“പേ ടൂ സിക്സ്റ്റി ഫോർ…”
“വൈ?”
സായിപ്പ് ചോദിച്ചു.
മറുപടിയും ‘വൈ’ എന്നായിരുന്നു.
ഇംഗ്ലീഷിലെ 'Y' അല്ല.
മലയാളത്തിലെ ‘വയ്യ്'!
“വൈ ഷുഡ് ഐ പേ മോർ?”
സായിപ്പ് ചൂടിലാണ്.
വേല മനസ്സിലിരിക്കട്ടെ എന്നായിരിക്കും.
റെയിൽവേ നിയമമനുസരിച്ച് ഇടയ്ക്കുള്ള സ്റ്റേഷനിൽ നിന്നു കയറുന്നവർക്ക് നേരിട്ട് എ.സി. ടിക്കറ്റ് കൊടുക്കാൻ പറ്റില്ല. സീറ്റ് ഒഴിവുണ്ടോ എന്നറിയില്ലല്ലോ? അതുകൊണ്ട് ആദ്യം സാധാരണ ടിക്കറ്റേ കൊടുക്കു ബാക്കി ഏർപ്പാടുകൾ കോച്ചിൽ വച്ചാണ്. ആ ബാക്കിയാണ് ചോദിക്കുന്നത്.
ഇതൊക്കെ ബോധ്യപ്പെടുത്തണമെന്നുണ്ട് എക്സാമിനർക്ക്. പക്ഷേ ഭാഷ വഴങ്ങണ്ടേ?
ഒടുവിൽ, വഴങ്ങുന്നതുപോലെ മൊഴിഞ്ഞു.
“യൂ വൺ തേർട്ടി ടൂ...
യൂവർ വൈഫ് വൺ തേർട്ടി ടൂ...
ടോട്ടൽ ടു സിക്സ്റ്റി ഫോർ...
അണ്ടർസ്റ്റാന്റ് ...!”
വൈഫെന്നും കൂടി പറഞ്ഞപ്പോൾ സായിപ്പിന്റെ കൺട്രോളുപോയി.
മാന്യമായിട്ട് ജീവിക്കുന്ന സ്ത്രീകളെക്കുറിച്ച് തോന്ന്യാസം പറയുന്നോ? ആ ഭാവമാണ് മുഖത്ത്.
എക്സാമിനർ പിന്നെയും പഴയ പല്ലവി തന്നെ.
“യു വൺ തേർട്ടീ ടൂ...
യൂവർ വൈഫ് വൺ തേർ….”
“ഷട്ടപ്പ് യൂ ഇഡിയറ്റ്!”
കേൾക്കാത്ത താമസം ‘ഇഡിയറ്റ്’ ഷട്ടറിട്ടു.
ഇത്രയുമായപ്പോൾ ഞാൻ ഇടപെട്ടു.
കാര്യങ്ങൾ ഇംഗ്ലീഷിൽ കേട്ടപ്പോൾ സായിപ്പിനു മനസ്സിലായി, പിന്നെ തർക്കിച്ചില്ല. പറഞ്ഞ തുക കൊടുത്ത് എക്സാമിനറെ ഡിസ്പോസ് ചെയ്തു.
പാവം…
അഞ്ചു മിനിട്ടുകൂടി കഴിഞ്ഞിരുന്നെങ്കിൽ ഭാന്തായിപ്പോയേനെ!
പൗരാവകാശങ്ങളെക്കുറിച്ച് നമ്മെക്കാൾ ബോധവാന്മാരാണ് വിദേശികൾ.
തട്ടിപ്പ് അവർ സഹിക്കില്ല.
“കാപ്പീ... കാപ്പീ.....”
അടുത്ത കഥാപാത്രം!
സായിപ്പ് അങ്ങോട്ടു നോക്കിയതേയുള്ളു. അവൻ രണ്ടുകപ്പ് കയ്യിൽ പിടിപ്പിച്ചു കൊടുത്തു.
നാശം... ഇത് എവിടെ വയ്ക്കും!
എന്നാലല്ലേ കാശെടുക്കാൻ പറ്റൂ...
അപ്പോഴാണ് അതുകണ്ടത്.
മുൻസീറ്റിനു പിന്നിൽ ഒരു ചെറിയ അറ.
എ സ്മാൾ പൗച്ച്!
തൽക്കാലം അങ്ങോട്ട് വയ്ക്കാം.
സായിപ്പ് ‘സംഭവം’ അതിനകത്ത് ചെരുവി.
മദാമ്മയും.
എന്നിട്ട് നിക്കറിൽ നിന്ന് പഴ്സ് എടുക്കാൻ തുടങ്ങിയതും, മുൻസീറ്റുകാരൻ കൊണ്ടാരു മലപ്പ്!
ദാ കിടക്കുന്നു… കാപ്പിയും കപ്പും…!
രണ്ടിന്റേയും ദേഹത്തുകൂടെ...
ഛെ!
ജൗളിയിലെല്ലാം ആയി.
ഒടുക്കത്തെ ചൂടും...
മുഴുവട്ടായി സായിപ്പിന്!
പിടഞ്ഞെഴുന്നേറ്റു പുള്ളി.
“വാട്ട് നോൺസെൻസ് ഹാവ് യു ഡൺ”
എന്തു പോക്രിത്തരമാടോ കാണിച്ചതെന്ന്!
‘പ്രതി’ പ്രതികരിക്കുന്നില്ല.
ശിരസ്സു കണ്ടിട്ട് മാന്യനാണെന്നു തോന്നുന്നു.
അബദ്ധത്തിന് ചാരിപ്പോയതായിരിക്കും.
പുഷ്ബാക്കല്ലേ സീറ്റ്.
ആ ഫെസിലിറ്റി എൻജോയ് ചെയ്തോ!
എന്തായാലും സംഭവിച്ചു.
ഇനി ക്ഷമിക്കുക...
സായിപ്പ് ഒരേ ലഹള തന്നെ.
അതുകൊള്ളാം.
അപ്പോൾ ഇങ്ങനെയാണ് നിങ്ങൾ അതിഥികളോട് പെരുമാറുന്നത്. നല്ല ആതിഥ്യമര്യാദ…
എക്സലന്റ് !
തകർക്കുകയാണ് പുള്ളി.
ആരെ തോൽപ്പിക്കാനോ എന്തോ!
മദാമ്മയ്ക്കാണെങ്കിൽ, മരിച്ചാൽ മതി!
ഒടുവിൽ കുറ്റവാളി എഴുന്നേറ്റു.
“പ്ഫ! നിർത്തെടാ പുല്ലേ...
കുറേ നേരമായിട്ട് നീ കിടന്ന് ആളാവണ്. നീയൊക്കെ എവിടുന്നെങ്കിലും തെണ്ടിത്തിരിഞ്ഞുവന്നു കേറിയിട്ട് ബാക്കിയുള്ളവർക്കാണ് കിടക്കപ്പൊറുതിയില്ലാത്തത്.”
“വാട്ട്?”
വാട്ടല്ല, കോക്കനട്ട്!
“മിണ്ടരുത് തൊലച്ചുകളയും ഞാൻ”
റാസ്കൽ.
അവന്റെ വാട്ട്…!
സായിപ്പ് അന്തംവിട്ട് നിൽക്കുകയാണ്…
മറ്റേപുള്ളിക്കാരിക്ക് കലി ഇറങ്ങുന്നുമില്ല!
“നിന്നോട് ചായയും ബജിയുമൊക്കെ വാങ്ങിച്ച് എന്റെ മുതുകത്തു വയ്ക്കാൻ പറഞ്ഞാടാ ഞാൻ?
എടാ പറഞ്ഞാന്ന്…?”
പുള്ളി കൈ അങ്ങുപൊക്കി.
ആരൊക്കെയോ എഴുന്നേറ്റ് സമാധാനപ്പെടുത്തി.
ഹാ, വിട്ടുകള…
സായിപ്പ് കാപ്പി വീണ പ്രയാസംകൊണ്ടു പറഞ്ഞു പോയതല്ലേ. ദാണ്ടെ, മദാമ്മയുടെ നിക്കറും നനഞ്ഞു.
“കാപ്പി... അവന്റെ…..”
ഒന്നുകൂടി സായിപ്പിനെ ഓങ്ങിയിട്ട് അയാൾ അങ്ങിരുന്നു.
ഇത്രയും കേട്ടപ്പോൾ, സായിപ്പിനും ഒരാശ്വാസം!
പുള്ളി പോയി ഇട്ടിരുന്ന ബനിയൻ കഴുകി ഉണക്കാനിട്ടു.
കൊല്ലം ആയി.
കുറേപ്പേർ അവിടെ ഇറങ്ങി.
“കാപ്പീ... കാപ്പീ….”
പഴയ കഥാപാത്രം!
“ടൂ കോഫീ…”
സായിപ്പ് അങ്ങോട്ട് പറയുകയായിരുന്നു. നടന്നതൊന്നും പോരായിരിക്കും!
ഇത്തവണ കാപ്പി എങ്ങും വച്ചില്ല.
കൈയിൽത്തന്നെ പിടിച്ചു.
“ടൊന്റി റൂപ്പീസ്…” കാപ്പിക്കാരന്റെ ഇംഗ്ലീഷ്!
സായിപ്പ് അനങ്ങുന്നില്ല.
“സായിപ്പേ, ടൊന്റി റൂപ്പീസ്…”
കാപ്പി മൊത്തിക്കുടിക്കുന്ന തിരക്കിലാണ് അദ്ദേഹം.
“ഏയ്, സായിപ്പ്, ഗിവ് മീ ടൊന്റി റൂപ്പീസ്…”
സായിപ്പ് മുഖമുയർത്തി മുന്നോട്ടു കാണിച്ചു.
“ദാറ്റ് മാൻ വിൽ പേ…”
നേരത്തെ കാപ്പി കമഴ്ത്തിയ കക്ഷിയെയാണ് ‘ദാറ്റ്മാൻ’ എന്നു പറഞ്ഞത്.
കാപ്പിക്കാരന് കഥയൊന്നും അറിയില്ലല്ലോ. അയാൾ ദാറ്റ് മാനോട് രൂപ എടുക്കാൻ പറഞ്ഞു.
“എന്തിന്?”
സായിപ്പിനും മദാമ്മയ്ക്കും ഓരോ കാപ്പി വീതം കൊടുത്തു.
“അതിന്?”
“ഇരുപത് രൂപയായി”
“ഞാൻ പറഞ്ഞോ കൊടുക്കാൻ?”
“സായിപ്പ് പറഞ്ഞു ഇവിടന്നു വാങ്ങിക്കാൻ…”
“വ്വ, താൻ ഒരു നടയ്ക്കു പോവൂല്ല അല്ലേ…” കക്ഷി ചാടിയെഴുന്നേറ്റു.
സായിപ്പിന് ഒരു കുലുക്കവുമില്ല.
ഭാഷ അറിഞ്ഞുകൂടെങ്കിൽ ഉള്ള സൗകര്യമേ!
“കൊള്ളാം.
നല്ല പരിപാടി.
ഇയാൾ കുടിച്ച കാപ്പിയുടെ കാശ് ഞാൻ കൊടുക്കണം അല്ലേ... കുറച്ചു കഴിയുന്പോൾ, മദാമ്മയ്ക്ക് ചെലവിനും കൂടി കൊടുക്കാൻ പറയുമല്ലോ ഉവ്വ!”
ഒരു ന്യായസ്ഥൻ രംഗത്തേയ്ക്കു വന്നു.
“ങാ... അങ്ങു കൊടുത്തുകള സുഹൃത്തേ…
അങ്ങേരിപ്പോൾ നമ്മുടെ ഗസ്റ്റല്ലേ…”
“ആരുടെ ഗസ്റ്റ്? ഞാൻ എഴുത്തയച്ചു വരുത്തിയതോ ഇവനെ?”
ഇതിനിടയ്ക്ക് പഴയ എക്സാമിനർ അതിലേ വന്നു.
പക്ഷേ ഇടപെട്ടില്ല.
ഇടപെടാൻ നിവൃത്തിയില്ല.
സാറിന്റെ ഇംഗ്ലീഷ് സൈഡ് വീക്ക്!
പെട്ടെന്ന് ഞാൻ ഇരുപത് രൂപായങ്ങു കൊടുത്തു.
കാപ്പിക്കാരൻ ഹാപ്പി.
സായിപ്പും.
പക്ഷേ പ്രതിക്ക് ഷോക്കായിപ്പോയി.
“അങ്ങനെയിപ്പം ആരും സഹായിക്കേണ്ട. സായിപ്പിന്റെ കാപ്പി തട്ടിക്കളയാൻ അറിയാമെങ്കിൽ അതിന്റെ കാശു കൊടുക്കാനും എനിക്ക് അറിയാം…”
“ടേയ്….
തിരിച്ചു കൊടുക്കടാ… ആ ഇരുപത് ഉലുവാ...
ഇന്നാ പിടി…
പിടിയങ്ങോട്ട്…
ഇതെല്ലാം കണ്ട് രസിച്ചിരിക്കുകയാണ് മദാമ്മ.
സായിപ്പും അതെ.
നമ്മുടെ ‘സാംസ്കാരിക മഹിമ’ ആസ്വദിക്കുകയാവും...
ചുമ്മാതാണോ ടൂറിസം വിചാരിച്ചത്ര പച്ചപിടിക്കാത്തത്?
Super👌👍👍👍👍👍
ReplyDelete