പഞ്ചിംഗ് -  29

കെ.സുദർശനൻ



എവിടെയാ യവനസുന്ദരി!


ശുപത്രി. 
ആഹ്ലാദപൂർവം ആരും പോകാറില്ല അങ്ങോട്ട്.
അരോചകമായ ആ ഗന്ധം.
ആ ദൈന്യം .
പിന്നെ, ഇടയ്‌ക്കിടയ്‌ക്കുള്ള നിലവിളികൾ. എല്ലാംകൊണ്ടും സുഖമല്ല, അന്തരീക്ഷം.
രാത്രിയായാൽ, പറയണ്ട.
ഒന്നുകൂടി ബോറാവും.
പ്രത്യേകിച്ച് ആ നരച്ച വെളിച്ചം.
എന്തുകൊണ്ടാണെന്നറിയില്ല. ആശുപത്രി ബൾബുകൾക്ക് വോൾട്ടേജ് കുറവാണ്.
രോഗികളുടെ ജീവിതം പോലെതന്നെ.
മറ്റൊരു തടവറയാണ് ആശുപത്രിയും.

ചികിൽസയ്‌ക്ക് വേണ്ടിയാണല്ലോ നമ്മൾ ആശുപത്രിയിലെത്തുന്നത്. എന്നാൽ ചികിത്സയെ മറികടന്ന ചില രോഗങ്ങളുണ്ട്. എന്നിട്ട് രോഗിയെ നോക്കി രോഗം ഒരു ചിരിയുണ്ട്.
ആ അസുഖത്തെ സുഖമാക്കാൻ ഒറ്റ ഡോക്ടർക്കേ കഴിയു. അത് ആരാണെന്ന് കവിയും സുഹൃത്തുമായ ശ്രീ. കുരീപ്പുഴ ശ്രീകുമാർ പറയും.
“ഒറ്റ ഡോക്ടർ വിദഗ്ദ്ധൻ, വിചക്ഷണൻ, വർഗ്ഗകാല വൈജാത്യമില്ലാത്തവൻ, ഒറ്റയാൻ, ഏതുനേരത്തുമെത്തുവോൻ, മൃത്യുവെന്ന മൃത്യുഞ്ജയൻ, രക്ഷകൻ!”
ആ ‘രക്ഷകൻ’ എത്തുന്നതുവരെ രോഗി എന്തു ചെയ്യാൻ!
അതിനും സംവിധാനങ്ങളുണ്ട്.
പ്രത്യേക വാർഡുതന്നെയുണ്ട്!
‘പാലിയേറ്റീവ് വാർഡ്.’
വേദന തിന്നിറക്കുന്നവർക്ക് ഒരു ചെറിയ ഇളവ്.
ഇനി തിന്നിറക്കണ്ട!
വിഴുങ്ങിയാൽ മതി.
വല്ലാത്ത അവസ്ഥയാണത്.
ആ വാർഡിൽ പാറാവു നിൽക്കുന്ന ഒരു രാക്ഷസനുണ്ട്.
ആ കശ്‌മലന്റെ പേരാണ് ‘നിശ്ശബ്ദത!’
പശ്ചാത്തലം പിടികിട്ടിയല്ലോ.
ഇനി സംഭവം പറയാം.

ഈ വിധത്തിലുള്ള ഒരു മുറി.
രണ്ടു കട്ടിലുകളുണ്ട്.
ഒന്നു ജാലകത്തോടു ചേർന്ന്.
മറ്റൊന്ന് ഭിത്തിയോടു ചേർന്നും.
രണ്ടിലും ആളുണ്ട്.
മരണം കാത്തുകിടക്കുന്ന രണ്ടുപേർ.
ഏതു കാത്തിരിപ്പും ദുസ്സഹമാണ്.
ഇവിടെ ‘ഇരിപ്പല്ല’ കിടപ്പാണ്.
അനുഭവിച്ചവർക്കേ ഏകാന്തതയുടെ ഏകാന്തത മനസ്സിലാകു.
അല്ലാത്തവർക്ക് അത് വെറും ‘അപാരതീരം!’
എഴുത്തുകാരനായ പത്രാധിപസുഹൃത്ത് പറയാറുണ്ട്. സാഹിത്യത്തിലെ ഏകാന്തത ഡ്യൂപ്ലിക്കേറ്റാണെന്ന്.
കൃത്രിമമായി വളർത്തിയെടുക്കുന്ന വിശിഷ്‌ടവൃക്ഷമാണ് അത്.
നമുക്ക് ‘മുറി’യിലേക്ക് വരാം.
ഡോക്ടറോ നഴ്‌സോ അങ്ങനെയാരെങ്കിലും മാത്രമേ അങ്ങോട്ടു വരാറുള്ളു.
ചില രാത്രികളിൽ ജാലകത്തിനരികിൽ കിടക്കുന്നയാൾക്ക് ശ്വാസം കിട്ടാതെയാകും. കണ്ണുകൾ ‘ഉന്തുന്തു’ കളിക്കും. പ്രാണൻ കുറുകേ നിൽക്കും.
ഉടൻ ഭിത്തിയ്‌ക്കടുത്തു കിടക്കുന്ന ആൾ ബെല്ലമർത്തും.
ഡോക്ടറും, നഴ്‌സും മറ്റും എത്തും. എന്തൊക്കെയോ ചെയ്‌തു കഴിയുന്പോൾ അയാൾ മയക്കത്തിലേക്കുപോകും.
നേരം പുലരുന്പോൾ എല്ലാം നോർമൽ.

രണ്ടുപേരും ഇങ്ങനെ മുഖാമുഖം കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളാകുന്നു. ഭിത്തിക്കടുത്തുള്ള കട്ടിലുകാരനാണ് കൂടുതൽ നിരാശ. അല്ലെങ്കിലും വിൻഡോ സീറ്റിനാണല്ലോ എവിടെയും ഡിമാന്റ്; വിമാനത്തിൽ ഉൾപ്പെടെ.
ജാലകത്തോട് ചേർന്ന കട്ടിലിൽ കിടക്കുന്നയാൾക്ക് പുറംകാഴ്ചകൾ കാണാം.
അല്പം ആശ്വാസം തോന്നുന്പോൾ അയാൾ തലയണയിൽ ചാരി അങ്ങനെയിരിക്കും. എന്നിട്ട് കാഴ്ചകൾ ഓരോന്നായി വിസ്‌തരിക്കും.

കാറ്റിലാടി നിൽക്കുന്ന ഒരു പൂമരമുണ്ട് അവിടെ. നിറയെ മഞ്ഞപ്പൂക്കളാണ്.
നമ്മുടെ കൊന്നപ്പൂക്കൾ പോലെ.
അതുവഴി ഒരു റോഡ് പോകുന്നു.
ഒരുവശത്തായി യുണിഫോമിട്ട് കോൺവെന്റിലേക്ക് പോകുന്ന പെൺകുട്ടികളെ കാണാം.
എന്താ സൈസ് ഓരോന്നും!

കൂട്ടുകാരൻ കാഴ്ചയുടെ ഫെയിമുകൾ നിരത്തുകയാണ്. അത് കേട്ടിരിക്കുന്പോൾ ചുമരിൽ ചാരി കിടക്കുന്നയാൾക്ക് ഒരാശ്വാസം.
ഒപ്പം ആകാംക്ഷയും.
“അതാ, അവളു വരുന്നുണ്ട്. ആ യവനസുന്ദരി!”
അതുവഴി പതിവായി വരുന്ന ഒരു യുവതിയെക്കുറിച്ചാണ്. അവൾക്ക് പുള്ളിക്കാരനിട്ടിരിക്കുന്ന പേരാണ് ‘യവനസുന്ദരി!’
“ഇന്ന് എന്താ വേഷം?” ഭിത്തിക്കാരൻ ചോദിച്ചു.
“ജീൻസും ടോപ്പും!” വിൻഡോ പറഞ്ഞു.
“ആ വേഷം ചേരുന്നുണ്ടോ?”
“അടിപൊളിയായിട്ടുണ്ട്.” വിൻഡോയുടെ മറുപടി.
“ഇന്ന് ടെലിഫോൺ ബൂത്തിൽ കയറുന്നില്ലേ...?” ഭിത്തിക്ക് അറിഞ്ഞോളാൻ വയ്‌യ.
“കേറി, കേറി…”
ശരിയാണ്.
അവിടെയെത്തുന്പോൾ അവൾ എന്നും ആരെയോ ഫോൺ ചെയ്‌യാറുണ്ട്. ഏതോ ബോയ്‌ഫ്രണ്ടിനെ ആണെന്നാണ് ഈ ‘മൃതപ്രായന്മാരുടെ’ വിചാരം.
“മറ്റവൻ എന്തോ കുസൃതി പറഞ്ഞു. കേട്ടോ…”
“എങ്ങനെ മനസ്സിലായി?”
“ആ ചിരി കണ്ടില്ലേ... ഹായ്, ചിരിക്കുന്പോൾ നല്ല രസം പ്രത്യേകിച്ച് ആ നുണക്കുഴി.”
‘ഭിത്തി’ക്ക് എത്തിനോക്കണമെന്നുണ്ട്.
“അവൾക്ക് നാണം വരുന്നുണ്ടോ?”
“പിന്നേ, നാണം... ഇപ്പോഴത്തെ പെന്പിള്ളേർക്ക് അങ്ങനെ വല്ലതുമുണ്ടോ?”
ഭിത്തി ചമ്മി.

അടുത്ത ദിവസം ഭിത്തിക്ക് നല്ല ഉന്മേഷം. വിൻഡോയ്‌ക്ക് ക്ഷീണവും. ഭിത്തി ചോദിച്ചു.
“ആശാനേ എഴുന്നേറ്റ് ജാലകം തുറന്നാട്ടേ. വൈകുന്നേരമായി.”
“ഹോ എന്തിനാ?”
“ആ യവനസുന്ദരി എത്തിക്കാണും ഇപ്പോൾ?”
വിൻഡോയ്‌ക്ക് ദേഷ്യം വന്നു.
“മരിക്കാൻ പോകുന്പോഴും മനസ്സിലിരിപ്പ് കണ്ടില്ലേ. അപ്പോൾ ആയകാലത്ത് എന്തായിരുന്നിരിക്കും!”
സുഹൃത്ത് ചമ്മി. 
എല്ലാ മൂഡും പോയി.
കണ്ടോ ദുഷ്‌ടൻ കളിയാക്കിയതു കണ്ടോ. വിൻഡോ സൈഡ് കിട്ടിയതിന്റെ നെഗളിപ്പാ.
എനിക്കുമാത്രം ഒന്നും വിധിച്ചിട്ടില്ല; 
ഒരിക്കലും.
അയാൾ തിരിഞ്ഞുകിടന്നു. ഓരോന്നാലോചിച്ച് വേദനപ്പെട്ടുകൊണ്ട്...
രാത്രിയായി.
കൂട്ടുകാരന് പതിവുപോലെ ചുമ വരുന്നു.
ശ്വാസം തടസ്സപ്പെടുന്നു.
പ്രാണൻ കുറുകുന്നു.
കണ്ണുകൾ ‘ഉന്തുന്നൂ’.
എന്നുമുള്ളതാണ് ഇതെല്ലാം.
അപ്പോഴെല്ലാം ഇപ്പുറത്തു കിടക്കുന്നയാൾ ഭിത്തിയിലെ ബെൽ അമർത്തും.
നഴ്‌സ് വരും.
ഡോക്ടറെ വിളിക്കും.
എന്തോ കുത്തിവയ്‌ക്കും.
കക്ഷി മയക്കത്തിലേക്കു ചായും!
വെളുക്കുന്പോഴേക്കും എല്ലാം നേരെയാകും.
അതാണല്ലോ പതിവ്.
ഇന്ന് ആ പതിവ് തെറ്റിച്ചാലോ!

അയാളുടെ മനസ്സിലപ്പോൾ ജാലകത്തിലൂടെ കാണപ്പെടുന്ന വിസ്‌മയങ്ങളായിരുന്നു.
ടെലഫോൺ ബൂത്തിലെത്തുന്ന, ജീൻസും ടോപ്പുമിട്ട ആ തടിച്ച പെണ്ണായിരുന്നു.
അവളുടെ വിടർന്ന നുണക്കുഴികളായിരുന്നു.
അതൊക്കെ ഓർത്തുകൊണ്ട് അയാൾ തിരിഞ്ഞു കിടന്നു. ഉറക്കം നടിച്ച്.
അപ്പുറത്ത് ശ്വാസം വലിക്കുന്നതിന്റെ ബഹളങ്ങൾ.
ചാവട്ടെ.
നാശം പിടിച്ചവൻ.
അയാൾ ഉറക്കത്തിലേക്ക് ഇറങ്ങിപ്പോയി.
പുലരുന്പോൾ, അപ്പുറത്തെ ബെഡിൽ ആളില്ല.
മനസ്സൊന്നു വിങ്ങി.
അടുത്ത നിമിഷം അവിടെ ഒരു മഴവില്ലു തെളിഞ്ഞു.

അന്ന് റൗണ്ട്‌സിനു വന്നപ്പോൾ ഡോക്ടർ പറയുന്നു.
“കൂട്ടുകാരൻ പോയി. അറിഞ്ഞില്ലേ!”
അയാൾ മിണ്ടിയില്ല.
“ഇന്നു പുലർച്ചയ്‌ക്കായിരുന്നു. ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.”
 ഡോക്ടർ തിരിഞ്ഞു നടന്നു.
വാതിക്കൽ എത്തിയപ്പോൾ, അയാൾ വിളിച്ചു. അദ്ദേഹം തിരിഞ്ഞു നോക്കി.
“ഡോക്ടർ”
“എന്താ?”
“എനിക്ക് ആ കട്ടിൽ തരുമോ?”
“പിന്നെന്താ!”
ജനാലയ്‌ക്കരികിലെബെഡിലേക്ക് അയാളെ മാറ്റിക്കോളാൻ പറഞ്ഞിട്ട് ഡോക്ടർ പോയി.

മാറ്റം കിട്ടിയ ആദ്യനിമിഷത്തിൽത്തന്നെ,
അയാൾ തലയണകൾ ചേർത്തുവച്ച് ചാരിയിരുന്നു. എന്നിട്ട് ആവേശപൂർവം ജാലകം തുറന്നു.

അവിടെ ആ പൂമരമില്ല!
ടെലഫോൺ ബൂത്തില്ല!
നാൽക്കവല ഇല്ല!
കൂട്ടുകാരൻ പറയാറുള്ള വീടുകളോ ആളുകളോ ഒന്നുമില്ല. 
ആകെയുള്ളത് ആശുപത്രിക്കു പിന്നിലെ കുറെ തരിശുഭൂമി മാത്രം.
പിന്നെ, അഴുക്കുവെള്ളമൊഴുകുന്ന ആ ഓടയും! എല്ലാം ഭാവനയിൽ സൃഷ്‌ടിച്ചതായിരുന്നു.
ഒരു വിദേശ കഥയാണിത്.
 എരിഞ്ഞടങ്ങുന്പോഴും ചന്ദനം സുഗന്ധം പരത്തിക്കൊണ്ടിരിക്കും.
ജാലകഭാഗത്തെ സുഹൃത്തും അങ്ങനെയായിരുന്നു.
ഇപ്പുറത്തെ ആളാകട്ടെ, സ്വാർത്ഥതയുടെ പര്യായം.

ഇവരിൽ,
ആരാകണമെന്ന് സ്വയം തീരുമാനിക്കുക.


Comments

  1. വളരെ ആസ്വദിച്ചു വായിച്ചു .....
    അഭിനന്ദനങ്ങൾ സാർ💞🌹

    ReplyDelete

Post a Comment

Popular posts from this blog