പഞ്ചിംഗ് - 30

കെ.സുദർശനൻ


സാറിന്റെ കുളി



രോ കുളിയും ഓരോ പുനർജന്മാണെന്നു പറയും.
അതിരാവിലെ കുളിച്ചുകഴിഞ്ഞാൽ മൃഷ്‌ടാന്നഭോജനം കഴിച്ചതിനു തുല്യം!
കുളി കഴിയുന്നതോടുകൂടി ഫ്രഷാവുകയാണ്. ശാരീരികമായി മാതമല്ല, മാനസികമായും!
അതാണ് കുളിയുടെ മനഃശ്ശാസ്‌ത്രം.
എഴുത്തുകാർക്കും അഭിഭാഷകർക്കുമൊക്കെ പുതിയ ആശയങ്ങൾ സ്‌പാർക്ക് ചെയ്‌യുന്നത് ജല സന്പർക്കമുണ്ടാകുന്പോഴാണ്.
ഒരു മുൻമന്ത്രിയുടെ കുളി പ്രസിദ്ധമാണ്.
ദിവസവും പലതവണ കുളിക്കുമത്രെ.
പലതവണ എന്നുപറഞ്ഞാൽ അഞ്ചും പത്തുമൊന്നും അല്ല! ചെറിയൊരു ബ്രേക്ക് കിട്ടിയാൽ പുള്ളി കുളിച്ചു കളയും!
കുളി ചികിത്സയുമാണ്!
ഉന്മാദത്തിനു മാത്രമല്ല. പലതിനും...
ഇന്ന് നമുക്ക് കുളിക്കാൻ എവിടെ നേരം?
അവസാന നിമിഷമല്ലേ ബാത്ത് റൂമിലോട്ടു കേറുന്നത്. ഒരുവിധം നനച്ചെടുത്തുകൊണ്ട് പോരുകയാണ്.
ബാക്കി സ്‌പ്രേകൊണ്ട് സോൾവ് ചെയ്‌യും.
സാധാരണ ജലവുമായി ബന്ധം വിടർത്തിയവരാണ് പലരും. മിക്കവരുടെയും കുളി ചൂടുവെള്ളത്തിലാണ്.
ചിലർ കുളിക്കാൻ കൊണ്ടുപോകുന്ന വെള്ളം കണ്ടാൽ അതിശയിച്ചുപോകും.
മുഖം കഴുകാൻ പോലും തികയില്ല. പക്ഷേ അതുവെച്ച് ലാവിഷായിട്ട് കുളിക്കും, അവർ.
എങ്ങനെയെന്നല്ലേ?
വെള്ളം ബോയിലിംഗ് പോയിന്റിലാണ് കൊണ്ടുപോകുന്നത്. ഒന്നരബക്കറ്റ് പച്ചവെള്ളം ചേർത്താലേ അത് മീഡിയം പോയിന്റിൽ ആവൂ!
ആയുർവേദപ്രകാരം ഇത് വിരുദ്ധമാണ്. ചൂടുവെള്ളത്തോടൊപ്പം തണുത്തവെള്ളം ചേർത്താൽ വാതം ‘വിളിച്ചും കേട്ടും’ വരുമെന്നാണ് വൈദ്യന്മാർ പറയുന്നത്.
‘വാതം’ എപ്പോഴും ജലമാർഗ്ഗം തന്നെ വരണമെന്നില്ല. ഒരു പ്രായം കഴിഞ്ഞാൽ വാതകോലാഹലങ്ങൾ ഉറപ്പിക്കാം.
കുളിയെക്കുറിച്ച് പറയാൻ കാരണമുണ്ട്. എന്റെ മനസ്സിൽ ഇന്നും തോരാതെ നിൽക്കുന്ന ഒരു കുളിയുണ്ട്.
എന്റേതല്ല...
ഒരു വലിയ മനുഷ്യന്റെ!
ആരാണ് ഈ സ്‌നാനഗാഥയിലെ നായകനെന്ന് അറിയണ്ടേ? പേര് പറയില്ല.
ആള് കവിയാണ്. നിരൂപകനും.
ബഹുമതികൾ വേറെയുമുണ്ട്.
എന്തായാലും വി.വി.ഐ.പി. തന്നെ.
എന്റെയൊരു സുഹൃത്തിന് വല്ലാത്ത മോഹം, മകളുടെ വിവാഹത്തിന് ഇദ്ദേഹത്തെ ക്ഷണിക്കണമെന്ന്.
കാരണമുണ്ട്.
ഇവർ സഹപാഠികളായിരുന്നു.
പിന്നീട് ഇദ്ദേഹം പ്രശസ്‌തനും പ്രഗത്ഭനും ഒക്കെ ആയെങ്കിലും ഇടയ്‌ക്ക് കാണുന്പോൾ സൗഹൃദം പുതുക്കാറുണ്ടായിരുന്നു.
എന്നാലും ഒറ്റയ്‌ക്കു പോകാൻ ഒരു മടി. ഞാൻ കുടി ചെല്ലണമത്രേ... ഒരു ബലത്തിന്.
ഞാൻ സമ്മതിച്ചു. ഓരോരുത്തരുടെ ആഗ്രഹങ്ങളല്ലേ...
ഒരു തിങ്കളാഴ്ച!
രാവിലെ എട്ടരമണിയോടെ ഞങ്ങൾ അദ്ദേഹത്തിന്റെ വസതിയിലെത്തി.
ശ്രീമതിയാണ് തുറന്നത്.
എന്നെ പരിചയമുണ്ട്.
സാർ റീഡിംഗ് റൂമിലുണ്ട്.
ചിരിച്ചുകൊണ്ട് അവർ പറഞ്ഞു.
വീടിനോടു ചേർന്നുള്ള മറ്റൊരു കെട്ടിടത്തിലാണ് വായനാമുറി.
അഥിതികളെ സ്വീകരിക്കുന്നതും അവിടെ വെച്ചുതന്നെ.
ചെല്ലുന്പോൾ വാതിൽ തുറന്നുകിടന്നു.
ആരെയും കാണുന്നില്ല.
അദ്ദേഹം കുളിമുറിയിലാണു തോന്നുന്നു.
വെള്ളം വീഴുന്ന ശബ്‌ദം.
ഒരാളെ കാണാനായി ചെല്ലുന്പോൾ, ആ വ്യക്തി കുളിച്ചുകൊണ്ടിരിക്കുന്നത് നല്ല ശകുനമല്ല. ഇവിടെ ശകുനം മോശമാണെന്നു വച്ച് കുഴപ്പമൊന്നുമില്ല. കൂടിപ്പോയാൽ കല്യാണത്തിനു വരില്ലായിരിക്കും. അത്രയല്ലേ ഉള്ളൂ.
ഞങ്ങൾ ക്ഷമാപൂർവം കാത്തിരുന്നു.
വരട്ടേ. കുളി കഴിഞ്ഞിട്ടു മതി.
ചുവർ നിറയെ ഫോട്ടോകൾ.
ഞങ്ങൾ ആകാക്ഷാപൂർവം നോക്കി.
പുരസ്‌കാരങ്ങൾ വാങ്ങുന്ന ചിത്രങ്ങളാണ് അധികവും.
ഷെൽഫുനിറയെ ശിൽപങ്ങൾ... പെയിന്റിങ്ങുകൾ.
അലമാരകളിൽ ബ്രഹദ്ഗ്രന്ഥങ്ങൾ.
അവയെല്ലാം നോക്കിയിരുന്ന് സമയം പോയതറിഞ്ഞില്ല.
ഇതിനിടയ്‌ക്ക് പൈപ്പ് അടയ്‌ക്കപ്പെടുകയും തുറക്കപ്പെടുകയും ചെയ്‌തുകൊണ്ടിരുന്നു.
“കുളിച്ചുതീർന്നില്ലേ?”
സുഹൃത്ത് എന്നോട്!
ഞാൻ എന്തു പറയാൻ.
ദേ, പിന്നെയും വെള്ളം എടുത്തൊഴിക്കുന്നു.
“ശ്ശേ... സമയം പോകുന്നല്ലോ.” പുള്ളിക്കാരന് ക്ഷമ കുറയാൻ തുടങ്ങി .
പൈപ്പ് അടച്ചെന്നു തോന്നുന്നു.
തോർത്ത് കുടയുന്ന ശബ്‌ദം.
ഫിനിഷിംഗ് ടച്ചായിരിക്കും.
ഞങ്ങൾ വാതിൽ തുറക്കുന്നതും നോക്കി ഇമവെട്ടാതെയിരുന്നു.
ദേ, വീണ്ടും പൈപ്പ് തുറന്നു.
“അമ്മച്ചീ, ഒരു മുണ്ടുടുത്തവനും പാന്റിട്ടവനും കൂടെ ഇറങ്ങോട്ടാണോ വന്നത്?”
ഞങ്ങൾ തിരിഞ്ഞു നോക്കി.
ആട്ടോറിക്ഷാക്കാരൻ! ആട്ടോ അപ്പുറത്തെ വളവിൽ നിറുത്തിയിട്ടാണ് വന്നത്.
ഇരുന്നിരുന്ന് അയാൾ മടക്കുകസേരപോലെ ആയിക്കാണും.
ചോദിച്ച തുകകൊടുത്തിട്ടും മുറുമുറുത്തുകൊണ്ടാണ് പോയത്.
തിരിച്ചുവന്നപാടെ സുഹൃത്ത് ചോദിച്ചു.
“എന്തായി?”
"കുളിച്ചുകൊണ്ടിരിക്കുന്നു."
"തീർന്നില്ല."
“നേരത്തോടുനേരം എടുക്കുമെന്നു തോന്നുന്നു.” 
അങ്ങനെ പറയേണ്ടിവന്നു എനിക്ക്.
“പോകാം നമുക്ക്?”
“ഹേയ്! ഇത്രയും നേരം ഇരുന്നില്ലേ…”
ഭാഗ്യം! വാതിൽ തുറക്കുന്നു…
കഥാനായകൻ പുറത്തേക്കു വന്നു.
ഒരു ടൗവൽ മാത്രം!
അത്ഭുതം അതല്ല.
ആ മഹാന്റെ തലയിൽ ഒരുതുള്ളി വെള്ളംപോലും വീണിട്ടില്ല.
ശരീരവും ഈറനല്ല.
ഈ വെളളമെല്ലാം ആർക്ക് കോരിയൊഴിച്ചത്?

“ങാ, കുമാരൻ നായരോ.
ഇരിക്കു ഇരിക്കു...
രണ്ടാളും കുറച്ചുനേരമായോ.”
“ഇല്ല, ഇപ്പോൾ വന്നതേയുള്ളു.”
“എന്നാൽ വെയിറ്റ് ചെയ്‌യൂ... ഞാനൊന്നു കുളിച്ചിട്ടു വരാം…”
“അയ്‌യോ!”
അറിയാതെ വിളിച്ചുപോയി ഞങ്ങൾ.
“ഒരു സെക്കൻറു മതി. ഇപ്പോൾ പൊയ്‌ക്കോളാം.” 
സുഹൃത്ത് അന്തംവിട്ട് പറഞ്ഞു.
ഇനിയൊരു കുളിക്കുകൂടി ‘ബാല്യമില്ല!’ അതുകൊണ്ടാണ്.
സുഹൃത്ത് ദൗത്യം വേഗം നിർവഹിച്ചു.
കത്ത് കവറിലിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു.
“ചിലപ്പോൾ ഡൽഹിയിലായിരിക്കും അന്ന്. സ്ഥലത്തുണ്ടെങ്കിൽ നിശ്ചയമായും വരാം.”
“മതി.”
ഇറങ്ങാൻ തുടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു.
“രണ്ടു ദിവസമായി ഒരു ഗേൾ രാവിലെ പകർത്തിയെഴുതാൻ വരുന്നുണ്ട്. അതിനുമുമ്പ്  കുളിച്ച് ഫ്രഷ് ആകാമെന്ന് വിചാരിച്ചു.”
പുറത്തിറങ്ങിയതും സുഹൃത്ത് ചോദിക്കുന്നു.
“ഗേൾ വരുന്നതിന് ഇങ്ങനെ കുളിക്കണോ?”
എന്റെ സംശയം മറ്റൊന്നായിരുന്നു.
ഗേൾ നേരത്തെ വന്നോ എന്തോ?

വിവാഹദിവസം.
അദ്ദേഹം വന്നില്ല.
ഡൽഹിയിൽ ആയിരിക്കണം.

സാർ ആ വീട് മാറിയെന്നാണ് പിന്നീട് കേട്ടത്.
ഏതോ ദ്രോഹികൾ ആ ഗേളിനെയും സാറിനെയും കുറിച്ച് തിരക്കഥയും  സംഭാഷണവുമൊക്കെ എഴുതിപോലും.
അന്ന് സി.സി.ടീവി ഇല്ലാതിരുന്നത് സാറിന്റെ ഭാഗ്യം.
ജനങ്ങളുടെയും.

എന്തായാലും സാറിന്റെ കുളി തെറ്റി എന്നുപറഞ്ഞാൽ മതിയല്ലോ.
രണ്ടാം ജന്മമാണ് ഇപ്പോൾ!
വെറുതേയല്ല പറയുന്നത് കുളി പുനർജന്മം നൽകുമെന്ന്.

Comments

Post a Comment

Popular posts from this blog