പഞ്ചിംഗ് - 32

കെ.സുദർശനൻ


റോൾ മാറാട്ടം


ത്സവ സീസൺ.
നാടകങ്ങളുടെ സുവർണ്ണകാലം.
മിക്ക സമിതിക്കും ദിവസവും രണ്ടും മൂന്നും വേദികൾ.
കുടുംബസമേതം എത്തുകയാണ് പ്രേക്ഷകർ.
ഷീറ്റുമായിട്ട് വരുന്നവരുമുണ്ട്.
എന്താ രസം!

തുടക്കം തന്നെ നായികയുടെ വിളിയോടെയാണ്.
“രാജേട്ടാ....”
മിക്ക നാടകങ്ങളിലും കാണും ഒരു രാജേട്ടൻ.

നാടകമായതുകൊണ്ടുതന്നെ പരിമിതി ഒരുപാടുണ്ട്.
സ്റ്റേജിൽ നൂറ്റമ്പതു ശതമാനം കാണിച്ചാലേ ദൂരെ ഇരുപത്തഞ്ച് എങ്കിലും കിട്ടു.
ശബ്‌ദമായാലും, ഭാവമായാലും.
അതുകൊണ്ട് നടി മാത്രമല്ല. നടനും കരിയെഴുതും.
എങ്കിലേ നടന്മാരുടെ കണ്ണിന്റെ ‘എലുക’ അറിയാൻ പറ്റു.

സംബോധനകളും കടുപ്പമാണ്.
അതും, മാക്‌സിമം വോളിയത്തിൽ.
“അച്ഛാ…”
ഉടൻ മറുവിളി:
“മകാ....”
ഈ പോക്കാണ്...
എല്ലാം പോട്ടെ.
അനൗൺസ്‌മെന്റല്ലേ സഹിക്കാൻ പറ്റാത്തത്.
ഒരു വെങ്കലത്തൊണ്ടക്കാരനെ അതിനായിട്ട് നിറുത്തിയിട്ടുണ്ട്.
അദ്ദേഹം ഗളനാളത്തിൽ എപ്പോഴും സ്വല്‌പം പഴം വച്ചിരിക്കും.

“അടുത്ത ബെല്ലോടുകൂടി ‘നാട്ടകം’ ആരംഭിക്കുകയായി.. അതിനുമുന്പ്, ഈ പഞ്ചായത്തിലെ മുഴുവൻ ലൈറ്റുകളും അണച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.”

പഞ്ചായത്ത് മുഴുവൻ അവിടെയുണ്ടെന്നാണ് വിചാരം!

നാടകത്തിന്റെ പേര് പറയുന്നത് കേട്ടിട്ടുണ്ടോ?
ഖാട്ടു ഖോഴിക്കെന്തിന് ഖോട്ടുവാ?
കാട്ടുകോഴിക്ക് കോട്ടുവാ എന്തിനെന്ന്?

ഇത്ര വിസ്‌തരിച്ച് നാടകത്തെക്കുറിച്ച് പറഞ്ഞത് ആ മൂഡിലേക്ക്  
എല്ലാവരും തിരിച്ചു വരാനാണ്.

അക്കാലത്ത്, അല്‌പസ്വല്‌പം അറിയപ്പെടുന്ന ഒരു നടൻ.
ഒരു പ്രമുഖനാടകക്കമ്പനിയിൽ  
സ്ഥിരം നായകൻ!
നാടകമുതലാളിയും ഇദ്ദേഹവും ആത്മമിത്രങ്ങൾ.
അങ്ങനെയിരിക്കെയാണ് ആ സംഭവം.
നാടകമേഖലയിൽ അതൊരു ബ്രേക്കിംഗ് ന്യൂസായിരുന്നു!

ഒരു പാതിരയ്ക്ക്    ഇദ്ദേഹത്തെ അദ്ദേഹം പറഞ്ഞുവിട്ടു!

ആർക്കും വിശ്വസിക്കാൻ പറ്റുന്നില്ല. ഒടുവിൽ ഒരാൾ നേരെ നടന്റെ വീട്ടിലേക്കു വിട്ടു.
നഖം വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു നടൻ.

“നേരാണോ ഈ കേൾക്കുന്നത്?”
“എൻഡാണ് ഖേൾക്കുന്നത്?”
ക്ഷമിക്കണം കളിയാക്കിയതല്ല.
അവർക്ക് അങ്ങനെയൊരു ശാപമുണ്ട്.
സ്റ്റേജിൽ ഡയലോഗു പറയുന്നതുപോലെ സംസാരിക്കാനേ അറിയു.
ഭാര്യയോടും അങ്ങനെ തന്നെ.
“ഭാഗീരഥീ…..”
“എന്നെ നീ മൃഗമാക്കരുത്…”

ഭാഗീരഥി അത് ഡീല് ചെയ്‌യുന്നതെങ്ങനെയെന്നോ?
കൂളായിട്ട് ഒരു കാച്ച്...
“പോവുവാ അവിടന്ന്!...”
തീർന്നു.
പിന്നെ നോർമലാ!
തൊഴിൽപരമായ ശീലം എന്നുകരുതിയാൽ മതി…

എനിക്കൊരു ബസ് കണ്ടക്‌ടറെ അറിയാം. പുളളിക്കാരൻ എവിടെച്ചെന്നാലും എന്തെങ്കിലും എടുത്ത് കക്ഷത്തുവയ്‌ക്കും…
എന്തെങ്കിലും!
കക്ഷം ഫ്രീയായിട്ടു കിടന്നാൽ കക്ഷിക്ക് പ്രാന്താ!
എന്തെങ്കിലും എടുത്തവിടെ വയ്‌ക്കണം. ഇപ്പേരിൽ പലേടത്തുനിന്നും പലതും ‘റാന്തി’ക്കൊണ്ടു പോയിട്ടുമുണ്ട്.
അതെ, തൊഴിൽപരമായ ശീലങ്ങൾ!

നമ്മുടെ നടനോട് വന്നയാൾ ചോദിച്ചു.
“അല്ല സമിതിയിൽനിന്ന് പറഞ്ഞുവിട്ടെന്നു കേട്ടു.”
"ഞാനും ഖേട്ടു."
“ശരിയാണോ അത്?”
“ശ്ശരിയാണ്”
അദ്ദേഹം അപ്പോഴും എട്ടരക്കട്ടയിൽത്തന്നെ!
“നിങ്ങൾ തമ്മിൽ അടുപ്പമായിരുന്നല്ലോ, പിന്നെന്തുപറ്റി?”
“ഫറഞ്ഞിട്ടു കാര്യമില്ല!”
“എന്നാലും അതു ശരിയായില്ല. അയാൾ അങ്ങനെ ചെയ്‌തുകൂടാ”
ആഗതൻ മൂപ്പിക്കാൻ തുടങ്ങി.
“പിന്നെ, ചെറിയൊരു മിസ്റ്റേഖ് എന്റെ ഭാഗത്തുമുണ്ട്?”
“എന്നുവച്ച് പിരിച്ചുവിടാമോ?”
ആരുടെ ഗ്ലാമറിലാ അയാൾ ഈ നിലയിൽ എത്തിയത്? ആ ‘ടാജ്മഹാൾ’ നാടകം ഇല്ലെങ്കിൽ കാണാമായിരുന്നു. അണ്ണന്റെ ഷാജഹാൻ വേഷമാണ് ആ നാടകത്തെ ഹിറ്റാക്കിയത്. എത്ര സ്റ്റേജിൽ കളിച്ചു! എന്തുമാത്രം കാശു വാരിക്കൂട്ടി. എന്നിട്ടിപ്പോൾ പിരിച്ചുവിട്ടെന്ന്.. മോശമായിപ്പോയി”
“അതൊക്കെ ശ്ശരിതന്നെ. പക്ഷേ, ചെറിയൊരു മിസ്റ്റേഖ്‌ എന്റെ ഭാഗത്തും ഉണ്ട്?”
“അതെന്തോന്ന്?”
പിന്നെ, ആ മനുഷ്യൻ തൊണ്ടയിലുണ്ടായിരുന്ന ‘കട്ട’കളെല്ലാം ലൂസാക്കിയിട്ടു.
ബാക്കി, സാദാ ശബ്‌ദത്തിൽ.

“പ്രോഗ്രാമിനു എവിടെപ്പോയാലും അടുത്തുള്ള ബാർ ഞാൻ നോക്കി വയ്‌ക്കും. മേക്കപ്പു കഴിഞ്ഞ് കുറച്ച് ‘ഫ്രീ’ ഉണ്ട്.
നേരേ അങ്ങോട്ടുവിടും.
തേർഡ്ബെൽ കേൾക്കുമ്പോൾ ലാസ്റ്റ് പെഗ്ഗ് എടുത്ത് ഒരു കമിഴ്‌ത്ത്.
സെക്കന്റ് ബെൽ ആകുമ്പോൾ ഗ്രീൻ റൂമിൽ എത്തിയിരിക്കും. അവിടെ ഷാജഹാൻ ചക്രവർത്തിയുടെ ഗൗണും റോസാപ്പൂവും ആണിയിൽ കിടപ്പുണ്ടാവും.
റോസാപ്പൂ കടിച്ചുപിടിച്ചുകൊണ്ട് ഗൗൺ എടുത്തിടും. പിന്നെ വേറെ ഡ്രസ്സ് വേണ്ട.
ഫുൾ പാക്കേജാണ്?
അപ്പോഴേക്കും ഫസ്റ്റ് ബെൽ അടിക്കും.
പൂവും പിടിച്ചുകൊണ്ട് ഒരു വരവാണ് ഷാജഹാൻ.
എന്നിട്ടൊരു ഡയലോഗുണ്ട്.
ഒരഞ്ചഞ്ചര മിനിട്ടുവരും.
പൂത്ത സാഹിത്യമാ.

"ഹേ! മുംതാസ്...
നിന്റെ ശോഭായമാനമായ ഈ കപോലങ്ങളിലോ, സമുദ്രാഗാധമായ ഈ മിഴികളിലെ ഇന്ദ്രജാല വിലാസങ്ങളിലോ, അതോ ആ മഴവിൽക്കൊടിയിലെ വശ്യാനുഗ്രഹവിഗ്രഹനിഗ്രഹ.."
അങ്ങനെ പോവും അത്?
ആ അഞ്ചരമിനിട്ടും അന്യായ കയ്‌യടിയാണ്!
ഇതാണ് പതിവ്.

അന്നും തേർഡ് ബെൽ കേട്ടപ്പോൾ ലാസ്റ്റ് പെഗ് എടുത്തുവലിച്ചു.
സെക്കന്റ് ബെല്ലിന് റോസാപ്പൂവും കടിച്ച് ഗൗൺ എടുത്തിട്ടു.
ഫസ്റ്റ് ബെല്ലിന് പൂവും കറക്കിക്കൊണ്ടു സ്റ്റേജിലെത്തി.
“വശ്യാനുഗ്രഹ വിഗ്രഹനിഗ്രഹ…” ഒറ്റമൂച്ചിൽ കാച്ചി.
അന്യായ കയ്‌യടിയായിരുന്നു അന്നും.
സദസ്സ് ത്രില്ലടിച്ചുമറിഞ്ഞു.
പക്ഷേ എന്നെ അന്നുരാത്രി തന്നെ പറഞ്ഞുവിട്ടു!”
“അല്ല, അതാണ് മനസ്സിലാവാത്തത്...
ഇത്രയും നന്നായിട്ട് അവതരിപ്പിച്ചിട്ടും...?”
“പറഞ്ഞില്ലേ... ചെറിയൊരു മിസ്റ്റേക്ക് എന്റെ ഭാഗത്തുണ്ടായി…”
“അതെന്തോന്ന്?”
“അന്ന് നാടകം ‘കായംകുളം കൊച്ചുണ്ണി’ ആയിരുന്നു...!!!”

റോളുമാറിക്കളിച്ചാൽ ഇങ്ങനെയിരിക്കും!
നാടകത്തിലായാലും ജീവിതത്തിലായാലും!!
ഒരാൾക്കു തന്നെ എത്ര റോളാണ് ജീവിതത്തിൽ!
അച്ഛൻ...
ഭർത്താവ്…
മകൻ...
അനുജൻ...
അമ്മായിഅപ്പൻ…
ഇതിൽ ഏതെങ്കിലും റോളുമാറിയാൽ എന്തായിരിക്കും അവസ്ഥ.
ചിന്തിച്ചിട്ടുണ്ടോ?
പറഞ്ഞിട്ടു കാര്യമില്ല.
അനുഭവങ്ങൾ ആരെയും ഒന്നും പഠിപ്പിക്കുന്നില്ല!

Comments

Popular posts from this blog