പഞ്ചിംഗ് - 33
കെ.സുദർശനൻ
പ്ലംബർ വന്നില്ല!
ശ്രീമതിയുടെ ഒരു ബന്ധുവിന്റെ വീട്ടിൽ വിവാഹം കഴിഞ്ഞ് ഞങ്ങൾ ആദ്യമായി എത്തുകയാണ്.
ഊഷ്മളമായ സ്വീകരണം.
ഭക്ഷണവും ഗ്രാന്റ്!
എല്ലാം നാടൻ ഐറ്റംസ്.
ഞങ്ങൾക്കാണെങ്കിൽ നല്ല വിശപ്പും.
ആസ്വദിച്ചുതന്നെ കഴിച്ചു.
കൈ കഴുകാൻ വാഷ്ബേസിനടുത്തു ചെന്നപ്പോൾ വീട്ടുകാരൻ ക്ഷമാപണപൂർവം പറയുന്നു.
“സോറി അത് വർക്കു ചെയ്യില്ല. അതിന്റെ വാഷർ ഇന്നലെ രാത്രി ലൂസായി. വൈകിട്ട് പ്ലംബർ വരാമെന്നു പറഞ്ഞിട്ടുണ്ട്.”
അദ്ദേഹം തന്നെ വന്ന് അടിയിലത്തെ വാൽവ് പിടിച്ചു തിരിച്ചു.
വെള്ളവും വന്നു.
എങ്കിലും പുള്ളിക്കാരന് വല്ലാത്ത ജാള്യം!
ആറുമാസം കഴിഞ്ഞിരിക്കും.
ഒരു ദിവസം ഞങ്ങൾ ആ വഴി പോയപ്പോൾ വീണ്ടും കേറി അവിടെ.
വലിയ സൽക്കാരപ്രിയരാണ്.
വേണ്ടന്ന് എത്ര പറഞ്ഞിട്ടും രക്ഷയില്ല.
എന്തെങ്കിലും കഴിച്ചേ പറ്റു…
എന്തെങ്കിലും!
വിശപ്പില്ലെങ്കിലും നിർബന്ധിച്ചതുകൊണ്ട് എന്തോ കഴിച്ചു. അവസാനം കൈകഴുകാൻ ബേസിന്റെ അടുത്തെത്തി.
പൈപ്പ് തുറന്നപ്പോൾ കാറ്റ്!
തിരിഞ്ഞുനോക്കിയപ്പോൾ മൂപ്പിലാൻ മുദ്രകാണിക്കുന്നു.
താഴെ... താഴെ...
ഇത്തവണ പ്ലംബറെക്കുറിച്ചൊന്നും വിസ്തരിച്ചില്ല. ആദ്യത്തെ ചമ്മലുമില്ല. പ്ലംബറെ കിട്ടിക്കാണില്ലായിരിക്കും.
ഇക്കാലത്ത് പ്ലാബറെയും ഇലക്ട്രീഷ്യനെയും ഒക്കെ കിട്ടുക എന്നത് മഹാകാര്യമാണ്.
തെങ്ങിൽ കേറുന്ന കലാകാരന്റെ കാര്യം പറയുകയും വേണ്ട.
അഡ്വാൻസ് ബുക്കിംഗാണ്.
കഴിഞ്ഞയാഴ്ച വീണ്ടും ആ വീട്ടിൽ ഞങ്ങൾക്ക് പോകേണ്ടിവന്നു. ഒരു നവജാതശിശുവിനെ കാണാൻ.
പറഞ്ഞുവല്ലോ, വലിയ സൽക്കാര ശീലരാണ്.
കഴിപ്പിച്ചേ വിടു...
തർക്കിച്ചിട്ടു കാര്യമില്ല.
ആയിക്കോട്ടെ.
അവസാനം പഴയ ബേസിന്റെ അടുത്തെത്തി.
ടാപ്പു തുറന്നപ്പോൾ വീണ്ടും കാറ്റ്.
ഉടൻ കൈ അടിയിലോട്ടു പോയി.
കറക്ട്!
അങ്ങനെ തന്നെ ക്ളോസും ചെയ്തു.
ഇപ്പോഴത്തെ എന്റെ പ്രശ്നം അതല്ല.
എവിടെച്ചെന്നാലും കൈ അടിയിലോട്ടേ പോകൂ.
ടാപ്പു തുറക്കില്ല.
ഇത് ഒരു രോഗമാണാ ഡോക്ടർ എന്നു ചോദിക്കേണ്ട അവസ്ഥ!
ഇതിനെയാണ് ശീലം എന്നു പറയുന്നത്.
കൃത്യമായിട്ട് പറഞ്ഞാൽ ഇത് ശീലമല്ല, ശീലക്കേടാണ്!
നമ്മളെല്ലാം ഓരോ ശീലക്കേടുകളുടെ അടിമകളാണ്.
കണ്ടിട്ടില്ലേ മിക്ക ആണുങ്ങളും മുടി വലത്തോട്ട് ചീകിവച്ചിരിക്കുന്നത്. പെണ്ണുങ്ങളും അതെ.
എന്താ കാര്യം?
വകുപ്പ് വ്യാപകമായി ഇടത്തോട്ടാവാൻ കാരണമെന്ത്?
എല്ലാരും ഇടതുപക്ഷക്കാരാണോ?
ഉത്തരം പറയൂ.
അതാണ് സൗകര്യം!
നോ...
വലതുഭാഗത്ത് കഷണ്ടി കേറിയിട്ടുണ്ടാവും.
നോ...
വലതുകൈ ഉപയോഗിച്ച് ചീകുന്നതുകൊണ്ടായിരിക്കും.
നോ... നോ... നോ...
ഇതൊന്നുമല്ല കാരണം.
കുട്ടിക്കാലത്ത് മുടി ചീകിക്കൊടുക്കുന്നത് ആരാ?
അമ്മമാര്.
അതും നൂറുകൂട്ടം പണികൾക്കിടയിൽ.
കുളിച്ചു കേറിയ പാടേ, പിടിച്ചുനിറുത്തി ഒറ്റ ചീകലാ വലത്തോട്ട്.
അതാ കൈവാക്ക്!
പിള്ളാരും അങ്ങനെതന്നെ തുടർന്നു.
ഒടുവിൽ ചീകി ചീകി ഒരു വരയും വീണു.
അതിനെയാണ് ‘തലവര’ എന്നു പറയുന്നത്. അല്ലാതെ ദൈവം അവിടുന്നേ വരച്ചുവിട്ടതൊന്നുമല്ല. (ദൈവത്തിന് അതല്ലേ ജോലി).
കണ്ടോ ശീലം പോകുന്ന പോക്ക്.
“ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം.”
ആദ്യം ടൈപ്പ്റൈറ്റിംഗ് മെഷീനിൽ അക്ഷരങ്ങളെല്ലാം ആൽഫബറ്റിക് ക്രമത്തിലായിരുന്നു.
ഒടുവിൽ എന്തുപറ്റി?
മെഷീൻ തുരുതുരാ കേടാകുന്നു.
എന്താ കാര്യം?
ജനം അടിയോടടി!
സ്പീഡ് കൺട്രോളു ചെയ്യാനാണ്. ബന്ധമില്ലാത്ത അക്ഷരങ്ങൾ അടുത്തടുത്ത് വന്നത്.
ചില ഭാര്യാഭർത്താക്കന്മാരെപ്പോലെ!
‘ഝണഋഞo’ എന്നൊക്കെ!
ആദ്യം വല്ലാതെ കഷ്ടപ്പെട്ടു.
ഓരോന്നും ഓരോ ദിക്കിൽ.
പിന്നെപ്പിന്നെ എല്ലാം ക്ലിയറായി.
എ ബി സി ഡി പോലെ!
അതാണ് ശീലത്തിന്റെ കരുത്ത്.
ഉറച്ചുകഴിഞ്ഞാൽ പാമ്പൻ പാലം പോലൊണ്!
നഗ്നപാദരായി വണ്ടി ഓടിക്കുന്ന ഡ്രൈവർമാരെ കണ്ടിട്ടില്ലേ? ഡ്രൈവിംഗിന്റെ ഉസ്താദ് ആയിരിക്കും.
പക്ഷേ ചെരുപ്പ് ഊരിവച്ചിട്ടേ, സ്റ്റിയറിംഗിൽ തൊടൂ.
എന്താകാര്യം?
എന്തായാലും ബഹുമാനമല്ല.
പഠിക്കുന്ന കാലത്ത് ചെരുപ്പ് ഉപയോഗിച്ചിട്ടില്ല.
ഇനി ഉപയോഗിച്ചാൽ വണ്ടി കൈവിട്ടുപോകും!
കുളിക്കാൻ നേരത്ത് സോപ്പ് പതച്ച് ആദ്യം തേയ്ക്കുന്നതെവിടാണ്?
പറയണ്ട.
ഓരോരുത്തരും ഓരോ സ്ഥലത്തായിരിക്കും. അവസാനംവരെയും അത് അങ്ങനെ തന്നെയായിരിക്കും.
മുന്പ് ഒരു വേദിയിൽ ഞാനിത് പറഞ്ഞപ്പോൾ പലരും ഊറിയുറി ചിരിക്കുന്നു.
പറഞ്ഞിട്ട് കാര്യമില്ല.
ശീലം ആയായിപ്പോയി!
പാന്റ്സ് ഇടുന്പോൾ ആദ്യം ഇടതുകാല് ഇറക്കുന്നവൻ ജീവിതകാലം മുഴുവൻ ഇടതുകാലേ ആദ്യം ഇറക്കു...
നമ്മൾ ശീലങ്ങളെ അല്ല, ശീലങ്ങൾ നമ്മെയാണ് ഭരിക്കുന്നത്.
നേട്ടങ്ങൾ കൊയ്തവരാരും ശീലങ്ങൾക്കു മുന്നിൽ ശിരസ്സു നമിച്ചവരല്ല. ആ അടിമത്തം ഭേദിച്ച് ഉയർത്തെഴുന്നേറ്റവരാണ്.
ഇഷ്ടമല്ലാത്ത കാര്യങ്ങൾ മനഃപൂർവം ഇഷ്ടപ്പെട്ടുകൊണ്ട് ചെയ്തവരാണ്.
നിരന്തരം…
പുലർച്ചയ്ക്ക് മൂടിപ്പുതച്ചുറങ്ങുന്നതായിരുന്നു അവർക്കും ഇഷ്ടം.
രാത്രി മുഴുവൻ മൊബൈൽ നോക്കി രസിക്കുന്നതായിരുന്നു അവർക്കും ഇഷ്ടം.
ആ ഇഷ്ടങ്ങളെയെല്ലാം അവർ പിഴുതെറിഞ്ഞു. എന്നിട്ട് ലക്ഷ്യം ഇഷ്ടപ്പെട്ടു.
അവസാനം സ്വപ്നം സക്സസ്സ്.
രക്ഷപ്പെടണമെങ്കിൽ അങ്ങനെ വേണം. കഷ്ടപ്പാടുകൾ സഹിച്ച് നിഷ്ഠയോടെ മുന്നോട്ടു പോകണം.
ലക്ഷ്യം നേടുന്നതുവരെയും.
👍👍
ReplyDelete