![]() |
പഞ്ചിംഗ് 34
കെ.സുദർശനൻ
ധീര കേരളം
ലോകത്ത് ഏറ്റവും കൂടുതൽ ധീരന്മാരുള്ള നാടേതാണ്?
അമേരിക്ക എന്നായിരിക്കും പറയാൻ വരുന്നത്. അല്ലെങ്കിൽ ചൈനയെന്ന്.
അല്ല.
ഏറ്റവുമധികം ധീരന്മാരും സാഹസികന്മാരും ഉള്ള ‘രാജ്യം’ കേരളം തന്നെയാണ്.
നമ്മൾ അത് ‘വെളിയിൽ വിടുന്നില്ലെ’ന്നു മാത്രം!
കഴിഞ്ഞദിവസം ആറ്റിങ്ങൽ ഭാഗത്തുകൂടി വരുമ്പോൾ റോഡിൽ വലിയൊരു കൂട്ടം.
എന്താണെന്നറിയാൻ താൽപര്യം തോന്നി.
ചെല്ലുമ്പോൾ കാണുന്നതെന്താ?
ഒരുത്തൻ നിന്ന് തവളയെ വിഴുങ്ങുന്നു!
പതിനാറാമത്തെ തവളയാണത്രെ ഇപ്പോൾ വിഴുങ്ങപ്പെട്ടത്?
‘യജ്ഞം’ നടക്കുകയാണ്.
തവളയജ്ഞം!
യജ്ഞഭൂമിയിൽ ഒരു വാർപ്പ്!
നിറയെ പലതരം തവളകൾ...
എല്ലാം, ‘ചൊറിയൻ’ ഗോത്രത്തിൽപ്പെട്ടത്.
ചുവന്ന നിക്കറും ബെൽറ്റുമാണ് യജ്ഞാചാര്യന്റെ വേഷം.
അദ്ദേഹം അടുത്ത തവളയെ എടുത്തുകഴിഞ്ഞു. അന്ത്യകൂദാശ പോലെ എന്തോ ‘സംസ്കൃതം’ പറഞ്ഞു.
എന്നിട്ട് എയറിലോട്ട് എറിഞ്ഞു.
അടുത്ത നിമിഷം ക്യാച്ച്!
പിന്നെ ആക്സസ്സറീസ് എല്ലാം ഒതുക്കി ഉരുളപോലെയാക്കി വായ്ക്കത്തോട്ടു വച്ചു.
ഒരു അമുക്ക്.
ഗ്ലും!
പോയി.., അകത്തുപോയി.
ഒപ്പം, എന്റെ ബോധവും പോയി.
വേറെ ആർക്കും കുഴപ്പമില്ല.
നിർവികാരരായി നോക്കി നിൽക്കുകയാണ് എല്ലാവരും.
ഇത്ര ‘സഹൃദയത്വം’ മറ്റേത് ജനതയ്ക്കുണ്ട്?
അല്പസമയത്തിനുള്ളിൽ യജ്ഞഭൂമിയിലെ വാർപ്പ് ഒഴിഞ്ഞു.
ആചാര്യൻ കൂളായിട്ട് നിൽക്കുന്നു!
അദ്ദേഹം പിന്നെ ഒരു പ്രഭാഷണമായിരുന്നു.
സാൻഫ്രാൻസിസ്കോ, വാഷിംങ്ടൺ, ചെക്കസ്ളോവാക്യ തുടങ്ങിയ രാജ്യങ്ങളിൽ അദ്ദേഹം ഈ പ്രകടനം നടത്താൻ ആഗ്രഹിക്കുന്നുണ്ടത്രെ. പിന്നെയും എന്തൊക്കെയോ പറഞ്ഞു.
സമയം കളയാനായിരിക്കണം.
പെട്ടെന്ന് ഇങ്ങനെ ഒരു അറിയിപ്പും.
“പ്രോഗ്രാം കഴിഞ്ഞിട്ട് ഇപ്പോൾ ഇരുപത്തിയഞ്ച് മിനിട്ടാകുന്നു.”
പറഞ്ഞതുകേട്ടോ...
‘പ്രോഗ്രാം’ കഴിഞ്ഞിട്ടെന്ന്!
അടുത്ത സെഷൻ ‘പുനർജന്മം!’
അതായത് വിഴുങ്ങിയ തവളകളെ തിരിച്ചെടുക്കുന്നു...
ജീവനോടെ!
ഒന്നൊന്നായി...
“എല്ലാവരും ഒന്നു കയ്യടിച്ചേ…”
പറയാത്ത താമസം അടിയോടടി...
അങ്ങനെയൊരു ഗുണമുണ്ട് നമ്മുടെ ആൾക്കാർക്ക്.
ആരു കൈയടിക്കാൻ പറഞ്ഞാലും അടിച്ചുകൊടുക്കും.
പക്ഷേ ആവശ്യപ്പെടണം.
അറിഞ്ഞ് അടിക്കാൻ അറിഞ്ഞുകൂടാ.
യജ്ഞാചാര്യൻ വയറൊന്ന് വക്രിപ്പിച്ചു.
ഒരു ഏമ്പക്കം.
ഭൂകമ്പമ്പO പോലെ തോന്നി.
ഇതാവരുന്നു. ആദ്യം പോയ ‘ദളവ’!
സീനിയോറിറ്റി അനുസരിച്ച് ആണ് വരവ്.
അദ്ദേഹം അതിനെ ഒരു പ്ലാസ്റ്റിക് കവറിലാക്കി ഉയർത്തിക്കാണിച്ചു.
ഒരു കുഴപ്പവുമില്ല.
ആദ്യത്തേക്കാൾ ഫ്രഷ്.
സുഖചികിത്സ കഴിഞ്ഞ ഏതോ നേതാവിനെപ്പോലെ.
എല്ലാവരും ഒന്നു കയ്യടിച്ചേ...
എന്തിനു പറയുന്നു. ഓരോന്നാരോന്നായി കൈയടിക്കൊപ്പം വെളിയിൽ വന്നു.
കൈയടി സെഷൻ തീർന്നു.
ഇനി സംഭാവനയാണ്.
അതാ പലരും പലവഴിക്കു തിരിയുന്നു.
എത്ര സാഹസികമായ പ്രകടമാണ്
നടന്നത്.
നടന്നത്.
ഇത്തരം എന്തെല്ലാം അത്ഭുതങ്ങളാണ് ‘വെറും വയറിൽ’ നിന്നുകൊണ്ട് നമ്മുടെ ആളുകൾ കാണിക്കുന്നത്!
കഴിഞ്ഞയാഴ്ച ഒരു സാംസ്കാരിക പരിപാടി കഴിഞ്ഞുവരുന്പോൾ ഒരിടത്ത് ട്രാഫിക് ജാം.
ഏതോ ക്ഷേത്രത്തിലെ എഴുന്നള്ളത്ത് നടക്കുകയാണ്.
പഞ്ചവാദ്യം, നെയ്യാണ്ടിമേളം, കാവടിയാട്ടം എല്ലാമുണ്ട്.
പെട്ടന്ന് ഒരു ചെറുപ്പക്കാരൻ ഡസ്ക് പിടിച്ചിട്ട് മുകളിൽ കയറി.
കൈയിൽ തീപ്പന്തം.
അത് താളാത്മകമായി ദേഹമാസകലം തേയ്ക്കുന്നു.
തീജ്വാലകൾ ശരീരത്തിൽ ഉരസുന്നുണ്ട്.
ഒരു പ്രശ്നവുമില്ല.
ആരോ പോയി ഒരു കുപ്പി മണ്ണെണ്ണ കൊണ്ടുവന്നു.
അത് വാങ്ങി ഒരു കവിൾ ഉള്ളിലാക്കിയിട്ട് ഒറ്റ ഊതൽ...
അഗ്നി, ഗോളാകൃതിയിൽ അന്തരീക്ഷത്തിലേക്ക്!
പയ്യന്റെ മുഖത്ത് വിജയശ്രീ!
വീണ്ടും തീജ്വാലകൾ ദേഹം മുഴുവൻ.
ഒപ്പം ഡിസ്കോ സംഗീതം.
എല്ലാം താളമയം.
അത്യാവശ്യം വസ്ത്രമേ ധരിച്ചിട്ടുള്ളൂ.
അതിനുള്ളിലോട്ടും തീ കടത്തുന്നുണ്ട്.
നോ പ്രോബ്ളം!
പലരും നോട്ടുകളും തുട്ടുകളും ഇട്ടുകൊടുക്കുന്നു.
ഇങ്ങനെ എത്രയെത്ര പ്രതിഭകൾ ഇവിടെ തീക്കളി നടത്തുന്നു.
പാന്പിനെ ‘സ്റ്റെതസ്കോപ്പാക്കി’ കഴുത്തിലിടുന്നവർ...
ബോഡിയിൽ ‘കറണ്ട്’ വിട്ട് ബൾബ് കത്തിക്കുന്നവർ...
ബൾബുകൾ ചവച്ചരച്ച് തിന്നുന്നവർ...
മുടിയിൽ കാറുകെട്ടി വലിക്കുന്നവർ…
കൈകാൽ കെട്ടി നീന്തിക്കേറുന്നവർ…
അങ്ങനെ എന്തെല്ലാം...
ഒന്നും പ്രശസ്തിക്കോ അംഗീകാരത്തിനോ വേണ്ടിയല്ല.
‘ഉദരനിമിത്തം’!
പക്ഷേ പുറം നാടുകൾ ഇതറിയുന്നതേയില്ല.
അറിഞ്ഞിരുന്നെങ്കിൽ ആ നിമിഷം ആയുധം വച്ച് കീഴടങ്ങിയേനെ!
‘മോദകം’ എന്നൊരു പലഹാരം ഇല്ലേ?
സുഖിയൻ എന്നും പറയും.
അതുകണ്ട് ഒരു സായിപ്പ് അന്തംവിട്ട കഥയുണ്ട്.
വിമാനം കണ്ടുപിടിച്ച കൂട്ടരാണ്.
പറഞ്ഞിട്ടുകാര്യമില്ല. നമ്മുടെ മോദകം കണ്ട് തകർന്നുപോയി.
തിരിച്ചും മറിച്ചുമൊക്കെ നോക്കിയിട്ടും സീക്രട്ട് പിടികിട്ടുന്നില്ല.
ഈ പയറ് എല്ലാം കൂടി ഇതിനകത്ത് ഏതിലേ കേറി എന്നാണ്?
അപ്പോൾ ഈ പറഞ്ഞ ‘ഇനങ്ങൾ’ സായിപ്പ് കണ്ടിരുന്നെങ്കിലോ!
ഒരു കാര്യം ഓർക്കുക.
ജീവൻ വച്ചുള്ള അഭ്യാസങ്ങൾ വിജയിക്കുന്നത് അഭ്യാസിയുടെ ചുണകൊണ്ടല്ല.
ഇവരുടെ ഗതികേടു കണ്ട് ഈശ്വരൻ കണ്ണടച്ചു കൊടുക്കുന്നതാണ്.
രക്ഷപെട്ടോട്ടെ എന്ന് കരുതി.
ഇത് സ്ഥിരം ഏർപ്പാടാക്കരുത്.
എങ്കിൽ ദൈവം ഇടപെടും.
പിറ്റേന്ന് വാർത്ത കാണാം.
ടിവി യിൽ സന്ധ്യയ്ക്കു തന്നെ കാണാം.
കറണ്ട് ബൈജു കറണ്ടടിച്ചു മരിച്ചു.
പാമ്പ് ഗോപി പാമ്പ് കടിച്ചു ചത്തു.
അമാനുഷമായ ഏതു പ്രകടനം കാണുമ്പോഴും മനസ്സിൽ ഭക്തിയാണ് വരേണ്ടത്.
എല്ലാ വിസ്മയങ്ങൾക്ക് പിന്നിലും ഈശ്വരന്റെ സാന്നിദ്ധ്യമുണ്ട്, അനുഗ്രഹമുണ്ട്!

👍👍
ReplyDeleteGood story
ReplyDeleteശരിയാണ് sir
ReplyDelete