പഞ്ചിംഗ് 36

കെ സുദർശനൻ


മലമലലൂയ…


ർഭാട വിവാഹങ്ങൾ പലതും അവസാനിക്കുന്നത് ഡൈവോഴ്‌സിലാണ്. കഴിഞ്ഞ ദിവസം ഒരു താലികെട്ടു നടക്കുമ്പോൾ ആരോ പറയുന്നു.
ഡൈവോഴ്‌സിന്റെ ഫസ്റ്റ് സ്റ്റെപ്പ് ആയി.

കുടുംബകോടതിയിലെ തിരക്ക് കണ്ടിട്ടുണ്ടോ?
എന്താ കൂട്ടം!
രാജ്യത്തെ സർവ വിവാഹിതരും അവിടെ നിൽക്കുകയാണെന്ന് തോന്നും.
ഇവരുടെ മോഹം പെട്ടെന്നൊന്നും സാധിക്കാനും പോകുന്നില്ല. പിണങ്ങിയ ഇണകളെ എങ്ങനെയെങ്കിലും ഇണങ്ങിയ പിണകളാക്കി വിടാനാണ് അവിടെ നോക്കുന്നത്.
ആദ്യം രണ്ടുപേരെയും മാറിമാറി ഉപദേശിക്കും. പിന്നെ മാനസാന്തരത്തിനു സമയം കൊടുക്കും.
അവസാനം വരെ പിടിച്ചു നിൽക്കുന്നവർക്കേ രണ്ടുപാത്രം ആവാൻ പറ്റു..

അത്തരത്തിൽ ഒരു കേസിന്റെ വിസ്‌താരം നടക്കുകയായിരുന്നു. ഭർത്താവാണ് സൂട്ട് ഫയലു ചെയ്‌തിരിക്കുന്നത്.
"ഈ ‘മാലാഖയെ’ എനിക്കിനി വേണ്ട. ചുമ്മാ തന്നാലും വേണ്ട". 
വലിയ ചൂടിലാണ് പുള്ളിക്കാരൻ.
രണ്ടാളെയും കൗൺസൽ ചെയ്‌തു കേസ് ക്യാൻസൽ ചെയ്‌യാനുള്ള നീക്കത്തിലാണ് കോടതി.
ഭർത്താവ് പിടികൊടുക്കുന്നില്ല.
മെരുക്കിയാൽ മെരുങ്ങാത്ത മാൻകിടാവാ!
"ഇനി ഒരുനിമിഷം ഇവളുമായി കഴിയുന്ന പ്രശ്‌നമില്ല."

കാര്യം വേറൊന്നുമല്ല.
സ്വഭാവദൂഷ്യം...
വെറും സ്വഭാവദൂഷ്യമെങ്കിലെന്ത്?
ചാരിത്ര്യഭംഗം!!
ഏതു ഭംഗവും ഭർത്താക്കന്മാർ സഹിക്കും.
ഈ ഒരു "ഭംഗം' ഒഴിച്ച്.

“ക്ഷമിച്ചുകൂടേ സഹോദരാ…”
വക്കീലു ചോദിച്ചു.
“ഫൂ! എന്റെ പട്ടി ക്ഷമിക്കും. അറിയാമോ. ഞാനവളെ തൊണ്ടി സഹിതമാ പിടിച്ചത്. തൊണ്ടി സഹിതം!”
“തൊണ്ടിയാര്?”
വഴിയേ പോയൊരു തെണ്ടി!
അല്ലാതാര്?
വീണ്ടും കൊണ്ടിളകുകയാണ് കലി.
ഇങ്ങനെ നിൽക്കുന്ന ആളിനോട് എന്തുപറയാൻ!
ഇക്കാര്യത്തിൽ ആ സ്‌ത്രീക്ക് എന്തെങ്കിലും പറയാനുണ്ടോന്ന് നോക്കാം.
നാളെ ഉച്ചക്ക് സ്‌ത്രീയെ വിസ്‌തരിക്കുന്നതായിരിക്കും. കേസ് മാറ്റി വച്ചു.

പഞ്ചതന്ത്രത്തിലാണെന്നു തോന്നുന്നു. ഇതുപോലൊരു സന്ദർഭം ഉണ്ട്.
ഭർത്താവ് പുറത്തുപോകുമ്പോൾ ജാരനെ വിളിച്ചുവരുത്തും.
സ്ഥിരം പരിപാടിയാ.
എന്നിട്ട് രണ്ടുപേരുംകൂടി.
മലമലലൂയാ...
തകതിമി
മലമലലൂയാ.!
മലമലലൂയാ
തകതിമി
മലമലലൂയാ!!

ഒടുവിൽ ഭർത്താവിന് സംശയം തട്ടി.
അദ്ദേഹം ടൂറു കഴിഞ്ഞു വരുമ്പോഴൊക്കെ,
 കട്ടിലിനൊരു വാട്ടം.
ഇരിക്കുമ്പോൾ ഒരു ആട്ടം.
മെത്തയ്‌ക്കും നല്ല ക്ഷീണം.
ഇതു കണ്ടുപിടിച്ചിട്ടു മേൽകാര്യം!

അടുത്തതവണ അദ്ദേഹം ടൂറിനു പോയത് കട്ടിലിനു അടിയിലോട്ട്.
പുള്ളിക്കാരൻ ഒഴിഞ്ഞുപോകുന്നതിന്റെ ത്രില്ലിൽ പുള്ളിക്കാരി ഒന്നും ശ്രദ്ധിച്ചില്ല.

അരമണിക്കൂർ കഴിഞ്ഞുകാണും.
ഒരു പാട്ടുകേൾക്കുന്നു.
കട്ടിലിന്റെ മുകളിൽ നിന്ന്.
കാറ്റുവന്നു... കള്ളനെപ്പോലെ...
കാട്ടുമുല്ലയ്‌ക്കൊരുമ്മകൊടുത്തു.
കാമുകനെപ്പോലെ…കാമുകനെപ്പോലെ...
കാമുകനെപ്പോലെ... കാമുകനെപ്പോലെ...

പുള്ളിക്കാരിയുടെ തോളിൽ കയ്‌യിട്ട് അടുത്ത വീട്ടിലെ ചാക്കോ സാറ് പാടുകയാണ്.
പാട്ടിൽ മയങ്ങി കാലും ആട്ടി ഇരിക്കുകയാണ് കാട്ടുമുല്ല!
ഓർക്കാപ്പുറത്ത് കാല് കട്ടിലിനടിയിൽ ഏതോ സോഫ്റ്റ് പാർട്ടിൽ തട്ടി.
ചിരപരിചിതത്വം കൊണ്ടാവാം.
കാട്ടുമുല്ലയ്‌ക്ക് പാർട്ട്  പിടികിട്ടി.
പിന്നെ ഒരലർച്ചയായിരുന്നു ചാക്കോയുടെ നേർക്ക്.
“സ്റ്റോപ്പ് യുവർ ബ്ളഡി സോംഗ്.”
പാട്ട്, പാതിവഴിയിൽ കെട്ടു.
അന്തം വിട്ട ചാക്കോയെ നോക്കി അവൾ കണ്ണിറുക്കി. 
ഒപ്പം ഒരു മുദ്രയും.
താഴെ ആളുണ്ടെന്ന്! 
എന്നിട്ട് തേങ്ങികരഞ്ഞു.
ബാക്കി ഡയലോഗ് ഇങ്ങനെ...

“ദുഷ്‌ടാ ഞാൻ എന്തിനാണ് നിങ്ങളെ ക്ഷണിച്ചതെന്നറിയാമോ. പ്രാണനുതുല്യം സ്‌നേഹിക്കുന്ന എന്റെ ഭർത്താവിന്റെ ജീവൻ നിലനിർത്താൻ!”

ഇത്തവണ ഞെട്ടൽ, കട്ടിലിനടിയിൽ!

“അദ്ദേഹം ഒരു മാസത്തിനകം മരിച്ചുപോകുമെന്ന് കരുണൻ ജോത്സ്യൻ പറഞ്ഞു!”
കട്ടിലിനടിയിൽ വീണ്ടും ഭൂകമ്പം!

“വിഷമിക്കുമെന്നു വിചാരിച്ച് ഞാനീ വിവരം ആ മനുഷ്യനോട് പറഞ്ഞില്ല. ഏട്ട് ജോത്സ്യന്മാരെ വേറെയും കണ്ടു…
പരിഹാരമുണ്ടോന്ന് അറിയാൻ!
എട്ടുപേരും ഒറ്റ പരിഹാരമാണ് പറഞ്ഞത്.

പരപുരുഷനെ സ്വീകരിക്കാൻ!

അങ്ങനെയാണ് അദ്ദേഹം പോയ നേരത്ത് ഞാൻ നിങ്ങളെ വരുത്തിയത്. അല്ലാതെ നിങ്ങളു വിചാരിക്കുന്നതുപോലെ…”
നിയന്ത്രിക്കാൻ കഴിയാതെ ആ 'സാധ്വി' പൊട്ടിക്കരഞ്ഞുപോയി.
അടുത്ത നിമിഷം ഒരു അശരീരി...

“ഈ മഹാപാപിക്കു മാപ്പു താ തങ്കം. ഈ പാപി നിന്നെ തെറ്റിദ്ധരിച്ചു.”
താഴെ കിടന്ന ആള് കട്ടിലോടെ അങ്ങെഴുന്നേറ്റു!

പിറ്റേന്ന് ഉച്ചയായി.
നമ്മുടെ ഡൈവോഴ്‌സ് കേസിന്റെ വാദം തുടങ്ങി.
ശ്രീമതിയെയാണ് ഇന്ന് വിസ്‌തരിക്കുന്നത്.
"നിങ്ങൾ മറ്റൊരാളുമായി ജീവിക്കുന്നത് അദ്ദേഹം കണ്ടു എന്നു പറയുന്നു.
ശരിയാണോ?"

"ശരിയാണ്?"
"ങേ..."

കോടതിയാണ് ഞെട്ടിയത്.
"അപ്പോൾ കുറ്റം സമ്മതിക്കുകയാണോ?"
"സമ്മതിക്കുന്നു."
കോടതി സൈലൻറ് .
"പക്ഷേ, അത് കുറ്റമാകുന്നത് എങ്ങനെ എന്ന് മനസ്സിലാകുന്നില്ല."
"കൊള്ളാം. അതുകുറ്റമല്ലാതെ?"

"ബഹുമാനപ്പെട്ട കോടതി ദയവായി, ഞാൻ പറയുന്നതാദ്യം കേൾക്കണം. അന്നൊരു അവധി ദിവസമായിരുന്നു. ഈ മനുഷ്യൻ പതിവുപോലെ വീട്ടിലില്ല. ഞാൻ കുളികഴിഞ്ഞ് ഈറനോടെ തുണിവിരിച്ചു കൊണ്ട് നിൽക്കുകയായിരുന്നു. പെട്ടെന്നൊരു ചെറുപ്പക്കാരൻ ഗേറ്റു തുറന്നുവന്നു. മാന്യനായിട്ടു തോന്നി. കേടുവന്നതോ ഉപയോഗമില്ലാത്തതോ ആയ വല്ലതുമുണ്ടോന്നു ചോദിച്ചു. അത്തരം സാധനങ്ങൾ വാങ്ങുന്ന കമ്പനിയുടെ റെപ്രസെന്റേറ്റീവായിരുന്നു. 
ഞാൻ അദ്ദേഹത്തിന്റെ ഡിജിറ്റൽ ഡയറി എടുത്തുകൊടുത്തു. 
അപ്പോൾ അയാൾ ചോദിച്ചു. ഹസ്ബന്റിന്റെ പഴയ മൊബൈൽ ഫോണോ മറ്റോ കാണുമോന്ന്. 
ഞാൻ ഇദ്ദേഹം മുമ്പ്  യൂസു ചെയ്‌തിരുന്ന സൈറ്റ് എടുത്തു കൊടുത്തു. 
പിന്നെ അയാൾ ചോദിച്ചു. ഹസ്ബന്റ് ഉപയോഗിക്കാത്ത എതെങ്കിലും ഇലക്‌ട്രോണിക് സാധനം ഉണ്ടോ എന്ന്. ബാറ്ററി കേടായ ഒരു വാച്ചുണ്ടായിരുന്നു. കൊടുത്തു. 
വേറെ എന്തെങ്കിലും ഉണ്ടോ എന്നായി. ഒരു പെൻ ടോർച്ച്‌ ഉണ്ടായിരുന്നു. അതും കൊടുത്തു. 
കിട്ടുന്തോറും അയാൾക്ക് അത്യാഗ്രഹം.
ഞാൻ പറഞ്ഞു ഇത്രയേയുള്ളൂ…
പക്ഷേ അയാളു പോണ്ട?
അയാളു ചോദിക്കുവാ:
“മാഡം, ഒന്നുകൂടി ഓർത്തുനോക്കിയേ, അദ്ദേഹം ഉപയോഗിക്കാത്തതായിട്ട് വേറെ എന്തെങ്കിലും ഉണ്ടോന്ന്…”
എന്റെ ഓർമ്മയിൽ ഒന്നും വന്നില്ല.
“എന്തെങ്കിലും…”
അയാൾ നിർബന്ധിച്ചു.
പിന്നെ, 
ഒന്നും ആലോചിച്ചില്ല. 
അതങ്ങ് സംഭവിച്ചു!

ആ കേസ് സഡൻ ഡൈവോഴ്‌സായിരുന്നു.

ഒരു കാര്യം ഓർമ്മിക്കുക.
ദൈവം തന്നിരിക്കുന്നത് ഉപയോഗിക്കാതെ വച്ചിരുന്നാൽ ദൈവം തന്നെ എടുത്തു ആവശ്യക്കാരനു കൈമാറിക്കളയും.-
നിങ്ങൾക്കു ലഭിച്ചിരിക്കുന്ന വൈഭവങ്ങളാവട്ടെ, സമ്പത്താവട്ടെ. ദൈവദത്തമായ എന്തുമാവട്ടെ,
പ്രയോജനപ്പെടുത്തുക…
പ്രയോജനപ്പെടുത്തുക..
പ്രയോജനപ്പെടുത്തുക.



Comments

Post a Comment

Popular posts from this blog