![]() |
പഞ്ചിംഗ് 37
ഭ്രാന്ത്
കെ.സുദർശനൻ
അതൊരു സ്വർഗ്ഗമായിരുന്നു!
കള്ളനും പൊലീസുമില്ല.
വാസവദത്തയെപ്പോലുള്ള വാരസുന്ദരിമാരില്ല.
ആൾ ദൈവങ്ങളും ആരവങ്ങളുമില്ല.
കൊതുകില്ല, പനിയില്ല, ബലാൽസംഗങ്ങളോ വനിതാ കമ്മീഷനോ ഇല്ല.
ആർക്കും കൈയേറുകയും വേണ്ട. ഒഴിപ്പിക്കുകയും വേണ്ട.
എല്ലാവർക്കും പറയാൻ നല്ല വർത്തമാനങ്ങൾ!
ആ സ്വർഗ്ഗീയ സുന്ദരരാജ്യം വാണിരുന്നത് ആരെന്നോ?
വഴിയേ പറയാം.
ഏതായാലും മഹാബലിയല്ല.
ഒരു രാത്രി.
ഒരു നിശ്ശബ്‌ദ സുന്ദരരാത്രി.
ചന്ദ്രികയിൽ ചന്ദ്രകാന്തം അലിഞ്ഞുകൊണ്ടിരിക്കുന്ന രാത്രി.
ഏതോ ദേവത വഴിതെറ്റി അതിലേ വന്നു.
ഒരാളുമില്ല റോഡിൽ.
സർവത്ര വിജനം.
‘കുടുംബനിദ്ര’യിലാണ് എല്ലാവരും.
പുള്ളിക്കാരി കുറച്ചുനേരം അവിടെ കറങ്ങി.
എല്ലാവരും ഉറക്കമാണെന്നോ?
അപ്പോൾ അവിവാഹിതരും അസുഖബാധിതരുമൊന്നും ഇല്ലേ, ഇവിടെ?
ഹേയ് അങ്ങനെ വരില്ല.
ഏതെങ്കിലുമൊരു ദുരുദ്ദേശ്യക്കാരൻ പ്രത്യക്ഷപ്പെടാതിരിക്കില്ല.
നോബഡി കെയിം!
ദേവതയ്‌ക്ക് ദേഷ്യം വന്നു.
ഇങ്ങനെയും ഒരു നാടോ!
തിരക്കിയപ്പോഴല്ലേ കാര്യമറിയുന്നത്. അത് ഒരു മര്യാദാരാജ്യമാണ്. രാജാവുൾപ്പെടെ സകലരും മര്യാദക്കാർ!
ധർമ്മബോധം തലയ്‌ക്കുപിടിച്ച ഏതോ വർമ്മയാണ് രാജാവ്.
അതുകൊണ്ടാണ് പ്രജകൾ ഇത്രയും സാധുക്കളായിപ്പോയത്.
അന്യന്റെ ശ്രീയിലോ സ്‌ത്രീയിലോ ഒന്നും ജെലസി ഇല്ല.
എല്ലാം സന്മാർഗ്ഗത്തിലൂടെ!
അതാണ് അവരുടെ മുദ്രാവാക്യം.
കൊള്ളാം കൊള്ളാം...
തിളച്ചുകേറുകയാണ് ദേവതയ്‌ക്ക്!
അവന്റെയൊക്കെ ഒടുക്കത്തെ ഒരു സന്മാർഗ്ഗം!
കാണിച്ചുകൊടുക്കാം ഞാൻ...
ദേവത നേരെ പോയത് ആ ദേശത്തെ കിണറിനടുത്തേയ്‌ക്ക്. ഒരുപിടി മണ്ണുവാരി എന്തോ ജപിച്ചു. എന്നിട്ട് കിണറ്റിലേക്കു തട്ടി.
അവന്റെ അമ്മുമ്മേടേ സന്മാർഗ്ഗം!
അങ്ങനെയെന്തോ പിറുപിറുത്തുകൊണ്ട് ദേവത അവരുടെ പാട്ടിനു പോയി.
ഉത്തിഷ്‌ഠോത്തിഷ്‌ഠ ഗോവിന്ദ
ഉത്തിഷ്‌ഠ ഗരുഡ ധ്വജാ
ഉത്തിഷ്‌ഠ കമലാ കാന്താ
തൈലോക്യം മംഗളം കുരു.
നേരം പുലർന്നു.
പ്രജകൾ ഒന്നൊന്നായി എഴുന്നേറ്റു. ദിനചര്യകൾക്കായി കിണറ്റിൽ നിന്നും വെള്ളം കോരിക്കൊണ്ടുപോയി.
അരമണിക്കൂർ കഴിഞ്ഞുകാണും.
നാട്ടിൽ കൂട്ടബഹളം!
എല്ലാവരും പരസ്‌പരം തന്തയ്‌ക്കു പറയുന്നു.
മൂത്തുവരുമ്പോൾ മുണ്ടുയർത്തുന്നു.
ചെരിപ്പ് ഊരി അടിക്കുന്നു.
നിശാരഹസ്യങ്ങൾ പരസ്യമാക്കുന്നു.
എന്തുപറ്റി?
ഭ്രാന്തുപിടിച്ചോ എല്ലാവർക്കും?
ഇതിനിടയ്‌ക്ക് താമസിച്ച് എഴുന്നേറ്റ ചിലർ വന്ന് കിണറ്റിൽ നിന്ന് വെള്ളം കോരിക്കൊണ്ടുപോയി,
താമസിയാതെ അവിടെയും ‘ഷോ’ തുടങ്ങി.
രാജാവും മന്ത്രിയും വിരവമറിഞ്ഞു.
ഇതെന്തു മായം!
ആ വെള്ളം കുടിച്ചതിനു ശേഷമാണല്ലോ ഇങ്ങനെ!
അവർ രണ്ടാളും മാത്രമേ ആ വെള്ളം കുടിക്കാത്തതായുള്ളു.
ചുരിക്കിപ്പറഞ്ഞാൽ, മൊത്തം വട്ടായി!
ഒരു രാജ്യം തന്നെ ഭ്രാന്താലയമായിത്തീർന്നിരിക്കുന്നു!!
സ്വാമി വിവേകാന്ദൻ നേരെ ഇവിടെയാണ് വരേണ്ടിയിരുന്നത്.
ആ രാജ്യത്ത് നോർമലായിട്ട് അവർ രണ്ടുപേരേയുള്ളു.
രാജാവും മന്ത്രിയും.
പക്ഷേ മറ്റുള്ളവരുടെ മനസ്സിലോ?
അവർ രണ്ടുമാണ് ഭാന്തന്മാർ!
ബാക്കി എല്ലാവരും നോർമൽ!
അതുകൊണ്ട് എന്തുപറ്റി?
പഴയ നിയമങ്ങൾ ലംഘിച്ചു.
കള്ളനോട്ടുകൾ ചറപറാ...
എങ്ങും ബാറും ബിഗ് ബസാറും!
മുക്കുതോറും ഡിസ്‌കോ പാർലർ.
ജനം ഹാപ്പി!
അവർ ആർത്തുവിളിച്ചു.
രാജാവും മന്ത്രിയും തുലയട്ടെ.
ബൂർഷാ ഭരണം തുലയട്ടെ.
കിഴങ്ങൻ വർമ്മ ഗോ ബാക്ക്..
മഴുവൻ മന്ത്രി ഗോ ബാക്ക്..
എങ്ങനെയുണ്ട്?
വ്യവസ്ഥിതിതന്നെ മാറിയില്ലേ?
ഭൂരിപക്ഷം പറയുന്നതാണ് ഇപ്പോൾ നിയമം. എന്താണ് ഭൂരിപക്ഷം പറയുന്നത്?
രാജാവിനും മന്ത്രിക്കും മുഴുവട്ട്!
രാജാവ് മന്ത്രിയുടെ കണ്ണിൽ നോക്കി.
കേട്ടോ, അവരു പറയുന്നത്?
കേട്ടു കേട്ടു.
എന്തു ചെയ്‌യും?
എന്തു ചെയ്‌യാനാ.
ചികിത്സിപ്പിക്കാമെന്നു വച്ചാൽ ഒന്നും രണ്ടുമാണോ?
എല്ലാവർക്കും കൂടി തളം വയ്‌ക്കുന്നതെങ്ങനെ?
ഷോക്ക് കൊടുക്കാമെന്ന് വച്ചാൽ, വല്ല ലവൻ കെ.വിയും പിഴുതോണ്ടു വരേണ്ടിവരും!
പുറത്തൊരു ആരവം.
വട്ടുകളുടെ കൂട്ടധർണ്ണ.
ഭ്രാന്തൻ രാജാവ് തുലയട്ടെ…
ഭ്രാന്തൻ ഭരണം തുലയട്ടെ...
എങ്ങനെ കഴിഞ്ഞ ഒരു രാജ്യമാണ്!
സുകൃതക്ഷയം!
വീണ്ടും മുദ്രാവാക്യങ്ങൾ.
സമാപനം വെടിക്കെട്ടോടെ!
രാജാവിന് ഒരു സന്ദേഹം.
“മന്ത്രിയേ... ഇനി നമുക്കാണോ വട്ട്! എനിക്കും ഒരു ഡൗട്ട്…”
“ഞാനിത് അങ്ങോട്ട് പറയാനിരിക്കുകയായിരുന്നു…”
മന്ത്രി പറഞ്ഞു.
"ഒരു കാര്യം ചെയ്‌യാം. നമുക്കും ആ കിണറിൽ നിന്ന് വെള്ളമെടുത്തു കുടിക്കാം. നമ്മൾ മാത്രം വെറുംവയറിൽ ഇരുന്നിട്ട് എന്തുകാര്യം?"
മന്ത്രി യോജിച്ചു.
പിന്നെ വൈകിയില്ല.
ഇരുവരും ആ ‘ദിവ്യഔഷധം’ പാനം ചെയ്‌തു.
അടുത്തനിമിഷം എല്ലാം ക്ലിയർ.
രണ്ടും പെർഫെക്‌ട്‌ലി നോർമൽ...
അസുഖം മാറിയ വിവരം നാട്ടുകാർ അറിയണമല്ലോ.
പുതിയ നയപ്രഖ്യാപനത്തിലൂടെ തന്നെ ആവട്ടെ.
അന്ന് ഉച്ചയോടെ പ്രസ് മീറ്റിംഗ് നടന്നു.
ജനക്ഷേമപദ്ധതികൾ എണ്ണിയെണ്ണി പ്രഖ്യാപിച്ചു.
കോളേജ് കാമ്പസുകളിൽ മയക്കുമരുന്നു സ്റ്റാളുകൾ...
ഓഫീസുകളിൽ ബിയർ പാർലറുകൾ.
മുക്കിനു മുക്കിന് തിരുമ്മൽ കേന്ദ്രങ്ങൾ...
എഗ്ഗ് വാങ്ങുന്നവന് പെഗ്ഗ് ഫ്രീ!
അങ്ങനെ നാൽപ്പത്തൊന്ന് ഐറ്റങ്ങൾ.
എല്ലാം എരിപൊരി!
ജനം ഇളകി മറിഞ്ഞു.
ലോംഗ് ലിവ്… ലോംഗ് ലിവ്...
ഹൈനസ് വർമ്മ ലോംഗ് ലിവ്…
ഇത് കഥയോ സംഭവമോ ആകട്ടെ.
ഇതിൽ നിന്നും വെളിവാകുന്ന സാർവദേശീയമായ ഒരു സത്യമുണ്ട്.
നിലവിലുള്ള വ്യവസ്ഥിതി മാറ്റാൻ ഒന്നോ രണ്ടോ പേർ പോര.
ചരിത്രവും പറയുന്നത് അതുതന്നെ. ക്രിസ്‌തുവും സോക്രട്ടീസും ഗലീലിയോയുമെല്ലാം അതിന്റെ ഉദാഹരണങ്ങളല്ലേ? പിന്നീട് അവരെ വാഴ്‌ത്തിയേക്കാം. പക്ഷേ തൽക്കാലം സ്ഥിതി ശോഭനമല്ല.
ചിലർക്ക് ഒരു വിചാരമുണ്ട്. എല്ലാം കൈയോടെ ശരിയാക്കിക്കളയാം എന്ന്.
എവിടെ?
ഒടുവിൽ ശരിയാകാൻ പോകുന്നത് ആരായിരിക്കുമെന്ന് പറയേണ്ടല്ലോ?

Comments
Post a Comment