![]() |
പഞ്ചിംഗ് - 38
കെ.സുദർശനൻ
ഒന്നും വേണ്ട
എന്നെ ഞാനാക്കിയ അഭിവന്ദ്യ ഗുരുനാഥൻ ശ്രീ.ഗണപതി അയ്‌യരുടെ പാദാരവിന്ദങ്ങളിൽ ഈ പുസ്‌തകം സമർപ്പിക്കുന്നു…!
കണ്ടിട്ടില്ലേ ഇങ്ങനെ?
സമർപ്പണം.
അതാണ് ഈ ഏർപ്പാടിന്റെ പേര്.
പഴയ എഴുത്തുകാരുടെ ഒരു അസുഖമായിരുന്നു ഇത്.
പുതിയവരും മോശമല്ല.
അവരുടെ വാചകം, ഒന്നുകൂടി രുചികരം.
“എന്നും എന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന സമാനഹൃദയർക്കായി…”
എങ്ങനെ ആയാലും സംഗതി സമർപ്പണം തന്നെ.
ഇതിന് പ്രേരിപ്പിക്കുന്ന വികാരം എന്തായിരിക്കും?
ആദരവാണോ?
സ്നേഹമാണോ?
അതോ കടപ്പാടോ!
എന്തു പാടായാലും ഗ്രന്ഥത്തിലെ ഒരു പേജ് പാഴ് !
അത്രയ്‌ക്ക് ആത്മാർത്ഥയുണ്ടെങ്കിൽ എഴുതേണ്ടത് ഇങ്ങനെയാണ്.
“ഈ പുസ്‌തകം വിറ്റുകിട്ടുന്ന മുഴുവൻ തുകയും എന്റെ ഗുരുനാഥൻ ഗണപതി അയ്‌യർക്ക് ദക്ഷിണയായി സമർപ്പിക്കുന്നു.”
എഴുതിവച്ചാൽ പോരാ... സമർപ്പിക്കണം.
വാശിക്ക് അങ്ങനെയും എഴുതിവയ്‌ക്കും.
കോപ്പിറൈറ്റ് നോക്കിയാൽ ഉഡായിപ്പാണോ അല്ലയോ എന്നറിയാം.
എവിടാ!
ചുമ്മാ ഒരു അലങ്കാര വാചകം.
അത്രതന്നെ!
ഒരു ഓണക്കാലം.
ജീവകാരുണ്യം ജീവിതവതമാക്കിയ ഒരു മഹാൻ സാധുക്കൾക്ക് അരി ഫ്രീയായി കൊടുക്കുമെന്ന് അറിയിച്ചു. കുറേ കോളനിവാസികൾ വട്ടിയും കുട്ടയുമായി രാവിലെ എത്തി.
ഉച്ചയായിട്ടും തുടങ്ങുന്നില്ല.
ആരോ വരാൻ ഉണ്ട്.
മന്ത്രിയോ മറ്റോ ആവുമെന്നാണ് കരുതിയത്.
പുള്ളി കാത്തിരിക്കുന്നത് മന്ത്രിയെയല്ല.
ചാനലുകാരെ!
ഒടുവിൽ അവർ എത്തി.
പിന്നെ സംഭവിച്ചത് ഇങ്ങനെ:
ക്യാമറയിൽ നോക്കി അദ്ദേഹം അരി തറയിൽ തട്ടി...
പാവങ്ങൾ വാരി വട്ടിയിലിട്ടു.
അല്ലാതെന്തു ചെയ്‌യും!
പാവങ്ങൾ ആയിപ്പോയില്ലേ!
പബ്ലിസിറ്റി തലയ്‌ക്കു പിടിച്ചാൽ ഇങ്ങനെയിരിക്കും.
നമ്മുടെ സാംസ്‌കാരിക രംഗത്ത് ഒരു ആചാര്യനുണ്ടായിരുന്നു പണ്ട്.
വാഗ്മി,
നിരൂപകൻ,
വൈയാകരണൻ
അങ്ങനെ ബഹുബഹു പ്രതിഭ.
ആര് പുസ്‌തകം പ്രസിദ്ധീകരിച്ചാലും മിനിമം രണ്ടു കോപ്പി അദ്ദേഹത്തിന് കൊടുക്കും, ആദരസൂചകമായിട്ട്!
വീട്ടുപടിക്കൽ ഒത്തിരി കാത്തുനിന്നാലേ ദർശനം കിട്ടു..
അത്രയ്‌ക്ക് തിരക്കിലാണ്.
ഈ ദുരിതം സഹിക്കുന്നതിന് ഒരു ‘ദുരുദ്ദേശ്യം’ കൂടിയുണ്ട്.
ഏതെങ്കിലും വേദിയിലോ വാരികയിലോ അദ്ദേഹം അതിനെക്കുറിച്ച് പരാമർശിച്ചാൽ രക്ഷപ്പെട്ടു.
അതാണ് ഗുപ്‌തമായ ലക്ഷ്യം.
ആചാര്യൻ ആരാ മോൻ!
അദ്ദേഹത്തിനെന്തിനാ ഈ ചവറു കെട്ട്.
ആശാൻ അത് 'ഫലപ്രദം' ആക്കി.
അക്ഷരാർത്ഥത്തിൽ!
എങ്ങനെയെന്നോ?
ഒറ്റവാക്കിൽ പറയാം.
വിറ്റു.
വിറ്റുകാശാക്കി. (പിന്നല്ല !)
ഇത്തരം അമൂല്യഗ്രന്ഥങ്ങൾ രഹസ്യമായി വിറ്റു കൊടുക്കാൻ ആളെ വച്ചിട്ടുണ്ടായിരുന്നു,ആചാര്യൻ.
ദോഷം പറയരുത്.
പകുതി വിലയേ വാങ്ങിയുള്ളൂ.
കൊടുത്തയാൾക്കും ലാഭം.
വാങ്ങിയ ആൾക്കും ലാഭം.
പിന്നെ എഴുതിയ ആൾക്കും!
ഗുരുവിന്റെ ഗോഡൗണിൽ നിന്ന് വായനയുടെ മേശപ്പുറത്തേയ്‌ക്ക് ‘രചന’ രക്ഷപ്പെട്ടു.
വാങ്ങിയ ആൾക്ക് വൻ ലാഭമാണ്!
ഒട്ടും ഒടഞ്ഞിട്ടേയില്ല.
പുതിയതുപോലെ തന്നെ.
എന്നാലും ആദ്യത്തെ പേജിൽ ഒരു കല്ലുകടി!
“സർവാദരണീയനായ സാഹിത്യ പഞ്ചാരപാനൻ ശ്രീ.ഉത്തമൻ പിള്ള സാറിന് ഉപചാരപൂർവം…”
ഉത്തമൻ പിള്ളയദ്ദേഹത്തിന് ഒരു കാര്യം ചെയ്‌യാമായിരുന്നു. ആ പുറം അങ്ങ് ചീന്തിക്കളയാമായിരുന്നു..
ഉത്തമം അതായിരുന്നു.
പിന്നെ റിഡക്ഷൻ സെയിലിൽ വാങ്ങിച്ചതല്ലേ.
ഈ ഒരു ‘ഡാമേജ്’ അല്ലേ ഉള്ളൂ.
എല്ലാം എല്ലാം കാപട്യമയം.
ഇപ്പോഴത്തെ പുത്രന്മാരെ ശ്രദ്ധിച്ചിട്ടുണ്ടോ?
പുത്രിമാരും അതെ.
അച്ഛനോടും അമ്മയോടും എന്താ സ്‌നേഹം!
മരിക്കുമ്പോൾ കണ്ടിട്ടില്ലേ, എന്തെല്ലാമാണ് മൃതദേഹത്തിൽ സമർപ്പിക്കുന്നത്.
അച്ഛൻ ഉപയോഗിച്ച കണ്ണട.
അച്ഛൻ ഉപയോഗിച്ച വടി.
അച്ഛന്റെ നഖം വെട്ടി.
അച്ഛന്റെ പിച്ചാത്തി, കുട.
കുപ്പി ഗ്ലാസ്..
അങ്ങനെ എന്തെല്ലാം!
പക്ഷേ പുള്ളിയുടെ എ.ടി.എം. കാർഡോ, മൊബൈൽ ഫോണോ സമർപ്പിക്കില്ല.
നിർബ്ബന്ധമായും സമർപ്പിക്കേണ്ടത് ഇതുരണ്ടുമാണ്.
കക്ഷി ഒരു യാത്രയ്‌ക്ക് ഇറങ്ങുകയല്ലേ..
ഒന്നും സമർപ്പിച്ചില്ലെങ്കിലും ആ സ്വർണ്ണമാല സമർപ്പിക്കേണ്ടതാണ്.
ഇട്ട് കൊതിതീർന്നതുപോലുമില്ല. ആശുപത്രിയിൽ വച്ച് ഊരി മാറ്റിയപ്പോൾ മൂപ്പിലാൻഒരു നോട്ടം നോക്കി, അമ്മിണിയെ
അമ്മിണി ആരെന്നോ? സഹധർമ്മിണി!
ഒരു അയ്‌യായിരം വാട്ട് വരും ആ നോട്ടത്തിന്!
മക്കളോട് മാല കുഴിയിലിടുന്ന കാര്യം സൂചിപ്പിച്ചുനോക്കണം.
അവരും അതേ നോട്ടം നോക്കും.
"പിന്നേ..!
നാലേമുക്കാൽ പവനാ!
പവന്റെ വില അറിയാമല്ലോ".
ഇതാണ് മനസ്സിലിരിപ്പ്.
ബാക്കി എല്ലാം ഷോ!
“ചേട്ടാ... ബോഡി എടുക്കാൻ വരട്ടേ. ഇതുംകൂടി അച്ഛന്റെ പോക്കറ്റിൽ വച്ചോ…”
“എന്തുവാ അത്?”
“അച്ഛന്റെ മൂക്കുപ്പൊടി ഡെപ്പി.”
പോണപോക്കിന് വലിച്ചോണ്ടുപോട്ടേന്ന്!
സ്വർണ്ണമാല കുഴിമാടത്തിൽ ഇടണമെന്ന് ഞാൻ പറയില്ല.
ഇടാതിരിക്കുന്നതാണ് നല്ലത്.
നമ്മുടെ നാടല്ലേ.
ഇന്നത്തെ കാലമല്ലേ.
അന്നുരാത്രി തന്നെ കുഴിതുറന്ന് ആണുങ്ങൾ കൊണ്ടുപോകും.
ജീവനുള്ള ശരീരത്തിൽ നിന്നുതന്നെ കൊണ്ടുപോകുന്നു.
പിന്നെയാ......
എന്റെ അഭിപ്രായത്തിൽ ഒന്നും മൃതദേഹത്തിൽ സമർപ്പിക്കേണ്ട. വസ്‌ത്രംപോലും കൊണ്ടുപോകി ല്ലന്നല്ലേ പറയുന്നത്.
സ്വർഗ്ഗത്തിലായാലും നരകത്തിലായാലും എക്‌സ്‌ട്രാ ഫിറ്റിംഗ്‌സ് ഒന്നും എടുക്കില്ല.
ഒൺലി ആത്മാവ്!
വന്നതുപോലങ്ങ് പോട്ടെ…!
കണ്ണടയും വേണ്ട, അരഞ്ഞാണവും വേണ്ട...
എല്ലാ സമർപ്പണവും വ്യർത്ഥമാണ്.
അർത്ഥശൂന്യമാണ്.
അസംബന്ധമാണ്.
പാതയിൽ കിടക്കുന്ന നാളികേരം എടുത്ത് വിഘ്‌നേശ്വരന് സമർപ്പിക്കുന്നത് പോലെ!

❤️👌🏼👍🏻
ReplyDelete