![]() |
ഒരു കാറ് വാങ്ങണം
പഞ്ചിംഗ് - 39
കെ.സുദർശനൻ
സൈലന്റ് എൻജിൻ
ആ മോഹം വർഷങ്ങളായുള്ളതാണ്.
അന്ന് മാരുതി പ്രാചാരത്തിൽ വരുന്നതേയുള്ളു!
എൽ.ഐ.സി. ഉദ്യോഗസ്ഥനായ ഒരു സുഹൃത്തിനോട് ഞാൻ ഇക്കാര്യം പറഞ്ഞു.
ഗുരുപ്രകാശ് എന്നാണ് അദ്ദേഹത്തിന്റെ പേര്.
ആൾ നടനും കലാകാരനും.
“ഡ്രൈവിംഗ് അറിയാമോ” ഗുരുപ്രകാശ് ചോദിച്ചു.
“അറിഞ്ഞുകൂടാ”
“ബൈക്ക് ഓടിക്കുമോ?”
“ഓടിച്ചു നോക്കിയിട്ടില്ല.”
“സൈക്കിളോ?”
“ശ്രമിച്ചിട്ടില്ല.”
“പിന്നെ പ്രയാസമാ…”
“അതെന്താ?”
“മിനിമം റോഡ് സെൻസെങ്കിലും വേണ്ടേ?”
അങ്ങനെയൊരു സെൻസ് ആദ്യമായി കേൾക്കുകയാണ്.
സിക്സ്ത്ത് സെൻസ് എന്നൊക്കെ കേട്ടിട്ടുണ്ട്. നോൺസെൻസ് എന്നും കേട്ടിട്ടുണ്ട്.
“ഏതായാലും പുതിയ വണ്ടി വേണ്ട…”
ശരിയാണെന്ന് എനിക്കും തോന്നി.
അടുത്ത ദിവസം രാവിലെ ഗുരു എത്തി.
“പിന്നേ, ഒരു കാറ് കൊടുക്കാനുണ്ട്. ഫിയറ്റ് ആണ്. വൈസ് ചാൻസിലറായിരുന്ന ഡോ. സി.ജി. നായർ ഉപയോഗിച്ച വണ്ടിയാ, കിട്ടിയാൽ ഭാഗ്യം.”
ചില കാര്യങ്ങൾ ചിലരോടു പറഞ്ഞാലുള്ള കുഴപ്പം ഇതാണ്.
പിന്നെ എല്ലാം പെട്ടെന്നായിരിക്കും. അവസാനം ഇതും കൂടെ പറയും.
“ഇങ്ങനെയെ ഇതൊക്കെ നടക്കു. ശുഭസ്യ ശീഘ്രം !”
പക്ഷേ എല്ലാ ശീഘ്രവും ശുഭമല്ലെന്ന് അറിയാമല്ലോ!
ഉച്ചയോടെ 'ഗുരു' എന്നെ സി.ജി. നായരുടെ അടുത്തെത്തിച്ചു.
ഒരു മുരടൻ.
അസ്സൽ വൈസ് ചാൻസിലർ.
വണ്ടി എങ്ങനെയുണ്ടെന്നു നോക്കാം.
ഒരു പച്ച ഫീയറ്റ്.
പഴഞ്ചൻ സീറ്റ്.
“സൈലന്റ് എൻജിനാണ്. അധികം ഉപയോഗിച്ചിട്ടില്ല. എസ്റ്റീം എടുത്തതുകൊണ്ടാണ്. അല്ലെങ്കിൽ കൊടുക്കില്ലായിരുന്നു…”
സി.ജി. നായർ പറഞ്ഞുതുടങ്ങി.
“നാൽപ്പതിനായിരം ആണ് പ്രൈസ്.
നോട്ട് എ പെന്നി ലെസ്
നോട്ട് എ പെന്നി മോർ!
മിൽട്ടന്റെ കവിത പോലെ!
എനിക്കിഷ്ടപ്പെട്ടു.
നോ ബാർഗെയിൻ എന്നൊക്കെ കേട്ടിട്ടുണ്ട്.
“ഏതു മോഡലാ?”
“1963”
കൊള്ളാം, ഏതാണ്ട് എന്റെ പ്രായം!
അറിയിക്കാമെന്നു പറഞ്ഞ് ഞാൻ ഇറങ്ങി.
ഒരു മാരക പ്രഭാഷണമായിരുന്നു ഗുരു.
“വർഷം നോക്കണ്ട.”
ബൈക്കിന്റെ വിലപോലും ആകുന്നില്ല.
ആറു മണിക്കു മുന്പേ ഡീൽ നടക്കണമെന്നാ കുര്യൻ സാറ് പറഞ്ഞത്".
“ബ്രേക്കറെ കേറി സാറെന്നു വിളിക്കുമോ ആരെങ്കിലും.”
“അയ്യോ അദ്ദേഹം ബ്രോക്കറല്ല. നെയിബറാ!
കുര്യൻ സാർ ശുപാർശ ചെയ്തിട്ടാ ഇദ്ദേഹം സമ്മതിച്ചത്.”
ആറു മണിയോടെ പതിനായിരത്തിന്റെ നാലുകെട്ട് കൊണ്ട് ഇട്ടു കൊടുത്തു!
എണ്ണിനോക്കിയിട്ട് നായർ പറയുന്നു:
“ആ വലതുവശത്തെ ഗ്ലാസ് പൊങ്ങില്ല.
മനഃപ്പൂർവം നന്നാക്കാത്തതാ.
മാറ്റർ ഓഫ് ട്വന്റി റൂപ്പീസ്.
താഴെ അനിയുടെ വർക്ക്ഷോപ്പിൽ കൊടുത്താൽ മതി.
ചില്ലറ പാച്ച് വർക്കൊക്കെ കാണും.
നയന്റീൻ സിക്സ്റ്റി ത്രീ അല്ലേ…”
“താങ്ക് യു സാർ…
‘ഗുരു’വിന്റെ അസ്ഥാനത്തുള്ള നന്ദിപ്രകടനം.
നായർ ഫ്രീ ആയിട്ട് വണ്ടി തരുന്നതുപോലെ!
സന്ധ്യമയങ്ങുന്നു.
ഗുരുപ്രകാശ് ഡ്രൈവർ സീറ്റിലേക്ക് കയറി.
ഞാൻ ഇപ്പുറത്തും.
സ്റ്റാർട്ട് ചെയ്തതും വണ്ടി ഒരു കുതിപ്പ്, ആകാശത്തോട്ട്.
ദൈവമേ! റോക്കറ്റോ മറ്റോ ആണോ!
“എന്തുപറ്റി?”
നായരും ചെറുതായിട്ട് ഞെട്ടി.
കാരണം വണ്ടി ഗേറ്റ് കടന്നിട്ടില്ലല്ലോ. അതുകഴിഞ്ഞിട്ട് ചാടുകയോ പറക്കുകയോ എന്തുവേണോ ആയിക്കോട്ടേ.
ഗുരു ഒന്നുകൂടി സ്റ്റാർട്ടു ചെയ്തു.
അടുത്ത ചാട്ടത്തിൽ വണ്ടി ഗേറ്റിനു വെളിയിൽ.
“എന്താ ഡ്രൈവിംഗ് പ്രശ്നമുണ്ടോ?”
“കുറച്ചുനാളായി വണ്ടി എടുത്തിട്ട്.”
ഗുരു പിന്നെയും സ്റ്റാർട്ട് ചെയ്യാനുള്ള ശ്രമത്തിലാണ്. ഞാൻ തിരിഞ്ഞു നോക്കി. നായർ ഗേറ്റ് ലോക്കു ചെയ്യുന്നു.
ഇനി അവരായി അവരുടെ പാടായി എന്നായിരിക്കും !
മുന്നിൽ ഒരു ഇടറോഡ്.
അതുകഴിഞ്ഞ് ബൈറോഡ്.
പിന്നെ മെയിൻ റോഡ്.
ഇടറോഡും ബൈറോഡും 'ചാടിത്തന്നെ' കടന്നു.
ഇനി മെയിൻ റോഡാണല്ലോ, ഈശ്വരാ…!
“തലയണയുണ്ടോ?”
ഡ്രൈവർ ചോദിക്കുന്നു.
തലയണയോ!
“രണ്ടുമൂന്ന് തലയണ വേണമായിരുന്നു. അർജന്റാണ്.”
ഈ സന്ധ്യാസമയത്ത് തലയണയ്ക്ക് എവിടെ പോകും!
“ആലോചിക്കാൻ സമയമില്ല. തലയിണ ഉടൻ വേണം.”
“എന്തിന്?”
“മുതുകിൽ വയ്ക്കാൻ!”
അപ്പോഴാണ് കാര്യം മനസ്സിലായത്.
ഇദ്ദേഹത്തിന് നീളം കുറവാണ്. എത്ര ലാവിഷായിട്ട് അളന്നാലും നാലര അടി കവിയില്ല!
അതുകൊണ്ട് എന്തുപറ്റി?
സീറ്റിൽ നിന്ന് ‘രണ്ടു കിലോമീറ്റർ’ ഫ്രണ്ടിലാണ് കേറി ഇരിക്കുന്നത്?
എന്നാലെ സ്റ്റിയറിംഗിലും ബ്രേക്കിലുമൊക്കെ ‘ടച്ച്’ കിട്ടു.
ആ ഗ്യാപ്പ് ഫില്ലുചെയ്യാനാ തലയണ. ഗ്രിപ്പ് കിട്ടണ്ടേ!
അതാണ് വണ്ടി കിടന്നു പേട്ട തുള്ളുന്നത്!
ഞാൻ ആ ഗ്യാപ്പിലോട്ടു നോക്കി.
സീറ്റും ബോഡിയും തമ്മിൽ ‘സാമൂഹിക അകലം!’
ഇതിപ്പോൾ തലയിണയിൽ നിൽക്കുമെന്നു തോന്നുന്നില്ല.
മെത്ത തന്നെ വേണ്ടി വന്നേക്കും!
“വിമൻസ് കോളേജിന്റെ സമീപം ഒരു ഫർണിച്ചർ കടയുണ്ട്. അവിടെവരെ പോകുമോ?”
“നോക്കാം”
“അതോ വീട്ടിൽ പോയി എടുക്കണോ?”
“വേണ്ട കയറ്റമായതുകൊണ്ട് പ്രശ്നമില്ല.”
പുള്ളിക്ക് പ്രശ്നമില്ല.
സ്റ്റീയറിംഗിൽ തൂങ്ങിക്കിടന്നാൽ മതിയല്ലോ.
മറ്റുവണ്ടിക്കാർ അന്തംവിട്ടു നോക്കുന്നു,എന്താ സംഭവമെന്ന്!
ഓരോ ചാട്ടം കഴിയുമ്പോഴും എൻജിൻ അങ്ങു നിൽക്കും.ഒപ്പം എന്റെ എൻജിനും.
രൂപാ നാൽപ്പതിനായിരം ആണ് നടുറോഡിൽക്കിടന്ന് ഈ ചാടിപ്പൊടിക്കുന്നത്!
പക്ഷേ ഡ്രൈവർക്ക് ഒരു കുലുക്കവുമില്ല.
പൈലറ്റിന്റെ ഗമയിലാണ് ഇരിപ്പ്.
ഫർണിച്ചർ കടയിലേക്ക് ഓടിക്കയറുകയായിരുന്നു ഞാൻ.
ചെന്നപാടെ ശ്വാസം വിടാതെ പറഞ്ഞു.
“ഒരു നാലു തലയണ!”
അവരുടെ സമനില പോയി.
സന്ധ്യാനേരത്ത് തലയിണയ്ക്ക് ഇത്രയും അത്യാവശ്യം?
വേറൊരുത്തന് കട്ടിലുവേണ്ടേന്ന് ചോദിച്ചോളാൻ വയ്യ!
എന്റെ അവസ്ഥ കണ്ടിട്ടാവും, ആരും ഒന്നും ചോദിച്ചില്ല.
തലയണ കിട്ടിയതും ഡ്രൈവറുടെ ആശ്വാസം കാണേണ്ടതായിരുന്നു!
ഇപ്പോഴാണ് ഒരു കൺട്രോളു കിട്ടിയത്. ആ ത്രില്ലിൽ അദ്ദേഹം ചോദിച്ചു.
“പറഞ്ഞാട്ടെ... എവിടെ പോകണം?”
“വീട്ടിലോട്ടു പോയാൽ മതി.”
“അങ്ങനല്ല, ആദ്യം അമ്പലങ്ങളിൽ പോകണം. അതാണ് അതിന്റെ രീതി.”
“ദൂരെയെങ്ങും പോകണ്ട, തൽക്കാലം ശാസ്താംകോവിൽ വരെ പോയിട്ടുവരാം.”
ദോഷം പറയരുത്.
ഗുരുപ്രകാശിന് ഡ്രൈവിംഗ് ഒക്കെ അറിയാം. പക്ഷേ തലയണ വേണം!
അടുത്തദിവസം രാവിലെ വണ്ടി സർവീസ് ചെയ്തു കൊണ്ടുവന്നു. അപ്പോഴല്ലേ അതിന്റെ ‘ലാവണ്യം’ അറിയുന്നത്!
“അതേ, സി.ജി. നായരുടെ ‘പോളിസി’ വേറെയാ. ബോറായിട്ടു കണ്ട് ഇഷ്ടപ്പെടുന്നെങ്കിൽ മതിയെന്നാ മൂപ്പരുടെ പോളിസി…”
ഗുരുപകാശ് എല്ലാം ‘പോളിസി’ ചേർത്തേ പറയു. എൽ.ഐ.സി യിൽ അല്ലേ ജോലി!
ഞാനും വിട്ടില്ല.
"നായരുടെ പെൺമക്കൾ വിഷമിക്കും. ഇതാണ് പോളിസിയെങ്കിൽ!"
പിന്നെ പോയത് വർക്ക് ഷോപ്പിലേക്ക്.
കണ്ടപാടെ മേശിരി ഒരു ചോദ്യം.
“അറുപതു കൊടുത്തോ?”
ഞാൻ മിണ്ടിയില്ല.
“അറുപതിനു കിട്ടിയെങ്കിൽ ലാഭം. കണ്ടീഷൻ ഇല്ലാത്ത ഒരു വണ്ടി ‘രവിസാർ’ ഇന്നലെ എഴപതിനു വാങ്ങിച്ചു!”
പിന്നെയാണ് ‘മൂച്ച്’ നേരെ വീണത്.
ആ ‘മൂച്ചിൽ' പിന്നെയൊരു അറുപതും കൂടിയങ്ങുമുടക്കി.
പലപ്പോഴായിട്ട്.
പല ആന്തരികാവയവങ്ങളും മാറ്റേണ്ടി വന്നു.
അവസാനം മാറ്റിയത് എൻജിനായിരുന്നു.
സൈലന്റ് എൻജിൻ എന്നല്ലേ നായർ സാബ് പറഞ്ഞത്.
അത് അറംപറ്റി.
ആയിരം കിലോമീറ്റർ ഓടിക്കഴിഞ്ഞപ്പോൾ എൻജിൻ ശരിക്കും സൈലന്റായി.
മൂച്ചുമില്ല പേച്ചുമില്ല.
അടുത്തകാലത്ത് ഒരാലോചന.
കൊടുത്താലോ?
ചെലവ് കയ്യിൽ നിൽക്കുന്നില്ല.
നഗരത്തിലെ പ്രധാന വർക്ക് ഷോപ്പിലാണ് ചികിത്സ.
എപ്പോൾ വിളിച്ചാലും മുതലാളി ഒറ്റചോദ്യമേയുള്ളൂ.
"എവിടെ കിടക്കുന്നു സാർ?"
അതുകൊണ്ട് കൈയൊഴിയാം എന്നുവച്ചു.
ഗുരുപ്രകാശ് തന്നെ ഒരാളെ കൊണ്ടുവന്നു.
ഞാൻ ആവേശപൂർവം നടന്ന കാര്യങ്ങൾ വിസ്തരിച്ചു.
“നിങ്ങൾ മോഡലു നോക്കണ്ട.
വണ്ടി കണ്ടീഷനാണ്.
എല്ലാം പുതിയതാ.
മിക്കതും ഞാനങ്ങു മാറ്റി.
കളറ് മാറ്റി.
മീറ്ററ് മാറ്റി.
സ്റ്റീയറിംഗ് മാറ്റി.
ഹോൺ മാറ്റി.
ഗിയർ ബോക്സ് മാറ്റി.
കാർബറേറ്റർ മാറ്റി.
പ്ലാറ്റ് ഫോം മാറ്റി.
അപ്ഹോൾസറി മാറ്റി.
എൻജിൻ മാറ്റി…
ഞാൻ നിർത്താൻ വെയിറ്റു ചെയ്യുകയായിരുന്നു അയാൾ.
നിർത്തിയതും കക്ഷി ഒരു ചോദ്യം.
“ചേസീസ് മാറ്റിയോ?”
അപ്പോഴാണ് അത് മാറ്റിയില്ലല്ലോ എന്ന് ആലോചിക്കുന്നത്.
അയാൾ വില പറയാതെ പോയി.
വിലമതിക്കാൻ പറ്റാഞ്ഞിട്ടാവണം.
ഈശ്വരകൃപയാൽ അടുത്തകാലംവരെ ആ വാഹനം എന്നോടൊപ്പമുണ്ടായിരുന്നു.
ഈയിടെ ഒരാൾ വന്നൊരു വില പറഞ്ഞു.
തൽക്ഷണം ചാവി കൈമാറി.
പൊളിക്കാനാണെന്നാണ് പറഞ്ഞത്!
നന്നായി.
ആ ഒറ്റ ചിലവല്ലേയുള്ളൂ!
പഴയ വണ്ടികൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കായി ഈ അനുഭവം സ്നേഹപുരസ്സരം കൈമാറുന്നു.

ഇതൊക്കെ ഓർമയിൽ ഉണ്ട് sir
ReplyDeleteഅനുഭവം ഗുരു. വളരെ നല്ല എഴുത്ത്.അഭിനന്ദനങ്ങൾ
ReplyDelete