പഞ്ചിംഗ് - 40
-----------------------

കെ.സുദർശനൻ


ഞാൻ റെഡി


ൻപത്തിയെട്ടുകാരനായ ഗൃഹനാഥൻ മരിക്കാൻ കിടക്കുന്നു.
ചുറ്റും ആർത്തനാദം.
എൺപത്തിയെട്ടുകാരനായ അച്ഛൻ ഒരുഭാഗത്ത്... 
എഴുപത്തിയെട്ടുകാരി അമ്മച്ചി ഒരു ഭാഗത്ത്.
നെഞ്ചുകീറി കരയുകയാണ് രണ്ടുപേരും. 
പിന്നെ നാൽപ്പത്തെട്ടുകാരിയായ ഭാര്യയുടെ കാര്യം പറയണോ?
അവിവാഹിതരായ പെൺമക്കളുടെ കാര്യം ആലോചിക്കുകയും വേണ്ട.
ഏങ്ങിയേങ്ങി കരയുകയാണ് എല്ലാവരും.
രംഗം ശോകകലുഷം.

പെട്ടെന്ന് രോഗി കട്ടിലുവിട്ട് താഴെ ഇറങ്ങി. എന്നിട്ട് ഉരുളാൻ തുടങ്ങി. വെറും നിലത്ത്!
ജനം അന്തംവിട്ടു.
വല്ല നേർച്ചയോ മറ്റോ ആണോ?
ഇതേ സംശയം ദൈവത്തിനും തോന്നി.

ഒരു ആത്മീയ ഗുരുവിന്റെ വേഷത്തിൽ ദൈവം അങ്ങോട്ട് കേറിച്ചെന്നു. ഉരുളുനേർച്ചകാരനെ പിടിച്ചു നിർത്തിയിട്ടു ചോദിച്ചു:
“എന്താ മരണത്തെ ഭയമാണോ?”
“ഇല്ല തിരുമേനി.”
“പിന്നെ ഇങ്ങനെ കിടന്ന് ഉരുളുന്നത്?”
“അത് മരിക്കാൻ മടിച്ചുതന്നെ…”
“അതെന്താ?”
“അല്ലെങ്കിൽ കൂട്ടമരണം നടക്കും ഇവിടെ.”
“മനസ്സിലായില്ല?”
“അച്ഛന്റെ വിളി കേട്ടോ?
അമ്മച്ചീടെ സങ്കടം കണ്ടോ?
ഇവളുമാരുടെയെല്ലാം മുഖം കണ്ടോ?
ഞാനങ്ങോട്ട് കണ്ണടച്ചാൽ ഇവരാരും ജീവിച്ചിരിക്കത്തില്ല.”

ദൈവം ചിരിച്ചുപോയി.
ഇങ്ങനെ ചിരിച്ചുപോകുന്ന ചില നിമിഷങ്ങളുണ്ട് ദൈവത്തിന്.
തീരാൻ പോകുന്ന രോഗിയുടെ ബന്ധു കൊണ്ടുവച്ച കവറിൽ നോക്കി ചില ഡോക്ടർമാർ പറയുമല്ലോ:
"വിഷമിക്കണ്ട.
നമുക്കു നോക്കാം.
ധൈര്യമായിട്ട് പൊയ്‌ക്കോളു…"

ദൈവം ചിരിക്കുന്ന വേറൊരു നിമിഷമാണത്!

തിരിച്ചുവരാം.
നമ്മുടെ മൃതപ്രായൻ ഉരുണ്ടുരുണ്ട് വരാന്തയിലെത്തി.
അദ്ദേഹത്തെ ‘അടവച്ചു’ നിറുത്തിയിട്ടു ദൈവം പറഞ്ഞു:
“കേറി കട്ടിലിൽ കിടന്നോളൂ…
പേടിക്കേണ്ട.”

പിറ്റേന്ന് രാവിലെ, ഇന്ത്യൻ സമയം ഏഴു പതിനഞ്ചിന് ആ സ്‌നേഹിതൻ മരിച്ചു.
കൂട്ടവിളിയായിരുന്നു ബന്ധുക്കൾ.
എൺപത്തെട്ടുകാരനായ അപ്പനാണ് ലീഡ് ചെയ്‌യുന്നത്!
ഒരു പരിധി കഴിഞ്ഞുള്ള ഏത് വിളിയും സ്വർഗ്ഗത്തു കിട്ടും.സ്‌പെഷ്യൽ ലൈൻ അതിനായി പണ്ട് വലിച്ചിട്ടുണ്ട്!
ദൈവത്തിന് ചെവി കേട്ടിരിക്കാൻ വയ്‌യാതെയായി. അദ്ദേഹം വീണ്ടും എത്തി ലൊക്കേഷനിൽ. 
ആത്മീയ ഗുരുവിന്റെ വേഷത്തിൽത്തന്നെ.

ഒടുക്കത്തെ വിളി നടക്കുകയാണ്.
ദൈവം ശബ്‌ദമുയർത്തി:
“നിർത്തിൻ... നിർത്തിൻ... എന്തിനാ കരയുന്നത്?”
“ഞങ്ങൾക്കിനി ജീവിക്കണ്ട. ഞങ്ങടെ ചെല്ലക്കിളി പോയി!!!”
ഡബിൾ സ്‌ട്രോംഗായി വിളി!
“നിർത്തിൻ... നിർത്തിൻ... അത്രയ്‌ക്ക് ദു:ഖമാണോ നിങ്ങൾക്ക്?”
“ഞങ്ങളിനി ആർക്കു വേണ്ടി ജീവിക്കുന്നു. ആർക്കുവേണ്ടി? ഞങ്ങൾക്കിനി ഒന്നും വേണ്ട.”

പിന്നെയും മരണവിളി.
ദൈവത്തിനുപോലും കണ്ടുനിൽക്കാൻ കഴിയുന്നില്ല!
അദ്ദേഹം പറഞ്ഞു.
“വേണ്ട, കരയണ്ട. ഞാൻ ഇദ്ദേഹത്തെ ജീവിപ്പിക്കാം. പക്ഷേ, ഒരു കണ്ടീഷൻ. പകരം നിങ്ങളിൽ ആരെങ്കിലും മരിക്കാൻ തയ്‌യാറാവണം.”

ആരും മിണ്ടുന്നില്ല.
നിശ്ശബ്‌ദത.

“ആരാണ് ഇദ്ദേഹത്തിനുവേണ്ടി മരിക്കാൻ തയ്‌യാറാകുന്നത്? വേഗം
പറയൂ…”
നിശ്ശബ്‌ദരായി, നിസ്സംഗരായി, നിർവികാരരായി നിൽക്കുകയാണ് 
എല്ലാവരും.
ഒരേ മരവിപ്പ്.
അവസാനം ദൈവം തന്നെ തുടങ്ങി.

"എൺപത്തെട്ടുകാരനായ അപ്പാ, എന്താ മകനുവേണ്ടി മരിക്കാമോ?"
അപ്പൻ വിക്കിയും വിഴുങ്ങിയും പറഞ്ഞു.
"മരിക്കാം. പക്ഷേ എനിക്ക് ഇവൻ മാത്രമല്ല. വേറേയും മൂന്നു മക്കളുണ്ട്. ഞാൻ ഇവരുടെ 'ജനറൽ' അപ്പനാണ്? അതുകൊണ്ട് ഇവനുവേണ്ടി ഞാൻ മരിച്ചാൽ അവർക്കുകൂടി അപ്പനില്ലാതാവില്ലേ!
മൂപ്പിലാൻ വിദഗ്ദ്ധമായിട്ട് ഒഴിഞ്ഞു.

“അമ്മച്ചി എന്തു പറയുന്നു? മരിക്കുമോ മകനുവേണ്ടി?”
“മരിക്കണമെങ്കിൽ മരിക്കാം. പക്ഷേ ഒരു കൊച്ചാഗ്രഹം ബാക്കി നിൽക്കുന്നു.”
“എന്തുവാ അത്?”
“എന്റെ മൂന്നാമത്തെ മകളുടെ നാലാമത്തെ ഗർഭമാ നടക്കുന്നത്. അവൾക്കിത് ഏഴാമത്തെ മാസമാ. ആ കുഞ്ഞിക്കാലുകൂടി കണ്ടിട്ടാണെങ്കിൽ വേണ്ടില്ലായിരുന്നു...!”
അമ്മച്ചിയും തെന്നിമാറി.

ദൈവം പെൺമക്കളുടെ നേരെ തിരിഞ്ഞു.
“നിങ്ങൾ എന്തു പറയുന്നു?”
“അതിപ്പോൾ ഞങ്ങളുടെ കല്യാണം ഒന്നുമായില്ല. ആ സൈഡ് ഫെയ്‌സു ചെയ്‌യാതെ ഫിനിഷ് ചെയ്‌യുക എന്നൊക്കെ പറയുമ്പോൾ…”
അവരും വലിയുകയാണ്... വിദഗ്ദ്ധമായി!
ദൈവത്തിന് ദേഷ്യം വന്നു. അദ്ദേഹം പരേതന്റെ ഭാര്യയുടെ നേർക്ക് തിരിഞ്ഞു. അവസാനത്തെ പ്രതീക്ഷ അതാണ്.

“നിങ്ങൾ എന്തു പറയുന്നു? തയ്‌യാറാണോ?”

“ഞാൻ റെഡി” ആ സ്‌ത്രീ പറഞ്ഞു.
അസന്ദിഗ്ദ്ധമായ ഭാഷയിൽ പറഞ്ഞു.
എല്ലാവരും ഞെട്ടി.
ദൈവവും ഞെട്ടി.
“അതേ ഞാൻ തയ്‌യാറാണ്.
എനിക്ക് ഈ മനുഷ്യൻ തുണ. ഈ മനുഷ്യന് ഞാൻ തുണ.
ഞങ്ങൾക്ക് ദൈവം തുണ!
ഇത്രകാലവും ഈ മനുഷ്യൻ കഷ്‌ടപ്പെട്ടത് എനിക്കുവേണ്ടിയായിരുന്നു… ഈ കുടുംബത്തിനുവേണ്ടിയായിരുന്നു.
വിശ്രമമെന്തെന്ന് അതിയാൻ ഇതുവരെ അറിഞ്ഞിട്ടില്ല.
എത്ര തളർന്നിട്ടും ഒരു നിമിഷം പോലും സ്വസ്ഥമായിരുന്നിട്ടില്ല.
എല്ലാവരും കേൾക്കാൻ വേണ്ടി പറയുകയാണ്.
ഞാൻ തയ്‌യാറാണ്; ആ മനുഷ്യന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു കൊണ്ട് ഇനിയുള്ള കാലം ജീവിക്കാൻ ഞാൻ തയ്‌യാറാണ്!”

എടുത്ത് അടക്കിയേക്കാൻ പറഞ്ഞു ദൈവം.
പാവപ്പെട്ടവൻ റെസ്റ്റ് എടുക്കട്ടെ!


കാൻസർ ബാധിച്ച് മരിക്കാൻ കിടക്കുകയാണ് ഭാര്യ.
മുപ്പത്തിയേഴുകാരിയായ ഭാര്യ.
അരികിൽ തകർന്ന മനസ്സുമായി അയാൾ.
നാൽപ്പത്തിമൂന്നുകാരനായ ഭർത്താവ്.
ഭാര്യ ഭർത്താവിന്റെ കരം ഗ്രഹിച്ചു.
അവശ സ്വരത്തിൽ പറഞ്ഞു.
“ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ?”
അദ്ദേഹം പ്രിയതമയെ നോക്കി.
“ഞാൻ മരിച്ചാൽ പതിനാറാമത്തെ ദിവസം നിങ്ങൾ വേറെ വിവാഹം കഴിക്കണം. സുന്ദരിയായ ഒരു…”
അദ്ദേഹം ഭാര്യയുടെ വാ പൊത്തി.
“ചങ്ക് പൊള്ളുന്ന വർത്തമാനം പറയല്ലേ... അല്ലാതെ തന്നെ ഞാനിവിടെ…”
എന്നിട്ട്, കർചീഫെടുത്തു കണ്ണുതുടച്ചു.

“അങ്ങനെയല്ല. സമാധാനത്തോടെ കേൾക്കണം. പകരം വരുന്ന ആ ഭാഗ്യവതിയുടെ കഴുത്തിൽ ഇതേ മിന്നു തന്നെ കെട്ടണം. ഈ മൂക്കുത്തി ഊരി അവളുടെ മൂക്കിൽ തിരുകിക്കേറ്റണം. ഈ പാദസരം ഇളക്കി അവളുടെ കാലിലിട്ടു പൂട്ടണം. പൂട്ടില്ലേ…”

പുള്ളിക്കാരൻ ദയനീയമായി ഭാര്യയെ നോക്കി. പിന്നെ, ഭിത്തിയിലേക്ക് തിരിഞ്ഞ് വിങ്ങിക്കരഞ്ഞു.
പാവം...
താങ്ങാനാവുന്നില്ല.

“അയ്‌യേ... എന്താ ഇത്! കരയുന്നോ …
എന്റെ അവസാനത്തെ ആഗ്രഹമാണ്. ഇങ്ങോട്ടു നോക്കിയേ…”
അയാൾ മുഖം തിരിച്ചു. കലങ്ങിയിരിക്കുന്നു കണ്ണുകൾ.
“മിന്നുകെട്ടാൻ വയ്‌യെങ്കിൽ വേണ്ട. മൂക്കുത്തി തിരുകാൻ വയ്‌യെങ്കിൽ വേണ്ട. പാദസരം പൂട്ടാൻ വയ്‌യെങ്കിൽ അതും വേണ്ട. പക്ഷേ, എന്റെ ഈ ഇടതുകൈയിലെ ഈ ഒറ്റവളയെങ്കിലും അവളുടെ കൈയിൽ ഇട്ടു കൊടുക്കില്ലേ…”
പുള്ളിക്കാരൻ ആ വളയിലേക്ക് ഒരു നിമിഷം നോക്കി, എന്നിട്ട് മുഖം തിരിച്ചു.

“എന്താ ഒന്നും പറയാത്തത്? പറയൂന്നേ... ഇട്ടു കൊടുക്കാമെന്ന് പറയൂ... പ്ലീസ്…”

“സാദ്ധ്യമല്ല.”

“എന്താ സാദ്ധ്യമല്ലാത്തത്?”

“അവളുടെ കൈക്ക് ഇതിലും വണ്ണമുണ്ട്. ഇത് കേറൂല്ല...!”

ഇതാണ് സ്‌നേഹിതാ സ്‌നേഹം.
ഓരോ വാക്കിലും നോക്കിലും പൂക്കുകയും കായ്‌ക്കുകയും ചെയ്‌യുന്ന സ്‌നേഹം!
മഴവില്ലിന്റെ ഗ്ലാമറുണ്ടതിന്.
‘പനിനീർ റോസി’ന്റെ സുഗന്ധവുമുണ്ട്.
പക്ഷേ...

Comments

Post a Comment

Popular posts from this blog