പഞ്ചിംഗ് 41

കെ.സുദർശനൻ


മറുകൊഞ്ഞനം


ത്ര കശ്‌മലനായിരുന്നാലുംമരിച്ചുകഴിയുമ്പോൾ നല്ലതേ പറയൂ.

അതാണ് നാട്ടുരീതി.
എന്നാൽ സാധുവായിരുന്ന ഒരാൾ മരണനിമിഷം മുതൽ ‘ഭീകരനായി’ മാറുന്ന ഒരനുഭവം ഉണ്ടായി.

 

പരേതനെ വർഷങ്ങളായറിയാം.
പാവം മനുഷ്യൻ.
ആരെയും ദ്രോഹിക്കാത്ത
ആരുടെ ഉയർച്ചയിലും അലർജി വരാത്ത
അവിഹിത മാർഗ്ഗങ്ങളിൽ സഞ്ചരിക്കുകയോ സമ്പാദിക്കുകയോ ചെയ്‌തിട്ടില്ലാത്ത
തമാശകൾകൊണ്ട് എന്നും എല്ലാവരേയും ആനന്ദിപ്പിക്കുവാൻ ശ്രമിച്ച 
നന്മകൾ മാത്രം സൂക്ഷിച്ച നാട്ടിൻപുറത്തുകാരൻ.

 

പുതിയ ലോകം ഇവരെ വിലയിരുത്തുന്നതിങ്ങനെയായിരിക്കും. വിഡ്‌ഢി!
ജീവിക്കാൻ അറിഞ്ഞുകൂട.
ഗുഡ് ഫോർ നത്തിംഗ്!
ആയിക്കോട്ടെ.

 

എന്തായാലും ആ സാത്വികൻ ജീവിതം മതിയാക്കി.
ശാന്തമായിരുന്നു അന്ത്യം.
ആകുംകാലം ചെയ്‌തത് ചാകുംകാലം അറിയാം എന്നാണല്ലോ.
ആകാശത്തിലെ പറവയെപ്പോലെ ആ പ്രാണൻ പറന്നകന്നു എന്ന് ഒരു ഇംഗ്ലീഷ് കവിതയിൽ വായിച്ചിട്ടുണ്ട്.
അതേപോലെ, ഒച്ചയുണ്ടാക്കാതെ ആ ശ്വാസം നിലച്ചു.
ഇനി ബാക്കിയുള്ളവരുടെ ഊഴം.

 

ചരമ അറിയിപ്പാണ് ആദ്യം.
അതിനുമുമ്പ്   സംസ്‌കാരം ഫിക്‌സ് ചെയ്‌യണം.
അറിഞ്ഞപാടെ ആളുകൾ ചോദിക്കുന്നതെന്താ?
എപ്പോൾ മരിച്ചെന്നോ എങ്ങനെ മരിച്ചെന്നോ അല്ല.
എപ്പോൾ എടുക്കും?
അന്നേരം ചെന്നാൽ മതിയല്ലോ.
വെയിറ്റ് ചെയ്‌ത് വെറുതെ ‘വെയിറ്റ്’ കളയണ്ട.
രക്തബന്ധുക്കൾ പോലും തത്സമയത്തേ എത്താറുള്ളു.

 

ഇവിടെയും ‘തത്സമയം’ ചില രക്തബന്ധുക്കൾ എത്തി. അവരിൽ ചിലരെ ‘ഭാരവാഹികൾ’ ഗേറ്റിൽ വച്ച് തടഞ്ഞു.
“മാമൻ ഇപ്പോൾ അങ്ങോട്ടു പോണ്ട “
“അതെന്താ?”
“പോണ്ട, അത്രതന്നെ”
“പോണ്ടെന്നു പറയാൻ നീയാര്? ഞാൻ ചത്തവന്റെ മച്ചമ്പിയാ.”
“അതുകൊണ്ടാ പോണ്ടന്ന് പറഞ്ഞത്.”
“മനസ്സിലായില്ല.”
“അതേ, ഈ മച്ചമ്പിയുടെ കാര്യം പുള്ളി പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു. മച്ചമ്പി  ചമഞ്ഞ് ഇവിടെയെങ്ങാനും വന്നാൽ എടുത്തു വെളിയിൽ എറിയണമെന്ന്!”
പാവം മച്ചമ്പി !
തകർന്നുപോയി.
ഇതിനെക്കാളൊരു അപമാനമുണ്ടോ?
ശിക്ഷയുണ്ടോ?
ഈ 'ശിക്ഷ' പല മച്ചമ്പിമാരും വല്യണ്ണന്മാരും ഏറ്റുവാങ്ങി.
സർവപ്രതാപങ്ങളോടെയും വന്നിറങ്ങുന്പോഴാണറിയുന്നത്, പേരു വെട്ടിയിരിക്കുകയാണെന്ന്!
അടുത്ത നിമിഷം ഒരു അശരീരി.
പീഛേ മൂഡ്…!
മുന്പ് എൻ.സി.സിയിൽ ഉണ്ടായിരുന്ന ഒരു അളിയൻ വക!

 

ക്ലോസ് റിലേഷൻസ് പലതും ക്ലോസ് ചെയ്‌തിട്ടാണ് ദിവംഗതൻ പോയത്.
കൂട്ടത്തിൽ ഒരു ‘ടെക്‌നീഷ്യനെയും’ ക്ലോസ് ചെയ്‌തു.
വേറെയാരുമല്ല.
കർമ്മി മണിയൻ.
സ്ഥലത്തെ പ്രധാന കർമ്മിയാണ്.
ആ ഏര്യയിൽ ആരും മരിച്ചാലും കർമ്മി മണിയനാണ് ചാർജ്. പിന്നെ മണിയന്റെ ഭരണമാണവിടെ.
അദ്ദേഹം ഓരോന്ന് കൽപ്പിക്കും.
ബന്ധുക്കൾ അങ്ങോട്ട് ഏൽപ്പിക്കും...
അതാ രീതി.
“നാളികേരം വലുത് ഒന്ന്, വലുതാവാത്തത് ഒന്ന്.”
“ഓ…”
“ഡബിൾവേഷ്‌ടി കീറാത്തത് ഒന്ന്, കീറിത്തുടങ്ങിയത് ഒന്ന്…”
“ഓ…”
അടയ്‌ക്കാ പഴുക്കാത്തതൊന്ന്, പഴുത്ത് കഴിഞ്ഞത് ഒന്ന്.”
“ഓ…”
ഇതെല്ലാം പെട്ടെന്ന് ഏൽപ്പിക്കാം.
സഹായത്തിന് വല്യമ്മ രണ്ട് - എന്നൊക്കെ പറഞ്ഞുകളയും ചില കർമ്മികൾ.
എന്തുചെയ്‌യും.

 

അടിച്ചുപൂക്കുറ്റിയായിട്ടാണ് മണിയന്റെ നിൽപ്പ്!
എന്തായാലും പരേതൻ ഈ കഥാപാത്രത്തെ ‘ഡിലീറ്റു’ ചെയ്‌തു.
വിൽപ്പത്രത്തിൽ മൂന്നാം പുറത്ത് നാലാം ഖണ്ഡികയിൽ അത് ഇപ്രകാരം പ്രതിപാദിക്കുന്നു.
“കർമ്മങ്ങൾ ആവാം. പക്ഷേ കാർമ്മികത്വം സമൂദായമുഖ്യന്മാർ നിർവഹിച്ചോണം. മറ്റവനെ ആ ഏരിയയിൽ അടുപ്പിക്കരുത്!”
എങ്കിലും “മറ്റവൻ’ അവിടെയൊക്കെ ചുറ്റിപ്പറ്റിനിന്നു. കർമ്മം ചെയ്‌തില്ലന്നുവച്ച് ദക്ഷിണ വേണ്ടെന്നുവയ്‌ക്കണോ!

 

എത്തേണ്ടവരെല്ലാം എത്തി. അതിൽനിന്നും പറഞ്ഞുവിടേണ്ടവരെയെല്ലാം പറഞ്ഞുവിട്ടു.

 

ഇനി കർമ്മം തുടങ്ങാം.
‘വായ്‌ക്കരി ഇടേണ്ടവർ വരിവരിയായി വരുവിൻ.” ഒരു മൂപ്പിലാൻ വിളിച്ചുപറഞ്ഞു.
വാളെടുത്തവൻ മാത്രമല്ല, ഷാളിട്ടവൻ വെളിച്ചപ്പാടാവിടെ.

 

“ആ സൈഡ് പൊങ്ങട്ട്…”
“വേണ്ട, ഈ സൈഡ് പൊങ്ങട്ട്.”
“ടേയ് വിളക്കെടുത്ത് മാറ്റ്…”
“അണ്ണാ റീത്ത് നൂത്ത് വയ്…”
“എവിട, സാമ്പ്രാണി എവിട?”
“തോർത്തിന് പോയവൻ ചത്തോടേ?”

 

ഒരേ ബഹളം…
രംഗത്ത് ‘കർമ്മികളുടെ’ കശ…
കുറെക്കഴിഞ്ഞ് അത് ‘കശപിശ’ ആയി. ആളുകൂടിയാൽ പാന്പുചാവില്ലെന്നു പറയും. ടൂ മെനി കൂക്സ് സ്‌പോയിൽ ദ ഡിഷ് എന്നാണല്ലോ!
മണിയൻ കർമ്മിക്ക് ഇതൊക്കെ കാണുമ്പോൾ ഉള്ളംകാലിൽ നിന്ന് കേറുകയാണ് കലി.ഒപ്പം നിരാശയും!

“ഛേ?...! ആ വിളക്കവിടെ വയ്‌ക്കിൻ!”
ഗതികെട്ട് പറഞ്ഞുപോയി പുള്ളി.
ജനം കൊണ്ടുതിരിഞ്ഞു ഉടനെ.
“നീ മിണ്ടരുത്. നീ ഉണ്ടെന്നറിയരുതിവിടെ.”
മണിയൻ ഠിം.

 

‘കർമ്മകാണ്ഡം’ തുടരുകയാണ്.
ഇതിനിടയ്‌ക്ക് അപ്പോൾ വന്നുചേർന്ന വാർഡുമെമ്പർ മണിയനോട് ചോദിച്ചു.
“നീ എന്തെടെ തെങ്ങിൽച്ചാരി മാറിനിൽക്കുന്നത്?”
“എനിക്ക് ഊരുവെലക്ക്!”
“അത്, അത്യാവശ്യമായിരുന്നു.” മെമ്പർ അവസരത്തിനൊത്ത് ഉയർന്നു.

 

മുഖ്യ കർമ്മികൾ തമ്മിൽ തർക്കം.
കുടം ആര് ഒടയ്‌ക്കണം?
എത്രാമത്തെ റൗണ്ടിൽ ഒടയ്‌ക്കണം?
കുടം ഉടയ്‌ക്കണോന്നും ഒരുത്തൻ ചോദിക്കുന്നു!
സംസാരം നടക്കുന്നതല്ലാതെ തീരുമാനം എടുക്കുന്നില്ല.
സഹികെട്ടപ്പോൾ പിറകിൽ നിന്ന മാമൻ ചോദിച്ചു.
“ശ്ശേ! ഇവര് എന്തിന് ഇവിടെ ഇങ്ങനെ സംസാരിക്കുന്നത്?”
ഉത്തരം ചൂടോടെ വന്നു.
“അവര് പിന്നെ ഇവിടെയല്ലാതെ എവിടെ സംസാരിക്കാൻ?”
അർത്ഥം മനസ്സിലായില്ലേ. എവിടെയും സംസാരിക്കാൻ യോഗ്യതയില്ലാത്തവരാണ് ഇവിടെ സംസാരിക്കുന്നതെന്ന്!
“പഞ്ചാംഗം എടുത്തുനോക്കണ്ണാ. ഇന്ന് കരുനാളാണോന്ന്!” മണിയനാണത് പറഞ്ഞത്.
റിയാക്ഷൻ സഡനായിരുന്നു.
“നീ മിണ്ടരുത്. നീ ഒണ്ടെന്നറിയരുതിവിടെ... തൊലച്ചുകളയും”
മണിയൻ ഠിം.

 

ഓരോ വിദ്വാന്മാർക്ക് കിട്ടിയ ശിക്ഷകളെ!
അങ്ങനെതന്നെ വേണം.
എനിക്ക് പരേതാത്മാവിനോട് ബഹുമാനം തോന്നി.
ജീവിച്ചിരുന്നപ്പോൾ കൊഞ്ഞനം കാണിച്ചവരോട് മരണാനന്തരം മറുകൊഞ്ഞനം!
ഏതു പ്രതികാരത്തെക്കാളും ശക്തം! സമ്മതിച്ചിരിക്കുന്നു.
വെൽഡൺ ബ്രോ!
പണ്ടും ചില മൂപ്പിലാന്മാരു പറയാറുണ്ട്....
“എവനെ എന്റെ ജഡത്തിൽപ്പോലും തൊടീക്കരുത്. അത്ര അഴുക്ക റാസ്‌കലാണ്”
എവൻ എന്നു പറഞ്ഞാൽ ഇദ്ദേഹത്തിന്റെ മൂത്ത പുത്രൻ!
പക്ഷേ, ആ ഉത്തരവ് ആ ഓണത്തിനുതന്നെ റദ്ദാവും. ഒരു ഉടുപ്പും മുണ്ടും കൊണ്ട് സോൾവ് ചെയ്‌യാവുന്ന കേസേ ഉള്ളൂ.
പക്ഷേ ഇത് അങ്ങനെയല്ല.
ജീവിതം സാർത്ഥകമാക്കിയ ഒരാളുടെ അന്ത്യകൽപ്പനയാണ്. ആ ജന്മം അർത്ഥപൂർണ്ണമായത് സമ്പത്തോ പ്രശസ്‌തിയോ ആർജിച്ചല്ല. തിന്മയെ നന്മയാൽ ഉന്മൂലനം ചെയ്‌താണ്.
ആ വിശുദ്ധയാത്രയിൽ പരിഹസിച്ചവരെയും ചെളിയെറിഞ്ഞവരെയും ജീവിതത്തിൽ നിന്നു മാത്രമല്ല മരണത്തിൽ നിന്നും   നീക്കിനിറുത്തുകയായിരുന്നു.
ഉറ്റവരോട് തൽസമയം നീതിപുലർത്താത്തവർക്കെല്ലാം ഈ അനുഭവപാഠം താക്കീതായിക്കോട്ടെ…


Comments

Popular posts from this blog