പഞ്ചിംഗ് - 42

കെ.സുദർശനൻ


ഇംഗ്ലീഷ് മീഡിയം


ഞ്ചാം ക്ലാസ്സിൽ വച്ച് അച്ഛൻ എന്നെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റി.
എനിക്കാവശ്യമുള്ള മലയാളം കിട്ടിക്കഴിഞ്ഞെന്ന് തോന്നിക്കാണും.
ഇംഗ്ലീഷ് എങ്കിൽ ഇംഗ്ലീഷ് എന്ന് ഞാനും വിചാരിച്ചു. അന്ന് തലസ്ഥാനത്തെ പ്രമുഖ വിദ്യാലയമാണ് മോഡൽ സ്‌കൂൾ. പ്രധാന മന്ദിരത്തിന്റെ ഇടനാഴി ആരംഭിക്കുന്നിടത്ത് ഒരു കുറ്റൻ പലകയുണ്ട്. വർഷാവർഷം SSLC യ്‌ക്ക് റാങ്ക് കിട്ടുന്നവരുടെ പേരും മറ്റുമാണ് അതിൽ. അന്നേ അത് ‘ഹൗസ്‌ഫുൾ’ ആണ്. ഉടനെ ഒരു സെക്കന്റ് എഡിഷൻ വേണ്ടിവരും. ഇതാണ് അന്നത്തെ മോഡൽ സ്‌കൂളിന്റെ ചിത്രം.

അഭിനാനപുരസരം പറയട്ടെ,
ഈ സ്‌കൂളിലായിരുന്നു എന്റെ നഴ്‌സറി മുതലുള്ള വിദ്യാഭ്യാസം?

ഇംഗ്ലീഷ് മീഡിയം എന്ന് കേട്ടപ്പോൾ ആദ്യം ഒന്നു വിരണ്ടു. പക്ഷേ പ്രതീക്ഷിച്ച അപകടമുണ്ടായില്ല. മനുഷ്യത്വമുള്ളവരായിരുന്നു അന്നത്തെ ഇംഗ്ലീഷ് മീഡിയം അദ്ധ്യാപകർ. ഇന്നത്തെപ്പോലെ ജാടയോ ഈഗോയോ ഒന്നുമില്ല. പുസ്‌തകത്തിൽ അച്ചടിച്ചുവച്ചിരിക്കുന്ന ഇംഗ്ലീഷ് വാക്കുകളല്ലാതെ ഒരെണ്ണം പോലും സ്വന്തമായിട്ട്,  ങേഹേ!
അങ്ങനെയൊരു ‘ദ്രോഹം’ അവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടേയില്ല!
ചുരുക്കിപ്പറഞ്ഞാൽ മീഡിയം മാറിയതുതന്നെ മിച്ചം. 
ശങ്കരൻ പിന്നെയും ശംഖുംമുഖത്തുതന്നെ!

ആയിടയ്‌ക്കാണ് വീട്ടിൽ ആ കളവ് നടന്നത്.
അമ്മ സ്വകാര്യമായി സൂക്ഷിച്ചിരുന്ന കുറച്ച് കാശ് ഒരു ദിവസം കാണ്മാനില്ല!
കുന്തം പോയാൽ കുടത്തിലും തപ്പണമല്ലോ.
തപ്പി.
സംഭവം കുടത്തിലുമില്ല. ചരുവത്തിലുമില്ല.
പിന്നെ എവിടെപ്പോയി?
ആരോടൊപ്പം പോയി?
ങാ!

ഒരാവശ്യം വരുമ്പോൾ സർപ്രൈസായിട്ട് എടുക്കാൻ മാറ്റിവച്ചിരുന്നതാണ്.
ഒരത്യാവശ്യം വന്നപ്പോൾ സർപ്രൈസായിട്ട്, കാണാതെ പോയിരിക്കുന്നു.
എല്ലാവർക്കും ഒരാളെയാണ് സംശയം. അകന്ന ബന്ധത്തിലുള്ള ഒരു സ്‌ത്രീ കുറച്ചുദിവസം വീട്ടിലുണ്ടായിരുന്നു.
വനജാക്ഷി!
പുള്ളിക്കാരി പൊതിമാറി എടുത്തുപോയതാണോ?

നേരിട്ടുപോയി ചോദിക്കാനും വയ്‌യ.
എടുത്തിട്ടില്ലെങ്കിലോ!
എടുത്താലും ദിവസം കുറേ ആയില്ലേ, മറന്നു പോയെങ്കിലോ.

എല്ലാ ദിവസവും വീട്ടിൽ വനജാക്ഷി അനുസ്‌മരണം ഉണ്ടായിരുന്നു.
ഒരു ദിവസം അച്ഛൻ പറഞ്ഞു.
"ഓഫീസിൽ ഒരു കുട്ടൻപിള്ളയുണ്ട്.
അങ്ങേർക്ക് ഹനുമാൻ സേവയുണ്ടെന്നാണ് പറയുന്നത്. ഒരുവിധപ്പെട്ട കാര്യങ്ങളൊക്കെ ഹനുമാനെക്കൊണ്ട് പറയിക്കുമെന്ന് പറയുന്നു."

അമ്മയ്‌ക്ക് ആകാംക്ഷയായി.
"എന്നാൽ, എത്രയും പെട്ടെന്ന് ഹനുമാനെക്കൊണ്ട് ഇത് പറയിക്കണം."
ഒന്നേ അറിയാനുള്ളു.
പണമെടുത്തത് വനജാക്ഷി തന്നെയോ അല്ലയോ!
പിറ്റേന്ന്, വന്നപാടെ അച്ഛൻ പറഞ്ഞു.

“നാളെ വൈകിട്ട് കുട്ടൻപിള്ള വരും.
വിളക്ക് തുടച്ച് റെഡിയാക്കിവയ്‌ക്കണം. ഒരു പെൺകുട്ടിയെക്കൂടി കൊണ്ടുവരും.”

വിളക്ക് ആ അക്കൗണ്ടിൽ വൃത്തിയായി.
അടുത്തദിവസം അച്ഛൻ നേരത്തെ വന്നു.
അമ്മ അന്നു പോയതുമില്ല.
ഉച്ച മുതൽ ‘വിളക്കും വച്ച്’ കാത്തിരിക്കുകയാണ്.

അഞ്ചുമണിയോടെ കുട്ടിയുമായി കുട്ടൻപിള്ള എത്തും.
മണി അഞ്ചായി.
അഞ്ചരയായി... 
അഞ്ചേമുക്കാലായി...
കുട്ടനുമില്ല, കുട്ടിയുമില്ല.

ഒരു സൗണ്ട്.
ഗേറ്റിലാണ്.
കുട്ടൻപിള്ള കേറിവരുന്നു.
ഒറ്റയാനായിട്ട്.

“ആ കൊച്ചു പറ്റിച്ചുകളഞ്ഞു സാറേ. അതിനെ കാത്തുനിന്നാ താമസിച്ചത്.”
അമ്മയുടെ മുഖം മങ്ങി. അച്ഛന്റെയും.
“ഈ കുഞ്ഞ് ഇവിടത്തെയല്ലേ?”
“അതേ…”
“സാരമില്ല. ഇയാ മതി.”

എന്നെയാണ് ഒഴിവു കണ്ടിരിക്കുന്നത്!

“മോന് എത്ര വയസ്സുണ്ടിപ്പോൾ?”
“വരുന്ന കർക്കടകത്തിൽ പതിനൊന്നാകും.”
“ധാരാളം!
മോൻ ഒരു കാര്യം ചെയ്‌യ്.
ഒന്നു കൈയും കാലും നനച്ചിട്ട് വേഗം വരു.”

കേൾക്കാത്ത താമസം.
ഞാൻ പോയി സർവാംഗം നനഞ്ഞുവന്നു.
“വിളക്ക് റെഡിയല്ലേ?”
“എപ്പോഴെ!”
കുട്ടൻപിള്ള ഷർട്ടൂരി അരയിൽ കെട്ടി.
പുറത്തിറങ്ങി കൈകാൽ നനച്ചു.
വിളക്കിനു ചുറ്റും എല്ലാവരും ഭജനയിരിക്കുന്ന മാതിരി നിരന്നു.
വലിയ ടെൻഷനിലാണ് അമ്മ.
അതിനേക്കാൾ ‘ടെമ്പറി’ലാണ് കുട്ടൻപിള്ള.

ഞാൻ അച്ഛന്റെ മുഖത്തേയ്‌ക്ക് നോക്കി.
ഒരു പ്രതീക്ഷാരാഹിത്യം!
അതിനു കാരണം കുട്ടൻപിള്ളയോ ഹനുമാനോ അല്ല എന്നു മനസ്സിലായി.

ഞാൻ വിളക്കിനടുത്തേയ്‌ക്ക് നീങ്ങിയിരുന്നു.
കുട്ടൻപിള്ള ദീപം തെളിച്ചു.
ചില ആമുഖ മന്ത്രങ്ങൾ ഉരുവിട്ടു.
എല്ലാവരും വീർപ്പടക്കി ഇരിക്കുകയാണ്.
ഭക്തിസാന്ദ്രമായ അന്തരീക്ഷം.
എല്ലാവരോടുമായി കുട്ടൻപിള്ള അരുളി.
“ഏതാനും നിമിഷങ്ങൾക്കുള്ളിൽ നമ്മൾ പ്രതീക്ഷിച്ചുകൊണ്ടിരുന്ന ശ്രീ ഹനുമാൻ സ്വാമി ഈ ദീപത്തിനുള്ളിൽ എത്തിച്ചേരും.”
എന്നിട്ട് എന്നോടായി.
“ദീപത്തിനുള്ളിൽ സ്വാമിയുടെ രൂപം കാണുന്നുണ്ടോ?”
ഞാൻ ആരെയും കണ്ടില്ല.
ഒരു മിനിട്ടുകഴിഞ്ഞു.
“സ്വാമി എത്തിച്ചേർന്നോ?”
“ഇല്ല.”
പിള്ള മന്ത്രം ഒന്ന് മാറ്റി.
“സ്വാമി ആഗതനായോ?”
“ഇല്ല.”
പിള്ള വീണ്ടും മന്ത്രം മാറ്റി.
“സ്വാമി പ്രത്യക്ഷപ്പെട്ടോ?”
“ഇല്ല.”
ന്ത്രോച്ചാരണം വയലന്റായിത്തുടങ്ങി.
“ഇപ്പോൾ സ്വാമി എത്തിക്കാണും. ദീപത്തിലേക്ക്, ദീപത്തിന്റെ മദ്ധ്യത്തിലേക്ക് നോക്കു…”
നോക്കി നോക്കി കണ്ണുകഴയ്‌ക്കുന്നു.
സ്വാമിയുമില്ല, അയ്‌യപ്പനുമില്ല.
ഇനിയും ഇല്ലെന്ന് പറയുന്നതെങ്ങനെ?
അതുകൊണ്ട് ഇങ്ങനെ കാച്ചി.
ലേശം നാടകീയതയോടെ.
“എത്തി.. സ്വാമി എത്തി…”
“സ്വാമി ഇരിക്കുന്നോ നിൽക്കുന്നോ?”
(എന്തോന്ന് പറയാൻ!)
“നിൽക്കുന്നു!”
“സ്വാമീ ഇരിക്കണം എന്ന് പറഞ്ഞേ…”
ഞാൻ സ്വല്‌പം ഭക്തികൂടി മിക്‌സ്ചെയ്‌തു.
“സ്വാമീ ഇരുന്നാലും.”
“ഇരുന്നോ?”
“ഇരുന്നിരുന്ന്…”
(അല്ലെങ്കിൽ ജോലിയാവും!)
“സ്വാമിയുടെ മുഖം പ്രസന്നമാണല്ലോ?”
“അതെ…”

പിന്നെ കുട്ടൻപിള്ള സ്വാമിയുമായിട്ട് ഹോട്ട് ലൈനിൽ സംസാരിക്കാൻ തുടങ്ങി.
“സ്വാമീ, ഈ ഭവനത്തിൽ നിന്ന് കളവുപോയ ദ്രവ്യം എടുത്തതാരാണെന്ന് അറിയിച്ചാലും…”
എന്നിട്ട് എന്നോടായി.
“ഇപ്പോൾ മോഷ്‌ടാവിന്റെ പേര് സ്വാമി എഴുതിക്കാണിക്കും. അക്ഷരങ്ങൾ ഓരോന്നായി പറയുക.”
എന്റെ അവസ്ഥയൊന്ന് ആലോചിച്ചേ.. അവിടെ സ്വാമി ഇനിവേണം വരാൻ!
“ങും ആദ്യത്തെ അക്ഷരം പറയൂ.”
മെനക്കേടായല്ലോ?
ഏതക്ഷരം പറയാൻ!
കാണുന്നില്ല ഒന്നും!
കാശെടുത്തത് വനജാക്ഷി തന്നെ!
വരുന്നതുപോലെ വരട്ടെ…

“ആദ്യത്തെ അക്ഷരം പറയൂ...'
“വി”
“എന്ത്?”
“വി”
കൈയിലിരുന്ന പേപ്പറിൽ കുട്ടൻപിള്ള മലയാളത്തിൽ ‘വി’ എന്നെഴുതി.
“അതല്ല ഇംഗ്ലീഷ് ‘V’ ”
കുട്ടൻപിള്ള അന്ധാളിച്ചു പോയി.
"ഇംഗ്ലീഷിലെ 'V'യോ…" പിള്ളയ്‌ക്ക് പരിചയമുള്ള ഹനുമാൻ മലയാളം മീഡിയമാണ്.
പ്രമാദമായ കേസുകൾ വരെ ഹനുമാൻ  തെളിയിച്ചിട്ടുണ്ട്.
എല്ലാം മലയാളത്തിലായിരുന്നു.
ഇംഗ്ലീഷ് ആദ്യമായിട്ടാണ്.

കുട്ടൻപിള്ള എന്നെ ആദരപൂർവം നോക്കി.
ഞാൻ അടുത്ത അക്ഷരത്തിലേക്ക് പ്രവേശിച്ചു.
“A”
കുട്ടൻപിള്ള എഴുതിയെന്ന് തോന്നുന്നു.
“അടുത്തത്?”
“N”
ഞാൻ സ്‌പീഡ്  കൂട്ടി.
പിള്ള വിരണ്ടിരിക്കുകയാണ്. കാര്യങ്ങൾ കൈവിട്ടുപോയെന്ന് മനസ്സിലായി.
“വീണ്ടും A“
“എഴുതി. അടുത്തത്…”
ഒരു നിമിഷം ആലോചിച്ചിട്ട് ഞാൻ പറഞ്ഞു...
“G”
ഒരു ചുമ!
അച്ഛന്റെ വക.
ആ ‘G’ യിൽ എന്തോ പ്രശ്‌നമുണ്ട്.
കുട്ടൻപിള്ള എഴുതിക്കഴിഞ്ഞു.
“A”
ഞാൻ ‘അക്ഷരശ്ലോകം’ തുടരുകയാണ്.
“വീണ്ടും A“
“A രണ്ടെണ്ണമായല്ലോ.”
കുട്ടൻപിള്ളയുടെ ഡൗട്ട്.
“അത് സാരിമില്ല. ഒരു A കൂടി.”
പക്ഷേ ഇനി ഏതാ അക്ഷരം?
‘ക്ഷി’ എന്ന് ഇംഗ്ലീഷിൽ എങ്ങനെ എഴുതും. മലയാളത്തിൽത്തന്നെ ബുദ്ധിമുട്ടാണ്.
ആലോചിച്ചാലോചിച്ച് ഇരിക്കുകയാണ് ഞാൻ...
“A എഴുതി,അടുത്തതു് ?
കുട്ടൻപിള്ള അസ്വസ്ഥനാകുന്നു…
എനിക്ക് ഒരു പിടിയും കിട്ടുന്നുമില്ല.
രണ്ടുമിനിട്ടായി ഞാൻ കണ്ണുതള്ളാൻ തുടങ്ങിയിട്ട്.

“മതി എഴുന്നേറ്റോ…”
അച്ഛൻ എന്നോടാണ് പറഞ്ഞതെങ്കിലും ആദ്യം എഴുന്നേറ്റത് കുട്ടൻപിള്ള ആയിരുന്നു!
ഹനുമാൻ സ്വാമി ഇംഗ്ലീഷിൽ എഴുതിക്കാണിക്കാൻ തുടങ്ങിയപ്പോൾ പോയതാണ് അങ്ങേരുടെ സമനില.

ദക്ഷിണ കൊടുത്ത് കുട്ടൻപിള്ളയെ പറഞ്ഞുവിട്ടു. അമ്മയ്ക്ക് എന്തൊക്കെയോ പറയാൻ ഉള്ളതുപോലെ. അതിനുമുമ്പ്  അച്ഛനൊരു ചോദ്യം.

“സ്‌പെല്ലിംഗ് അറിഞ്ഞുകൂടെങ്കിൽ മലയാളം പോരായിരുന്നോ?”
എനിക്ക് ചിരിവന്നില്ല.
ഞെട്ടിയതുമില്ല.

അതീന്ദ്രീയ മാർഗ്ഗത്തിലൂടെ സത്യം കണ്ടെത്താനുള്ള ആ ശ്രമം ചീറ്റിപ്പോയി. ഇന്നും ഇത്തരം ശ്രമങ്ങൾ നമുക്കിടയിൽ നടക്കുന്നുണ്ട്. ആത്മാവുകളെ മന്ത്രം ചൊല്ലി വരുത്തുന്ന ഏർപ്പാടുവരെ ഇപ്പോഴുണ്ട്. മരിച്ചവരുടെ ആത്മാവുമായി ഡെയ്‌ലി സംസാരിക്കുന്നവരും ഉണ്ടത്രേ! ആ വഴിക്ക് ഒരുപാട് സിനിമയും ഇറങ്ങിക്കഴിഞ്ഞു. ജീവിച്ചിരിക്കുന്നവരുടെ ആത്മാവിനേക്കാൾ സ്റ്റാറ്റസ് മരിച്ചവരുടേതിനാണ്.
കഷ്‌ടം!
ആത്മാക്കളുടെ പിറകേ അലയുന്ന നേരം സ്വന്തം മനസാക്ഷിയിലേക്ക് ഒന്ന് നോക്കിയിരുന്നെങ്കിൽ! ആ സാക്ഷിയുടെ സമ്മതത്തോടെ ചെയ്‌യുന്ന കാര്യങ്ങൾ മാത്രമേ ഗുണം പിടിക്കു.. സംശയം വേണ്ട...
നാട് നന്നാക്കാൻ ദിവസവും ക്യാമറയ്‌ക്ക് മുന്നിൽ സേവനത്തിന്റെ മൊത്തവ്യാപാരം നടത്തുന്ന നേതാക്കന്മാർക്ക് ഈ ഉപദേശം ഇഷ്‌ടദാനമായി വിട്ടുതരുന്നു.


 

Comments

Post a Comment

Popular posts from this blog