![]() |
പഞ്ചിംഗ് - 43
കെ.സുദർശനൻ
സംഭവം സീരിയസ്!
കുറേ മുന്പാണ്.
പകൽ 3 മണി കഴിയും.
ഭരണനിലയത്തിന്റെ തെക്കേ കവാടം കടന്നു ഞങ്ങൾ പുറത്തേക്കിറങ്ങി.
തീവെയിൽ.
പെട്ടെന്ന് ഒരു തല റോഡിലേക്കു തെറിച്ചു!
അടുത്തുള്ള ബാറിൽ നിന്നാണ്. സൂക്ഷിച്ചുനോക്കി.
തല! മനുഷ്യന്റെ തല!
പിന്നാലെ ഉടലും എത്തി!
ഭാഗ്യം, രണ്ടും വേർപെട്ടിട്ടില്ല!
ഒരാൾ രോഷാകുലനായി ബാറിൽ നിന്നും ചാടിയിറങ്ങി.
രജനീകാന്തിനെപ്പോലെയുണ്ട്.
വെള്ള ഷർട്ടും ജീൻസും.
അയാൾ കാലുവീശി ആ തലയ്ക്കിട്ട് ഒറ്റത്തൊഴി.
ഗോൾ പോസ്റ്റിലേക്ക് പാഞ്ഞു കേറുന്ന ബോളിനെ പിടിച്ചെടുത്തിട്ട് ഗോളി ഒരു അടിയുണ്ടല്ലോ! അതുപോലെ!
ഒപ്പം ബ്രിട്ടീഷ് ആക്സന്റിൽ നാലഞ്ച് ‘ട്രിവാൻഡം തെറിയും!’
എന്നിട്ടും കലിയടങ്ങുന്നില്ല.
വീണ്ടും ആ മണ്ടയ്ക്കിട്ട് തട്ടോടുതട്ട്!
മണ്ട തെറിച്ചു മാറുമെന്നു തോന്നി.
മെഡുല്ലയും ഒബ്ലാംഗേറ്റയും കലങ്ങി ഒന്നായിക്കാണും!
അത്ഭുതം.
ഒരു മനുഷ്യജീവിയെ പട്ടാപ്പകൽ മെയിൻ റോഡിലിട്ട് ഫുട്ബോൾ കളിക്കുകയാണ് അവിടെ.
ഒരാളുമില്ല ചോദിക്കാൻ!
അതാണ് നമ്മുടെ ആൾക്കാരുടെ ഒരു പ്രത്യേകത. കാര്യം കഴിഞ്ഞേ അവർ ഉണരൂ! ഉണർന്നുകഴിഞ്ഞാലോ? പൗരസമിതിയായി, ആക്ഷൻ കൗൺസിലായി, മനുഷ്യാവകാശമായി… സർവ സെറ്റപ്പുമായി!
കൊടുത്തു ‘രജനീകാന്ത്’ പിന്നെയുമൊരു തട്ട്.
സുഖിച്ചുനിന്ന് കാഴ്ച കാണുകയാണ് ജനം.
ഇതിനിടയിൽ 'മണ്ടയും ഉടലും' ഇഴഞ്ഞും നീന്തിയും റോഡിന്റെ അക്കരെപ്പറ്റി. എവിടെ നിന്നോ രണ്ടുമൂന്നുപേർ അടുത്തുകൂടി. ആ മാന്യദേഹത്തെ അവർ വലിച്ചുവാരി മതിലിലോട്ടു ചാരി.
ഇപ്പോഴല്ലേ ആളെ മനസ്സിലായത്.
ജംഗ്ഷനിലെ പൊന്നുമണി.
പ്ലംബർ പൊന്നുമണി എന്നു പറഞ്ഞാലേ അറിയൂ.
ഈയിടെ ഇച്ചിരി പച്ചപിടിച്ചു വരികയായിരുന്നു. അതോടെ നെഗളിപ്പും തുടങ്ങി.
ബനിയനുമിട്ട് ബൈക്കുമെടുത്ത് ഒരേ കറക്കമാ മിക്കവാറും. പോരാഞ്ഞ് കഴുത്തളവിലുള്ള ചെയിനും കയ്യിൽ ‘ഇടിവള’യും.
അര ‘ദാദ’യായി വളർന്നു വരുകയായിരുന്നു.
അതിനിടയിലാണ് ഈ അബോർഷൻ!
ഒരു കാറ് വന്നുനിന്നു.
കൂട്ടുകാർ ‘പ്ളംബറെ’ എടുത്ത് അകത്തിട്ടു.
വിട്ടുപോവുകയും ചെയ്തു.
രജനീകാന്ത് വീണ്ടുമെത്തി.
അടുത്ത നേരത്തെ ‘മരുന്നു’ കഴിക്കാൻ പോയതാ!
തിരിച്ചു വന്നപ്പോൾ റോഡിലിട്ടിരിക്കുന്ന ‘തൊണ്ടി’ കാണാനില്ല.
ചോദിച്ചത് ഇങ്ങനെ:
“ഇവിടെക്കിടന്ന ആ തെണ്ടി എവിടെ?”
ഉത്തരമില്ല.
‘പ്ളൂറലിൽ’ ആരെയോ എന്തൊക്കെയോ വിളിച്ചിട്ട് ധൃതിയിൽ നടന്നുപോയി.
“ഇയാളേതാ?” ഞാൻ ചോദിച്ചു.
“ഇതാണ് മോഹൻദാസ്! കരാട്ടേ മോഹൻദാസ്?”
തട്ടുകടയിലെ ഭാസ്കരനാണ് പറഞ്ഞത്. മോഹൻദാസിനെക്കുറിച്ചു പറയാൻ ഭാസ്കരന് എന്തെന്നില്ലാത്ത ആവേശം!
“ഇയാളെ ആരും ഒന്നും ചെയ്യില്ല. ഒരു ഒറ്റയാനാ.. ഇടഞ്ഞാൽ കൊന്നു കൊലവിളിക്കും. പൊലീസുകാർക്കും പേടിയാ.. കരാട്ടേ മാത്രമല്ല വേറെയും അഭ്യാസങ്ങളുണ്ട് കയ്യിൽ! രണ്ടുവർഷം മുമ്പ് വീട്ടുകാരെല്ലാം കൂടി ഗൾഫിലേക്കയച്ചു. ബി.ടെക്കുകാരനാ. ലീവിൽ വന്ന തായിരിക്കും…”
പിറ്റേന്ന് ആകസ്മികമായി ഞാൻ ഈ ദാസിനെ കണ്ടു.
പ്രസ് ക്ലബ്ബിനടുത്ത് വച്ച്.
അഭിമുഖമായി നടന്നുവരുന്നു.
കറുത്ത പാന്റ്സും ഫുൾസ്ലീവ് ഷർട്ടും.
എസ്. ഐ. ആണന്നേ തോന്നൂ!
മുഖത്ത് കടുവാഗൗരവം.
കടിച്ചുകീറുന്ന നോട്ടം.
ഞാൻ പതറിയില്ല. അങ്ങോട്ടു കേറി ചോദിച്ചു;
“മിസ്റ്റർ മോഹൻദാസല്ലേ?”
“ങാ”
“ഇന്നലെ നിങ്ങളൊരുത്തനെ റോഡിലിട്ടു ചവിട്ടുന്നതു കണ്ടല്ലോ… എന്തായിരുന്നു ഇഷ്യൂ?"
എന്നെ മൂപ്പിച്ചൊന്നു നോക്കി.
അസാധാരണമായ ഒരു ധൈര്യം അപ്പോഴെന്നെ ചൂഴ്ന്നു!
അയാൾ പറഞ്ഞുതുടങ്ങി.
“ബ്രദർ, ഡീസന്റായിട്ട് ഞാൻ ബാറിലിരുന്ന് മദ്യപിക്കുകയായിരുന്നു. മൂന്നുനാലു ‘ബോൽപ്പന്മാർ’ അടുത്ത ടേബിളിൽ വന്നിരുന്നു. പാട്ടും കുരവയുമൊക്കെ തുടങ്ങി. ലവനാണ് ലീഡർ.
ആരെയും ശ്രദ്ധിക്കാതെ ഒഴിഞ്ഞിരിക്കുകയായിരുന്നു ഞാൻ. രണ്ടു പെഗ്ഗ് കഴിഞ്ഞപ്പോൾ ലവൻ എന്റെ നേരെ ആഞ്ഞിട്ട് ചോദിക്കുകയാണ്, സിഗരറ്റുണ്ടാന്ന്!
ഇല്ലെന്ന് മാന്യമായിട്ട് പറഞ്ഞു.
ഉടനെ പറയുവല്ലേ, പോയി വാങ്ങിച്ചോണ്ട് വാടാന്ന്!
ഞാൻ അങ്ങിരുന്നുപോയി.
അതു കണ്ടപ്പോൾ അവൻ കുറച്ചുകൂടി ഫോമിലായി.”
“പ്ഫ! എരപ്പാളീ, നിന്നോടല്ലേടാ പോയി വാങ്ങിച്ചോണ്ട് വരാൻ പറഞ്ഞത്!”
“പിന്നെ ഒന്നും എനിക്കോർമ്മയില്ല.”
അതുശരി.
“സാറ് പറ. എന്റെ ഭാഗത്ത് തെറ്റുണ്ടോ?"
ഞാൻ ഇല്ലെന്ന് തലയാട്ടി.
മോഹൻദാസ് നടന്നു. ഞാനും.
അപ്പോൾ അതുകഴിഞ്ഞുള്ള രംഗങ്ങളാണ് ഇന്നലെ റോഡിൽ അരങ്ങേറിയത്!
അല്ല, വല്ല കാര്യവുമുണ്ടോ?
മദ്യപിക്കാൻ വന്നിരുന്നാൽ മദ്യപിച്ചിട്ടു പോണം. അല്ലാതെ അടുത്തിരിക്കുന്നവനോട് സിഗരറ്റ് വാങ്ങിക്കൊണ്ടുവരാനും മെഴുകുതിരി കത്തിച്ചോണ്ട് വരാനുമൊക്കെ പറയേണ്ട വല്ല കാര്യവുമുണ്ടോ?
വേറെ ചിലരുണ്ട്.
കയ്യിലൊരു ഗ്ലാസും അതിൽ അര ഔൺസ് ‘ടോണിക്കു’മായിട്ട് ടേബിൾ തോറും നടക്കും. ഒരു പരിചയക്കാരനെ കണ്ടാൽ അവിടെയങ്ങ് കൂടും.
“അല്ല. ഇതാരാ... രവീന്ദ്രൻ കുഞ്ഞോ? കുഞ്ഞ് വല്ലാതങ്ങു മെലിഞ്ഞല്ലോ? പഞ്ചാര വന്നോ കുഞ്ഞേ? സൂക്ഷിക്കണം..."
അടുത്ത പെഗ്ഗ് അവിടുന്ന് ഒപ്പിക്കും. കൂട്ടത്തിൽ കോഴിക്കാലും!
അത് തീരാറാവുമ്പോൾ അടുത്ത മേച്ചിൽപ്പുറത്തേക്ക്. അവിടുന്ന് അടുത്ത ‘മേശ’പ്പുറത്തേയ്ക്ക്.
ചുരുക്കത്തിൽ അഞ്ചുപൈസ ചെലവില്ലാതെ മൂക്കറ്റം മദ്യപിക്കാം. ശാപ്പാടും കഴിക്കാം.
എല്ലാ മദ്യശാലയിലും കാണും ഇങ്ങനെ ചില ‘ഓസ് മാസ്റ്റേഴ്സ്!’ പുറത്തുവച്ച് കണ്ടാൽ മിണ്ടാത്തവനൊക്കെ അവിടെവച്ചു കാണുമ്പോൾ എന്താ സൗഹൃദം!
അതാണ് ആ അന്തരീക്ഷത്തിന്റെ പ്രത്യേകത. അപ്പോൾ കാണുന്നവൻ അപ്പോൾതന്നെ ആത്മമിത്രമാവും!
ഈയിടെ രണ്ടുപേർ ബാറിൽ വച്ച് ഇതേപോലെ പരിചയപ്പെട്ടു.
“എന്താ അളിയാ ഒരു വിഷമം?”
“ഒന്നും പറയണ്ടളിയാ, മതിയായി”
“എങ്ങനെ മതിയായെന്ന്?”
“എല്ലാം കൊണ്ടും മതിയായി.”
“അപ്പോ, ബാക്കി റീലുകൾ?”
“ബാക്കി റീലുകളിൽ ഞാൻ കീലു തേയ്ക്കും”
“എന്നു വച്ചാൽ?”
“വയ്യ, പറഞ്ഞില്ലേ, മതിയായി.
ഇനി മരിക്കണം! അടിയന്തിരമായിട്ട് മരിക്കണം. തനിക്ക് എന്നെ സഹായിക്കാമോ?"
“എങ്ങനെ?"
“ഒന്നു കൊന്നുതരാമോ?”
“സീരിയസ്സായിട്ടാണോ?”
“മിസ്റ്റർ, തനിക്ക് എന്നെയൊന്ന് കൊല്ലാമോ?”
“പിന്നെന്ത്? അളിയൻ സീരിയസെങ്കിൽ ഞാനും സീരിയസ്സാ.”
അങ്ങനെ 'സംഭവം' സീരിയസ്സായി.
രണ്ടാമൻ ഒന്നാമനെ കൊന്നു.
ഈ വാർത്ത നമ്മൾ കണ്ടതാണ്, വായിച്ചതാണ്.
പലതരം കൊലപാതകങ്ങൾ കേട്ടിട്ടുണ്ട്. എങ്കിലും ഇത് വിചിത്രങ്ങ ളിൽ വിചിത്രം!അപൂർവ്വങ്ങളിൽ അപൂർവം.
ഒരു സുഹൃത്തിനു വേണ്ടി വേറൊരു സുഹൃത്തിനെ കൊല്ലാൻ പോലും മടിക്കാത്ത സുഹൃത്താണെടാ ഞാനെന്ന് തമാശയ്ക്ക് പറയും.
ഇവിടെ അത് അറംപറ്റി.
പിറ്റേന്ന് ഇതിനെക്കുറിച്ച് പല സ്ഥലങ്ങളിലും ചർച്ച നടന്നു.
ഒരാൾ പറഞ്ഞു.
“ഒന്നു രക്ഷിച്ചുതരുമോന്ന് ചോദിച്ചിരുന്നെങ്കിൽ അവൻ രക്ഷിക്കുമായിരുന്നോ? കൊല്ലാൻ പറഞ്ഞപ്പോൾ കയ്യോടെ കൊന്നുകൊടുത്തു!”
“ഇതിൽ കൂടുതൽ ഒരാളെ രക്ഷിക്കുന്നതെങ്ങനെ!” വേറൊരാൾ.
“ഇപ്പോൾ സഹായിക്കുവാൻ പോകുന്നവനല്ലേ ഗുലുമാല്!"
ചർച്ച നീളുകയാണ്.
വിശപ്പ് കലശലാകുന്നതുവരെ നീണ്ടേക്കും. പല ചർച്ചകൾക്കും അവസാനമുണ്ടാക്കുന്നത് വിശപ്പാണ്.
പക്ഷേ, പ്രശ്നം അതല്ല.
ഒരു സന്ദിഗ്ദ്ധാവസ്ഥയിലാണ് എല്ലാവരും. എങ്ങനെ ജീവിക്കാം എന്നുള്ളതല്ല. എങ്ങനെ മരിക്കാം എന്നുള്ളതാണ് ഇന്നത്തെ പ്രശ്നം.
കുറേ നാൾ മുന്പ് നടന്നതാണ്.
രാത്രി, കട്ടിലെടുത്തു മുറ്റത്തിട്ട് അതിനടിയിൽ തൊണ്ടും മടലും വിറകുമൊക്കെ അടുക്കി തീ കൊളുത്തിയിട്ട് ഒരാൾ സുഖമായിട്ട് കേറിക്കിടന്നു.
അവസാന നിദ്ര!
നേരം വെളുത്തപ്പോൾ എല്ലാം ഭസ്മം!
കഴിഞ്ഞ ദിവസം എഴുപത്തൊന്പതുകാരനായ അച്ഛൻ കുടുംബം മൊത്തമായി കത്തിച്ചു.
കത്തിയത് മകനും മരുമകളും കൊച്ചുമക്കളും! മൂത്തമകന്റെ കുടുംബവും മൂപ്പിലാന്റെ ലിസ്റ്റിലുണ്ട്. അതിനി എന്നോ എങ്ങനെയോ!
എന്താണ് ഇതിന്റെയൊക്കെ കാരണം.
ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെട്ടതാണോ?
അതോ, അർത്ഥം പിടികിട്ടാഞ്ഞതാണോ?
എന്തായാലും ഒരു ഷോർട്ട് ബ്രേക്കിലാണ് എല്ലാവരും. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള ദുർബ്ബലമായ ഒരു ബ്രേക്കിൽ!

👍👍
ReplyDelete