![]() |
പഞ്ചിംഗ് - 44
കെ.സുദർശനൻ
വ്യാജ വായ്‌ക്കരി
അവിചാരിതമായി ഒരു അതിഥി വീട്ടിൽ വന്നു കേറുന്നു. അതും ഉച്ചനേരത്ത്.
വേറെയാരുമല്ല; മോളെ അയച്ചിടത്തെ കാർന്നോരാ. കോടതിയിൽ ഒരാവശ്യമായിട്ട് പോകുന്ന പോക്കിൽ കേറിയതാ.
വീട്ടുകാരിക്ക് ടെൻഷനായി. അതിനേക്കാൾ ടെൻഷൻ വീട്ടുകാരന്! ടെൻഷന്റെ കാര്യത്തിൽ അവർ ‘മെയ്‌ഡ് ഫോർ ഈച്ച് അദറാ!’
ഇനിയിപ്പോ എന്തോ ചെയ്‌യും?
പിള്ളാരൊന്നും സ്ഥലത്തില്ലാത്തതുകൊണ്ട് ഉപായത്തിലങ്ങ് കഴി ഞ്ഞുപോവുകയായിരുന്നു. പുള്ളിക്കാരനാണെങ്കിൽ പണ്ടത്തെപ്പോലെ മുളകും പുളിയുമൊന്നും പാടില്ലതാനും.
ഒരു മഞ്ഞക്കറിയും പച്ചത്തോരനുമേ ആകെയുള്ളു. പിന്നെ അച്ചാറും കാണണം. അതു പക്ഷേ, പൂത്ത് കായ്ച്ചുകാണും, ഇപ്പോൾ.
ഇതിനിടയ്‌ക്ക് വീട്ടുകാരി വടക്കേപ്പുറത്തെ വേലിക്കലൂടെ തലയിട്ട് വിളിക്കുന്നു.
“ഗൗരിയേടത്തീ…”
വിളികേൾക്കാത്ത താമസം. ഗൗരിയേടത്തി ഹാജർ!
“എന്താ വസന്തേ?”
“അതേ, മോളെ അയച്ചിടത്തുനിന്നു അമ്മായിയപ്പൻ വന്നിരിക്കുന്നു. ഇവിടെ മൂന്നുകറിയേ ഉള്ളു. അവിടെയെന്തുണ്ട്?”
“അതിനെന്താ? അവിടെ നിൽക്ക്. ഞാനിതാ വരുന്നു…”
ഗൗരിയേടത്തി അകത്തുപോയി അവിടെയുണ്ടായിരുന്ന നാലുകറി ആറുപാത്രത്തിലായികൊണ്ടുവന്നു.
ഒടുവിൽ ഡൈനിംഗ് ടേബിളിൽ മൂപ്പിലാന് കൈവയ്‌ക്കാൻ സ്ഥലമില്ല.
കറിയോട് കറി!
ഇക്കാലത്തെ അനുഭവമല്ല പറഞ്ഞത്. പത്തുനാൽപ്പതു കൊല്ലം മുമ്പുള്ള കാര്യമാ. അന്ന് അങ്ങനെയൊരു പരസ്‌പര സഹകരണമുണ്ടായിരുന്നു. അയൽക്കാരു തമ്മിലും ആൾക്കാരു തമ്മിലും.
ഇന്നോ?
ഇന്ന് ആർക്കും ആരെയും വേണ്ടല്ലോ.
ഇപ്പോൾ ഏത് സമയത്തും എത്ര പേര് കയറിവന്നാലും ആർക്കും ഒരു കുലുക്കവുമില്ല.
ഉടൻ മൊബൈലെടുത്ത് ഒരു ഞെക്ക്.
“ഹലോ... മാർട്ടിൻ ഫുഡ് കോർട്ടല്ലേ? ഏഴ് പേർക്ക് ഡിന്നർ വേണം. ഫ്രൈഡ്‌റൈസ് ആയിക്കോട്ടെ. പിന്നെ... ചിക്കൻ ഏതാ ഉള്ളത്? ഗ്രിൽഡോ? അതു വേണ്ട. മറ്റേതെടുത്തോ. മിനിഞ്ഞാന്ന് കൊണ്ടുവന്നത്. രണ്ടു മസാലയും. ഓക്കെ? ഹൗസ് നന്പർ ഇരുന്നൂറ്റി ഒന്ന്. എം.പി. അപ്പൻ റോഡ്.”
കഴിഞ്ഞു.
ഫുഡിന്റെ പ്രശ്‌നം അവിടെത്തീർന്നു. സോ സിംപിൾ!
അര മണിക്കൂറിനുള്ളിൽ സാധനം റെഡി. ഇതിന്റെ പേരാണ് ‘സ്വയം പര്യാപ്‌തത!’ സാന്പത്തികഭദ്രത സമ്മാനിച്ച സ്വയംപര്യാപ്‌തത. അത് മനുഷ്യനെ മറ്റൊരു ലോകത്തെത്തിച്ചിരിക്കുന്നു. ബന്ധങ്ങളും സൗഹൃദങ്ങളും വേണ്ടാത്ത ഒരു ‘സുന്ദര’ സ്വർഗ്ഗത്തിൽ.
പണ്ടൊക്കെ നഗരത്തിലെ വീട്ടിൽ ഒരു പ്രസവമുണ്ടായാൽ നാട്ടിൽ നിന്ന് ആരെയെങ്കിലും കൊണ്ടുവന്ന് നിർത്തും. ബന്ധത്തിലുള്ള വല്യമ്മയോ അപ്പച്ചിയോ ഒക്കെ ആയിരിക്കും മിക്കവാറും. അല്ലെങ്കിൽ അകന്ന ബന്ധത്തിലുള്ള ഒരു തള്ള. ഗർഭാനന്തര ശുശ്രൂഷയുടെ ചാർജ് പിന്നെ അവർക്കാണ്, കുഞ്ഞിനെ ശുശ്രൂഷിക്കുന്നത് ഉൾപ്പെടെ.
എല്ലാം മംഗളമാക്കി വല്യമ്മ പോകാനിറങ്ങുമ്പോൾ ഒരു ജോഡി ഡ്രസ്സും ഒരു തുകയും കൈയിലോട്ട് കൊടുക്കും. രക്തബന്ധുക്കളാണെങ്കിൽ തുക ഒഴിവാക്കും. അതുകൂടി ജൗളിയിൽ ഇൻവെസ്റ്റ് ചെയ്‌യും!
ഇന്ന് ആരെങ്കിലും ഇതിനൊക്കെ കുടുംബത്തിൽ നിന്നും ആളെടുക്കുമോ? നല്ല കാര്യമായിപ്പോയി!
ഇന്നത്തെ ആശാൻമാർ പറയുന്നത് അതെല്ലാം അബദ്ധമാണെന്നാണ്. എന്തിന് വെറുതേ ബാദ്ധ്യതകൾ വലിച്ചുവയ്‌ക്കുന്നു? വല്യമ്മയായാലും ചെറിയമ്മയായാലും ചെലവൊക്കെ ഒന്നുപോലെ തന്നെ. പോരാഞ്ഞ് ജീവിതകാലം മുഴുവൻ പറഞ്ഞുനടക്കുകയും ചെയ്‌യും.
“അവനെ ഞാനാ ചെറുതിലേ എടുത്തോണ്ടു നടന്നത്. ഈ കൈയിൽക്കിടന്നാ അവൻ വളർന്നത്.” ‘അവൻ’ ഇപ്പോൾ ജില്ലാ കളക്ടർ ആയിട്ടുണ്ടാവും!
ഈ വക തൊന്തരവുകളൊന്നും വേണ്ട. പ്രസവശുശൂഷയാകട്ടെ, രോഗശുശൂഷയാകട്ടെ, വീട്ടുജോലിയാകട്ടെ... ഇതിനെല്ലാം ആളെ കൊടുക്കുന്ന സ്ഥാപനങ്ങളുണ്ട്.
ഒരു ഫോൺ മതി.
വിളി അങ്ങെത്തുന്നതിനുമുമ്പേ ആളിങ്ങെത്തും. എങ്ങനെ നോക്കിയാലും ലാഭം അതാ. കാശാകുമെന്നേയുള്ളു.
കാശുകൊണ്ട് എല്ലാം നേടാനാകുമോ എന്ന് ചോദിച്ചേക്കും. ഈ ചോദ്യം തന്നെ ഒരുപാട് പഴഞ്ചനാണ്. എങ്കിലും ഉത്തരം പഴഞ്ചനല്ല.
‘നേടാം’ എന്നുതന്നെയാണ് പുതിയ ഉത്തരം.
അധികംപേരും ഇപ്പോൾ ഫ്ളാറ്റിലാണല്ലോ. താഴത്തെ ഫ്ളാറ്റിൽ ഒരാൾ ‘ഫ്ളാറ്റായാൽ’ മുകളിലത്തെ ഫ്ളാറ്റിൽ അറിയണമെന്നില്ല. അഥവാ അറിഞ്ഞാൽ അന്വേഷിച്ചു ചെല്ലാനോ, അവിടെ വളഞ്ഞുകൂടി നിൽക്കാനോ ആർക്കും സമയവുമില്ല.
ജസ്റ്റ് എ ഫോൺ കാൾ! ശബ്ദനിയന്ത്രണത്തോടെ:
“ഒരു വാർത്ത കേട്ടു. ശരിയാണോ?”
“ശരിയാ"
“എപ്പോഴായിരുന്നു?”
“ഏർളി മോണിംഗിൽ"
“എന്തുവായിരുന്നു?”
“കാർഡിയാക് അറസ്റ്റാ...”
“അതു ശരി. ക്രിമേഷൻ നാട്ടിലല്ലല്ലോ, ഇവിടെത്തന്നല്ലേ?"
“അതെ.”
“ശരി, ഞാൻ വന്നോളാം.”
ഇത് വളരെ ഭേദപ്പെട്ട അനുഭവമാണ്. പലരും ഇതുപോലും ചെയ്‌യില്ല. അങ്ങ് 'ഇഗ്‌നോർ' ചെയ്‌തുകളയും. അല്ലെങ്കിലും 'ടേംസി'ലും അല്ല.
പുരോഗതിയുടെ ഒരു പുരോഗതിയേ!
ദൂരെയുള്ള ബന്ധുവിനേക്കാൾ, ആവശ്യത്തിന് ഉപകരിക്കുന്നത് തൊട്ടടുത്ത വീട്ടുകാരാണെന്ന് പറയുമായിരുന്നു, പണ്ട്. ഇപ്പോൾ ദൂരെ ബന്ധവുമില്ല. തൊട്ടടുത്തവൻ മിണ്ടുകയുമില്ല!
താനായി തന്റെ പാടായി.
അങ്ങു ചുരുങ്ങുകയാണ് എല്ലാവരും.
ഞാനും കെട്ടിയോളും കുട്ടിയോളും. മതി.
പിന്നെയും ചിലർക്ക് സംശയം.
എന്നാലും, ഒരാവശ്യം വരുമ്പോൾ ബന്ധുക്കൾ വേണ്ടേ?
എന്ത് ആവശ്യം?
ഉദാഹരണത്തിന്, ഒരു കല്യാണം വരുന്നു. എന്തെല്ലാം കാര്യങ്ങൾ നോക്കണം! നമ്മൾ മാത്രം മതിയോ?
ധാരാളം മതി.
അതിനല്ലേ ‘ഈവന്റ് മാനേജ്മെന്റ്’. അതായത്, നമ്മുടെ ജീവിതത്തിൽ എന്ത് ‘ഈവന്റ്’ ഉണ്ടായാലും അവരെ അറിയിച്ചാൽ മതി. മൊത്തം മാനേജ് ചെയ്‌തോളും. കല്യാണമായാലും കൊള്ളാം. നൂലു കെട്ടായാലും കൊള്ളാം. സഞ്ചയനമായാലും കൊള്ളാം.
കല്യാണം തന്നെ എടുക്കാം. അവരെ ഏൽപ്പിക്കുകയേ വേണ്ടു. ചോദിക്കുന്ന അഡ്വാൻസ് കൊടുത്തേക്കണം. പിന്നെ, ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കേണ്ട. എല്ലാം അവര് നോക്കിക്കോളും.
ഹാൾ ബുക്ക് ചെയ്‌യുന്നത്, കത്ത് പ്രിന്റ് ചെയ്‌യുന്നത്, വീട് പെയിന്റ് ചെയ്‌യിക്കുന്നത്, ആൾക്കാരെ ക്ഷണിക്കാൻ പോകുന്നത്. അങ്ങനെയങ്ങനെ എല്ലാം.
ഇതിനൊക്കെ പ്രത്യേകം പ്രത്യേകം സ്റ്റാഫുണ്ട്. വി.ഐ.പി.മാരെ ക്ഷണിക്കാൻ വി.ഐ.പി. ലുക്ക് ഉള്ള യുവതികളും യുവാക്കളും.
ക്ഷണിക്കേണ്ടവരുടെ പേരും ലൊക്കേഷനും എഴുതിയങ്ങു കൊടുത്താൽ മതി. ഒരു പേഴ്‌സണൽ ടച്ച് കിട്ടാൻ നമ്മൾ ഒന്നു ഫോൺ ചെയ്‌തു പറഞ്ഞേക്കണം.
“ഹലോ, നാരായണൻ നായരല്ലേ? ഞാൻ സ്വാമിനാഥൻ, ഞാൻ വിളിച്ചത്... വരുന്ന ട്വന്റിഫോർത്തിന് മോളുടെ മാര്യേജാ. ലെറ്ററുമായിട്ട് ക്ഷണിക്കാൻ ആളുവരും. എല്ലാവരും വരണം. ഓക്കെ?"
അടുത്ത ദിവസം നാരായണൻ നായരുടെ വീടിനു മുന്നിൽ ഒരു ‘ഔഡി’ വന്നുനിൽക്കുന്നു (റൗഡി അല്ല). എടുത്താൽ പൊങ്ങാത്ത മൂന്നുനാലെണ്ണം വലിഞ്ഞിറങ്ങുന്നു.
നാരായണൻ നായർ അന്തംവിട്ടു നിൽക്കുകയാണ്. ആരെയും പിടി കിട്ടുന്നില്ല. അന്പത്തഞ്ചു വയസ്സുതോന്നിക്കുന്ന അരിസ്റ്റോ ക്രാറ്റിക് ലുക്കുള്ള ആൾ കൂപ്പുകൈയോടെ നായർക്ക് ക്ഷണപത്രം കൊടുക്കുന്നു.
നായർ വായിച്ചു വിടുന്നതിനിടയിൽ കുശലം:
“സ്വാമിയേട്ടൻ വിളിച്ചല്ലോ അല്ലേ?”
“ങാ… വിളിച്ചിരുന്നു. വിളിച്ചിരുന്നു.”
“അന്നു ഞായറാഴ്ചയാ. എല്ലാവരും വരണം.”
ആ പറഞ്ഞത്. പട്ടുസാരിയുടുത്ത ഒരു പ്രൗഢ.
നിങ്ങളൊക്കെ ആരാണെന്നു ചോദിക്കാൻ പറ്റുമോ?
'ഔഡി' തിരിക്കുമ്പോൾ വീണ്ടും തൊഴുകൈ. വീണ്ടും മന്ദസ്മിതം.
നാരായണൻ നായർക്കും ഭാര്യയ്‌ക്കും എന്താ ഒരു തൃപ്‌തി!
സ്വാമിനാഥനും പെന്പ്രന്നോരും കൂടെ മാരുതിയിൽ വന്നു വിളിച്ചിട്ട് പോയാൽ ഈ ഇഫക്ട് കിട്ടുമോ? എവിടാ!
പിന്നെ ആ വീട്ടിൽ ചർച്ചയാ.
‘ആ ജൂബ ഇട്ടയാൾ സാറിന്റെ അളിയനായിരിക്കു’മെന്ന് നായർ പറയുമ്പോൾ മിസിസ്സ് പറയുന്നു ‘ഇപ്പുറത്ത് നിന്നത് സാറിന്റെ സിസ്റ്ററാ. ആ ചിരി കാണുന്പോൾ അറിയാം! സാറിന്റെ അതേ പല്ല്!’
ഇങ്ങനെ ഈവന്റിന്റെ ഓരോ ഘട്ടവും സൂക്ഷ്മമായി നിർവഹിക്കുകയാണ് സംഘാടകർ.
വിവാഹനാളിൽ അതിഥികളെ സ്വീകരിക്കാൻ വരെ ‘സ്റ്റാഫിനെ’ നിറുത്തിയിട്ടുണ്ട്. കാഞ്ചീപുരത്തിന്റെ വിവിധ വർണ്ണങ്ങളിൽ ഫീമെയിൽ സ്റ്റാഫ്. കസവുമുണ്ട് മുതൽ സഫാരി സ്യൂട്ട് വരെ ധരിച്ച മെയിൽ സ്റ്റാഫ്.
‘വരണം ചേച്ചീ, ഫ്രണ്ട് റോയിലിരിക്കാം.’
‘വന്നാട്ടെ മാഡം. സ്റ്റേജിലോട്ടിരിക്കാം.’
‘സാർ, ആദ്യം ഊണുകഴിക്കാൻ പോകാം.’
ഉപചാരത്തിന്റെ ഒരു നൂറു സുന്ദരമുഹൂർത്തങ്ങൾ വിളമ്പുകയാണ് ‘മാനേജ്മെന്റുകാർ’.
ഇതൊന്നും സ്വാമിനാഥനദ്ദേഹം അറിയുന്നതേയില്ല.
സ്വാമിനാഥൻ സാറിന് ഇത്രയും ബന്ധുബലമുണ്ടോ? അതാണ് അഥിതികളുടെ ഇപ്പോഴത്തെ ചിന്ത!
ചിലർക്കൊക്കെ ഒരു സംശയം തോന്നാം; ഇങ്ങനെ തൻകാര്യം മാത്രം നോക്കി ജീവിക്കുന്നവർ ക്ഷണിച്ചാൽ ആരെങ്കിലും പോകുമോ എന്ന്.
പണ്ടൊരു പ്രമാണി ആരുടെ വിവാഹത്തിനു ക്ഷണിച്ചാലും അങ്ങേരുടെ ബനിയനും വടിയും കൊടുത്തയയ്‌ക്കും; തന്റെ പ്രതിനിധികളായിട്ട്.
ഒടുവിൽ പ്രമാണിയുടെ മകളുടെ കല്യാണം വന്നു. സമയമായപ്പോൾ ബനിയൻ കൊണ്ട് ഹാൾ നിറഞ്ഞു. നാട്ടുകാര് ഇങ്ങരെപ്പോലെ വടി ഉപയോഗിക്കാത്തവരായതുകൊണ്ട് അത് ഒഴിവാക്കി. പകരം അവരവർ ഉപയോഗിക്കുന്ന ഐറ്റംസ് കൊടുത്തയയ്‌ക്കാത്തത് ആരുടേയോ സുകൃതം!
ഇത്തരം മൂരാച്ചികൾ ക്ഷണിച്ചാൽ ചിലപ്പോൾ ഹാളു നിറയണമെന്നില്ല. അങ്ങനെ വന്നാൽ അതും ‘ഈവന്റ് മാനേജ്മെന്റു’കാരോട് പറഞ്ഞാൽ മതി. അവര് ഹൗസ്‌ഫുൾ ആക്കിക്കോളും.
എല്ലാം കൂടി ഒരു ചെക്കങ്ങ് കൊടുക്കണം. ഒരു റ്റു പോയിന്റ് ഫൈവ്!
വെറും റ്റു പോയിന്റ് ഫൈവ്!
രണ്ടു കോടി അൻപത് ലക്ഷം!!!
എന്നാലെന്ത്? എല്ലാം മംഗളമായില്ലേ? നേരിട്ട് ചെയ്‌യാൻ പോയാൽ ചെലവ് ഇതിലും കൂടുതലാകുമെന്നു മാത്രമല്ല, കൊളമാവുകയും ചെയ്‌യും!
ഇനി പറയൂ, ബന്ധുമിത്രാദികൾക്ക് നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും റോളുണ്ടാ, ഗസ്റ്റ് റോളല്ലാതെ?
പിന്നൊരു കാര്യം.
പറയുമ്പോൾ എല്ലാം പറയണമല്ലോ!
ഇവരൊക്കെ മരിക്കുമ്പോൾ വായ്‌ക്കരിയിടുന്നതും
‘സ്റ്റാഫ്’ ആയിരിക്കും!

Comments
Post a Comment