പഞ്ചിംഗ്‌ - 45

കെ.സുദർശനൻ


കട്ടിലിൽ ആര്‌?


ഹല്യയെ അറിയാമോ?
രാവിലെ ഒരു സ്‌നേഹിതൻ ചോദിക്കുകയാണ്.
“ഏത് അഹല്യ?” ഞാൻ തിരിച്ചുചോദിച്ചു
ചോദിക്കാൻ കാരണം, ഇതേ പേരുള്ള ഒരു സഹോദരിയെയും ഈ മനുഷ്യനെയും കുറിച്ച് രണ്ടു മെഗാ സീരിയൽ തുടങ്ങാനുള്ള മഹാസംഭവങ്ങൾ പറഞ്ഞുകേട്ടിരുന്നു.

“പുരാണത്തിലെ അഹല്യയുടെ കാര്യമാ ഞാനുദ്ദേശിച്ചത്.”

എന്നാൽ പിന്നെ അത് അങ്ങനെയങ്ങ് ചോദിച്ചാൽ പോരേ?

അഹല്യയുടെ കഥ പ്രസിദ്ധമല്ലേ
ഗൗതമ മഹർഷിയുടെ ഭാര്യയായിരുന്നല്ലോ അഹല്യ.
എനിക്കു മനസ്സിലാകാത്തത് അതല്ല. ഈ സന്യാസിമാരെന്തിനാ കല്യാണം കഴിക്കുന്നത്?
“സന്യാസിമാർക്കെന്തിനു പെൺകിടാങ്ങൾ” എന്ന് പണ്ടാരോ ചോദിച്ചിരുന്നു.
പിന്നെയാരോ അതു തിരുത്തി. “സന്യാസിമാർക്ക് 'പകലെന്തിനു' പെൺകിടാങ്ങൾ?” എന്നാക്കി.
ഒരു കാര്യം പറയാം.
ഒന്നുകിൽ സന്യാസിമാർ അന്തസ്സായി സന്യസിക്കണം. അല്ലെങ്കിൽ കല്യാണം കഴിച്ച് അന്തസ്സായി ജീവിക്കണം.
രണ്ടും കൂടി ഒത്തുപോവില്ല
ഒടുവിൽ രണ്ടും കൊളമാവും.
ഉദാഹരണം, ഈ പറഞ്ഞ ഗൗതമ മഹർഷികൾ തന്നെ.

മദനമോഹിനിയായ ഒരു ഭാര്യ സ്വന്തമായുളളപ്പോഴാണ് മൂപ്പര് മൂന്നു മണിക്കെഴുന്നേറ്റ്  ഗംഗയിൽ പോയി ജപവും തപവും!
ഒരു മാതിരിപ്പെട്ട പെണ്ണുങ്ങൾ സഹിക്കുന്ന കാര്യമാണോ?
ആഴ്ചയിലൊരിക്കലാണെങ്കിൽ പോട്ടെ എന്നുവെക്കാം. 
ഇത് ഡയ്‌ലി.
മണി മൂന്നാകും മുമ്പ്  മൂനി യോഗദണ്ഡും  എടുത്തോണ്ട് ഇറങ്ങും. അന്ന് 'ഉണർത്തു കാളും' അലാറവും ഒന്നുമില്ല.
എങ്കിലും 'അലാറപ്പക്ഷി' എന്നൊരു പക്ഷി നമ്മുടെ നാട്ടിലുണ്ട്.
‘താക്കോൽ കൊടൂക്കാ, തരുണോദയത്തിൽ താനേ മുഴങ്ങും വലിയോരലാറം’
ആരാ?
കോഴി!
മഹർഷികളുടെ ലൊക്കാലിറ്റിയിലുള്ള കോഴിക്കെല്ലാം പുലർച്ചെ മൂന്നുമണിക്കാണ് ഡ്യൂട്ടി . അതു കേട്ടാണ് അദ്ദേഹം ഉണരുന്നത്.

പാവം അഹല്യ!
ഈ 'മൂങ്ങാമാർക്ക്' മൂനിക്ക് മുരിങ്ങക്കാത്തോരനും വച്ച് കഴിയാനാണ് വിധി.
അതും ഈ പച്ചക്കരിമ്പുപ്രായത്തിൽ!
പക്ഷേ, അറിയേണ്ടവരെ അറിയേണ്ടവർ അറിഞ്ഞിരിക്കും. അങ്ങനെയാണ് അദ്ദേഹം ഇക്കാര്യം
അറിയാനിടയായത്.
ആരാ?
ദേവേന്ദ്രൻ.
സർവ സൗന്ദര്യാരാധകരുടെയും ആഗോള ചെയർമാനല്ലേ?
അഹല്യയുടെ ശരീരപുഷ്‌ടിയെക്കുറിച്ച് കേട്ടപാടെ ആദ്യം കണ്ട വണ്ടിക്കു പോരുകയായിരുന്നു.
രാത്രി ഒരു പത്ത് പത്തരയ്‌ക്കെങ്കിലും സ്ഥലത്ത്  എത്തിക്കാണണം. പരിസരത്ത് അന്വേഷിച്ചപ്പോൾ വെളുപ്പിന് മൂന്നുമണിക്കേ മുനി പുറത്തുപോകൂ.
അതുവരെ വെയിറ്റ് ചെയ്‌യാനുള്ള ക്ഷമയുമില്ല. വല്ലവിധവും പന്ത്രണ്ടുമണിവരെ പിടിച്ചുനിന്നു. പിന്നെ നിയന്ത്രണം പോയി.
മുനിയണ്ണനെ നേരത്തേ ഇളക്കിവിടാൻ വഴിയന്വേഷിച്ചപ്പോൾ ആരോ പറഞ്ഞുകൊടുത്തു കോഴി കൂവുന്ന സൗണ്ട് കേട്ടാൽ ആശാൻ ഉടൻ സ്ഥലംവിടുമെന്ന്.
കൂടുതലൊന്നും ആലോചിക്കാൻ പോയില്ല. അല്ലെങ്കിലും ആവശ്യക്കാരന് ഔചിത്യമില്ലല്ലോ.
മഹർഷികളുടെ 'ബെഡ്‌റൂം വാക്കിനു' ചെന്നുനിന്ന് ഭേഷാ നാലഞ്ച് കൂവലങ്ങു കൂവി. ഒറിജിനൽ കോഴി പോലും ഇത്ര 

സ്ഫുടമായിട്ട് കൂവിയിട്ടുണ്ടാവില്ല.
മികച്ച മിമിക്രി ആർട്ടിസ്റ്റും കൂടെ ആയിരുന്നു ദേവേന്ദ്രൻ.
കൂവലിന്റെ ഊക്കിൽ മഹർഷികൾ പിടഞ്ഞെഴുന്നേറ്റു.
ദണ്ഡും കമണ്ഡലു’വുമെല്ലാം എടുത്തോണ്ട് ദാ പോണൂ.


അഹല്യ, നല്ല ഉറക്കത്തിലായിരുന്നു. വാതിൽ കുറ്റിയിടാൻ പറഞ്ഞതൊന്നും പുള്ളിക്കാരി കേട്ടില്ല.
എന്തോ പിറുപിറുത്തുകൊണ്ട് തിരിഞ്ഞങ്ങു കിടന്നു.
വെളിയിൽ നിന്ന ആള് ഈ തക്കത്തിന് അകത്തുകയറുകയും ചെയ്‌തു.
മയങ്ങിക്കിടന്ന അഹല്യ പെട്ടെന്ന് കണ്ണുതുറന്നു.
ഇതെന്തു പറ്റി!
ബോഡി മൊത്തം ഒരിക്കിളി!
നോക്കുമ്പോൾ, അടുത്തൊരാൾ!
നിലവിളിച്ചോണ്ട് എഴുന്നേറ്റ് വിളക്കു തെളിച്ചു.
കുഴപ്പമില്ല. മഹർഷികൾ തന്നെ!
ദേവേന്ദ്രന് മിമിക്രിപോലെ ഫാൻസിഡ്രസ്സും നല്ല വശമായിരുന്നു.
ഗൗതമ മുനിയുടെ കോസ്‌റ്റ്യൂമിലാണ് ദേവനിപ്പോൾ!
മുനികൾ ഗംഗാതീരത്ത് ഊരിവച്ച ജൗളി അടിച്ചോണ്ടിങ്ങു വന്നിരിക്കും. താടിയും മറ്റും പുറപ്പെട്ടപ്പോഴേ കരുതിയിരിക്കും.

“പോയില്ലേ?” അഹല്യ ചോദിച്ചു.
“പോയി. പക്ഷേ, സമയമായില്ല.”
പിന്നെ രണ്ടുംകൂടെ അവിടെ കാണിച്ച അന്യായമൊന്നും പറയണ്ട…
മഹർഷിപ്പട്ടമൊക്കെ മറന്ന്, ‘പോടാ കള്ളാ…’ എന്നുവരെ വിളിക്കേണ്ടി വന്നു അഹല്യയ്‌ക്ക്!

ഒറിജിനൽ ഗൗതമൻ ഈ സമയം ഗംഗാതീരത്തെത്തി.
ഗംഗ ഉണർന്നിട്ടില്ല!
ഗംഗ മാത്രമല്ല, ചരാചരങ്ങളും ഉണർന്നിട്ടില്ല. 
സർവവും നിദ്രയിൽ.
അപ്പോൾ... താൻ കേട്ട ആ 'കൂവൽ' ?
വേഗം ദിവ്യദൃഷ്‌ടി ഓൺ ചെയ്‌തു.
പിന്നെ സൂം ചെയ്തു.
സ്വാമി ഞെട്ടിപ്പോയി.

കൂവൽ വ്യാജം!

മറ്റു ഡീറ്റെയിൽസൊന്നും ‘ദൃഷ്‌ടി’യിൽ കിട്ടുന്നില്ല.
കംപ്ലീറ്റ് ഗ്രെയിൻസ്…!
'റെയിഞ്ചുപോര സ്വാമിക്ക്!

നേരെ വിട്ടു വീട്ടിലേക്ക്!

പൊട്ടിച്ചിരിച്ചുകൊണ്ട് അഹല്യ തലവെട്ടിച്ചതും  കട്ടളപ്പടിയിൽ  വേറൊരു ഗൗതമൻ!
ഈശ്വരാ!
ഇതെന്തു പരീക്ഷണം?
ഒരു ഗൗതമൻ കട്ടിലിൽ!
വേറൊരു ഗൗതമൻ കട്ടളയിൽ!!

കട്ടിലിൽ കിടന്ന ഗൗതമൻ ചാടിയെഴുന്നേറ്റു.
“നീ ആര്?" ‘കട്ടള’ ചോദിച്ചു.
“ദേ.. ദേ.. ദേവേ..ന്ദ്രൻ.”
പറഞ്ഞുതീർന്നതും താടി താഴെപ്പോയതും ഒരുമിച്ച്!
“ങും…”
സ്വാമി ഓങ്ങിയങ്ങ് ഇട്ടു കൊടുത്തു ഒരു ശാപം…
“കാമാതുരനായി എന്റെ ഭാര്യയെ പ്രാപിച്ച (അന്ന് പീഡനം പ്രചാരത്തിൽ വന്നിട്ടില്ല) നിന്റെ ‘കിഡ്‌നി' ഡാമേജായിപ്പോകട്ടെ...”
പിന്നല്ല! 
ആള് വലിയ മഹർഷിയൊക്കെയാണെങ്കിലും ബയോളജി അറിഞ്ഞുകൂടാ. 
കിഡ്‌നി ബാഹ്യ അവയവമാണെന്നാണ് വിചാരം.
പക്ഷേ ശാപം മുനി ഉദ്ദേശിച്ചിടത്തു തന്നെ ഏറ്റു.

ദേവേന്ദ്രൻ ഒടുവിൽ ‘കിഡ്‌നി’ രഹിതനായി ദേവലോകത്തു ചെന്നു കേറിയെന്നും, അഗ്നി മുതലായ ദേവകൾ കഷ്‌ടപ്പെട്ട് ഏതോ ആടിന്റെ ‘കിഡ്‌നി’ വച്ചുപിടിപ്പിച്ചെന്നും ആണ് കഥ.
അന്നും പ്ലാസ്റ്റിക് സർജറി ഉണ്ടായിരുന്നെന്ന് അർത്ഥം!

അടുത്ത ഊഴം അഹല്യയുടെ.
പുള്ളിക്കാരി കരഞ്ഞു പറഞ്ഞു.
“ഞാൻ നിരപരാധിയാണ്. സത്യമായിട്ടും നിങ്ങളാണെന്നു വിചാരിച്ചു.. "
“അതെങ്ങനെ വിചാരിക്കും?" 
മഹർഷി നിന്നു തിളയ്ക്കുകയാണ്.
“അങ്ങേരെ കണ്ടപ്പോൾ നിങ്ങളെപ്പോലെതന്നെ തോന്നി".
“ശരി; കണ്ടപ്പോൾ തോന്നിയിരിക്കാം. ‘പിന്നെ’ മനസ്സിലായില്ലേ?"
മുന വച്ച ചോദ്യം.

അഹല്യയ്‌ക്ക് ഉത്തരം മുട്ടി.
മുനി ശപിച്ചുതള്ളുകേം ചെയ്‌തു.
“ശിലയായിപ്പോകട്ടെ നീ! വികാരരഹിതയായ ശില.”

അഹല്യ ഏങ്ങലടിച്ച് മുനിയുടെ കാലിൽ വീണതും ത്രേതായുഗത്തിൽ ശ്രീരാമൻ വന്ന് സ്‌പർശിക്കുമ്പോൾ മുക്തയാകുമെന്ന് ശാപമോക്ഷം നൽകിയതുമെല്ലാം വിസ്‌തരിച്ചിട്ട് ഞാൻ ഇങ്ങനെ ഉപസംഹരിച്ചു.
“ഇത്രയൊക്കെയാണ് അഹല്യയെക്കുറിച്ച് എനിക്കുള്ള ഇൻഫർമേഷൻ!”

സുഹൃത്ത് മിണ്ടുന്നില്ല.
എന്തോ അക്കിടി പറ്റിയ ലക്ഷണം.
“എന്തുപറ്റി?”
“ഒന്നും പറയണ്ട. ഇന്നലെ അളിയന്റെ പേരക്കുട്ടിക്ക് പേരിടാൻ വീട്ടിൽ കൊണ്ടുവന്നു. ‘അ’യിൽ തുടങ്ങുന്ന പേരു വേണമെന്ന് ഒരേ നിർബന്ധം. ഞാൻ ‘അഹല്യ’യെന്ന് ഇട്ടുകൊടുത്തു. രാവിലെ അളിയൻ ഫോണിൽ വിളിച്ചു പറഞ്ഞു: ’അഹല്യ’യെന്ന് തന്റെ കൊച്ചു മോൾക്കു ഇട്ടാൽ മതിയെന്ന്! ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത്.”
അപ്പോഴാണ് എനിക്കും സംഭവത്തിന്റെ ഗൗരവം മനസ്സിലാകുന്നത്.
കാര്യമിതാണെന്ന് പറഞ്ഞിരുന്നെങ്കിൽ കഥയിങ്ങനെ 'കളർഫുൾ' ആക്കില്ലായിരുന്നു.

പലർക്കും പറ്റുന്ന അബദ്ധമാണ്.
കുട്ടികൾക്ക് ‘എ’യിൽത്തന്നെ പേരിടണം.
അർത്ഥമൊന്നും നോട്ടമില്ല.
ഈയിടെ ഒരു കക്ഷി സ്വന്തം മകന് ‘അനാഥ്’ എന്നു പേരിട്ടു കളഞ്ഞു! 
പേര് ‘A’ യിൽ ആണല്ലേ തുടങ്ങുന്നത്.
ഈ കുട്ടികൾ വളരുമ്പോഴാണ് പ്രശ്‌നം.
പരീക്ഷകൾക്കെല്ലാം മുൻബെഞ്ചിലായിരിക്കും സീറ്റ്. 
ഒരു ‘കലാപരിപാടിയും’ നടക്കില്ല.
ഇന്റർവ്യൂവിനു ചെന്നാൽ ആദ്യമേ വിളിച്ചുകേറ്റും.
അതുകൊണ്ട് മക്കൾക്ക് ‘അ’യിൽ പേരു നൽകാനുദ്ദേശിക്കുന്ന എല്ലാ അച്ഛനന്മമാരുടെയും ശ്രദ്ധയ്ക്ക്:
വിശ്വംഭരനെന്നോ യശോവർദ്ധനനെന്നോ ഒന്നും ഇട്ടില്ലെങ്കിലും ‘ഡി’ യിലോ ‘കെ’യിലോ ആരംഭിക്കുന്ന പേര് ആവാം.

ഒരു വീട്ടിൽ ചെന്നപ്പോൾ മൂന്നു വയസ്സുളള മോളുടെ പേര് കേട്ട് ഞെട്ടിപ്പോയി. 
‘മിൽമ’ എന്ന്!
ഈ കുട്ടി വലുതാകുമ്പോൾ ഈ പേര് എങ്ങനെ വിളിക്കും!
 

Comments

  1. Sir.. ചിരിച്ചു പണ്ടാരമടങ്ങി എന്ന് പറ ഞ് ഞാൽ മതി യ ല്ലോ

    ReplyDelete

Post a Comment

Popular posts from this blog