പഞ്ചിംഗ് - 46

കെ.സുദർശനൻ


കണ്ണാടി നോക്കാത്ത 

നടന്മാർ


ഭിനയം ഒരു രോഗമാണോ സാർ?
അല്ലെങ്കിൽ കുറ്റമാണോ?
മനശാസ്‌ത്രജ്ഞനോട് ചോദിക്കാവുന്ന ഒരു പ്രശ്‌നമാണിത്. മനശാസ്‌ത്രജ്ഞന്റെ മറുപടി എന്തായിരിക്കും?
എന്തായാലും എന്റെ അഭിപ്രായം പറയാം.
പലരുടെ കാര്യത്തിലും അത് ഇങ്ങനെ തന്നെ. എന്നുവച്ച് അഭിനയം ഒരു കുറ്റമോ രോഗമോ ഒന്നുമല്ല. പക്ഷേ, ഇവരുടെ ഒടുക്കത്തെ ഒരു അഭിനയമോഹമുണ്ടല്ലോ…
അത് ഇമ്മിണി കടുപ്പം തന്നെ!

പുരുഷന്മാർക്കാണെന്നു തോന്നുന്നു ഈ അസുഖം കൂടുതൽ. പ്രായം കൂടുംതോറും മൂർച്ഛിച്ചു വരികയാണ്.
എന്റെ പതിമൂന്ന് കഥകൾ ‘കഥാകൗതുകം’ എന്ന പേരിൽ സീരിയൽ ആകുന്ന കാലം.
അന്ന് ദൂരദർശൻ മാത്രമേയുള്ളു രംഗത്ത്. രൂപവാണി ടിവി യാണ് സീരിയലാക്കുന്നത്. നടീനടന്മാരെ ഇന്റർവ്യൂ ചെയ്‌യാൻ രൂപവാണിയുടെ മേധാവി ശ്രീ. ജി.കെ.പിള്ള എന്നെയും ക്ഷണിച്ചു. നാടകരംഗത്തെ പ്രമുഖ നടീനടന്മാരായിരുന്നു അധികവും . പിൽക്കാലത്ത് സീരിയൽ-സിനിമാരംഗത്ത് പ്രശസ്‌തി നേടിയ പലരും ആദ്യം അഭിനയിച്ചത് ഈ സീരിയലിലാണ്.

അന്ന് പ്രശസ്‌തയായ ഒരു നാടകനടി പറഞ്ഞ വാക്കുകൾ കേട്ട് ഞങ്ങൾ അറിയാതെ ചിരിച്ചുപോയി.
"സാർ എന്റെ കൊച്ചുംനാൾ തൊട്ടേയുള്ള ആഗ്രഹമാണ് ടിവി യിൽ അഭിനയിക്കണം എന്നുള്ളത്!''
ടെലിവിഷൻ വന്നിട്ട് മാസങ്ങളെ ആയിട്ടുള്ളു അന്ന്! പക്ഷേ, പുള്ളിക്കാരി ബാല്യം മുതൽ ആഗ്രഹിച്ചു തുടങ്ങിപോലും!
അതാണ് അഭിനയമോഹം പിടികൂടിയവരുടെ അവസ്ഥ. സാധാരണ മദ്യപാനികൾക്കാണ് ഇങ്ങനെ സംഭവിക്കുന്നത്. മദ്യത്തിന് അടിമയായിക്കഴിഞ്ഞാൽ പിന്നെ ഒന്നും നോക്കാനില്ല! നാണമോ മാനമോ ഒന്നും!
എങ്ങനെയും ഒന്നു വീലാവണം! അത്രതന്നെ. അതിന് ഏത് ഇരപ്പാളിയോടും അവർ ഇരക്കും!

ഒരിക്കൽ എന്റെ ഒരു സുഹൃത്ത് ഭരത് ഗോപിയെ ഇന്റർവ്യൂ ചെയ്‌യാൻ പോയി. ഗോപിയദ്ദേഹം തോക്കുമായിട്ടാണ് വാതിൽ തുറന്നത്.
പോയ പുള്ളി ഇരട്ടി സ്‌പീഡിൽ തിരിച്ചുവന്നു.  കശ്‌മലൻ ഈ വിവരം പറയാതെ എന്നോട്  ചോദിച്ചു.
“നമ്മുടെ കൊടിയേറ്റം ഗോപിയെ ഒന്ന് ഇന്റർവ്യൂ ചെയ്‌യണം. 'ചെണ്ട' എന്നൊരു പ്രസിദ്ധീകരണത്തിന് വേണ്ടിയാണ്. ഒരുമിച്ചു പോയാലോ.''
ഞാൻ സമ്മതിച്ചു.
നെടുങ്കാട് ഭാഗത്തുള്ള ശ്രീ.ഗോപിയുടെ വീടിനടുത്തെത്തിയപ്പോഴാണ് നേരത്തെ തോക്കുമായിട്ട് വന്നു വാതിൽ തുറന്ന കാര്യം പുളളി പറയുന്നത്.
എന്റെ അവസ്ഥ ഒന്നാലോചിക്കുക! 

എന്തും വരട്ടെയെന്നു വിചാരിച്ചു കേറിച്ചെന്നു.
ശ്രീ. ഗോപി തന്നെയാണ് വാതിൽ തുറന്നത്. 
ഭാഗ്യം തോക്കില്!
ഭാവം രൗദ്രം തന്നെ!
സംസാരിച്ചു തുടങ്ങിയപ്പോൾ ആള് ശാന്തനായി. മണിക്കൂറുകളോളം നീണ്ടു ആ സംഭാഷണം. ബ്ലാക്ക് കോഫിയൊക്കെ തന്നാണ് വിട്ടത്.
അപ്പോഴല്ലേ അദ്ദേഹം കാര്യം പറയുന്നത്.
സ്‌ട്രോക്ക് വന്നതിനു ശേഷം.
തിരിച്ചുവരവെന്ന നിലയ്‌ക്ക് ഒരു സിനിമ സംവിധാനം ചെയ്‌യാൻ തീരുമാനിച്ചു.
ഉത്സവപിറ്റേന്ന് ആണെന്നു തോന്നുന്നു. വാർത്ത പത്രത്തിൽ വരികയും ചെയ്‌തു.
പിറ്റേന്ന് വെളുപ്പാൻകാലം മുതൽ മുറ്റം നിറയെ ആള്…
റോള് തേടി വന്നവർ!
തോക്കെടുക്കാതിരിക്കുന്നതെങ്ങനെ…!

തൊണ്ണൂറുകളുടെ ആദ്യവർഷങ്ങളിൽ എപ്പോഴോ ആണ്. എന്റെ ഒരു കഥ സിനിമയാക്കാൻ പോകുന്നു എന്നൊരു വാർത്ത പത്രങ്ങളിൽ വന്നു.
പേരും അനൗൺസ് ചെയ്‌തു.
‘വരദാനം’ 
മുഖശ്രീ ക്രിയേഷന്റെ ബാനറിൽ പി.ജി. വിശ്വംഭരനാണ് സംവിധാനം ചെയ്‌യുന്നത്.
ആരുടെയോ ഭാഗ്യം കൊണ്ട് അത് നടന്നില്ല.
സിനിമ അങ്ങനെയാണ്. ഒരു കുഞ്ഞു ജനിക്കുന്നതു പോലെയാണത്. ഗർഭം ധരിച്ചെന്നുവെച്ചോ, മാസം തികഞ്ഞെന്നുവെച്ചോ സംഭവം സക്‌സസ് ആകണമെന്നില്ല.
പുറത്തുവന്നു കാണുന്നതുവരെ ഒന്നും പറയാൻ പറ്റില്ല.
എന്റെ പ്രശ്‌നം അതല്ല.
വാർത്ത വന്നതിന്റെ പിറ്റേന്ന് മുതൽ ഒരേ ശല്യം…
ചാൻസ് മോഹികളും പിന്നെ അവരുടെ ദല്ലാളന്മാരും.
നേരിട്ടു മാത്രമല്ല, ഫോണിലും.
എന്തായാലും ഞാൻ തോക്ക് എടുക്കുന്നില്ലെന്ന് വച്ചു.
ഒരുത്തൻ പറയുകയാണ്…
"സർ, എന്റെ കൈയിൽ ഒരു തിരക്കഥയുണ്ട്. ഒന്നു വായിച്ചു നോക്കണം സാർ...”
നമ്മുടെ തിരക്കഥ തന്നെ ചെലവാകാതിരിക്കുമ്പോഴാണ് ഇവന്റെ ‘തിര' !
ലക്ഷ്യം അതൊന്നുമല്ല.
അഭിനയം തന്നെ!
ഒരു ദിവസം ആഫീസിൽ പോകാൻ ഇറങ്ങുമ്പോഴുണ്ട്, ഒരു ബെല്ല്…
ചെന്നുനോക്കുമ്പോൾ ദാമോദരൻ പിളള സാറ്! 
എന്നെ മോഡൽ സ്‌കൂളിൽ ഇംഗ്ലീഷ് പഠിപ്പിച്ച അദ്ധ്യാപകൻ.
ആദരപൂർവം സ്വീകരിച്ചിരുത്തി.
വളച്ചുകെട്ടാതെ അദ്ദേഹം കാര്യം പറഞ്ഞു.
"കഥയൊക്കെ സിനിമയാകുകയല്ലേ. ഒരു റോളുകിട്ടിയാൽ കൊള്ളാമായിരുന്നു."
മക്കൾക്കോ ചെറുമക്കൾക്കോ ആയിരിക്കാം.
അപ്പോഴാണ് അടുത്ത ഡയലോഗ്.
"സംശയിക്കുകയൊന്നും വേണ്ട. തിലകൻ ചെയ്‌യുന്ന ഏതുറോളും അതിനേക്കാൾ ഭംഗിയായിട്ട് ഞാൻ ചെയ്‌യും...!''
അപ്പോൾ തിലകന്റെ ‘റോൾ’?
അങ്ങനെ ചോദിക്കാനാണ് തോന്നിയത്.
ഒരുവിധത്തിൽ പറഞ്ഞയക്കുകയായിരുന്നു മാഷിനെ.

എല്ലാവരും നമ്മളെപ്പോലെയല്ല.
ഈ സൈസ് ഇഡിയറ്റുകളെ കിട്ടിയാൽ വാട്ടി വിട്ടുകളയും!
വ്യാജ ഡോക്ടർമാരെപ്പോലെ വ്യാജ ഐ.എ.എസുകാരെപ്പോലെ വ്യാജ സംവിധായകരുമുണ്ട്. ആ ടീമിന്റെ കൈയിൽ  പെട്ടാൽ, പിന്നെ അഭിനയിക്കണമെന്നേ തോന്നില്ല.
ഒരു ഷോർട്ട് ഫിലിം ചെയ്‌യുന്നുണ്ട്. വർക്ക് തുടങ്ങാൻ രണ്ടാഴ്ച താമസിക്കും. ആ ഗ്യാപ്പിൽ ഒരു ആൽബം ചെയ്‌യാമെന്നു വച്ചു.
“അതിൽ ഒരു ന്യൂ വോയ്‌സ് വേണം. പലരേയും നോക്കി, പോര...''
ഇതാരോടാ പറയുന്നത്…
കാശ് നോക്കാതെ മോളെ പാട്ടുപഠിപ്പിച്ച്, യുവജനോത്സവത്തിന് നിർത്തിയിരിക്കുന്ന അച്ഛനോട്.
അദ്ദേഹം തലവെച്ചു കഴിഞ്ഞു.
മറ്റേ കക്ഷി ഒരു ലക്ഷമെങ്കിലും കൈയോടെ വാങ്ങിയിട്ടുണ്ടാവും.
കുട്ടീടെ അച്ഛന് അതൊന്നും വിഷയമല്ല. ഗൾഫ് മണിയാണല്ലോ!
ഇതേ തന്ത്രം തന്നെ അഭിനയോന്മാദം മൂത്തു നിൽക്കുന്നവരോടും.
അവർ നിന്ന നിൽപ്പിന് ലക്ഷങ്ങൾ മറിച്ചുകൊടുക്കും. ആധാരം പണയം വെച്ചിട്ടാണെങ്കിലും!
ഇനി നായികമാരുടെ ഊഴമാണ്.
അവരുടെ കാര്യത്തിൽ കാശ് തന്നെ വേണമെന്ന് കടുംപിടിത്തമൊന്നുമില്ല. എങ്കിലും കാശ് കൊടുക്കുന്നവർക്കാണ് മുൻഗണന.

അടുത്തത് ജനറൽ സെക്ഷൻ.
നായകനും നായികയും തെങ്ങിൻ തോപ്പിൽ യുഗ്മഗാനം പാടുമ്പോൾ മരച്ചീനി വിളയിൽ കൂടി ഒരു സംഘം അടിവച്ചടിവച്ച് നീങ്ങുമല്ലോ…
തെയ്‌യക്കം... തക... തെയ്‌യക്കം… തക... തെയ്‌യക്കം…
കണ്ടിട്ടില്ലേ...
ഇവരിൽ നിന്നും ആ തെയ്‌യക്കം സ്റ്റൈലിൽ തന്നെ കാശും വാങ്ങുന്നത്.
അയ്‌യായിരം... തക. പതിനായിരം...
തക... ഏഴായിരം...
തുക കുറയുന്നതനുസരിച്ച് റിഹേഴ്‌സൽ കൂടും. രാത്രിയും കൂടെ വേണ്ടി വരുമെന്നു സാരം!
സമ്മതമാണെങ്കിൽ ചെന്നാൽ മതി…
അഭിനയ മോഹം കാരണം മനുഷ്യർക്കുണ്ടാകുന്ന ഓരോ നാശങ്ങളേ!
ഒടുവിൽ ആൽബം പുറത്തുവന്നാലായി… വന്നില്ലെങ്കിലായി!
അതുകൊണ്ടെന്തു പറ്റുന്നു…
അർപ്പണ ബോധത്തോടെ സത്യസന്ധമായി രംഗത്ത് നിൽക്കുന്നവർക്കും കൂടി, ജ്യോത്സന്മാരുടെ ഭാഷയിൽ പറഞ്ഞാൽ, നീചം ഭവിക്കുന്നു!
എനിക്കോർമ്മവരുന്നത് അനുരാഗലോലുപനായ ഒരു സുഹൃത്തിനെക്കുറിച്ച് പ്രസിദ്ധനായ ഒരു തിരക്കഥാകൃത്ത് പറഞ്ഞ കമന്റാണ്...
“ഇവനൊക്കെ അഭിനയിക്കാൻ ഇറങ്ങുന്നതിന് മുന്പ്‌ ജസ്റ്റ് ആ കണ്ണാടി ഒന്നു നോക്കിക്കൂടെ...''

ഞാൻ ആ ചോദ്യം ആവർത്തിക്കുന്നില്ല. അതൊക്കെ പ്രേംനസീറിന്റെ കാലത്ത്!
ഇപ്പോൾ അഭിനയവും കണ്ണാടിയും തമ്മിൽ എന്തു ബന്ധം!

Comments

Popular posts from this blog