![]() |
പഞ്ചിംഗ് - 47
കെ. സുദർശനൻ
വായനയുടെ വൈറ്റമിൻ
വായന വായന
ലഹരി പിടിക്കും
വായന, ഞാനതിൽ
മുഴുകട്ടെ...
അങ്ങിനെയാണ് ചങ്ങമ്പുഴ എഴുതിയതെന്നാണ് ഞാൻ ആദ്യം ധരിച്ചിരുന്നത്. പിന്നെയാണ് വേദന എന്നാണദ്ദേഹം എഴുതിയതെന്ന് മനസ്സിലായത്.
ഒരർത്ഥത്തിൽ വായനയും ഒരുതരം വേദന തന്നെ.
‘Reading make the full man’ എന്നല്ലേ ബേക്കൺ പറഞ്ഞിരിക്കുന്നത്.
ഒരു സാഹിത്യപ്രസംഗം കേട്ടാലോ, നല്ലൊരദ്ധ്യാപകന്റെ ക്ലാസിലിരുന്നാലോ ഒക്കെ വായിക്കാനുള്ള പ്രചോദനം കിട്ടുമെന്നുള്ളതിൽ സംശയമില്ല.
എഴുതിത്തുടങ്ങിയ കാലത്ത് ഞാൻ ഒരു കവിയരങ്ങിൽ പങ്കെടുത്തിരുന്നു. നവാഗതരായിരുന്നു കവികളിൽ അധികവും. അധ്യക്ഷ സ്ഥാനത്ത് മഹാകവിയായ എം.പി. അപ്പനും. എല്ലാ കവിതകളും അദ്ദേഹം ശ്രദ്ധാപൂർവം കേട്ടിരുന്നു.
'പ്രബേഷൻ കാല'മായിരുന്നതുകൊണ്ട് പലരുടെ രചനകളിലും പോരായ്‌മകൾ ധാരാളം. ഉപസംഹാരത്തിൽ മഹാകവി ആരെയും നോവിക്കാതെ പറഞ്ഞു:
“ഇവിടെ അവതരിപ്പിച്ച എല്ലാ കവിതയും നല്ലതുതന്നെ. ഒന്നിനെയും പ്രത്യേകിച്ച് അഭിനന്ദിക്കുന്നില്ല.”
എന്നിട്ട് ഒരു കാവ്യശകലം ഉദ്ധരിച്ചു.
“ഓമൽ സുമങ്ങളാൽ മെച്ചമേറീടുമീയാരാമത്തിൽ..." അത്രയേ എനിക്കു മനസ്സിലായുള്ളു. അതിനു മുമ്പും പിമ്പും ഉള്ളതൊന്നും മനസ്സിലായില്ല
പക്ഷേ, ഒരു ക്ളൂ കിട്ടി.
“എന്ന് ദുരവസ്ഥയിൽ ആശാൻ പറയുന്നതുപോലെ” എന്ന്!
അന്നു രാത്രി വീട്ടിലെത്തിയ ഉടൻ ‘ദുരവസ്ഥ’ എടുത്ത് പേജു മറിച്ചു നോക്കുമ്പോൾ നല്ല വരികൾ.
“ഉച്ചാവചങ്ങളാമോമൽ സുമങ്ങളാൽ
മെച്ചമേറീടുമീയാരാമത്തിൽ
ദേവൻ വനമാലിക്കാനന്ദമേകാത്ത
പൂവൊന്നുമില്ലെന്നതോർത്തുകൊൾവിൻ”
പിന്നെ 'ദുരവസ്ഥ' ഒന്നു കൂടി വായിച്ചു. അപ്പോൾ മുമ്പു വായിച്ചപ്പോൾ പുക ചുറ്റിക്കിടന്ന പലതും തെളിഞ്ഞുതെളിഞ്ഞുവന്നു.
ഉത്തമകൃതികൾ അങ്ങിനെയാണ്.
ആദ്യ വായനയിൽ പിടി തരില്ല.
പുനർവായനയിലൂടെ മാത്രമേ, അവയെ കീഴടക്കാനാവൂ.
പറഞ്ഞുവന്നത് നമ്മെ വായനയിലേക്ക് നയിക്കുവാൻ പലപ്പോഴും പഴയ പ്രഭാഷകൻമാർക്ക് കഴിഞ്ഞിരുന്നു എന്നുള്ളതാണ്.
പ്രഭാഷണങ്ങളിൽ ധാരാളമായി കവിത ഉപയോഗിക്കുന്ന ആളാണ് പ്രൊഫ. എം.കൃഷ്ണൻനായർ. പ്രസംഗത്തിനിടയിൽ കവിത ‘പിറുപിറുക്കുന്നവരും’ കുറവല്ല. പക്ഷേ, കൃഷ്‌ണൻനായർ സാർ കവിത സ്‌ഫുടമായും ഇമ്പമായും ചൊല്ലിക്കൊണ്ടുതന്നെയാണ് മുന്നേറുന്നത്. കവിത്രയങ്ങളും ഇടപ്പള്ളി കവികളുമെല്ലാം അങ്ങിനെ വന്നുപൊയ്‌ക്കൊണ്ടിരിക്കും.
ഒരു പ്രസംഗത്തിൽ,
സാരംഗനേത്രമാർ, സൻമൃദുഗാത്രിമാർ, മന്മഥരാജ്യമനോഹര ദൂതിമാർ... എന്നുതുടങ്ങുന്ന ഒരു പദ്യം സ്വതസിദ്ധമായ ഈണത്തിൽ ഹ്യദയാവർജ്ജകമായി അദ്ദേഹം ചൊല്ലി. പക്ഷേ, അപ്പൻ സാർ ചെയ്‌തതുപോലെ വരികൾ ആരുടേതാണെന്നോ ഏതിൽ നിന്നാണെന്നോ പറഞ്ഞില്ല.
എനിക്കത് അറിഞ്ഞ തീരൂ...
എന്നാൽ കൃഷ്‌ണൻനായർ സാറിനോട് നേരിട്ട് ചോദിക്കാനും തയ്‌യാറല്ല.
ചില മലയാളം അധ്യാപകരോട് തിരക്കി നോക്കി, അവർ നിസ്സാരൻമാരുമല്ല. ഒരാൾ കവിയായി, ഹയർ ഗ്രേഡും വാങ്ങിച്ചു നിൽക്കുകയാണപ്പോൾ. അദ്ദേഹം കേട്ടപാടെ പറഞ്ഞു, ചങ്ങമ്പുഴയുടേതാണെന്ന്.
എന്തോ എനിക്കത് അത്രയ്‌ക്കങ്ങോട്ട് വിശ്വാസമാകുന്നില്ല. എനിയ്‌ക്കറിയാവുന്ന ചങ്ങമ്പുഴ, ‘അപ്പുഴവക്കിലെ പൂങ്കാവിലായിരം അപ്‌സരകന്യമാരെത്തി’ എന്നുപറയുന്ന ആളാണ്. അദ്ദേഹം ഇത്ര 'കടുപ്പിക്കാൻ' വഴിയില്ല.
വേറൊരാൾ പറഞ്ഞു, വള്ളത്തോൾ ആയിരിക്കുമെന്ന്.
ആണെന്നല്ല, ആയിരിക്കുമെന്ന്!
കഷ്‌ടം! ഒരു നിശ്ചയമില്ല ഒന്നിനും.
കുഞ്ചൻനന്പ്യാരല്ലേ എന്ന് തിരിച്ചു ചോദിക്കുകയായിരുന്നു അടുത്തയാൾ.
ഞാൻ അന്വേഷണം അവസാനിപ്പിച്ചു. ഇനിയും തുടർന്നാൽ ബാല ചന്ദ്രൻ ചുള്ളിക്കാടാണെന്നു പറഞ്ഞുതരും.
പിന്നീട് ആശാൻ കവിതകളിലൂടെ വീണ്ടുമൊരു യാത്രപോയപ്പോൾ അപ്രതീക്ഷിതമായി ആ ‘വാങ്മയ വിസ്‌മയം' മുന്നിൽ പെട്ടു.
ശ്രീബുദ്ധ ചരിതത്തിലാണ്.
സിദ്ധാർത്ഥ രാജകുമാരന്റെ ‘ഡിപ്രഷൻ’ മാറ്റാൻ അന്നത്തെ മന്ത്രിമാരുടെ അഡ്വൈസ് അങ്ങനെയായിരുന്നു.
“പുത്രന് ചിന്തയിൽ തോന്നും ചെറിയൊരീ വൈരാഗ്യവൃത്തികൾ തീർന്നുപോം, സ്‌ത്രീകളിൽ പ്രേമമുദിക്കുകിൽ...” എന്ന്.
ഈ മന്ത്രിമാരുടെ ഒരു കാലിബറേ..!
അങ്ങനെ തെരഞ്ഞു പിടിച്ച സുന്ദരിമാരെ വർണ്ണിക്കുകയാണാശാൻ.
സാരംഗനേത്രമാർ...
സൻമൃദുഗാത്രിമാർ...
മന്മഥ രാജ്യമനോഹര ദൂതിമാർ...
അമൃതുവാണിമാർ എന്നൊക്കെ...
പത്രക്കാരുടെ ഭാഷയിൽ പറഞ്ഞാൽ അതൊരു ‘ലീഡാ’ണ്. പിന്നെ പലവട്ടം ‘ബുദ്ധചരിതം’ഞാൻ വായിച്ചു. വർണ്ണനകൾ വേറെയുമുണ്ടതിൽ, അറിയാതെ തന്നെ അവ ഹൃദിസ്ഥമാവുകയും ചെയ്‌തു.
ഈ വരികൾ ചങ്ങമ്പുഴയുടേതാണ്. കുഞ്ചൻ നന്പ്യാരുടേതാണ് എന്നൊക്കെ പറഞ്ഞ ആ ഗുരുക്കൻമാരെ ഞാൻ ഓർത്തുപോയി. അവർ മൂന്നും പിന്നീട് യു.ജി.സി. സ്‌കെയിലിലേക്ക് പ്രവേശിച്ചതായി അറിഞ്ഞു.
വായന ദിനചര്യയാക്കേണ്ടവരാണ് അദ്ധ്യാപകർ. അവരിലൂടെ അറിവിന്റെ നാളങ്ങൾ 'നാളെ'യിലേക്ക് നീളുകയല്ലേ. പക്ഷേ പലരും പത്രം പോലും നേരെ വായിക്കുന്നുണ്ടോ എന്നു സംശയമുണ്ട്.
പുതിയ ചെറുപ്പക്കാരും അങ്ങനെതന്നെ. സുപ്രസിദ്ധ നാടകകുലത്തിലെ നാടക ആചാര്യൻ കൂടിയായ അച്ഛന്റെ, ചലച്ചിത്രതാരമായ മകനെ ഇന്റർവ്യൂ ചെയ്‌യാൻ വന്ന ഒരു ചാനൽ പെൺകിടാവ് അഭിമുഖത്തിന്റെ ആമുഖത്തിൽ ചോദിച്ചു:
“സാറിന്റെ അച്ഛൻ എന്തുചെയ്‌യുന്നു?”
തീർത്തും അപ്രസക്തമായ ചോദ്യം.
മലയാളികൾക്കെല്ലാം അറിയാം അദ്ദേഹം ആരാണെന്ന്… ഈ കിടാവിന് ഒഴിച്ച്.
സരസനായ മകൻ പറഞ്ഞു.
“പുള്ളി ജംഗ്ഷനിൽ തട്ടുകട നടത്തുന്നു.”
വികാരഭേദമന്യേ ‘കിടാവ്’ അടുത്ത ചോദ്യത്തിലേക്ക് പ്രവേശിക്കുകയും ചെയ്‌തു.
വായനയുടെ ദാരിദ്ര്യം ഉണ്ടാക്കുന്ന ദുരന്തങ്ങളാണിതൊക്കെ.
പലരും പറയുന്നത് കേട്ടിട്ടില്ലേ…
ഞാൻ ഒത്തിരി വായിച്ചിട്ടുണ്ട്.
പക്ഷേ ഒന്നും ഓർമ്മയില്ല.
അങ്ങനെ വായിച്ചിട്ട് വല്ല കാര്യവുമുണ്ടോ?
വായിച്ചാൽ ഗ്രഹിക്കണം.
ഗ്രഹിച്ചാൽ ഉൾക്കൊള്ളണം.
ഉൾക്കൊണ്ടാലും പോര, പ്രാവർത്തികമാക്കണം. അപ്പോഴ ബേക്കൺ പറഞ്ഞ ‘ഫുൾമാൻ’ ആകുന്നുള്ളു. അങ്ങനെ ആവണമെങ്കിൽ വായിക്കുമ്പോൾ ഒരു ധ്യാനാത്മക മനസ് സൂക്ഷിക്കാൻ കഴിയണം.
മനസ് ഉറങ്ങരുത് എന്നർത്ഥം.
വായന മരിക്കുന്നു എന്നു പറയാൻ തുടങ്ങിയിട്ട് കാലം കുറെയായി. അതിനെതിരെ രംഗത്തെത്തിയത് പുസ്‌തകശാലക്കാരാണ്.
വായന ഉയിർത്തെഴുന്നേറ്റു എന്നവർ വാദിച്ചു. അതിനു നിദാനമായി അവർ നിരത്തിയത് കുറെ കണക്കുകളാണ്. ആ വർഷം വിറ്റുപോയ പുസ്‌തകങ്ങളുടെ കണക്കുകൾ.
ശ്ശെടാ, അതും ഇതുമായിട്ട് എന്തു ബന്ധം! പുസ്‌തകം വാങ്ങലും വായനയും രണ്ടും രണ്ടല്ലേ.
ഒരു പുസ്‌തകം വായിക്കണ്ട എന്നുണ്ടെങ്കിൽ, അത് വാങ്ങിച്ചാൽ മതിയെന്നു പറയും. ഇന്നു പലരും വായിക്കുകയല്ല, വെറുതെ കാണുകയാണ്.
വാർഷികപതിപ്പിൽ നിങ്ങളുടെ കഥ കണ്ടു എന്നാണ് പറയുന്നത്.
വായിച്ചു എന്നല്ല.
പണ്ടൊക്കെ ഒരു നല്ല പുസ്‌തകം വായിച്ചാൽ, അതിനെക്കുറിച്ച് കൂട്ടുകാർക്കിടയിൽ ചർച്ചയുണ്ടാകും.
ഖസാക്കിന്റെ ഇതിഹാസമൊക്കെ ഒരു കാലത്ത് യുവസദസ്സുകളിലെ സജീവവിഷയമായിരുന്നു.
ശിവാജി സാവന്തിന്റെ കർണ്ണൻ എന്ന കൃതിയെക്കുറിച്ച് ഒരിക്കൽ ഞാൻ വീട്ടിൽ വന്ന സുഹൃത്തിനോട് വല്ലാതെ വാചാലനായി.
മാരകമായിരുന്നു അതിന്റെ ആഫ്‌ടർ ഇഫക്‌ട്.
ആ പുസ്‌തകവും കൊണ്ടാണ് അയാൾ അന്നു പോയത്!
പോയതു പോയതു തന്നല്ലോ!
തിരിച്ചുതരാത്തതിൽ വിഷമമില്ല. വായിച്ചു കാണുമോ എന്തോ!
പിന്നീടൊരു സുഹൃത്തിനോട് പെരുമ്പടവത്തിന്റെ ‘സങ്കീർത്തനത്തെ’ക്കുറിച്ച് പറഞ്ഞു. ആ മനുഷ്യനും അന്നു പോയത് അതും കൊണ്ടായിരുന്നു.
ഇതിവിടെ ഇരുന്നിട്ടാണല്ലോ…
ഏറ്റവും കൂടുതൽ വായിച്ച ആൾ ‘സിന്പിൾ’ ആയിരിക്കണം. ഗമ പാടില്ല. അയാളെ കാണുമ്പോൾ പേടി തോന്നരുത്.
ദേ, പണ്ഡിതൻ വരുന്നെടാ, ഓടിക്കോന്നു പറയുന്ന അവസ്ഥ ഉണ്ടാകരുത്.
ഒരു വൈറ്റമിനും നൽകാൻ കഴിയാത്തത്ര‘വൈറ്റാലിറ്റി’യാണ് വായനയിലൂടെ നമുക്ക് കിട്ടുന്നത്.
“ജീവിതം നൽകാൻ മടിക്കുന്നതൊക്കെയും ജീവിച്ചു ജീവിതത്തോടു ഞാൻ വാങ്ങീടും” എന്ന വരികൾ വൈറ്റമിൻ 'എക്‌സ്' ആണ്.
“കുഴിവെട്ടി മൂടുക വേദനകൾ, കുതികൊൾക ശക്തിയിലേക്ക് നമ്മൾ” എന്ന വരികൾ വൈറ്റമിൻ ‘വൈ’ ആണ്.
“എത്തേണ്ടതാമിടത്തെത്തിയാലും ശരി
മദ്ധ്യേ മരണം വിഴുങ്ങിയാലും ശരി,
മുന്നോട്ടുതന്നെ നടക്കും വഴിയിലെ
മുള്ളുകളൊക്കെ ചവിട്ടി മെതിച്ചു ഞാൻ”
എന്ന വരികൾ വൈറ്റമിൻ 'ഇസഡ്' ആണ്!
നമ്മിൽ ഉറങ്ങിക്കിടക്കുന്ന, വിശ്വങ്ങളെ ജയിക്കാൻ പ്രാപ്‌തമായ ‘മംഗല മഹാശക്തിയെ ഉണർത്താൻ’, ഈ വരികൾക്ക് സാധിക്കും!
അതുകൊണ്ടാണ് വായനയുടെ സ്വർഗ്ഗത്തിൽ എന്ന് മാഷ് പറഞ്ഞത്. ‘ടെലിവിഷന്റെ സ്വർഗ്ഗത്തിൽ’ എന്നല്ല പറഞ്ഞത്.
അതുകൊണ്ട് “വായനക്കാർക്കിഷ്‌ടമാണെങ്കിൽ സങ്കൽപ വായു വിമാനത്തിലേറിയാലും...”

Comments
Post a Comment