![]() |
പഞ്ചിംഗ് - 48
കെ.സുദർശനൻപാടാത്ത വീണ പാടിയാൽഅന്വേഷണബുദ്ധിയുടേതായ ഒരുഘട്ടമുണ്ട് ബാല്യത്തിൽ. കാണുന്നതിലെല്ലാം സംശയങ്ങൾ. ഒന്നു കേൾക്കുമ്പോൾ ഒന്പതു സംശയങ്ങൾ... തൊട്ടതിലും പിടിച്ചതിലുമെല്ലാം ഡൗട്ടോടു ഡൗട്ട്. കണ്ടിട്ടില്ലേ, നേരവും കാലവും നോക്കാതെ കുട്ടികൾ ഓരോന്നു ചോദിക്കുന്നത്. “അങ്കിൾ, സൂര്യഗ്രഹണം എന്നാലെന്തോന്ന്?'' പണ്ട്, ‘ആൾപ്രൊമോഷൻ’ കാലത്ത് പാസ്സായി വന്ന ആളാ അങ്കിൾ. ആ മനുഷ്യനോടാ സൂര്യഗ്രഹണത്തെക്കുറിച്ച് ചോദിക്കുന്നത്! അതും അങ്കിൾ ആന്റീടെ അനിയത്തിയുമായിട്ട് അമിതാബച്ചനെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ... ഈ ബച്ചൻ തന്നെയാണ് അങ്കിളിന്റെ അക്കാഡമിക് ജീവിതം ഒരു വഴിയാക്കിയത്. കൊച്ചനായിരിക്കുന്പോഴേ ബച്ചന്റെ ഫാനാ! "പറ അങ്കിൾ സൂര്യഗ്രഹണം എന്നു പറഞ്ഞാൽ എന്തോന്ന്?” ഒരു രക്ഷയുമില്ല. അവൻ ‘സൂര്യഗ്രഹണവും’ കൊണ്ടേ പോകു. ഒടുവിൽ ഒരു ‘ഒടങ്കൊല്ലി’ മറുപടി പറഞ്ഞ് തടിതപ്പി. സൂര്യനെ ഗ്രഹണം ബാധിക്കുമ്പോൾ സൂര്യഗ്രഹണം എന്നു പറയുന്നു... ഗ്രഹണം എന്തോന്ന് എന്നു ചോദിക്കും എന്നാണ് വിചാരിച്ചത്. പക്ഷേ, അതിനെക്കാൾ വലിയ ബോംബാണ് അവൻ എറിഞ്ഞത്. “ഈ സുര്യനുണ്ടായതെങ്ങനെ?” കുഴഞ്ഞോ. അവസാനം അങ്കിൾ ആദിത്യഭഗവാനെ നോക്കിയങ്ങുനിന്നു. പക്ഷേ പയ്‌യനുണ്ടോ പോകുന്നു... പിടിച്ചൊരു കുലുക്ക്. “ങേ, സൂര്യനുണ്ടായതെങ്ങനെ, പറ…” ആ ഭക്തന് ഭഗവാൻ ഒരുഗ്രൻ ആൻസർ കൊടുത്തു. “സൂര്യനെ ദൈവം സൃഷ്ടിച്ചു!” ദേ, അടുത്ത ചോദ്യം. “ഈ ദൈവം ഉണ്ടായതെങ്ങനെ?'' അതു ദൈവത്തോടു തന്നെ ചോദിക്കണമെന്നു പറഞ്ഞ് അങ്കിൾ വലിഞ്ഞു. നോക്കുന്പോൾ സംസാരിച്ചുകൊണ്ടിരുന്ന അനിയത്തിയേയും കാണുന്നില്ല. ഇപ്പോൾ ‘ഗ്രഹണം' ഭവിച്ചത് അങ്കിളിനാണ്. ബാലന്മാരുടെ ഇത്തരം ചോദ്യാവലികൾ കലാശിക്കുന്നത് രോദനത്തിലായിരിക്കും! അല്ലാതെന്തുചെയ്‌യും! ഗത്യന്തരമില്ലാതാവുമ്പോൾ വച്ചങ്ങ് പറ്റിച്ചുകൊടുക്കും. ദൈവം എങ്ങനെ ഉണ്ടായിപോലും! മനശ്ശാസ്‌ത്രജ്ഞൻ പറയുന്നത് ബാലസഹജമായ ഇത്തരം വിജ്ഞാനതൃഷ്‌ണയെ മർദ്ദനമഴിച്ചുവിട്ട് അമർച്ച ചെയ്‌തുകൂടെന്നാണ്. അങ്ങേർക്ക് അതു പറയാം. ചമ്മുന്നത് നമ്മളാണല്ലോ. ജന്മത്തിൽ കേട്ടിട്ടില്ലാത്ത വാക്കുകളുടെ മീനിംഗും സ്‌പെല്ലിംഗുമൊക്കെ ജനമദ്ധ്യത്തിൽ വച്ച് ചോദിക്കുന്ന ചില നിക്കറുകുട്ടന്മാരുമുണ്ട്. ജന്മം പാഴാവാൻ വേറെ വല്ലതും വേണോ? ഈയിടെ ഒരു കല്യാണവീട്ടിൽ വച്ച് ഒരു ട്യൂഷൻ സാറിനോട് ഏതോ പയ്‌യൻ ചോദിച്ചു. “സാറേ, ഈ ട്യൂഷന്റെ സ്‌പെല്ലിംഗ് എന്തുവാ?” സിന്പിൾ ക്വസ്റ്റ്യൻ കിട്ടിയതിന്റെ ത്രില്ലിൽ സാറ് തിരിഞ്ഞും പിരിഞ്ഞും നോക്കാതെ വച്ചങ്ങ് കീറി. “TUTION” പലരും വാപൊത്തിച്ചിരിക്കുന്നതു കണ്ടപ്പോഴാണ് തെറ്റുപറ്റിയെന്ന് സാറിന് മനസ്സിലായത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു. അന്വേഷണബുദ്ധിയുടെ ഈ ദശാസന്ധിയിൽ എനിക്കുമുണ്ടായിരുന്നു ഡസൻ കണക്കിന് സംശയങ്ങൾ... അതിൽ പലതും വലുതായപ്പോൾ താനേ മനസ്സിലായി. എന്നാൽ ഒന്നുരണ്ടെണ്ണം ഇപ്പോഴും മനസ്സിലാകാതെ കിടപ്പുണ്ട്. അതിൽ ഒന്നാണ് ഗാനമേള! എന്തിനാണ് അമ്പലങ്ങളിലും മറ്റും ഗാനമേള നടത്തുന്നത്? മനസ്സി ലാകുന്നില്ല. യേശുദാസ് പാടിയ ഒരു പാട്ട് അദ്ദേഹം തന്നെ വീണ്ടും പാടിയാലും ആ സുഖം കിട്ടുന്നില്ല. അതെന്താ? ചിലർ പറയും അദ്ദേഹം അത് മാറ്റി പാടിയതുകൊണ്ടാണെന്ന്. അങ്ങനെ മാറ്റി മാറ്റിപ്പാടാൻ അതെന്താ വഞ്ചിപ്പാട്ടാണോ? പാടി വന്നപ്പോൾ മാറിപ്പോയതായിരിക്കും? സർവസംവിധാനങ്ങളോടും കൂടി എയർ ടൈറ്റായിട്ടുള്ള റെക്കോർഡിംഗ് റൂമിൽ ഏകാഗ്രമനസ്‌കനായി നിന്നു പാടിയ പാട്ടാണ് നമ്മൾ റേഡിയോയിൽ കേൾക്കുന്നത്. ഉത്സവപ്പറന്പിലെ കോലാഹലങ്ങൾക്കിടയിൽ നിന്നുകൊണ്ട് അപ്പോഴത്തെ മൂഡനുസരിച്ച് പാടുമ്പോൾ ‘മൂലരൂപം’ അതിൽ നിന്ന് മാറിയില്ലെങ്കിലേ അത്ഭുതമുള്ളു. ഇത് യേശുദാസിന്റെ കാര്യം. ഈ പാട്ട് ‘സ്ഥലംയേശുദാസ്’ പാടുമ്പോഴോ? ശബ്‌ദം വേറെ. പശ്ചാത്തലം വേറെ... സ്വരനിശ്ചയവും കമ്മി. ഫലം? അട്ടർ ട്രാജഡി. എന്തിനാണ് ഈ ‘ദുരന്ത’ങ്ങൾക്ക് സാക്ഷിയാകാൻ നമ്മൾ പോകുന്നത്? പാട്ടുകേൾക്കണമെന്നുണ്ടെങ്കിൽ, അതിനുള്ള സൗകര്യങ്ങൾ സിഡിയായും യൂ-ട്യൂബായും ഒക്കെ സുലഭമായിരിക്കെ വൻതുക ചെലവഴിച്ച്, ഇങ്ങനെയൊരു മാമാങ്കം വേണോ? ഗാനമേള വിജയിക്കുന്നത് എപ്പോഴാണ്? ഗാനങ്ങൾ ഒറിജിനൽ പോലെ ആകുമ്പോൾ, അല്ലേ? അതിന് പെൻഡ്രൈവിൽ കേട്ടാൽ പോരേ? ചിത്രഗീതമൊന്നുമല്ലല്ലോ! കൗമാരകാലത്തുദിച്ച ചില വസ്‌തുതകളാണിതൊക്കെ. പിന്നീട് ഇതിനൊക്കെ ന്യായീകരണങ്ങൾ ഞാൻ തന്നെ കണ്ടെത്തി, കേട്ട് കേട്ട് ഹിറ്റായ ഒരു ഗാനം, കൺമുന്നിൽ അനുഭവിക്കുമ്പോൾ കേട്ടിരിക്കുന്നവർക്കും പങ്കാളിത്തമുണ്ടാകുന്നു. അതിന്റെ ധ്യാനാത്മകമോ താളാത്മകമോ ആയ തലങ്ങളിലേക്ക് അവർ വഴുതുന്നു. ചിലപ്പോൾ എഴുന്നേറ്റ് ചുവടു വയ്‌ക്കുന്നു. ഇഷ്ടഗാനങ്ങൾ പാടാൻ ആവശ്യപ്പെടുന്നു. അങ്ങനെ അതൊരു ‘ജനകീയ വിരുന്നാ’യി മാറുന്നു. അതുകൊണ്ട് ഇടയ്‌ക്ക് ഒരു ‘ഗാനമേള’ ആകാം. തെറ്റൊന്നുമില്ല. പക്ഷേ, പലമേളകളും ഈ പറഞ്ഞപോലെയല്ല. ഈയിടെ ടൗൺഹാളിൽ വച്ചൊരു ‘മേള’ കണ്ടു. എങ്ങനെ വിശേ ഷിപ്പിക്കണമെന്നറിഞ്ഞുകൂടാ… പത്മരാജന്റെ ഒരു പടം കണ്ടിട്ട് ഒരു മലയാളം വാദ്ധ്യാര് പിറ്റേന്ന് പറഞ്ഞു. “ഇന്നലെ ഞാനൊരു സിനിമ കണ്ടു. അപാ…..രൻ!'' APARAN എന്നെഴുതിക്കാണിച്ചത് വാദ്ധ്യാര് വായിച്ചു തള്ളിയതിങ്ങനെ. അപാ…..രൻ...! പഴയൊരു ഹിറ്റ് സിനിമയുണ്ട്. എം.ജി.ആറിന്റെ ‘കാവക്കാരൻ’ അതുകണ്ടിട്ട് ഒരു കണക്കുസാറ് സ്റ്റാഫ് റൂമിൽ വന്ന് പറഞ്ഞത് കേൾക്കണോ? “ഛേ, അഴുക്കപ്പടം…” “അതെന്ത്?” കാവക്കാരൻ പോലും! “അയ്‌യേ, ഈ കാവക്കാരൻ എന്നുപറഞ്ഞാൽ എന്തോന്ന്?" പൊലീസുകാരൻ എന്നാണുദ്ദേശിക്കുന്നത്. “ങാഹാ! എന്നാൽ ഡീസന്റ് പടം” എങ്ങനെയിരിക്കുന്നു. ഇതിൽ ആദ്യത്തെ വാദ്ധ്യാരുടെ അഭിപ്രായമാണ് എനിക്ക് ആ ഗാനമേളയെക്കുറിച്ചും പറയാനുള്ളത്. അപാ…..രം! പണ്ടൊരുത്തന്റെ പാട്ടുകേട്ടിട്ട്, എങ്ങനെയുണ്ടെന്ന് ഒരാൾ ചോദിച്ചു. ഒരു രസികൻ പറഞ്ഞു. “കൊള്ളാം, കൊട് ഗാനഭൂഷണം..." “അപ്പോൾ കേട്ടുകൊണ്ടിരിക്കുന്നവർക്ക് എന്തു കൊടുക്കണം?” “മരണാനന്തര ബഹുമതി!” കുറ്റം പറയുകയല്ല. സംഗീതം ഒരു സിദ്ധിയാണ്. അത് കണ്ട വെണ്ടർക്കും കമാണ്ടർക്കും കയ്‌യേറാനുള്ളതല്ല. മുമ്പ് മുംബയിൽ വച്ച് ഒരു ദേശീയ കലാമേള നടന്നു. ഓരോ സംസ്ഥാനത്തെയും പ്രതിനിധീകരിച്ച് ഓരോ പരിപാടി അരങ്ങേറുന്നുണ്ട്. കേരളത്തിന്റെതായിട്ട് ഒന്നും റെഡിയായിട്ടില്ല. പെട്ടെന്ന് എന്തെങ്കിലും ഒപ്പിക്കാനും നിവൃത്തിയില്ല. ഒടുവിൽ എ.കെ.ജി. അപ്പോഴവിടെയുണ്ടായിരുന്ന അറിയപ്പെടുന്ന ഒരു കലാകാരനോടു പറഞ്ഞു? “എന്തെങ്കിലും ഒന്നു തട്ടിക്കൂട്ടണം.” കലാകാരൻ മുന്നുനാലുപേരെ സംഘടിപ്പിച്ച് സ്റ്റേജിലോട്ടു കേറി. സംഘഗാനമാണ് ഉദ്ദേശിച്ചത്. പക്ഷേ, ഗാനം ഏറ്റില്ല. പാട്ട് പാളുന്നതിനനുസരിച്ച് കൈയടിക്കുകയാണ് നമ്മുടെ ആൾക്കാർ. പാട്ട് ആർക്കും കേൾക്കാൻ പറ്റിയില്ല, കൈയടി മുക്കിക്കളഞ്ഞു. സംഘഗാനം സമാപിച്ചു. ഗായകസംഘം താഴെയിറങ്ങി. എ.കെ.ജി അങ്ങോട്ടുചെന്ന് അതിലൊരുത്തനെ മാറ്റി നിറുത്തി ചോദിച്ചു. “തന്നോടാരാ പറഞ്ഞത് പാടാൻ?” ഈ ചോദ്യം മിക്ക ഗായകരോടും ചോദിക്കാവുന്നതാണ്. പെർഫോമിംഗ് റൈറ്റ്സ് സൊസൈറ്റി മുന്പ് ഒരു തീരുമാനം എടുത്തിരുന്നു. മേളയ്‌ക്ക് പാടാൻ പോകുന്നവർ, ഓരോ പാട്ടിനും നേരത്തെ പൈസ അടച്ചിരിക്കണം. പെനാൽറ്റിപോലെ! ഇവരുടെ ആലാപനദ്വാരാ ആ പാട്ടിനുണ്ടാകാനിടയുള്ള മാനനഷ്‌ടം പരിഗണിച്ചാവണം. നമ്മുടെ ഗന്ധർവഗായകനും അന്ന് സൊസൈറ്റിയുടെ പക്ഷത്തായിരുന്നു. എന്തായാലും പ്രിയപ്പെട്ട പാട്ടുകാരോട് ഒരഭ്യർത്ഥനയുണ്ട്. പൈസ അടയക്കാനൊക്കെവരട്ടെ. ആദ്യം നിങ്ങളുടെ പാട്ട് നിങ്ങൾ തന്നെ കേട്ടുനോക്കുക. വേണമെങ്കിൽ അടച്ചാൽ മതിയല്ലോ! |

Comments
Post a Comment