പഞ്ചിംഗ് - 31
കെ. സുദർശനൻ
എല്ലാം പോയി!
അംബാസഡർ .
അതെ, കാറിന്റെ കാര്യം തന്നെ.
ആളുകൾ അതൊരു അന്തസ്സായി കൊണ്ടുനടന്നിരുന്നു, ഒരുകാലത്ത്.
അംബുജാക്ഷൻ സാറും അക്കൂട്ടത്തിൽപ്പെടും.
ദോഷം പറയരുത്.
കണ്ടമാനം ഉപയോഗിച്ചു.
റഫ് യൂസായിരുന്നു!
മാരുതി കമ്പനി ഇവിടെ അത്ഭുതങ്ങൾ വിരിയിച്ചുകൊണ്ടിരുന്നപ്പോഴും അംബാസിഡറിൽ തന്നെയായിരുന്നു അംബുജാക്ഷൻ സാറ്.
ഹുണ്ടായ് കമ്പനി വന്ന് വിസ്മയങ്ങൾ വിടർത്തിയപ്പോഴും സാറ് അംബാസിഡറിൽ തന്നെ!
ടാറ്റാ കമ്പനിയെയും സാറ് ഗൗനിക്കാൻ പോയില്ല.
ഇതിനകം വണ്ടി അലഞ്ഞുലഞ്ഞ് ഒരു പരുവമായി,
ഏതാണ്ട് കണ്ടം കണ്ടീഷൻ.
എന്നാൽപ്പിന്നെ നാശത്തിനെ കിട്ടുന്ന കാശിന് കളയാമെന്ന് വിചാരിച്ചു.
അപ്പോഴല്ലേ രസം!
ആർക്കും വേണ്ട ഈ പണ്ടാരം!
ഡ്രൈവിംഗ് സ്കൂളുകാർ പോലും കമാന്ന് മിണ്ടാതെ വലിഞ്ഞു.
ഒടുവിൽ ഒരുത്തൻ വന്ന് ചോദിക്കുവാണ്. പൊളിക്കാൻ കൊടുക്കുമോന്ന്!
അവനെ സാറ് ‘പൊളിക്കാതെ’ വിട്ടത് ഭാഗ്യം.
എന്തോന്ന് പറയുന്നത്!
പഴയ കെ.എൽ.വി. രജിസ്ട്രേഷൻ വണ്ടി.
അതും ഫാൻസി നമ്പർ.
“അറുപത്തിയെട്ട് അറുപത്തിയെട്ട്!”
അതിനെയാണ് പൊളിക്കട്ടേ എന്ന് ‘ലവൻ’ ചോദിച്ചത്!
സത്യം, അറ്റാക്ക് വരാനുള്ളത്!
കെ.എൽ.വി. എന്നു പറയുന്പോൾ പുതിയ പിള്ളാർക്ക് തമാശയാണ്. അവർ അതിനെ വിളിക്കുന്നത് 'കിളവി' എന്നാണ്!
"കിളവിയെങ്കിൽ ഞാൻ സഹിച്ചു.
എനിക്ക് കിളവി മതി. ഞാനിപ്പോൾ കൊടുക്കുന്നില്ല, എന്തെ?”
അംബുജാക്ഷൻ സാർ പെട്ടെന്ന് ഇന്നസെന്റായി. സ്വഭാവത്തിലല്ല!
ഒടുവിൽ സാറ് എന്ത് ചെയ്തന്നോ?
ഒരു കോട്ട് പെയിന്റ് അടിച്ചു.
ടയർ നാലും മാറി.
സീറ്റിന്റെ കവറും മാറി.
മൊത്തത്തിൽ ഒന്നു മിനുക്കി.
ദോഷം പറയരുത്.
ഇപ്പോൾ കണ്ടാൽ ആരും നോക്കിപ്പോകും…
ഒരു ഗ്രാന്റ് ലുക്ക്.
അടുത്ത ദിവസം അളിയന്റെ വീട്ടിലെ കല്യാണത്തിനു ചെന്നപ്പോൾ ഒരാൾ ചോദിച്ചു.
“വണ്ടി കൊടുക്കുന്നോ?”
“തൽക്കാലം ഇല്ല.”
“അല്ല കൊടുക്കുന്നെങ്കിൽ എടുത്തോളാം…”
ബ്രെയിനിലെ മെയിൻ ബൾബ് ഒന്നു മിന്നി. അപ്പോൾ തോന്നിയ ഒരു വിലയങ്ങ് പറഞ്ഞു.
“അത്രയും കിട്ടിയാൽ ആലോചിക്കാം.”
ചുമ്മാ പറഞ്ഞതാണ്.
മറ്റേ മനുഷ്യന്റെ സമയം കറക്ടായിരുന്നെന്ന് പറഞ്ഞാൽ മതിയല്ലോ.
പുള്ളിയുടെ മറുപടി...
“ആലോചിക്കാൻ ഒന്നുമില്ല. ഇന്നാ അഡ്വാൻസ്!”
പിറ്റേന്നുതന്നെ ആ ശുംഭൻ ബാക്കി എമൗണ്ടും അടച്ച് ‘കിളവി’യേം കൊണ്ട് പോയി.
വല്ലാത്ത ഷോക്കായി സാറിന്.
അത്രയും പ്രതീക്ഷിച്ചില്ല.
അതൊരു വഴിത്തിരിവായിരുന്നു.
സംഭവം കൊള്ളാം.
ഈ ടെക്നിക് പ്രയോഗിച്ചാൽ ചിലപ്പോൾ മൂധേവിവിളയിലെ വീടും വിറ്റുപോയെന്നുവരും!
'മൂധേവിവിള' എന്നുപറഞ്ഞാൽ സാറിന്റെ കുടുംബം.
അവിടെ സാറിന്റെ ഷെയറിൽ പഞ്ചറായ ഒരു വീടും കുറച്ചു കട്ടൻ തറയും ഉണ്ട്.
വീട് പൊളിക്കാനേ കൊള്ളാവൂ. നേരത്തെ പറഞ്ഞപോലെ!
കുറച്ച് ഓടും ബാക്കി ഷീറ്റും.
രണ്ടുമില്ലാത്ത ഭാഗവും ഇല്ലാതില്ല!
മാരുതി മാത്രമേ കേറൂ...
അതും വിദഗ്ധ ഹസ്തങ്ങൾ സ്റ്റിയറിംഗ് തിരിച്ചാൽ.
വാങ്ങാൻ വന്നവർ ഡബിൾ സ്പീഡിൽ തിരിച്ചുപോയി. ഇനി വസ്തുവേ വേണ്ടെന്ന് തീരുമാനിച്ചവരും ഉണ്ട്. ചിലരെ കണ്ടിട്ട് വിവാഹമേ വേണ്ടെന്നു ചിലർ പറയുന്നതുപോലെ!
കാറ് വിചാരിക്കാത്ത വിലയ്ക്ക് പോയപ്പോൾ സാറിനൊരു തോന്നൽ.
ഇതും പോവും. ട്രൈ ചെയ്താൽ മതി.
സാറ് വീട് ഒന്ന് പുതക്കി.
മൊത്തം ഓടാക്കി.
ഡോറു തേക്കാക്കി.
ഫ്ളോറ് ടൈൽസ് ആക്കി.
മുറ്റം നിറയെ ‘മുന്തിരിവള്ളി’ പടർത്തി.
തറയിൽ തറയോടു വിരിച്ചു.
എല്ലാംകൂടി ‘രണ്ടുരൂപ’ പിഴുതെറിഞ്ഞു.
“പോട്ട്… പുല്ല്!”
പത്രത്തിൽ ഒരു ‘ആഡും’ കൊടുത്തു.
‘വെൽ മെയിന്റെയിൻഡ് ഹെറിറ്റേജ് ഹോം!’
ആയാൽ ഒരു തെങ്ങ്. പോയാൽ ഒരു തേങ്ങ.
സംഭവം ക്ലിക്ക്ഡ്!
അന്യായവിലയ്ക്ക് ഒരു അപ്പാവി വന്ന് വാങ്ങിച്ചു.
സാറിന് ഒരേ ത്രില്ല്!
പക്ഷേ സെയിലു ചെയ്യാൻ ഇനി സാധനമില്ല!
ഇപ്പോഴത്തെ സങ്കടം അതാണ്.
എന്തായാലും ഉള്ളത് ലാഭത്തിന് പോയല്ലോ.
മതി, അത്യാഗ്രഹം പാടില്ല.
ഇനി ഒന്ന് നന്നായിട്ട് ജീവിക്കണം.
ഇത്രനാളും എങ്ങനെയോ കഴിഞ്ഞുകൂടുകയായിരുന്നു.
ഒരേയൊരു മോളുള്ളത് ദുബായിൽ.
മരുമോൻ ഷേക്കിന്റെ കുക്ക്! തിരിഞ്ഞും പിരിഞ്ഞും നോക്കേണ്ട കാര്യമില്ല.
ആഘോഷിക്കുക തന്നെ..
ശിഷ്ടകാലം വിശിഷ്ടമാവട്ടെ!
ശ്രീമാനും ശ്രീമതിയും ലൈഫിന്റെ സ്റ്റെലുതന്നെ മാറ്റി.
മുന്തിയ ഭക്ഷണം.
മുന്തിയ വസ്ത്രം .
മുന്തിയ വാഹനം.
എല്ലാം മുന്തിയതുമാത്രം!
‘മാഡം’ ആദ്യമായിട്ടാണ് ബ്യൂട്ടി പാർലറിൽ കേറുന്നത്.
കേറിയപ്പോഴോ.
വലിയ വിഷമമായിപ്പോയി.
ഇത്രയും നാൾ കേറാതിരുന്നതിൽ!
ഒറ്റ പ്രാവശ്യം കൊണ്ട് എന്താ മാറ്റം!
നര മറഞ്ഞുകിട്ടിയപ്പോൾ തന്നെ പ്രായം പകുതി കുറഞ്ഞു.
രാവിലെ മ്യൂസിയത്തിൽ ആറ് റൗണ്ട്.
ബ്രേക്ക് ഫാസ്റ്റ്, ഇലച്ചാറും പഴച്ചാറും!
എല്ലാം ഉത്തേജനത്തിന് ഉത്തമമായവ!
പോരാഞ്ഞ് ഫാർമസിയിൽ ചെന്ന് ഒരു ബൾക്ക് പർച്ചേസും.
ദ്രാക്ഷാരിഷ്ടം.
ദ്രോണാരിഷ്ടം.
ഭീഷ്മാരിഷ്ടം.
അർജുനാരിഷ്ടം.
നകുലാരിഷ്ടം…
എന്നുവേണ്ട, അവിടെക്കണ്ട സർവ അരിഷ്ടങ്ങളും വാങ്ങിച്ചു.
തെങ്ങിൻ പൂക്കുല ലേഹ്യം എടുത്തപ്പോൾ കടക്കാരൻ തടഞ്ഞു.
“സാർ, അത് പ്രസവശുശ്രൂഷക്കുള്ളതാണ്.”
സാറു വിടുമോ!
“സാരമില്ല, ഇവള് പ്രസവിച്ച കാലത്ത് ശുശ്രൂഷയൊന്നും കൊടുക്കാൻ പറ്റിയില്ല. ഇരിക്കട്ടെ…”
അതും ശരിയാ.
‘ബെറ്റർ ലേറ്റ് ദാൻ നെവർ’ എന്നല്ലേ!
ഒടുവിൽ എന്തായി?
ആളേ മാറി.
സാറിന്റെ കാര്യമല്ല.
മാഡം മാറിയെന്നാ പറഞ്ഞത്.
റസ്കുപോലെ ഇരുന്നിടമെല്ലാം ബന്നുപോലായി!
ബന്നുപോലെ ഇരന്നിടം ബണ്ടുപോലെയായി!
ഇതാണ് പറയുന്നത്…
മണ്ണും പെണ്ണും കാശിറക്കുംതോറും നന്നായിരിക്കുമെന്ന്!
പ്രായമൊന്നും പ്രശ്നമേയല്ല.
പക്ഷേ സാറിന് പ്രായം പ്രശ്നമാകുന്നുണ്ട്.
എങ്കിലും കാഴ്ചയിൽ ഒരു ‘അൾസേഷൻ’ ലുക്കൊക്കെയുണ്ട്.
ആളുകൾക്ക് ഇതേ ചോദിക്കാനുള്ളു...
“രണ്ടാളുമങ്ങ് ചെറുപ്പമായല്ലോ? എന്താ രഹസ്യം?”
ഉടൻ, സാറ് ഒരു ചൊറിയൻ മറുപടി എറിയും.
“മനസ്സു നന്നാവണം ആദ്യം. പിന്നെ എല്ലാം താനേ നന്നായിക്കോളും…”
ചോദിച്ചവർക്ക് ‘മൃഷ്ടാന്നം’ ആയി!
എല്ലാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ തമ്പുരാൻ!
ഒടുവിൽ അതു തന്നെ സംഭവിച്ചു.
ശനിയാഴ്ച രാത്രിയാണോ അതോ ഞായറാഴ്ച പുലർച്ചയ്ക്കാണോ..
അപ്പുറത്ത്, വാടകയ്ക്ക് താമസിച്ചിരുന്ന അനിലുമായിട്ട്
മാഡം ഒളിച്ചോടി!
പക്ഷേ, സാറിന്റെ കാര്യമാണ്…
കാറ് പോയപ്പോഴോ, വീട് പോയപ്പോഴോ
ഇത്രയും ത്രില്ല് ഇല്ലായിരുന്നു!
👍👍👌👌
ReplyDeleteശരിയാണ്
ReplyDelete