ശിവാജി സാവന്തിന്റെ
‘കർണ്ണൻ’
കെ സുദർശനൻ
'അധിരഥ പുത്ര'നായ കർണ്ണൻ എങ്ങനെ ജനപ്രിയ താരമായി? എന്ന തലക്കെട്ടിൽ രണ്ടു വർഷങ്ങൾക്കു മുന്പാണ്, അതായത് 2020 ജനുവരി 10 ന്, ശ്രീ കെ. സുദർശനൻ ഒരു വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്‌യുന്നത്. മഹാഭാരതത്തിലെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്‌തിത്വ ബഹിർസ്‌ഫുരണത്തിലൂടെ ജീവിതമെന്ന വിഹ്വലസമസ്യയുടെ പൊരുളന്വേഷിക്കുന്ന അതിമനോഹരമായ കൃതിയാണ് മറാത്തി സാഹിത്യകാരനായ ശിവാജി സാവന്ത് എഴുതി ഭാരതീയ ജ്ഞാനപീഠത്തിന്റെ മൂർത്തീദേവി പുരസ്‌കാരം നേടിയ 'മൃത്യുഞ്ജയ' എന്ന നോവൽ.
ഭാരതത്തിലെ ഒട്ടുമുക്കാൽ ഭാഷകളിലേക്കും 'കർണ്ണൻ' എന്ന പേരിൽ ഈ കൃതി വിവർത്തനം ചെയ്‌യപ്പെടുകയും ലക്ഷക്കണക്കിന് ഭാഷാസ്‌നേഹികൾ വായിക്കുകയും, ഇന്നും അനേകായിരങ്ങൾ വായിച്ചുകൊണ്ടിരിക്കുകയും ചെയ്‌യുന്ന വിലമതിക്കാനാവാത്ത ഒരു മഹത്ഗ്രന്ഥമാണിത്. ഈ കൃതി മലയാളഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് ഡോ. പി കെ ചന്ദ്രനും ഡോ. ടി ആർ ജയശ്രീയുമാണ്.
കർണ്ണൻ, കുന്തി, വൃഷാലി, ദുര്യോധനൻ, ശോണൻ, ശ്രീകൃഷ്‌ണൻ എന്നിവരുടെ ആത്മകഥാകഥനത്തിലൂടെ ഭാരതകഥ അനാവരണം ചെയ്‌യുന്ന ഈ കൃതിയെക്കുറിച്ചുള്ള ഹൃസ്വവും (ഏകദേശം പത്ത് മിനിറ്റിനുള്ളിലുള്ള), എന്നാൽ ശക്‌തവും ഏതൊരു ഭാഷാസ്‌നേഹിയെയും വായിപ്പിക്കുവാൻ പ്രചോദിപ്പിക്കുന്നതും അഥവാ വായിച്ചിട്ടുണ്ടെങ്കിൽതന്നെ ഒരിക്കൽ കൂടി വായിക്കുവാൻ പ്രേരിപ്പിക്കുന്നതുമായ മനോഹരമായ ഒരു അവലോകനം അല്ലെങ്കിൽ വായനാനുഭവമാണ് പ്രഭാഷകനും എഴുത്തുകാരനും കവിയുമായ ശ്രീ കെ സുദർശനൻ 'അതിരഥ പുത്ര'നായ കർണ്ണൻ എങ്ങനെ ജനപ്രിയ താരമായി? എന്ന ടൈറ്റിലിൽ യൂട്യുബിൽ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ.
ആ വീഡിയോയിൽ നിന്നും പകർത്തിയ സംഭാഷണമാണ് ഇവിടെ വായനക്കാർക്കായി സമർപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ശബ്‌ദത്തിൽ ഇത് കേൾക്കുവാൻ ആഗ്രഹിക്കുന്നവർക്കായി വീഡിയോ ലിങ്കും ചുവടെ കമന്റ് ബോക്‌സിൽ ചേർക്കുന്നു.
വി പ്രദീപ്.
മഹാഭാരത്തിലെ ഞാൻ ഏറ്റവും ഇഷ്‌ടപ്പെടുന്ന കഥാപാത്രമാണ് കർണ്ണൻ. സവ്യസാചിയായ അർജ്ജുനനെക്കാളും, ഭീഷ്‌മപിതാമഹനെക്കാളും, ദുര്യോധനനെക്കാളും, ധർമ്മപുത്രരെക്കാളും, എന്തിന് ഭീമനെക്കാളും എന്നെ ആകർഷിച്ചത് കർണ്ണനാണ്.
ഇത്രയും ധീരനായ, ത്യാഗിയായ, ത്യാഗത്തിന്റെ പ്രതീകമായ ഈ കഥാപാത്രത്തിന് ജീവിതത്തിലുടനീളം ദുഃഖങ്ങളും ദുരിതങ്ങളും പിന്തുടരാറുണ്ടായിരുന്നു എന്നതാണ് എന്നെപ്പോലെതന്നെ കർണ്ണനെ ഇഷ്‌ടപ്പെടുന്ന ബഹുഭൂരിപക്ഷം ആസ്വാദകർക്കും കർണ്ണനെ പ്രിയങ്കരനാക്കി മാറ്റുന്നത്.
ഈ കർണ്ണനെക്കുറിച്ചെഴുതിയ വിഖ്യാതമായ നോവലാണ് 'മൃത്യുഞ്ജയ' എന്ന പേരിൽ ശിവാജി സാവന്ത് രചിച്ച മറാത്തി കൃതി. മറാത്തി സാഹിത്യകാരനാണ് അദ്ദേഹം. ഈ കൃതി എല്ലാ ഭാരതീയ ഭാഷകളിലേയ്‌ക്കും വിവർത്തനം ചെയ്‌യപ്പെട്ടിട്ടുണ്ട്. പക്ഷേ, കർണ്ണനാണ് കേന്ദ്ര കഥാപാത്രം എന്നുള്ളതുകൊണ്ടും കർണ്ണനെയാണ് എന്നെപ്പോലെതന്നെ ആളുകൾ ഏറ്റവുംകൂടുതൽ ഇഷ്‌ടപ്പെടുന്നത് എന്നുള്ളതുകൊണ്ടും 'കർണ്ണൻ' എന്ന പേരിലാണ് മറ്റു ഭാഷകളിലെല്ലാം ഈ കൃതി പ്രസിദ്ധീകൃതമായാത്.
കർണ്ണനെ വളരെ മനോഹരമായി ഇതിഹാസദൃശ്യമല്ലാത്തവിധത്തിൽത്തന്നെ ആവിഷ്‌കരിച്ചിട്ടുണ്ട് ശിവാജി സാവന്ത്. ചന്പാപുരിയിൽ നിന്ന്, കൗമാരത്തിലെത്തിയ കർണ്ണൻ തന്റെ വളർത്തച്ഛനായ അതിരഥന്റെ കൈയിൽ തൂങ്ങി ഹസ്‌തിനപുരത്തേയ്‌ക്ക് ആദ്യമായി വരുന്ന രംഗം വളരെ മനോഹരമായിട്ടാണ്, ചേതോഹരമായിട്ടാണ് ശിവാജി സാവന്ത് ആവിഷ്‌കരിച്ചിരിക്കുന്നത്.
കർണ്ണന് ഹസ്‌തിനപുരിയിലെ കാഴ്ചകൾ ഓരോന്നും ഔൽസുക്യം നിറഞ്ഞ അനുഭവങ്ങളായിരുന്നു. അവസാനം അച്ഛൻ കർണ്ണനെ കൂട്ടിക്കൊണ്ടുവരുന്നത് പാണ്ഡവകുമാരൻമാരും കൗരവകുമാരൻമാരും ശസ്‌ത്രാഭ്യാസ വിദ്യാഭ്യാസം നടത്തുന്ന ആ മൈതാനത്തേയ്‌ക്കാണ്. അവിടെ കർണ്ണൻ കാണുന്നത് ചുറുചുറുക്കോടെ നിൽക്കുന്ന ഒരു ചെറുപ്പക്കാരനെയാണ്.
അർജ്ജുനൻ ആണത്.
വളരെ ആവേശത്തോടെയും ചടുലതയോടെയും തന്റെ ആചാര്യനായ ദ്രോണനോട് എന്തൊക്കയോ സംശയങ്ങൾ ചോദിച്ചുകൊണ്ട് അർജ്ജുനൻ നിൽക്കുന്ന കാഴ്ചയാണ് കർണ്ണൻ കാണുന്നത്. കർണ്ണൻ അച്ഛനോട് ചോദിക്കുന്നുണ്ട്, അതാരാണെന്ന്. അച്ഛൻ പരിചയപ്പെടുത്തുന്നു:
“അതാണ് അർജ്ജുനൻ ”.
ഇങ്ങനെ അർജ്ജുനനെത്തന്നെ ഇമവെട്ടാതെ നോക്കിനിൽക്കുന്ന കർണ്ണനെ വളരെപ്പെട്ടെന്ന് തിരിഞ്ഞുനോക്കുകയാണ് അർജ്ജുനൻ. അവരുടെ കണ്ണുകൾ ഏറ്റുമുട്ടു മ്പോ ൾ, അച്ഛന്റെ കൈപിടിച്ച് അവരുടെ അടുത്തേയ്‌ക്ക് ചുവടുകൾ വെച്ച് കർണ്ണൻ നീങ്ങുന്പോൾ, പെട്ടെന്ന് ആകാശത്തിലൂടെ ആ സമയം കടന്നുപോയ ഗരുഡന്റെ ചുണ്ടത്തുനിന്ന് ഒരു പാന്പ് അടർന്ന് അവരുടെ ഇടയിൽ വീഴുന്നു. വീഴുന്നു എന്നുമാത്രമല്ല, അടുത്തനിമിഷം അത് പിടഞ്ഞെഴുന്നേറ്റ് രണ്ടുപേരുടെയും നേർക്ക് പത്തി ചലിപ്പിക്കുകയുമാണ്.
വളരെ ധ്വന്യാത്മകമായി ശിവാജി സാവന്ത് ആ രംഗം അവതരിപ്പിച്ചിരിക്കുന്നത് നോക്കുക. അവർക്കിടയിൽ ആ നിമിഷം മുതൽ,
നിതാന്തമായ പകയുടെയും ശത്രുതയുടെയും, ആരംഭം കുറിച്ചിരിക്കുന്നു എന്നാണ് ആ ഒരു രംഗവിധാനത്തിലൂടെ അദ്ദേഹം ആവിഷ്‌കരിച്ചിരിക്കുന്നത്.
കർണ്ണന്റെ ജീവിതത്തിലുടനീളം ദുഃഖങ്ങളുടെ, ശാപങ്ങളുടെ ഘോഷയാത്രയായിരുന്നു. ഇതിഹാസത്തിൽ നമ്മൾ കാണാതെ പോകുന്ന, വായനക്കാർ അറിയാതെ പോകുന്ന കുറെ ജീവിതമുഹൂർത്തങ്ങൾ ഉണ്ട് ഈ കർണ്ണന്. ആ മുഹൂർത്തങ്ങളെ വളരെ അപഗ്രഥനമനസ്സോടെ നമ്മുടെ മുമ്പിൽ സാവന്ത് അവതരിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേന്ദ്രകഥാപാത്രമായ കർണ്ണനിലൂടെ മാത്രമല്ല ഈ കഥ പറയുന്നതും.
കർണ്ണന്റെ ഭാര്യയെ അവതരിപ്പിച്ചിട്ടുണ്ട്; വൃഷാലി എന്നാണ് പേര്. വൃഷാലിയുടെ കാഴ്ചപ്പാടിലൂടെ കർണ്ണൻ എങ്ങനെയാണെന്ന് പറഞ്ഞുതരുന്നുന്നുണ്ട്.
എന്നെ ഏറ്റവും ആകർഷിച്ചത് കർണ്ണന്റെ അനുജൻ, അങ്ങനെയൊരു കഥാപാത്രത്തെ നമ്മൾ മഹാഭാരതത്തിൽ കണ്ടുമുട്ടുന്നില്ല. പക്ഷേ, ശിവാജി സാവന്തിന്റെ കർണ്ണൻ എന്ന കൃതിയിൽ ശോണൻ വളരെ ശ്രദ്ധേയമായ സ്ഥാനത്താണ്. കർണ്ണന്റെ ഏറ്റവും വലിയ ആരാധകനാണ് ശോണൻ. ശോണന്റെ കണ്ണുകളിൽ കർണ്ണന്റെ സിദ്ധികളെക്കുറിച്ചും കർണ്ണന്റെ പ്രത്യേകതകളെക്കുറിച്ചുമുള്ള ആവേശപരമായ തിരതള്ളലുകൾ കാണാൻ കഴിയും.
ഒരു സന്ദർഭം സാവന്ത് വളരെ മനോഹരമായി ഒരുക്കുന്നുണ്ട്. ദിഗ്‌വിജയം കഴിഞ്ഞ് കർണ്ണൻ വരുന്നു. തുടർച്ചയായി ശസ്‌ത്രങ്ങളയച്ചും അഭ്യസിച്ചും തിരുച്ചുവരുമ്പോൾ അതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഈ ഭുജത്തിൽ ഉയർന്നുനിൽക്കുന്ന പേശികളുടെ മികവിലേയ്‌ക്ക് വളരെ ആരാധനാപൂർവം നോക്കിനിൽക്കുന്ന ശോണൻ.
അപ്പോൾ, കർണ്ണന്റെ തിരിച്ചുവരവുസമയത്ത്, ആ നഗരത്തിലെ സുന്ദരികളായ തരുണികൾ കണ്ണുകൾകൊണ്ട് ആരതി ഉഴിയുന്നുണ്ട്. അവരെല്ലാം കണ്ണുകൾകൊണ്ട് ആരതി ഉഴിയുമ്പോഴും അവരേക്കാളേറെ ആകാംഷയോടെയും ആരാധനാഭാവത്തോടെയും നോക്കിനിൽക്കുകയാണ് ശോണൻ. ഈ ശോണൻ കർണ്ണനെ കാണുന്ന വിധമുണ്ട്, കാഴ്ചപ്പാടുണ്ട്, അതിന്റെ തലങ്ങളുണ്ട്. ആ തലങ്ങളിലൂടെയെല്ലാം നമ്മൾ കർണ്ണന്റെ മനസ്സിലേയ്‌ക്കും കർണ്ണന്റെ ജീവിതനിമിഷങ്ങളിലേയ്‌ക്കും കർണ്ണന്റെ ദുരന്തപൂർവകമായ ആ ഘട്ടങ്ങളിലേയ്‌ക്കും അറിയാതെ ചെന്നെത്തുകയാണ്.
അതുപോലെ ശ്രീകൃഷ്‌ണനിലൂടെ കഥ പറയുന്നുണ്ട്. വൃഷാലിയിലൂടെ കർണ്ണനെ അവതരിപ്പിക്കുന്നുണ്ട്. ദുര്യോധനനിലൂടെയും കുന്തിയിലൂടെയും കർണ്ണനെ അവതരിപ്പിക്കുന്നുണ്ട്. അറിയാമല്ലോ, കുന്തി കർണ്ണനെ കണ്ടുമുട്ടാൻ ബോധപൂർവം തെരഞ്ഞെടുക്കുന്ന സമയം. അർജ്ജുനനുമായുള്ള യുദ്ധം ഉറപ്പിച്ചതിന്റെ തലേന്ന് രാത്രി കുന്തി കർണ്ണനെ കാണാൻ പോവുകയാണ്. താൻ അതുവരെയും ഒളിപ്പിച്ചുവെച്ച സത്യം കർണ്ണന്റെ മുമ്പിൽ തുറന്നുപറയുകയാണ് കുന്തി. അപ്പോഴെല്ലാം അചഞ്ചലനായി നിന്ന കർണ്ണനെ, തന്റെ സുഹൃത്തിനു വേണ്ടി, സുഹൃത്തിനുകൊടുത്ത വാക്ക് പാലിക്കുന്നതിനുവേണ്ടി, അവസാനനിമിഷം വരെയും തന്റെ നിലപാടിൽ നിന്നു മാറാതെ അചഞ്ചലമായി നിന്ന കർണ്ണനെ കുന്തിയിലൂടെ നമ്മൾ തിരിച്ചറിയുന്നു. ആ വിധത്തിൽ മഹാഭാരതകഥയെ കൂടുതൽ ഹൃദയത്തോട് ചേർത്തുവെയ്‌ക്കുവാനും, കർണ്ണനെപ്പോലെയുള്ള എക്കാലത്തെയും പ്രോജ്ജ്വലമായ ഒരു കഥാപാത്രത്തെ നമുക്ക് നെഞ്ചോടുചേർക്കുവാനും സഹായിക്കുന്ന മനോഹരമായ കൃതിയാണ് ശിവാജി സാവന്തിന്റെ 'കർണ്ണൻ'.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ശ്രീ. എം.ടി വാസുദേവൻ നായർ അദ്ദേഹത്തിന്റെ വിശ്രുതമായ 'രണ്ടാമൂഴം' എന്ന നോവൽ രചിച്ചപ്പോൾ, അദ്ദേഹം ആ കൃതിയുടെ ആമുഖ വാചകങ്ങൾ എഴുതിയപ്പോൾ, അദ്ദേഹം എഴുതി: ശിവാജി സാവന്തിന്റെ 'കർണ്ണൻ' എനിക്ക് ഈ നോവലെഴുതാൻ പ്രചോദനമായി എന്ന്. ആ മട്ടിൽ നമ്മുടെ ഏറ്റവും വലിയ ഒരു എഴുത്തുകാരനെപ്പോലും പ്രചോദിപ്പിച്ച, മറ്റൊരു കൃതിയ്‌ക്ക് ബീജാപാവം നൽകാൻ പ്രേരിപ്പിച്ച വിധത്തിൽ ശക്തവും എല്ലാവിധത്തിലും സമർഹവുമായ കൃതിയാണ് ശിവാജി സാവന്തിന്റെ 'കർണ്ണൻ'.
കുട്ടികൾ നിർബന്ധമായും വായിച്ചിരിക്കേണ്ട കൃതിയാണിത്. മുതിർന്നവരും അത്യാവശ്യമായി വായിച്ചിരിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ഈ കൃതിയെക്കുറിച്ചുള്ള എന്റെ ഈ വാക്കുകൾ , വായിച്ചവരെ വീണ്ടും വായിക്കുവാനും വായിച്ചിട്ടില്ലാത്തവർക്ക് എത്രയും വേഗം അത് വായിക്കുവാനും ഉള്ള പ്രേരണയാകട്ടെ എന്ന് ആശിച്ചുകൊണ്ടും ആശംസിച്ചുകൊണ്ടും ഈ കൃതി നിങ്ങളുടെ മുമ്പിൽ ഒരിക്കൽ കൂടി അവതരിപ്പിക്കുന്നു. ഈ കൃതിയിലേയ്‌ക്കും മഹാഭാരതത്തിന്റെ ഉജ്ജ്വലമായ മുഹൂർത്തങ്ങളിലേയ്ക്കും ആ കഥയുടെ വിശാലമായ ക്യാൻവാസിലേയ്‌ക്കും ശിവാജി സാവന്തിന്റെ ആവിഷ്‌കാരത്തിലൂടെ പ്രവേശിക്കുവാൻ നിങ്ങളെ ഞാൻ സ്വാഗതം ചെയ്‌യുന്നു.

Comments
Post a Comment