പഞ്ചിംഗ്  - 49

കെ.സുദർശനൻ


സ്വസ്ഥം



മ്മ, സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും അവസാന വാക്ക്.
പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാവില്ല എന്നാണല്ലോ.
പുതിയ മാൾ വന്നപ്പോൾ ആരോ പറയുന്നതുകേട്ടു.
“അവിടെ എല്ലാം കിട്ടും. സ്വന്തം അമ്മയെ ഒഴികെ...”
ബിഗ് ബസാറിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നത് അച്ഛനും അമ്മയും ഒഴികെ എല്ലാം കിട്ടുമെന്നാണ്? 
മാളിൽ അച്ഛനെയും കിട്ടുമെന്ന് സാരം.
പക്ഷേ, അമ്മയെ കിട്ടില്ല.
എവിടെയും കിട്ടില്ല.
അത്ര ഉന്നതമായ സ്ഥാനമാണ് മാതാവിന്. ആ മഹനീയതയെ വാഴ്‌ത്തുന്ന ധാരാളം കഥകളുണ്ട്. അക്കൂട്ടത്തിൽ വിശ്വപ്രസിദ്ധമാണ് ഈ കഥ:

താഴെവച്ചാൽ ചെറിയ ചെറിയ ഉറുമ്പ് കടിക്കും, തലയിൽ വച്ചാൽ ചെറിയ ചെറിയ പേൻ കടിക്കും എന്നു പറഞ്ഞ് എങ്ങും വയ്‌ക്കാതെ അമ്മ വളർത്തിയ ഒരു ഓമനപ്പുത്രൻ.

വളർന്നുവളർന്ന് പുത്രൻ യുവാവായി.
ഒരു യുവതിയുമായി പ്രണയത്തിലുമായി.
പക്ഷേ അവൾക്ക് ഭയങ്കര ഗമ!
പ്രേമത്തിന് അങ്ങനെയൊരു കുഴപ്പമുണ്ട്. ആദ്യറൗണ്ടിൽ ജാട പെണ്ണിനാണ്. ആണ് സഹിച്ചേ പറ്റൂ.
ആണിന് ചർമ്മകാഠിന്യമാണ് വേണ്ടത്; ചർമ്മ സൗന്ദര്യമല്ല.
നമ്മുടെ ഓമനക്കുട്ടൻ ചോദിച്ചു. ഓമനേ, നിന്നെ ആനന്ദിപ്പിക്കാൻ ഞാൻ എന്താണ് വേണ്ടത്?
അവൾ അനങ്ങിയില്ല.
“പറയു, സ്വർണ്ണമാല തരട്ടേ, 
പവിഴ നെക്ളസ് തരട്ടേ?''
അവൾ തലപൊക്കിയതേയില്ല.
“ഈ നവരത്നമോതിരം അങ്ങോട്ടു തരട്ടേ?”
അവൾക്ക് കുലുക്കമില്ല. ഈ പറഞ്ഞതൊന്നും അവിടെ ബോധിച്ചില്ലെന്നു തോന്നുന്നു.
"അല്ലെങ്കിൽ അമ്മ കെട്ടിത്തന്ന ഈ സ്വർണ്ണയരഞ്ഞാണം തരട്ടേ."
“ച്ഛേ...”
അവൾ ഒരു ആട്ട്...
“പിന്നെ എന്തുവേണമെന്ന് പറ തങ്കം. എന്റെ ഹൃദയം വേണോ, പറയ് - ഈ നിമിഷം പിഴുതു തരാം!''
അവൾ മുഖമുയർത്തി, പുച്ഛരസത്തിൽ...
അത് ആർക്കുവേണം!
“പിന്നെ?”
പയ്‌യന് വട്ടു പിടിച്ചു തുടങ്ങി.
“പറയങ്ങോട്ട് എന്തുവേണമെന്ന്... വെറുതേ മനുഷ്യനെയിട്ട് ടെൻഷനടിപ്പിക്കാതെ...''
അവൾ മുഖമുയർത്തി.
ആ കണ്ണുകൾക്ക് തിളക്കം.
“ഞാൻ ആവശ്യപ്പെടുന്നതെന്തും തരുമോ?"
“തീർച്ചയായും”
“എങ്കിൽ നിങ്ങളുടെ അമ്മയുടെ ഹൃദയം കൊണ്ടുവരു”
“അയ്‌യോ അമ്മയുടെ ഹൃദയമോ?"
“എന്താ അമ്മ ജീവിച്ചിരിപ്പില്ലേ?''
“അതല്ല..."
“പിന്നെ?''
കൂടുതൽ സംസാരിക്കാൻ പറ്റുന്നില്ല.  തന്നെ പൊന്നു പോലെ സ്‌നേഹിക്കുന്ന അമ്മയുടെ ഹൃദയം വേണമെന്നു പറഞ്ഞാൽ...
പക്ഷേ കൊടുത്തില്ലെങ്കിൽ ഇവൾ പിണങ്ങും. അത് ആ ‘മോന്’ ആലോചിക്കാൻ പോലും വയ്‌യ!

അന്നു രാത്രി തന്നെ വളരെ കഷ്‌ടപ്പെട്ട് അമ്മയുടെ ഹൃദയം അടർത്തിയെടുത്തു.
അതെങ്ങനെ എന്ന് ചോദിച്ച് കഥ മുഷിപ്പിക്കരുത്. കഥയിൽ ചോദ്യമില്ല!
ഒരു നിമിഷം പോലും പാഴാക്കാതെ അയാൾ കൂരിരിട്ടിലൂടെ അവളുടെ അന്തപ്പുരം ലാക്കാക്കി നടന്നു.
അത്തരം യാത്രകളിൽ സ്വാഭാവികമായി സംഭവിക്കുന്നത് അവിടെയും സംഭവിച്ചു.
ഏതോ മതിൽ മറികടക്കുന്നതിനിടയിൽ മറിഞ്ഞടിച്ചിട്ടു വീണു.
മുട്ടിടിച്ച് തന്നെ
അടുത്ത നിമിഷം അയാൾ ചാടിയെഴുന്നേറ്റു. എന്നിട്ട് ഉത്‌കണ്ഠയോടെ പോക്കറ്റിൽ തപ്പിനോക്കി.
ഭാഗ്യം! അമ്മയുടെ ഹൃദയത്തിന് കുഴപ്പമൊന്നുമില്ല. കാമുകിക്ക് സമ്മാനിക്കാനുള്ള ആ വിശിഷ്‌ട ഉപഹാരത്തിന് എന്തെങ്കിലും സംഭവിച്ചോ എന്നായിരുന്നു ടെൻഷൻ.
രക്ഷപ്പെട്ടു. തൊട്ടടുത്ത നിമിഷം ഉപഹാരം പോക്കറ്റിലിരുന്ന് ചോദിക്കുന്നു.
"മോനെ, വല്ലതും പറ്റിയോടാ?''
അതാണ് അമ്മ!
എല്ലാം മറക്കാനും പൊറുക്കാനും കഴിയുന്ന സർവസഹ!! 
വിശുദ്ധ സ്‌നേഹത്തിന്റെ അമൃതധാര.
പക്ഷേ, അനശ്വരമായ ഈ മാതൃസങ്കൽപ്പത്തിന് അല്‌പം ആൾട്ടറേഷൻ വന്നിട്ടുണ്ട് ഇപ്പോൾ.

എന്റെ അനുഭവം പറയാം.
അച്ഛൻ മരിച്ചശേഷം ഞാനും അമ്മയും മാത്രമായി.
ഏകജാതനായതുകൊണ്ട് അതിരില്ലാത്ത സ്‌നേഹമാണ് അങ്ങോട്ടും ഇങ്ങോട്ടും. .
അങ്ങനെയിരിക്കുമ്പോഴാണ് എന്റെ വിവാഹം.
അമ്മ കണ്ടുപിടിച്ച ആൾ തന്നെ വധു. എങ്കിലും അതിനുശേഷം അമ്മയ്‌ക്ക് എന്നോട് അത്രയ്‌ക്കങ്ങോട്ടു പോര. എവിടെയോ ഒരു ബ്ലോക്ക്. സ്‌നേഹം വരുന്ന കുഴലിൽ ആലം കേറി അടഞ്ഞതുപോലെ! എന്നാൽ എനിക്കങ്ങോട്ട് ബ്ലോക്കില്ല. ഇടങ്ങോട്ടാണ് പ്രശ്‌നം.
ജില്ലാ ട്രഷറിയിലാണ് അമ്മയ്‌ക്ക് പെൻഷൻ. നടക്കാൻ തീരെ വയ്‌യെങ്കിലും പോയിത്തന്നെ വാങ്ങണമെന്ന് നിർബന്ധം.
ക്ളേശം സഹിച്ചാണെ ങ്കിലും പിടിച്ചും താങ്ങിയും ഞാൻതന്നെ അവിടെ കൊണ്ടെത്തിക്കും.
ട്രഷറിയിലെ തിരക്ക് അറിയാമല്ലോ. അവിടെ ഒരു ബെഞ്ചിൽ ഭദ്രമായിട്ടിരുത്തി, എല്ലാ ഏർപ്പാടും ചെയ്‌തിട്ട് ഞാൻ ചോദിക്കും.
“ഞാൻ പന്ത്രണ്ടു മണികഴിഞ്ഞ് വന്നാൽ മതിയല്ലോ?"
"മതി മതി. എല്ലാം ശരിയാവുമ്പോൾ ഞാൻ വിളിക്കാം..."
ഞാൻ പടിയിറങ്ങുമ്പോൾ ആളുകൾ ആരാധനാപൂർവം എന്നെ നോക്കുന്നു.
“എന്തൊരു സ്‌നേഹം ആ മോന്! കണ്ടില്ലേ അമ്മയെ അരുമയായിട്ട് കൊണ്ടിരുത്തിയത്. ഇത്തരം മക്കളെ കിട്ടാൻ ഭാഗ്യം ചെയ്‌യണം.''
ഇങ്ങനെ പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ അതിന്റെ അഹങ്കാരം ഒരിക്കലും തോന്നിയിട്ടില്ല.
എന്തെന്നല്ലേ?
പറയാം.

പന്ത്രണ്ടു കഴിഞ്ഞു അമ്മയെ കൂട്ടിക്കൊണ്ടുപോകാൻ വരുമ്പോൾ ജനത്തിന്റെ മൂഡ് വേറെയാണ്. വല്ല്യമ്മമാരൊക്കെ രൗദ്രമായിട്ടാണ് നോട്ടം.
എനിക്കു അതിശയമൊന്നുമില്ല. ക്ലൈമാക്‌സ് ഇങ്ങനെ ആയിരിക്കുമെന്ന് അറിയാമായിരുന്നു.
ലോഹ്യം ചോദിച്ചു വന്നവരോട് അമ്മ കാര്യങ്ങൾ വിസ്‌തരിക്കാൻ തുടങ്ങും.
“അവൻ പാവമാണ്. പക്ഷേ അവന്റെ…”
ഉടൻ ശ്രോതാക്കൾ ഇടപെടുകയായി...
അതു പറയേണ്ട. മോൻ ചുണയുള്ളവനായിരുന്നെങ്കിൽ...

പിന്നെ ഞാൻ അവരുടെ കോർട്ടിലാണ്!
ഇത് എന്റെ മാത്രം അനുഭവമല്ല. പ്രായമായവരുടെ ഒരു ദൗർബല്യമാണിത്. എപ്പോഴും ആരെയെങ്കിലും കുറ്റം പറഞ്ഞുകൊണ്ടിരിക്കണം.
പറയുന്നത് കുറ്റമായതുകൊണ്ടുതന്നെ കേൾക്കുന്നവർക്ക് ബഹുരുചിയാണ്. എല്ലാം കേട്ടുകഴിയുമ്പോൾ അവർ സഹതാപത്തിന്റെ ടാപ്പ് തുറക്കും.
“എന്നാലും ഇതുകുറേ കടുപ്പമായിപ്പോയി! ഈശ്വരനുണ്ടെങ്കിൽ ഈ കണ്ണുനിറച്ചതിന്  അനുഭവിക്കാതിരിക്കില്ല.”
'പിരിവെടുത്തു' തരുകയാണ് ശാപം.
നേരേമറിച്ച് മക്കളുടെ നന്മകൾ ഒന്നു പറഞ്ഞുനോക്കണം. അപ്പോഴേ സ്ഥലംവിടും എല്ലാവരും.

വൃദ്ധജനങ്ങളുടെ പ്രശ്‌നങ്ങൾ പോലെ ചെറുപ്പക്കാർക്കുമില്ലേ പ്രശ്‌നങ്ങൾ?
അത് ആരും മനസ്സിലാക്കാത്തതെന്ത്?
രാവിലെ മകൻ തിരക്കിട്ടിറങ്ങുന്നതിനിടയിൽ മരുന്നിന്റെ കുറിപ്പ് കൊണ്ടുകൊടുക്കും. 
മനുഷ്യരല്ലേ ചിലപ്പോൾ  മറന്നുപോകും. അതുമതി പിന്നെ.
“അല്ലെങ്കിലും ഈ കിളവനെ ആർക്കുവേണം!''
 തുടക്കം അങ്ങനെയാണ്.
“ഈശ്വരാ, എല്ലാവർക്കും ശല്യമായിട്ട് ഇങ്ങനെ ഇട്ടേക്കാതെ എന്നെയങ്ങ് വിളിച്ചാൽ മതിയായിരുന്നു!''

കേട്ടാൽ തോന്നും ഈശ്വരൻ അവിടെ സ്‌റ്റൂളിട്ടിരുന്ന് ഓരോരുത്തരെയായിട്ട്  വിളിച്ചുകൊണ്ടിക്കുകയാണെന്ന്!
അതുകൊണ്ട് വൃദ്ധജനങ്ങളുടെ ശ്രദ്ധയ്‌ക്ക് 
മരുന്നുതീരുന്നതിന് രണ്ടുദിവസം മുന്പെങ്കിലും മക്കളുടെ കൈയിൽ കുറിപ്പ് ഏൽപ്പിക്കുക. 
ആരും ആവശ്യപ്പെടാതെ ഉപദേശങ്ങൾ നൽകാതിരിക്കുക.
“അവന്റെ സ്ഥാനത്ത് ഞാനായിരിക്കണമായിരുന്നു" തുടങ്ങിയ താങ്ങുപ്രയോഗങ്ങളുമായി  ഇടിച്ചുകേറാതിരിക്കുക.”
അവർക്കു വേണ്ടി ചെയ്‌തിട്ടുള്ളതൊക്കെ ദിവസവും ലിസ്റ്റുനോക്കി വായിക്കാതിരിക്കുക.

അങ്ങനെ, സ്‌മൃതിയിൽ പറയുന്നതുപോലെ, ഗൃഹഭാരം ഉപേക്ഷിച്ച് മാനസികമായി സ്വസ്ഥനാകുക!

Comments

Popular posts from this blog