![]() |
പഞ്ചിംഗ് 50
കെ.സുദർശനൻ
ജെന്റിൽമാൻ
പ്രമുഖമായൊരു പത്രമോഫീസിലേക്ക് ആരെയൊ കാണാനായി കൂടെവന്ന സുഹൃത്ത് ഇറങ്ങിപ്പോയി.
വാഹനം ഞാൻ സൗകര്യപൂർവം പാർക്കു ചെയ്‌തു.
പെട്ടെന്ന് ഒരു യുവതി മുന്നിൽ.
കാണാൻ മോശമല്ല.
'ഉർവശി മേനക ഗ്യാങ്ങി'ലുള്ള തിലോത്തമയുടെ ലുക്ക്.
ആദ്യമൊന്നു ചിരിച്ചു.
പിന്നെ ഒന്നു മടിച്ചു.
എന്തോ പറയാനുള്ളതുപോലെ!
“എന്താ?''
ചോദ്യം അങ്ങോട്ടു ചെന്നപ്പോൾ അറപ്പ് മാറി.
“മോള് സ്‌കൂളിൽ വച്ച് ഒന്നു വീണു. ഹോസ്‌പിറ്റലിൽ അഡ്മിറ്റ് ചെയ്‌തിരിക്കുകയാ. തലയ്‌ക്ക് മുറിവുണ്ട്. സ്‌കാൻ ചെയ്‌യണമെന്നു പറയുന്നു.”
പെട്ടെന്ന് വന്നതുകൊണ്ട് ക്യാഷും ഡ്രസ്സുമൊന്നും എടുക്കാൻ പറ്റിയില്ല. ആ കാണുന്ന വീട് എന്റെ ബ്രദറിന്റെതാ. ഓട്ടോ പിടിച്ച് ഇവിടെ വന്നപ്പോൾ ആരുമില്ല... "
ഞാൻ തിലോത്തമ പറഞ്ഞ വീട്ടിലേക്ക് നോക്കി.
ഒരു രണ്ടുനില വീട്.
ഗേറ്റിൽ പൂട്ടു കിടക്കുന്നു.
“എവിടെയാ വീട്?”
“പി.ടി.പി.നഗറിന്റേം ഗോൾഫ്‌ലിങ്‌സിന്റേം ഇടയ്‌ക്കായിട്ടു വരും. എന്റെ കൈയിൽ പത്തെഴുന്നൂറു രൂപയോളം ഉണ്ട്. പക്ഷേ സ്‌കാനിംഗിനു തികയില്ല. തൽക്കാലം ഒരു ആയിരം അടച്ചാൽ മതിയായിരുന്നു. എനിക്കാണെങ്കിൽ ആരെയും പരി…ചയ...വു...മി...ല്ല…”
എന്നിട്ട് എന്നെയൊരു നോട്ടം.
ആ നോട്ടത്തിലോ, ഭരതമുനി വിട്ടുപോയ ഏതോ ഭാവവും!
ആരായാലും ആടിപ്പോകും. അതു കണ്ടാൽ.
പൂത്തുലഞ്ഞ ഇലഞ്ഞിപോലെ.
പോരാഞ്ഞ്, ഒന്നു സഹായിക്കാൻ പറ്റിയ സന്ദർഭവും!
പക്ഷേ ഞാൻ അനങ്ങിയില്ല.
എന്തുകൊണ്ട്?
മുന്പ് കുറേ അനങ്ങിയതാ ഇതുപോലെ!
ഇത്തരം ‘അന്തരാളഘട്ടങ്ങളിൽ’ പെട്ടുപോയവരുടെ ഒരുപാട് കഥകൾ കേട്ട് പലതവണ വെട്ടിലായിട്ടുണ്ട്.
ഒരിക്കൽ ഓഫീസിൽ പോകാനൊരുങ്ങുന്പോൾ മോൻ വന്നു പറയുന്നു. “അച്ഛാ, ആനന്ദൻ അപ്പുപ്പൻ വന്നു നിൽക്കുന്നു.”
ശ്ശെടാ കഷ്‌ടമേ! ഈ സമയത്താണോ വരുന്നത്? ഒന്നു മിണ്ടാൻപോലും നേരമില്ലല്ലോ ദൈവമേ!
“ഇരിക്കാൻ പറയ്. ഞാൻ ഇതാ വരുന്നു..."
മോൻ തിരിച്ചുവന്ന് പറഞ്ഞു.
“ഇരിക്കുന്നില്ല, ഭയങ്കര ദേഷ്യം!”
അതെന്തു പറ്റി!
ഞാൻ വേഗം അങ്ങോട്ടു ചെന്നു.
ശരിയാണ് അദ്ദേഹം പുറത്തോട്ടു നോക്കി നിൽക്കുന്നു.
“എന്താ വെളിയിൽത്തന്നെ നിൽക്കുന്നത്?"
അദ്ദേഹം മുഖംതിരിച്ചു.
ഛായ്! ഇത് വേറെ ആരോ!
മോനെ കുറ്റം പറയാൻ പറ്റില്ല. അതേ ഛായ അതേ പൊക്കവും! മുടി മാത്രം ഇച്ചിരിക്കുടി നരയ്‌ക്കാനുണ്ട്.
അപ്പോഴാണ് അതുകണ്ടത്. പുള്ളിയുടെ കൈയിൽ കുറേ നോട്ടുകൾ, അതും അഞ്ഞൂറിന്റേയും മറ്റും! രണ്ടായിട്ടു മടക്കി വിരലുകൾക്കിടയിൽ പിടിച്ചിരിക്കുകയാണ്-ചീട്ടുപോലെ...
“എന്താ ?''
"എന്റെ ഭാര്യ മരിച്ചുപോയി. അവളുടെ വീട് അങ്ങ് കോതമംഗലത്താ. ആംബുലൻസ് പിടിക്കാൻ അഞ്ഞൂറു രൂപകൂടെ വേണം.''
പുള്ളി ധൃതിയിലാണ്.
ധൃതി കാണും. ബോഡി ഇട്ടിട്ട് ഓടിവന്നതല്ലേ...
“എവിടെ താമസിക്കുന്നു?"
സ്വാഭാവികമായ ആകാംക്ഷ.
“ശ്‌മശാനത്തിന്റെ പിറകേ…”
എന്നാൽപ്പിന്നെ ഇനി കോതമംഗലം വരെ പോണോ? അതും കാശ് തികയാതിരിക്കുന്പോൾ?
അങ്ങനെ ചോദിക്കാൻ തുടങ്ങിയതാണ്. പക്ഷേ ചോദിച്ചില്ല. അതൊക്കെ ഓരോ വ്യക്തിയുടെയും സ്വകാര്യ പ്രശ്‌നങ്ങളല്ലേ?
"അതിരിക്കട്ടെ ശ്‌മശാനത്തിന്റെ പിറകെ എവിടെ?"
“ആ മുക്കില്.”
“ഏതു മുക്കില്?”
ഒരു നിമിഷത്തെ ബ്രേക്കിനുശേഷം കക്ഷി പറഞ്ഞു.
“ആ രണ്ടാമത്തെ മുടുക്കില്.''
ഒരു ‘സ്‌പെല്ലിംഗ് തെറ്റു' ഫീലു ചെയ്‌യാതിരുന്നില്ല!
ചെയ്‌തുകളയാം.
“നമ്മുടെ പെയിന്റർ രവിയുടെ വീടിന്റെ..."
“പുറകിലത്തെ വീട്.''
ക്ലീയറായി.
പെയിന്റർ രവി എന്ന് ഞാൻ ചുമ്മാ പറഞ്ഞതാ!
ഇനി അഥവാ, അങ്ങനെയൊരാൾ അവിടെ ഉണ്ടെങ്കിലോ? ഒരു ടെസ്റ്റു കൂടി ആവാം.
“അവിടെയല്ലേ നമ്മുടെ മൈക്ക് ഗോപി താമസിക്കുന്നത്?''
“മൈക്ക് ഗോപി ആദ്യത്തെ മുടുക്കില്.”
മിടുക്കൻ കൊള്ളാം!
ഞാൻ ടാക്കുമാറ്റി.
"ഭാര്യ എങ്ങനെയാ മരിച്ചത്?''
“സുഖമില്ലായിരുന്നു.”
"എന്ത് അസുഖം”
മിണ്ടുന്നില്ല.
“പനിയാ?''
മിണ്ടുന്നില്ല.
“സാർ, എനിക്ക് നിൽക്കാൻ നേരമില്ല."
പുള്ളി വലിയാനുള്ള ശ്രമത്തിലാണ്.
“അപ്പോൾ... ആന്പുലൻസ് പിടിക്കണം. അല്ലേ? എവിടെയാ പോകേണ്ടത്?"
“കോതമംഗലത്ത്”
“ശരി, ഞാൻ ഫ്രീയായിട്ട് സംഘടിപ്പിക്കാമോ എന്നു നോക്കട്ടെ. നമ്മുടെ പോലീസിന്റെ ഒരു ആന്പുലൻസുണ്ട്. ഞാൻ ഏർപ്പാടാക്കിത്തരാം.”
ഞാൻ ഫോൺ ചെയ്‌യാൻ തിരിഞ്ഞതും ആളിനെ കാണാനില്ല.
ഇങ്ങനെ എന്തെല്ലാമെന്തെല്ലാം തട്ടിപ്പുകൾ!
പോട്ടെ, നമുക്ക് പത്രം ഓഫീസിനു മുന്നിലേക്ക് വരാം. എന്റെ മുഖത്തേക്ക് നോക്കി നിൽക്കുകയാണ് തിലോത്തമ.
"ഒരു പത്തുമിനിറ്റ് വെയിറ്റു ചെയ്‌യാമോ? എന്റെ കൂടെ വന്നത് എം.എൽ.എയാ അദ്ദേഹം ഇപ്പോൾ വരും. നോക്കട്ടെ - മോളുടെ ചികിത്സ മുഴുവൻ എം.എൽ.എ. ഫണ്ടിൽ നിന്നു വഹിക്കാൻ പറ്റുമോ എന്ന്! നിങ്ങൾ താമസിക്കുന്നത് ഏതു സ്റ്റേഷന്റെ കീഴിലാ?''
“സോറി സാർ, വെയിറ്റു ചെയ്‌യാൻ സമയമില്ല...”
ശ്രീമതി വലിഞ്ഞു.
ദിവസവും എത്രപേരെ കാണുന്നതാ അവർ.
അപ്പാവി ഏതാ ‘പാവി’ ഏതാ എന്ന് ഒറ്റനോട്ടത്തിൽ പിടികിട്ടും.
രണ്ടുമിനിട്ട് കഴിഞ്ഞുകാണും.
അതാ ഒരു മീശക്കൊന്പൻ ബുള്ളറ്റിൽ വരുന്നു. കുടവയറുമുണ്ട്.
പൊടുന്നനെ ഈ സ്‌ത്രീ അയാളുടെ മുന്നിൽ പ്രത്യക്ഷയായി.
സഡൻ ബ്രേക്കിട്ടില്ലേ കൊന്പൻ.
പുള്ളിക്കാരി വിഷാദപൂർവം എന്തോ പറയുന്നു. പറച്ചിൽ ഒരു ഘട്ടമായപ്പോൾ ‘മീശ’പോക്കറ്റിൽ കൈയിട്ടു. പൊങ്ങിവന്നത് ഇരുന്നൂറു രൂപാ നോട്ട്.
അടുത്തനിമിഷം ‘മീശ’ അതങ്ങു താഴ്‌ത്തി. എന്നിട്ട് ഒരു അഞ്ഞൂറ് ഇങ്ങെടുത്തു കൊടുത്തു.
തിലോത്തമയുടെ മുഖത്ത് സമ്മിശ്ര വികാരങ്ങൾ. ഭരതമുനി വിട്ടു പോയതുമുണ്ട്, രണ്ടെണ്ണം!
മീശ ഹാപ്പി.
ബുള്ളറ്റ് സ്റ്റാർട്ടാക്കി ‘കുടുകുടാന്ന്’ പോകുന്നു.
നോക്കുന്പോൾ ഈ സ്‌ത്രീ അവിടെ നിർത്തിയിട്ടിരിക്കുന്ന ഒരു ഓട്ടോയിൽ ചെന്നിരിക്കുന്നു.
അതാ വരുന്നു. ഒരു അമ്മാവൻ. ജീൻസ് പാന്റും ടീ ഷർട്ടും പിന്നെ ബ്രയ്‌സ്‌ലറ്റും. കാശിന് മുട്ടില്ലെന്ന് വ്യക്തം! മൊബൈലിൽ ‘ലഗായിച്ചു’ കൊണ്ടാണ് വരവ്.
മൊബൈലാണെങ്കിലോ ആപ്പിളിന്റെ!
കണ്ടാലറിയാം - ഏതോ നല്ല വീട്ടിലുള്ളതാ.
പെട്ടെന്ന് അവൾ ഓട്ടോയിൽ നിന്ന് ഇറങ്ങി. മാമൻ അടുത്തത്തിയതും ഒരു ചിരി.
പാവം!
ഒരു റൗണ്ട് ഇക്കിളി!
ഈ പ്രായത്തിൽ!
പിന്നെ പഴയ രംഗങ്ങൾ ആവർത്തിച്ചു. ക്ലൈമാക്‌സ് സീൻ കാണാൻ കാത്തിരിക്കുകയാണ് ഞാൻ.
കുഴപ്പമില്ല.
ഡബിൾ ക്ലൈമാക്‌സ്.
അഞ്ഞൂറിന്റെ രണ്ടു നോട്ടാണ് മാമൻ ഊരി കൊടുത്തത്.
പിന്നല്ല!
പരോപകാരാർത്ഥമിദം ശരീരം!
മാമൻ ദാണ്ടെ പോകുന്നു ചാരിതാർത്ഥ്യത്തോടെ.
ഇവരെയാണ് ശരിക്കും ജന്റിൽമാൻ എന്നു പറയുന്നത്. മലയാള
ത്തിൽ ‘കിഴങ്ങൻ’ എന്നും!
ത്തിൽ ‘കിഴങ്ങൻ’ എന്നും!

Comments
Post a Comment